ചൂണ്ട് കൈ അധികാരികള്‍ക്ക് നേരെ തന്നെയാണ്
ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഉമര്‍ (റ), വിവിധ പ്രദേശങ്ങളിലേക്ക് ഗവര്‍ണര്‍മാരെ നിയമിക്കുമ്പോള്‍, അവര്‍ക്ക് നല്കുന്ന ഉപദേശത്തിനിടെ ഇങ്ങനെ ചോദിക്കാറുണ്ടായിരുന്നു, നിങ്ങളുടെ ഭരണീയരില്‍ ആരെങ്കിലും വല്ലതും മോഷ്ടിച്ചോ കൊള്ളയടിച്ചോ പിടിക്കപ്പെട്ടാല്‍ അവരെ നിങ്ങളെന്ത് ചെയ്യും. അപ്പോള്‍ അവരുടെ മറുപടി ഇങ്ങനെയാവും, അത് ആരായാലും ഇസ്ലാമിക നിയമപ്രകാരം അവരുടെ കൈവെട്ടുക തന്നെ ചെയ്യും. ഉടന്‍ ഉമര്‍ (റ) പ്രത്യത്തരം നല്‍കും, ശരി. എന്നാല്‍ അവരില്‍ ആരെങ്കിലും, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാല്‍ ഞാന്‍ വെട്ടിമാറ്റുന്നത് നിങ്ങളുടെ കൈകളായിരിക്കും, കാരണം അത്തരം കാര്യങ്ങളെല്ലാം അവര്‍ക്ക് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് അല്ലാഹു ഈ അധികാരം നമ്മുടെ കൈകളില്‍ നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കൽ നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് മരണം വരിച്ച ദമ്പതികള്‍ മേല്‍വാക്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.
സ്വന്തം അച്ഛനെ സംസ്കരിക്കാൻ ഒറ്റക്ക് നിന്നു കുഴി വെട്ടുന്ന, എന്റെ അച്ഛനെ കൊന്നത് നിങ്ങളാണെന്നു പൊലീസിന് നേരെ കൈചൂണ്ടി സമ്മിശ്ര വികാരങ്ങളോടെ പറയുന്ന രാജന്റെ മകന്റെ നിസ്സഹായതയും ഇത് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
കുടിയൊഴിപ്പിക്കൽ ഭീഷണികളും അതിനെ തുടർന്നുള്ള ആത്മഹത്യകളും കേരളത്തിൽ ഇതാദ്യമല്ല. ഭൂപരിഷ്കരണ നിയമങ്ങളും മറ്റും നടപ്പിലാക്കിയ ഒരു സംസ്ഥാനമെന്ന ഖ്യാതി നിലനിൽക്കുമ്പോൾ തന്നെ ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്പർ വണ്‍ കേരളത്തിന്റെ നേട്ടങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. അടിസ്ഥാന ഉത്തരവാദിത്തം മറക്കുന്ന ഭരണാധികാരികള്‍ തന്നെയാണ് ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടത്. വിശപ്പടക്കാന്‍ ഒന്നും ലഭിക്കാതെ മോഷ്ടിക്കേണ്ടിവന്നതിന് പീഢനമേറ്റ് മരണമടഞ്ഞതും കേരളത്തില്‍ തന്നെയാണ്.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. എല്ലാവര്ക്കും ഇവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഏത് ഭരണാധികാരിയുടെയും ഉത്തരവാദിത്തമാണ്. ഇതില്ലാതെ മറ്റെല്ലാമുണ്ടായിട്ടും അതിനെ പുരോഗതിയെന്ന് വിളിക്കാനാവില്ല.
ഭൂരഹിതരും കോളനികളിൽ ജീവിക്കുന്നവരുമായ ലക്ഷക്കണക്കിന് മനുഷ്യരുടെ, ഇത്തരത്തിലുള്ള വ്യഥകള്‍ എക്കാലത്തെക്കുമായി എങ്ങനെ പരിഹരിക്കാമെന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന, അതിനായി ഫലപ്രദമായ പദ്ധതികളാവിഷ്കരിച്ച് നടപ്പിലാക്കുന്ന സർക്കാറുകൾ എന്നാണാവോ നമുക്കുണ്ടാവുക. സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും അത് മരീചികയായി തുടരുകയാണ്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കുറിച്ച് ആശങ്കപ്പെടാന്‍ കാണിക്കുന്നതിന്റെ ഒരംശമെങ്കിലും താല്പര്യം, അടിസ്ഥാനാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഈ യഥാര്‍ത്ഥ പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ കാണിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുന്നു.
അനധികൃതമായി സർക്കാർ ഭൂമി കയ്യാളുന്ന കുത്തകമുതലാളിമാര്‍ക്ക് നിയമത്തിന്റെ സകല പരിരക്ഷയും നൽകുകയും രണ്ടും മൂന്നും സെന്റുകളിൽ താമസിക്കുന്ന പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാൻ വ്യഗ്രതപ്പെടുകയും ചെയ്യുന്ന അധികാര വർഗ്ഗം എന്നും നമ്മുടെ ശാപമാണ്. ഇത് തുടരുന്നിടത്തോളം ഇത്തരം ദാരുണ ചിത്രങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.
Leave A Comment