വാരിയംകുന്നനും മലബാർ കലാപവും ; അനീതിയുടെ ഇരു നാണയങ്ങൾ

വാരിയംകുന്നന്‍ കുഞ്ഞഹമ്മദാജി നടത്തിയ പ്രസംഗം ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് മലബാർ കലാപത്തിലെ രക്തസാക്ഷികളെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തിൻറെ ഭരണകൂടം. ഈ വേളയില്‍, സമര നേതാക്കളെ, വിശിഷ്യാ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നാം കൂടുതല്‍ പരിചയപ്പെടുകയും പരിചയപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. വിസ്മൃതികളാണ് എക്കാലത്തും ഫാഷിസ്റ്റുകളുടെ ആയുധം, ഓര്‍മ്മകള്‍ ഏറ്റവും നല്ല പ്രതിരോധവും.
'ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു, നമ്മുടെ ഈ സമരം ഹിന്ദുക്കളും മുസലിംകളും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സില്‍ബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേര്‍ന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്.

നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര് ആരായിരുന്നാലും നിര്‍ദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കളും മുസ്‍ലിംകളുമെല്ലാം ഈ നാടിന്റെ മക്കളാണ്.
അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കുക തന്നെ ചെയ്യും. ഇത് മുസ്‍ലിംകളുടെ രാജ്യമാക്കാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. മാത്രവുമല്ല, ഈ സമരത്തിന്റെ മറവില്‍ ഹിന്ദുക്കളെ ഭയപ്പെടുത്തുക പോലും അരുത്. നിര്‍ബന്ധിച്ച് അവരെ ആരെയും മതത്തില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്കണം. അവര്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയ്യാറാണ്, ഇന്‍ശാ അല്ലാഹ്.‘

Also Readരാജ്യസ്‌നേഹിയായ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി


ആനക്കയത്തെ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥന്‍ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം, മലയാളരാജ്യത്തിലെ ജനങ്ങളോട് വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി നടത്തിയതാണ് ഈ പ്രഖ്യാപനങ്ങള്‍. മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയവും രീതിശാസ്ത്രവും വാരിയംകുഞ്ഞിന്റെ നിലപാടും കാഴ്ചപ്പാടുമെല്ലാം ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്നതേയുള്ളൂ.
താലിബാന്റെ ആദ്യരൂപമെന്ന് പോലും പറഞ്ഞ്, ചരിത്രവസ്തുതകളെ താറടിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത്, ഈ വാക്കുകള്‍ വീണ്ടും വീണ്ടും ഓര്‍ക്കേണ്ടിയിരിക്കുന്നു, വരും തലമുറക്ക് പറഞ്ഞുകൊടുക്കേണ്ടിയും ഇരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter