സുഫ്യാനുബ്നു അബ്ദില്ലാഹി സ്സഖഫി(റ)വില്‍ നിന്നു നിവേദനം. അദ്ദഹം പറഞ്ഞു: ''അല്ലാഹുവിന്റെ തിരുദൂതരേ, ഇസ്ലാമിനെക്കുറിച്ച് ഒരു വാക്കെനിക്ക് പറഞ്ഞുതരിക. അങ്ങല്ലാത്തൊരാളോടും ഞാനതിനെക്കുറിച്ച് ചോദിക്കുന്നില്ല.'' റസൂല്‍(സ) പറഞ്ഞു: ''അല്ലാഹുവെക്കൊണ്ട് ഞാന്‍ വിശ്വസിച്ചെന്നു നീ പറയുകയും പിന്നീട് നേര്‍മാര്‍ഗത്തില്‍ ജീവിക്കുകയും ചെയ്യുക'' (മുസ്ലിം). മനുഷ്യജീവിതം ക്രമനിബദ്ധമായിരിക്കണമെന്നതാണ് ഇസ്ലാമിന്റെ പക്ഷം. സ്രഷ്ടാവ് ഒരുക്കിത്തന്ന പാതകളിലൂടെ അവന്റെ കല്പനകള് അനുസരിച്ച്, വിരോധനകള്‍ വര്‍ജ്ജിച്ച് അനുസരണയോടെ ജീവിക്കാന്‍ ഒരാള്‍ മുന്നോട്ടുവരുമ്പോള്‍ അവന്റെ ജീവിതം ക്രമനിബദ്ധമായെന്ന് പറയാന്‍ സാധിക്കും.
'ഇസ്തിഖാമ'യെന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ക്രമനിബദ്ധമായ ഇത്തരം ജീവിതമാണ്. ഭാഷാര്‍ത്ഥത്തില്‍ നേരായി നില്ക്കുക എന്നര്‍ത്ഥമുള്ള ഇസ്തിഖാമയുടെ സാങ്കേതിക വിവക്ഷ, ജീവിത ചുറ്റുപാടുകളില്‍ കല്പനകള്ക്കു വഴിപ്പെടലും വിരോധനകളെ അകറ്റി നിര്‍ത്തലുമാണ്. ഹദീസ് വചനം വിശകലന വിധേയമാക്കുമ്പോള്‍, മഹാനായാ സുഫ്യാനുബ്നു അബ്ദുല്ല(റ) റസൂലിനോട് തന്റെ ഇസ്ലാമിക പരിധിക്കുള്ളിലുള്ള ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണമെന്ന ചോദ്യമുന്നയിക്കുന്നതായും പ്രത്യുത്തരമായി അല്ലാഹുവില്‍ പൂര്‍ണമായി വിശ്വസിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷം 'ഇസ്തിഖാമ' കൈകൊളള്ളണമെന്നു നിര്‍ദ്ദേശിക്കുന്നതായും മനസ്സിലാക്കാന്‍ സാധിക്കുന്നു.
സത്യത്തില്‍ ഇദംപ്രഥമായി ഈ തിരുവചനം നല്കുന്ന പാഠം തനിക്കറിയാത്ത കാര്യങ്ങള്‍ എത്ര നിസ്സാരമാണെങ്കില്‍ തന്നെയും അറിവുള്ളവരോടത് ചോദിച്ചറിഞ്ഞു മനസ്സിലാക്കണമെന്നതാണ്. അതിലൊരിക്കലും മടിയോ അപകര്‍ഷതയോ ഉണ്ടാവാന്‍ ഉണ്ടായിക്കൂടാ. ഒരു കാര്യത്തില്‍ തനിക്കുള്ള അജ്ഞത അംഗീകരിച്ചുകൊണ്ട് അത് മറ്റുള്ളവരോട് ചോദിക്കാന്‍ സന്നദ്ധനാവുന്നത് തന്നെ മഹത്വത്തിന്റെ അടയാളമാണ്. മഹാനായ ഇമാം മാലിക്(റ)വിന്റെ സന്നിധിയിലേക്ക് സംശയവുമായെത്തിയ ഒരു മനുഷ്യന് ഇമാം നിര്‍ദ്ദേശിച്ചുകൊടുത്ത പരിഹാരമാര്‍ഗത്തില്‍ അപാകതയുണ്ടെന്ന് ശിഷ്യനായ ശാഫിഈ(റ) ഉണര്‍ത്തിയപ്പോള്‍ തെറ്റു തിരുത്തി ശിഷ്യന് പറഞ്ഞത് അംഗീകരിക്കാന്‍ ഇമാം മാലിക്(റ) കാണിച്ച സന്നദ്ധത ഏവര്‍ക്കുമുണ്ടായിരിക്കണം. ഇസ്തിഖാമയാണ് ഹദീസിന്റെ പ്രധാന അകക്കാമ്പ്. അതുകൊണ്ട് ചര്‍ച്ച ഇസ്തിഖാമയെക്കുറിച്ചു തന്നെയാവട്ടെ. റസൂല്‍ പറഞ്ഞതനുസരിച്ച് ഒരു വ്യക്തിക്ക്, അവനൊരു മുസ്ലിമാണെങ്കില് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം അനിവാര്യമായും ഉണ്ടായിരിക്കണം. കാരണം, ഇസ്ലാമിന്റെ മുഖമുദ്രയും ഇതര മതങ്ങളില്‍നിന്നും ഇസ്ലാമിനെ വ്യതിരിക്തമാക്കുന്ന പ്രധാന ഘടകവുമായ തൗഹീദി(ഏകത്വം)ന്റെ ആധാരശില അല്ലാഹു മാത്രമേ ആരാധ്യനുള്ളൂവെന്ന ഇളക്കം തട്ടാത്ത വിശ്വാസമാണ്. ഒരു മുസ്ലിമിന്റെ മനസ്സില്‍ ഈ വിശ്വാസം രൂഢമൂലമാകുമ്പോള്‍ യാന്ത്രികമായിത്തന്നെ അവനില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കാന്‍ തുടങ്ങും.
അവന്റെ പെരുമാറ്റങ്ങളിലും ഇതരരുമായുള്ള സഹവര്‍ത്തിത്വ-സമ്പര്‍ക്കങ്ങളിലും ജീവിതരീതികളിലും ഇഷ്ടാനിഷ്ടങ്ങളിലും കര്‍മ്മങ്ങളിലും, ആദിയായ മുഴുവന്‍ ചലനങ്ങളിലും ഒരു നവചൈതന്യം കടന്നു കൂടുമെന്നതാണ് വാസ്തവം. ചുരുക്കത്തില്‍, അവന്റെ കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും അവന്റെ വിശ്വാസത്തിനനുസൃതമായി നേര്‍വഴിയിലേക്ക് മാറുമെന്നര്‍ത്ഥം. എല്ലാം സ്രഷ്ടാവായ അല്ലാഹുവിനു വേണ്ടിയാണെന്ന ബോധം ആത്മാര്‍ത്ഥതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ അവന് സൗകര്യമാകുന്നു. അങ്ങനെ അല്ലാഹു ചെയ്യാന്‍ കല്പിച്ച കാര്യങ്ങള്‍ ചെയ്യേണ്ടുന്ന വിധത്തില്‍ മാത്രം അവന് നിര്‍വ്വഹിക്കാന്‍ തുടങ്ങുന്നു. അല്ലാഹു ഉപേക്ഷിക്കാന്‍ പറഞ്ഞ കാര്യങ്ങളുടെ ഭാഗത്തേക്ക് അവന്റെ ചിന്ത കടന്നു ചെല്ലുകയേ ഇല്ല. ഒടുവില്‍ ശുദ്ധനായ ഒരടിമയായി ശിഷ്ടകാലം ജീവിക്കാന്‍ അവന് സാധിക്കുന്നു. ഇസ്തിഖാമയുടെ ഉദ്ദിഷ്ടാര്ത്ഥമുള്ക്കൊണ്ടു കൊണ്ട് ജീവിതം മുന്നോട്ടുനയിക്കുകയെന്നത് അത്ര സുഗമമായ കാര്യമാണെന്നു കരുതുന്നുവെങ്കില്‍ അത് തെറ്റാണ്.
പ്രവാചക(സ)രെക്കുറിച്ച് ഉദ്ധരിക്കപ്പെടുന്ന ഒരു സംഭവമുണ്ട്. സൂറതു ഹൂദിലെ 112-ാം സൂക്തം (ആകയാല്‍ നീ കല്പിക്കപ്പെട്ടതുപോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിലേക്ക്) മടങ്ങിയവരും നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക. നിങ്ങള്‍ അതിരുവിട്ടു പ്രവര്‍ത്തിക്കരുത്. തീര്‍ച്ചയായും അവന് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്) ഇറങ്ങിയപ്പോള്‍ പ്രവാചകര്‍(സ) ആകെ ആശങ്കാകുലരായി. പ്രസ്തുത സൂക്തത്തെക്കുറിച്ച് ഇബ്നു അബ്ബാസ്(റ) പറയുന്നത് കാണുക. ഈ സൂക്തത്തേക്കാള് കാഠിന്യമേറിയതും ബുദ്ധിമുട്ടുള്ളതുമായ ഒരു സൂക്തവും നബി(സ)ക്ക് അവതരിപ്പിച്ചതായി ഖുര്‍ആനില്‍ വേറെയില്ല. അക്കാരണത്താല്‍ തന്നെ റസൂല്‍(സ) അനുചരരോടു കൂടെയിരിക്കുന്ന അവസരത്തില്‍ 'അവിടുന്ന് പെട്ടെന്നു നരച്ചുപോയതെന്തേ' എന്നു ചോദിക്കപ്പെട്ടപ്പോള്‍ അവിടന്ന് പ്രതികരിച്ചത് സൂറത്തു ഹൂദും മറ്റുചില സൂറത്തുകളുമാണ് എന്നെ നരബാധിതനാക്കിയത് എന്നായിരുന്നു. കാരണം മറ്റൊന്നുമായിരുന്നില്ല,
സൂറത്തു ഹൂദിലെ പ്രസ്തുത സൂക്തം ഇസ്തിഖാമയെക്കൊണ്ട് കല്‍പിക്കുന്നുവെന്നത് മാത്രമായിരുന്നു റസൂലിനെ നരബാധിതനാക്കിയത്. ശറഈ വിധിവിലക്കുകളും മറ്റും മുറതെറ്റാതെ അനുവര്‍ത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇസ്തിഖാമ നമ്മുടെ ചുമലിലേല്പ്പിക്കുന്നത്. ശ്രദ്ധേയമായ മറ്റൊരു വസ്തുത ഹദീസില്‍ ഈമാനിന്റെയും ഇസ്തിഖാമയുടെയും സമന്വയമുണ്ടെന്നതാണ്. ഖുര്‍ആനിലും അമ്പതോളം സ്ഥലങ്ങളില്‍ അല്ലാഹു തആല ഈമാനെയും ഇസ്തിഖാമയെയും ചേര്‍ത്ത് പറഞ്ഞിട്ടുണ്ട്. ഇവിടെ നാം ഗ്രഹിക്കേണ്ടത് ഈമാനും ഇസ്തിഖാമയും പരസ്പരപൂരകങ്ങളാണെന്ന സത്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഉള്ളില്‍ വിശ്വാസമില്ലാതെ എത്രമാത്രം സുകൃതങ്ങളനുഷ്ഠിച്ചാലും തെറ്റുകള്‍ വെടിഞ്ഞാലും എല്ലാം വിഫലമായിരിക്കും. മാത്രവുമല്ല, കര്‍മ്മങ്ങളില്ലാതെ വെറും വിശ്വാസം ഉള്ളില്‍ വെച്ചു നടന്നാലും ഫലം മറ്റൊന്നല്ല.
സാമൂഹികമായ ജീവിതത്തില്‍ അയല്‍വാസികളോടും ബന്ധുമിത്രാദികളോടും ഇതര മുസ്ലിം സഹോദരങ്ങളോടും നല്ലനിലയില്‍ വര്‍ത്തിക്കലും വ്യക്തിജീവിതത്തില്‍ തെറ്റുകുറ്റങ്ങള്‍ വെടിഞ്ഞ് അല്ലാഹുവും തിരുദൂതരും പറഞ്ഞ രീതിയില്‍ ജീവിതം ചിട്ടപ്പെടുത്തലുമെല്ലാം ഇസ്തിഖാമയുടെ വ്യത്യസ്ത മാനങ്ങളാണ്. വിശുദ്ധ ഖുര്‍ആനില്‍ നേര്‍മാര്‍ഗ ചാരികളെ അല്ലാഹു കണക്കിന് പ്രശംസിക്കുന്നതായി കാണാം. ''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ സമീപം മലക്കുകള്‍ ഇറങ്ങി വന്നുകൊണ്ടിങ്ങനെ പറയുന്നതാണ്: 'നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തെക്കുറിച്ച് നിങ്ങള്‍ സന്തോഷമടഞ്ഞുകൊള്ളുക. ഐഹിക ജീവിതത്തിലും പരലോക ജീവിതത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്ക് അവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്.'' (ഫുസ്സ്വിലത്ത്. 30-32).
സൂറത്തു അഹ്ഖാമില് അല്ലാഹു ഇപ്രകാരം തന്നെ ഇക്കൂട്ടരെക്കുറിച്ച് വാചാലനാകുന്നുണ്ട്: ''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നെ നേര്മാര്ഗമവലംബിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ക്കു ദുഃഖിക്കേണ്ടിവരികയുമില്ല. അവരത്രെ സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമത്രെ അത്'' (അഹ്ഖാഫ് 13,14). ഇങ്ങനെ എന്തുമാത്രം പ്രതിഫലങ്ങളാണ് അല്ലാഹു അവര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നതെന്ന് ഖുര്‍ആന്‍ പലയിടങ്ങളിലും വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ ആഗ്രഹങ്ങള്‍ക്കെതിരായി ആത്മാവിനെ മെരുക്കിയെടുക്കലും ജീവിതചുറ്റുപാടുകള്‍ മതവിലക്കുകള്ക്കനുസൃതമായി ക്രമപ്പെടുത്തലും വിശ്വാസ ദാര്‍ഢ്യത്തിന്റെയും ഭദ്രതയുടെയും ബഹിര്‍സ്ഫുരണങ്ങളാണ്. അടിയുറച്ച വിശ്വാസം കൈമുതലായുള്ളവര്‍ക്കേ ഇങ്ങനെ ജീവിതത്തെ ക്രമപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഇസ്തിഖാമ മുറുകെ പ്പിടിക്കുക. കാരണം, ഇസ്ലാം ഏക ദൈവവിശ്വാസവും അനുസരണവുമാണ്; ഇസ്ലാം അഖീദയും ശരീഅത്തുമാണ്; ഇസ്ലാം വിശ്വാസവും സര്ക്കര്മ്മങ്ങളുമാണ്.
സുന്നിഅഫ്കാര്‍ വാരിക, 2006, ജനുവരി, 11, സുന്നിമഹല്‍, മലപ്പുറം
Leave A Comment