ആരാണ് വഹാബികള്‍? ആരാണ് മുജാഹിദുകള്‍?
വഹാബികള്‍ തന്നെയാണ് മുജാഹിദുകള്‍ എന്നാണ് പലരും ധരിച്ചുവെച്ചിട്ടുള്ളത്. വാസ്തവം അങ്ങനെയല്ല. സൂക്ഷ്മ പഠനം നടത്തുമ്പോള്‍ ഇവര്‍ തമ്മിലുള്ള അന്തരം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
മരിച്ചു പോയവരും അല്ലാത്തവരുമായ മഹാത്മാക്കളോട് പലപ്പോഴും സഹായഭ്യര്‍ത്ഥന നടത്തുന്ന ഒരു സമ്പ്രദായം പുരാതന കാലം മുതല്‍ക്കേ മുസ്‌ലിംകളിലുണ്ട്. ഇതിന് ‘ഇസ്തിഗാസ’ എന്നാണ് പറഞ്ഞുവരുന്നത്. ഇത് ശിര്‍ക്കാണെന്ന് സിദ്ധാന്തിക്കുന്നവരാണ് വഹാബികള്‍. വഹാബി ആശയത്തിന്റെ മൂലക്കല്ല് ഈ സിദ്ധാന്തമാണ് . ഈ കണ്ടെത്തല്‍ കാരണം ലോകത്തുള്ള സകല മുസ്‌ലിംകളെയും അവര്‍ക്ക് കാഫിറുകളാക്കി എഴുതിത്തള്ളേണ്ടി വരുന്നു. ഒരു പ്രമുഖ വഹാബി പണ്ഡിതനായിരുന്ന ഹംദുബ്‌നു നാസിറില്‍ മുഅമ്മരീ (മരണം ഹിജ്‌റ : 1225) രേഖപ്പെടുത്തി വെചച്ചത് കാണുക:
”ഒരാള്‍ ലഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ് എന്നു പറയുകയും ശിര്‍ക്കില്‍ നിലകൊള്ളുകയും ചെയ്യുന്നു. ആവശ്യങ്ങള്‍ നിറവേറ്റിക്കിട്ടാനും വിഷമങ്ങള്‍ നീക്കിത്തരാനും അവന്‍ മരിച്ചുപോയവരെ വിളിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ കാഫിറും മുശ്‌രിക്കും വധാര്‍ഹനും സമ്പത്ത് പിടിച്ചെടുക്കാന്‍ പറ്റിയവനുമാണ്. അവന്‍ ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് ഉരുവിട്ടുകൊണ്ടിരിക്കുകയും നിസ്‌കരിക്കുകയും നോമ്പെടുക്കുകയും താന്‍ മുസ്‌ലിമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും മുശ്‌രിക്ക് തന്നെയാണ്.”(അല്‍ ഹദിയ്യതുസ്സനിയ്യ : പേ. 69)
ഈ വിഷയത്തിലുള്ള കടുംപിടിത്തവും മര്‍ക്കട മുഷ്ടിയും കാരണം വഹാബികള്‍ സുന്നി സമൂഹത്തില്‍നിന്നും വേര്‍പെട്ടുപോവുകയും ചെയ്തിരിക്കുന്നു. വഹാബി പ്രസ്ഥാനം പൊട്ടിമുളച്ചത് സഊദീ അറേബ്യയില്‍പെട്ട നജ്ദ് എന്ന പ്രദേശത്ത് നിന്നാണ്. അവിടെ സുന്നികളും വഹാബികളും തമ്മില്‍ അനേകം യുദ്ധങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. സമുദായത്തില്‍നിന്നും തീര്‍ത്തും ഒറ്റപ്പെട്ട ഒരവസ്ഥയാണ് ഇന്നു വഹാബികള്‍ക്കുള്ളത്. സമുദായാംഗങ്ങളെ മുഴുവന്‍ കാഫിറാക്കി പ്രഖ്യാപിച്ചതിന്റെ ഫലമാണ് ഈ ഒറ്റപ്പെടല്‍.
സാമൂഹ്യബന്ധങ്ങള്‍ കൊത്തിമുറിക്കുന്നു
കേരളത്തിലെ വഹാബികളും സാമൂഹ്യബന്ധങ്ങള്‍ കൊത്തിയറുക്കുന്നതില്‍ ഒട്ടും പിറകിലല്ല. സുന്നികളുമായി എങ്ങനെ വര്‍ത്തിക്കണമെന്ന് അവര്‍ വ്യക്തമാക്കുന്നു.
”ശിര്‍ക്ക് ചെയ്യുന്നവരുമായുള്ള വിവാഹബന്ധവും അവരറുത്ത മാംസം ഭക്ഷിക്കലും അവര്‍ക്കു വേണ്ടി മയ്യിത്ത് നിസ്‌കരിക്കലും അവരെ തുടര്‍ന്ന് നിസ്‌കരിക്കലും അനുവദനീയമല്ല.” (അല്‍ മനാര്‍, പുസ്തകം 25, ലക്കം 11 -ജനുവരി 1980)
ഇപ്പോള്‍, വഹാബികള്‍ക്കുള്ള സുന്നി വിരോധം എത്ര ശക്തമാണെന്നു വ്യക്തമാക്കുന്നുണ്ടല്ലോ. വഹാബി നേതാവ് വെളിയങ്കോട് ഉമര്‍ മൗലവി സുന്നി നേതാവായ ഇ.കെ. ഹസന്‍ മുസ്‌ലിയാരെ കാഫിറാക്കിക്കൊണ്ട് കത്തയച്ച സംഭവം പ്രസിദ്ധമാണ്. പോരാ, സുന്നികളെ ഒന്നടങ്കം കൊന്നുകളയണമെന്നു പോലും വഹാബികള്‍ എഴുതിവെച്ചിട്ടുണ്ട്. അവരുടെ മുഖപത്രമായ ‘അല്‍ മനാറില്‍’ (1981 ഒക്‌ടോബര്‍ ലക്കം) ഇങ്ങനെ വായിക്കാം:
ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിക്കുന്നവന്‍ വിഡ്ഢിയും വഴിപിഴച്ചവനുമാകുന്നു…. അല്ലാഹുവിന്റെ അടുക്കലേക്ക് ആവശ്യപൂരണത്തിന് തന്‍മൂലം വഴിതുറക്കുമെന്നും വിഷമങ്ങളെ അത് നീക്കുമെന്നും സുഖസൗകര്യങ്ങള്‍ക്ക് വഴിതുറക്കുമെന്നും ആയുസ്സിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവന്‍ അവിശ്വാസിയും മുശ്‌രിക്കും ആയിരിക്കും. അവനെ കൊല്ലല്‍ നിര്‍ബന്ധമാണ്.”
ഇപ്പറഞ്ഞ ഏതെങ്കിലുമൊരു നേട്ടം ലഭിക്കുമെന്ന വിശ്വാസത്തോടെയായിരിക്കുമല്ലോ മുസ്‌ലിംകള്‍ മഖാമിലേക്ക് നേര്‍ച്ച-വഴിപാടുകള്‍ നല്‍കുന്നത്. അതിനാലവര്‍ കാഫിറുകളും മുര്‍ത്തദ്ദുകളും മുശ്‌രിക്കുകളുമാണെന്നു മാത്രമല്ല, അത്തരം ആളുകളെ കൊന്നൊടുക്കല്‍ മതത്തില്‍ വാജിബ് (നിര്‍ബന്ധം) കൂടിയാെണന്നത്രെ വഹാബികള്‍ സിദ്ധാന്തിക്കുന്നത്. സുന്നികളെ കൊല്ലല്‍ അനുവദനീയമാണെന്നല്ല, മതപരമായ ബാധ്യതയാണെന്നാണ് പറഞ്ഞിരിക്കുന്നത്.
ഇത്രവലിയ ശത്രുതക്കും വൈരാഗ്യത്തിനും കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് അല്ലാഹു അല്ലാത്തവരോട് അഥവാ സൃഷ്ടികളോട് സുന്നികള്‍ പ്രാര്‍ത്ഥിക്കുന്നു എന്നതാണ്. ഇലാഹാണെന്ന വിശ്വാസത്തോടുകൂടി ഒരു വ്യക്തിയോടോ ശക്തിയോടോ ഒരു കാര്യം അര്‍ത്ഥിക്കുന്നതിനാണ് മലയാള ഭാഷയില്‍ പ്രാര്‍ത്ഥിക്കുക എന്നു പറയുന്നത്. ഈ വിശ്വാസമില്ലെങ്കില്‍ അത് പ്രാര്‍ത്ഥനയാവില്ല. കാര്യത്തിന്റെ മര്‍മം കിടക്കുന്നത് ഇവിടെയാണ്. ഈ പരമാര്‍ത്ഥം മറച്ചുപിടിച്ചുകൊണ്ടാണവര്‍ സുന്നികളെ കാഫിറാക്കുന്നത്. ഔലിയാക്കള്‍ ഇലാഹുകളാണെന്ന് സുന്നികള്‍ വിശ്വസിക്കുന്നുണ്ടോ? ഇല്ലെന്ന കാര്യം വ്യക്തം. ‘ലാഇലാഹ ഇല്ലല്ലാഹു’ അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല എന്നു ദൃഢമായി വിശ്വസിക്കുന്നവരും, അത് കൂടുതല്‍ പ്രാവശ്യം ഉരുവിട്ടുവരുന്നവരുമാണ് സുന്നി മുസ്‌ലിംകള്‍. ഇവരുടെ പേരില്‍ ശിര്‍ക്ക് ആരോപിച്ചുകൊണ്ട് കാഫിറും മുശ്‌രിക്കുമാക്കി എഴുതിത്തള്ളുന്നതാണ് ഗുരുതരമായ കുറ്റം. അറബി രാജ്യത്ത് അനേകായിരം സുന്നികളെ വഹാബികള്‍ കൊന്നൊടുക്കിയിട്ടുണ്ട്. ഇവിടെ അവര്‍ക്ക് ഭരണാധികാരം കിട്ടിയാല്‍ സുന്നികളെ വകവരുത്തുമെന്ന കാര്യം ഉറപ്പാണ്. (അല്ലാഹു കാക്കട്ടെ.)
ഒരു സൃഷ്ടി മറ്റൊരു സൃഷ്ടിയോട് സഹായാഭ്യര്‍ത്ഥന നടത്തുന്നത് ഇസ്‌ലാം വിരോധിച്ചിട്ടില്ല. അടിസ്ഥാനപരമായ ഇക്കാര്യം വിസ്മരിക്കാവതല്ല. സഹായം ചോദിക്കുന്നതല്ല, ദിവ്യത്വം കല്‍പിക്കുന്നതാണ് ശിര്‍ക്ക്. ഈ വസ്തുത ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ വഹാബിസം തകര്‍ന്നു തരിപ്പണമാകും. അതിനാലാണവര്‍ ‘വിളിച്ചു പ്രാര്‍ത്ഥിക്കുക’ എന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്നത്. ദആ, യദ്ഊ എന്ന ക്രിയക്ക് വിളിച്ചു അല്ലെങ്കില്‍ പ്രാര്‍ത്ഥിച്ചു അതുമല്ലെങ്കില്‍ ക്ഷണിച്ചു എന്നാണര്‍ത്ഥം. ‘വിളിച്ചു പ്രാര്‍ത്ഥിച്ചു’ എന്ന്, ഒരു ക്രിയക്ക് രണ്ടു ക്രിയയുടെ അര്‍ത്ഥം പറയുന്നത് സുന്നികളെ കാഫിറാക്കാനുള്ള ദുഷ്ട ലാക്കോടു കൂടിയാണ്. ഈ തട്ടിപ്പ് കൈയ്യോടെ പിടികൂടുക തന്നെ വേണം. ‘ദആ’ എന്ന ക്രിയക്ക് വിളിച്ചു എന്നോ പ്രാര്‍ത്ഥിച്ചു എന്നോ അര്‍ത്ഥം പറയണം. ‘വിളിച്ചു പ്രാര്‍ത്ഥിച്ചു’ എന്നു പറയല്‍ ഒരിക്കലും അനുവദിക്കരുത്. അപ്പോള്‍ കള്ളനെ പിടികിട്ടും. അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു, ഔലിയാക്കളോട് അബ്യര്‍ത്ഥിച്ചു ഇതാണ് ശരിയായ പ്രയോഗം. അറബിയില്‍ ദുആ (പ്രാര്‍ത്ഥന) എന്നും ഇസ്തിഗാസ (സഹായാഭ്യര്‍ത്ഥന) എന്നും വേര്‍തിരിച്ചാണ് പ്രയോഗിക്കാറ്.
ആരാണ് മുജാഹിദുകള്‍?
കേരളത്തിലെ വഹാബികള്‍ അഭിമാനപൂര്‍വം സ്വയം സ്വീകരിച്ച പേരാണ് ‘മുജാഹിദുകള്‍’ എന്നത്. സാക്ഷാല്‍ വഹാബികളുടെ വികലമായ കാഴ്ചപ്പാട് നാം മുകളില്‍ ചൂണ്ടിക്കാണിച്ചു. ഇതിനു പുറമെ മറ്റൊരു വഴികേടുകൂടി ഉള്‍ക്കൊണ്ടവരാണ് മുജാഹിദുകള്‍. അതായത്, മദ്ഹബുകള്‍ തഖ്‌ലീദ് ചെയ്യേണ്ടതില്ലെന്നു മുജാഹിദുകള്‍ വാദിക്കുന്നു. ഈ പിഴച്ച വാദം സാക്ഷാല്‍ വഹാബികള്‍ക്കുണ്ടായിരുന്നില്ല. അവര്‍ ഹമ്പലീ മദ്ഹബുകാരും തഖ്‌ലീദ് ആവശ്യമാണെന്ന വാദമുള്ളവരുമായിരുന്നു. ഈ വസ്തുത അവരുടെ ഗ്രന്ഥങ്ങള്‍ തന്നെ വിളിച്ചോതുന്നുണ്ട്. വഹാബി പ്രമുഖനായിരുന്ന അബ്ദുല്ലാഹിബ്‌നു മുഹമ്മദിബ്‌നു അബ്ദില്‍ വഹാബ് രേഖപ്പെടുത്തിയത് കാണുക:
”അനുഷ്ഠാന കാര്യങ്ങളില്‍ ഞങ്ങള്‍ ഇമാം അഹ്മദുബ്‌നു ഹമ്പല്‍ മദ്ഹബില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. നാലു മദ്ഹബിലെ ഇമാമുകളെ തഖ്‌ലീദ് ചെയ്ത ആരോടും ഞങ്ങള്‍ക്ക് വെറുപ്പില്ല. മറിച്ച് നാലിലൊരു മദ്ഹബ് തഖ്‌ലീദ് ചെയ്യണമെന്ന് അനുയായികളെ ഞങ്ങള്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഇജ്തിഹാദ് പദവി അര്‍ഹിക്കുന്നില്ല. ഞങ്ങളിലൊരാള്‍ പോലും അതവകാശപ്പെടുന്നുമില്ല.” (ളൗഉസ്സബാഹ് -വക്കം മൗലവി). വഹാബികള്‍ ഹമ്പലീ മദ്ഹബുകാരാണെന്നും നാലു മദ്ഹബുകളിലൊന്ന് തഖ്‌ലീദ് ചെയ്യുന്നതിനോടവര്‍ക്ക് എതിര്‍പ്പില്ലെന്നും, മറിച്ച് മദ്ഹബ് തഖ്‌ലീദ് ചെയ്യാന്‍ അവര്‍ അനുയായികളെ നിര്‍ബന്ധിക്കുന്നുണ്ടെന്നും, ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും സ്വയം മതവിധി കണ്ടെത്തുകയെന്ന ഇജ്തിഹാദ് പദവി തങ്ങള്‍ക്കില്ലെന്നും, അവരുടെ കൂട്ടത്തില്‍ ഒരാള്‍പോലും അങ്ങനെ വാദിക്കുന്നില്ലെന്നും വഹാബി പ്രമുഖന്‍ തുറന്നെഴുതിയതാണ് നാം ഇപ്പോള്‍ കണ്ടത്. കേരളത്തിലെ മുജാഹിദുകള്‍ ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറില്ല. ഇതാണ് വഹാബികളും മുജാഹിദുകളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം.
മദ്ഹബുകളെയും ഇമാമുകളെയും മുജാഹിദുകള്‍ വിലയിരുത്തിയത് ശ്രദ്ധിക്കുക:
”വല്ലവനും ഖുര്‍ആനിലും സുന്നത്തിലും ഇല്ലാത്ത വിശ്വാസങ്ങളോ ആരാധനകളോ നിര്‍മ്മിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന പക്ഷം അവര്‍ അല്ലാഹുവിന്റെ അധികാരത്തില്‍ കൈയ്യേറ്റം ചെയ്യുന്നവരായിത്തീരുന്നതാണ്. ആ അക്രമികളുടെ പ്രവൃത്തിയെ തള്ളിക്കളയേണ്ടതാണെന്നതില്‍ യാതൊരു സംശയവുമില്ല. മാത്രമല്ല, അപ്രകാരം നിര്‍മ്മിച്ചുണ്ടാക്കുന്നവക്കാണ് ദീനില്‍ ‘ബിദ്അത്തുകള്‍’ എന്നു പറയുന്നത്. അവയിലൊന്നാണ് മദ്ഹബും. അത് റസൂല്‍ തിരുമേനിയുടെയോ സ്വഹാബത്തിന്റെയോ കാലത്ത് ഇല്ലാത്ത ഒന്ന് നിര്‍മ്മിച്ചുണ്ടാക്കിയതാണ്. അതിനാല്‍ അത് ബിദ്അത്താണെന്നതില്‍ സംശയമില്ല. ബിദ്അത്തെല്ലാം ദുര്‍മാര്‍ഗമാകുന്നു.” (അല്‍ മനാര്‍ പു:6 ലക്കം:17,18 പേജ് 330)
ഇതാണ് മദ്ഹബുകളെക്കുറിച്ചും മദ്ഹബിന്റെ ഇമാമുകളെക്കുറിച്ചുമുള്ള മുജാഹിദുകളുടെ ഔപചാരികമായ വീക്ഷണം. മദ്ഹബുകള്‍ ബിദ്അത്തുകള്‍, ഇമാമുകള്‍ അക്രമികള്‍ -ഈ അഭിപ്രായം ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. എന്തുകൊണ്ട്? കഴിഞ്ഞ നൂറ്റാണ്ടുകളിലെ മുഴുവന്‍ മുസ്‌ലിംകളും-മഹാപണ്ഡിതന്‍മാരടക്കം-നാലിലൊരു മദ്ഹബില്‍ ഉറച്ചു നിന്നവരാണ്. പ്രശസ്ത ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്‍ തന്റെ സുപ്രസിദ്ധ ഗ്രന്ഥമായ മുഖദ്ദിമയില്‍ രേഖപ്പെടുത്തിയത് കാണുക:
”ഇക്കാലത്ത് ഇജ്തിഹാദ് വാദം ഉന്നയിക്കുന്നവനെ പിറകോട്ട് തള്ളേണ്ടവനും അനുകരണം ഉപേക്ഷിക്കപ്പെടേണ്ടവനുമാണ്. കാരണം, ഇക്കാലത്ത് മുസ്‌ലിംകളെല്ലാം ഈ നാലു മദ്ഹബുകളെ തഖ്‌ലീദ് ചെയ്യുന്നതില്‍ ഏകോപിച്ചുകഴിഞ്ഞിരിക്കുന്നു.” (മുഖദ്ദിമഃ -ഇബ്‌നു ഖല്‍ദൂന്‍)
മുജാഹിദുകളുടെ ആദര്‍ശബന്ധുക്കളും വഴികാട്ടികളുമായ യഥാര്‍ത്ഥ വഹാബികള്‍ പോലും മദ്ഹബ് നിഷേധ കാര്യത്തില്‍ അവരോടൊപ്പം നില്‍ക്കുന്നില്ലെന്നു വായനക്കാര്‍ക്കു മനസ്സിലായിക്കഴിഞ്ഞുവല്ലോ. പിന്നെയെന്തിന് അവര്‍ ഈ വാദം എഴുന്നള്ളിക്കുന്നു? കാരണമുണ്ട്. മത നിയമങ്ങളെല്ലാം അടിയോടെ പൊളിച്ചെഴുതി ആധുനിക പ്രവണതകള്‍ക്കനുസൃതമായി രൂപപ്പെടുത്തിയെടുക്കല്‍ ആവശ്യമാണെന്ന മോഡേണിസ്റ്റ് ചിന്താഗതി വ്യാപിച്ചു വരുന്ന കാലമാണിത്. ഈ പൊളിച്ചെഴുത്തിന് തടസ്സമായി നില്‍ക്കുന്നത് മദ്ഹബുകളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുമാണ്. അത് അസ്വീകാര്യവും അപ്രായോഗികമാണെന്നും വരുത്തിത്തീര്‍ത്താലേ തിരുത്തല്‍വാദങ്ങള്‍ക്ക് പ്രസക്തി ലഭിക്കൂ. അങ്ങനെ മതനിയമങ്ങള്‍ (ശരീഅത്ത്) ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിന് അംഗീകാരം നേടിയെടുക്കാന്‍ വെമ്പുന്നവരാണ് മദ്ഹബ് വേണ്ടെന്നു വാദിക്കുന്നവര്‍. ഇവരെ നിശ്ശബ്ദരാക്കിയില്ലെങ്കില്‍ ശരീഅത്ത് അലങ്കോലപ്പെട്ടുപോകുമെന്നു വായനക്കാര്‍ ഗൗരവപൂര്‍വം ഗ്രഹിച്ചിരിക്കേണ്ടതാണ്. വഹാബിസത്തേക്കാള്‍ പതിന്‍മടങ്ങ് മാരകമാണ് മുജാഹിദിസം. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഓരോ വ്യക്തിയും തന്റെ അറിവിനും ഭാവനക്കുമനുസരിച്ച് വ്യഖ്യാനിച്ചുകൊള്ളണമെന്നാണല്ലോ മദ്ഹബ് നിഷേധികള്‍ പറയുന്നത്. ഇത് എത്രത്തോളം ഗുണകരമാകുമെന്നു ധിഷണാശാലികള്‍ ചിന്തിച്ചു നോക്കേണ്ടതാണ്. മദ്യം നിരോധിക്കുന്ന ഖുര്‍ആന്‍ വാക്യം വിശദീകരിച്ചുകൊണ്ട് ഇത് പുരാതന കാലത്ത് നിലവിലുണ്ടായിരുന്ന മുന്തിരിക്കള്ളിനു മാത്രമേ ബാധകമാവൂ, ഇക്കാലത്തെ പുതിയ തരം മദ്യങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ല എന്നൊരാള്‍ക്ക് വാദിച്ചുകൂടേ? അങ്ങനെ വാദിച്ചു മദ്യപാനം അനുവദിനീയമാണെന്നു വാദിക്കുന്നവരില്ലേ? ഇതൊരു ഉദാഹരണം മാത്രം. ഒട്ടനവധി വിഷയങ്ങള്‍ ഇത്തരം ഗവേഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നുണ്ട്. പുത്തന്‍ ഇജ്തിഹാദിന് കവാടം തുറന്നുകൊടുത്താല്‍ ദീനിലെ അറിയപ്പെട്ട നിയമങ്ങളെല്ലാം അട്ടിമറിക്കപ്പെടും എന്ന് ന്യായമായും ഭയപ്പെടേണ്ടിയിരിക്കുന്നു.
അമേരിക്കയിലൊരിടത്ത് ആമിനാവദൂദ് എന്ന യുവതി മിമ്പറില്‍ കയറി ഖുത്വുബ നടത്തി ജുമുഅഃ നിര്‍വഹിച്ച സംഭവം ഇയ്യിടെ പത്രത്തില്‍ വന്നുവല്ലോ. സ്ത്രീകള്‍ക്ക് ഇമാമത്തും ഖുത്വുബയും മറ്റും നടത്താമെന്നും നടത്തണമെന്നുമാണ് അവര്‍ ഇജ്തിഹാദിലൂടെ കണ്ടെത്തിയത്. കേരളത്തിലെ മുജാഹിദുകള്‍ എന്തു പറയുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്. അവരും ക്രമേണ ഈ വഴിക്കു വരുമെന്നു വേണം കരുതുക. സ്ത്രീകള്‍ക്ക് കോണകം മാത്രം ധരിച്ചുകൊണ്ട് പള്ളിയില്‍ മാത്രമല്ല, ഷോപ്പിംഗിനും പോകാമെന്നു എഴുതി പ്രസിദ്ധീകരിച്ചവരാണല്ലോ അവര്‍. ഈ വേഷത്തില്‍ തന്നെ സ്ത്രീകള്‍ക്കു ഖുത്വുബയും ഇമാമത്തും നടത്താവുന്നതാണെന്നു അവര്‍ക്കു പറഞ്ഞുകൂടെന്നുണ്ടോ? ഇങ്ങനെ ചിന്താപരമായ ശൈഥില്യത്തിലേക്ക് ജനങ്ങളെ വിശിഷ്യാ, യുവാക്കളെ തള്ളിവിടുന്ന പ്രസ്ഥാനം ഒരിക്കലും ഇസ്‌ലാഹീ പ്രസ്ഥാനമെന്നു കരുതുക വയ്യ. മറിച്ച് അത് ഒരു ‘ഇഫ്‌സാദീ’ പ്രസ്ഥാനമേ ആവുകയള്ളൂ. ‘ദീനില്‍ അതിന്റെ പേരു മാത്രം അവശേഷിക്കുന്ന ഒരു കാലം വരും’ എന്ന നബിവചനം പുലരുകയാണോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. ശുദ്ധ ഹൃദയരെ അല്ലാഹു ഹിദായത്തു കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ.
Leave A Comment