ഇമാം അബൂദാബൂദ് (റ)

സുലൈമാന്‍ ബിന്‍ അശ്അസ് ബിന്‍ ഇസ്ഹാഖ് എന്ന് യഥാര്‍ത്ഥ പേര്. അബൂദാവൂദ് എന്ന പേരില്‍ അറിയപ്പെട്ടു. ഹിജ്‌റ 202 ല്‍ മധ്യേഷ്യയിലെ സിജിസ്താനിലായിരുന്നു ജനനം. ചെറുപ്പത്തില്‍തന്നെ ജ്ഞാനാന്വേഷണത്തില്‍ തല്‍പരനായിരുന്നു. ക്രമേണ ഹദീസ് മേഖലയില്‍ കൂടുതല്‍ അഭിരുചിയുണ്ടായി. അതിനെ തുടര്‍ന്ന് സര്‍വ്വതും ത്യജിക്കുകയും ഹദീസ് സമാഹരണത്തിനായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. വിജ്ഞാനീയങ്ങളുടെ മുഖ്യ കേന്ദ്രങ്ങളായ ഖുറാസാന്‍, ഈജിപ്ത്, ഹിജാസ്, ശാം, അല്‍ ജസാഇര്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച അദ്ദേഹം അനവധി പണ്ഡിതന്മാരെ കണ്ടുമുട്ടുകയും അവരില്‍നിന്നും ഹദീസ് സ്വീകരിക്കുകയും ചെയ്തു.

മുന്നൂറോളം പണ്ഡിതരില്‍നിന്നും അദ്ദേഹം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍, ഇമാം മുസ്‌ലിം, ഇമാം അലിയ്യുല്‍ മദീനി തുടങ്ങിയവര്‍ അതില്‍ ചിലരാണ്. വിജ്ഞാനം തേടി വിവിധ ലോകങ്ങള്‍ സഞ്ചരിച്ചിരുന്നതിനാല്‍ വലിയൊരു ഗുരുപരമ്പര തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു സലമ, മുസ്‌ലിമുബ്‌നു ഇബ്‌റാഹീം, ഇസ്ഹാഖ് ബ്‌നു റാഹവൈഹി, യഹ്‌യ ബ്‌നു മുഈന്‍, സുലൈമാന്‍ ബ്‌നു ഹര്‍ബ് എന്നിങ്ങനെ അനവധിയാണവര്‍. ശിഷ്യസമ്പത്തിലും ഈയൊരു ഭാഗ്യം അദ്ദേഹത്തിനു നേടിയെടുക്കാന്‍ സാധിച്ചു. ഹദീസ് പണ്ഡിതന്മാരായ ഇമാം നസാഈ, ഇമാം തുര്‍മുദി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ദുന്‍യാവില്‍ ഹദീസിനുവേണ്ടിയും ആഖിറത്തില്‍ സ്വര്‍ഗത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ട വ്യക്തിയായിരുന്നു അബൂദാവൂദ് എന്നാണ് ഹാഫിള് മൂസ ബ്‌നു ഹാറൂന്‍ (റ) അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. ഹദീസിന്റെ കാര്യത്തില്‍ അത്രമാത്രം ഇറങ്ങിത്തിരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പാണ്ഡിത്യം, ജ്ഞാനദൃഢത, ഗവേഷണ പാടവം, തഖ്‌വ തുടങ്ങിയ ഉത്തമ ഗുണങ്ങള്‍ അദ്ദേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു.

Also Read:ഇമാം ബുഖാരി: പ്രാമാണികതയുടെ രണ്ടാം വാക്ക്

വിജ്ഞാന പ്രചരണത്തിന് നാവും തൂലികയും ഉപയോഗിച്ച അദ്ദേഹം അനവധി രചനകള്‍ നടത്തിയിട്ടുണ്ട്. കിതാബുല്‍ ഖദ്‌റ്, കിതാബുല്‍ മസാഇല്‍, നാസിഖ് മന്‍സൂഖ്, ദലാഇലുന്നുബുവ്വ, അഖ്ബാറുല്‍ ഖവാരിജ്, അല്‍ മറാസീല്‍, ഫളാഇലുല്‍ അഅ്മാല്‍, കിതാബു സ്സുഹ്ദ് തുടങ്ങിയവ അതില്‍ ഏറെ ശ്രദ്ധയര്‍ഹിക്കുന്നു. വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളിലൊന്നായ സുനനു അബീദാവൂദ് ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്. അഞ്ചു ലക്ഷം ഹദീസുകളില്‍നിന്നും തെരഞ്ഞെടുത്ത 4800 ഹദീസുകളാണ് ഇതില്‍ ഉള്‍കൊള്ളിക്കപ്പെട്ടിരിക്കുന്നത്. ഹദീസും ഫിഖ്ഹും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണിതില്‍. കര്‍മശാസ്ത്രജ്ഞന്മാര്‍ ലക്ഷ്യമായി അവലംബിക്കാറുള്ള ഹദീസുകള്‍ക്കാണ് പ്രാമുഖ്യം.

അഹ്കാമുകളും സുനനുകളും മാത്രമേ അതിലുള്ളൂ. ഗ്രന്ഥക്രമീകരണത്തില്‍ ഇമാം ബുഖാരി ഒഴികെയുള്ള മുഹദ്ദിസുകളെയെല്ലാം അദ്ദേഹം പിന്നിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, പദീസ് പണ്ഡിതന്മാര്‍ക്കിടയില്‍ ഈ ഗ്രന്ഥത്തിന് നിസ്തുലമായ സ്ഥാനമാണ് കല്‍പിക്കപ്പെടുന്നത്. ഒരു മുജ്തഹിദിന് വിശുദ്ധ ഖുര്‍ആനും സുനനു അബീദാവൂദും മതി എന്നുവരെ ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. സുനനു അബീദാവൂദിന് അനവധി വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. പത്തിലേറെ ഗ്രന്ഥങ്ങള്‍ ഇന്നുവരെ പ്രചുരപ്രചാരം നേടിയതായി നമുക്ക് കണ്ടെത്താനാവും. ഇമാം അബൂ സുലൈമാന്‍ ബസ്തിയുടെ മആലിമി സ്സുനനും ഖലീല്‍ അഹ്മദിന്റെ ബദ്‌ലുല്‍ മജ്ഹൂദും ഇതിനുദാഹരണങ്ങളാണ്. ഹിജ്‌റ 275 ശവ്വാല്‍ പതിനാറിന് ബസ്വറയില്‍വെച്ച് മരണപ്പെട്ടു. 73 വയസ്സുണ്ടായിരുന്നു. സുഫ്യാനുസ്സൗരി (റ) വിന്റെ ഖബറിന്നരികെ ബസ്വറയില്‍തന്നെയാണ് മഖ്ബറ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter