തട്ടിപ്പിന്റെ ആത്മീയകേന്ദ്രങ്ങള്‍
editorialമനുഷ്യരില്‍ ഭൂരിഭാഗം പേരും അഭൌതികലോകത്തില്‍ വിശ്വസിക്കുന്നവരാണ്. മരണാനന്തരം ചെന്നെത്താനിരിക്കുന്ന പരലോകത്തിലെന്ന പോലെ, ഈ ഭൌതിക ലോകത്ത് തന്നെ പഞ്ചേന്ദ്രിയജ്ഞാനങ്ങള്‍ക്കതീതമായ അഭൌതിക സൃഷ്ടികളും ശക്തികളും ഉണ്ടെന്നും അധികപേരും വിശ്വസിക്കുന്നു. ആത്മീയ ലോകത്ത് സാധ്യമാവുന്ന അത്യുല്‍കൃഷ്ടതകളും അതിലൂടെ ലഭ്യമാവുന്ന അനന്തമായ അനുഭൂതിയും നേരിലനുഭവിച്ചിട്ടില്ലെങ്കില്‍ പോലും സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഈ ലോകത്തെ സിദ്ധികളും നേട്ടങ്ങളും ഇന്ദ്രിയഗോചരങ്ങള്‍ക്കതീതമാണന്നത് കൊണ്ട് തന്നെ,  എക്കാലത്തും ഏറ്റവും നല്ല വാണിജ്യസാധ്യതയുള്ള മേഖല കൂടിയാണ് ആത്മീയത. മനുഷ്യദൈവങ്ങളും വ്യാജസന്യാസിമാരും കല്പിതതിരുശേഷിപ്പുകളുമെല്ലാം ആ സാധ്യതകളിലാണ് ഭാഗ്യപരീക്ഷണം നടത്തുന്നത്. ഭൌതികലോകം കൊണ്ട് മാത്രം സംപൂര്‍ണ്ണമായ സംതൃപ്തി സാധ്യമല്ലെന്ന് തിരിച്ചറിയുന്നവരെല്ലാം ആത്മീയ ലോകത്തേക്ക് നീങ്ങുന്നു. അതിനായി, തങ്ങളുടെ ഭൌതിക നേട്ടങ്ങളൊക്കെയും അവിടെ കാഴ്ചവെക്കാന്‍ പോലും അവര്‍ തയ്യാറാവുകയും ചെയ്യുന്നു. അത്തരക്കാരെ വലവീശിയാണ് ആത്മീയ കച്ചവടം പൊടിപൊടിക്കുന്നത്. അഥവാ, ആത്മീയതയിലൂടെ സംതൃപ്തി നേടാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരുടെ ഭൌതികവശങ്ങളൊക്കെയും പരമാവധി ഊറ്റിക്കുടിച്ച് സ്വന്തം ഭൌതിക ജീവിതം ആഢംബരപൂര്‍ണ്ണമാക്കുകയാണ് വ്യാജ ആത്മീയ കേന്ദ്രങ്ങള്‍ ചെയ്യുന്നത് എന്നര്‍ത്ഥം. വിശ്വാസത്തിന്റെ മറ പിടിച്ച് വിലസുന്ന ഇത്തരം ആത്മീയ ചൂഷണങ്ങള്‍ എല്ലാ മതസ്ഥര്‍ക്കിടയിലും ഇന്ന് സുലഭമാണ്. ഗെയല്‍ ട്വെഡലിന്റെ വിശുദ്ധനരകം ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമായവരുടെ ദുരിതകഥകളുടെ ഒരു പ്രതീകം മാത്രമാണ്. വിശ്വസിക്കാതിരിക്കാന്‍ ന്യായങ്ങളൊന്നുമില്ലാതിരുന്നിട്ട് കൂടി, ഗെയലിനെ അവിശ്വസിക്കാനാണ് സാംസ്കാരിക-രാഷ്ട്രീയ കേരളത്തിലെ അധികപേരും താല്പര്യം കാണിക്കുന്നതെന്നത് തന്നെ ഇത്തരം ആള്‌ദൈവങ്ങളുടെ സ്വാധീനവലയം എത്രമാത്രം പ്രവിശാലമാണെന്ന് സൂചിപ്പിക്കുന്നു, അതിലുപരി ഇത്തരക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനോ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനോ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നീക്കവും പ്രതീക്ഷിക്കേണ്ടതില്ലെന്നര്ത്ഥം. തങ്ങളുടെ എതിര്‍പക്ഷത്തുള്ളവര്‍ക്കെതിരെ ഏതെങ്കിലും കോണില്‍നിന്ന് ഒട്ടും വിശ്വാസയോഗ്യമല്ലാത്ത ഒരാരോപണം വരുമ്പോഴേക്ക് രാജി ആവശ്യപ്പെടുകയും പൊതുജീവിതം തന്നെ നിര്‍ത്തി പിന്‍വാങ്ങണമെന്ന രീതിയില്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ബഹുഭൂരിഭാഗവും ഗെയലിന്റെ വെളിപ്പെടുത്തലുകള്‍ക്കെതിരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനായത്. ഇടതുപക്ഷത്തെ നയിക്കുന്ന ശ്രീ. പിണറായി വിജയന്‍ ഈ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ അന്വേഷണം വേണമെന്ന് ഉറക്കെ പറയാന്‍ ധൈര്യം കാണിച്ചതിനെ പ്രകീര്‍ത്തിക്കാതെ വയ്യ. ഇതര മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അതിന്റെ പകുതിയെങ്കിലും പിന്തുണയോ ഏറ്റവും ചുരുങ്ങിയത് മൌനാനുവാദമോ നല്‍കിയിരുന്നെങ്കിലെന്ന് വെറുതെയെങ്കിലും മോഹിച്ചുപോവുകയാണ്. പക്ഷേ, അതെല്ലാം വെറും വ്യാമോഹങ്ങളാണെന്ന് പൊതുജനം തിരിച്ചറിയുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടും ഏറെ പരിതാപകരം തന്നെ. മന്ത്രിമാരുടെ കിടപ്പറ രഹസ്യങ്ങളും സരിതയുടെ സാരിയുടെ നിറവും വരെ ഒപ്പിയെടുക്കുന്ന അവരുടെ ഒളിക്കാമറകള്‍ ഗെയലിനെ കണ്ടതായി പോലും നടിച്ചില്ല. സാംസ്കാരിക കേരളത്തെയെന്നല്ല ഇന്ത്യയുടെ യശസ്സിനെ തന്നെ ഇതര രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തൊലിയുരിച്ച് കാണിക്കുന്ന അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഏറെ വിശ്വസ്തമെന്ന് തോന്നുംവിധം ഗെയല്‍ ലോകത്തോട് വിളിച്ച് പറഞ്ഞപ്പോഴും നമ്മുടെ ചാനലുകള്‍ക്ക് പ്രിയം വെറുതെയല്ലാത്ത ഭാര്യമാരോടും ഇക്കിളിപ്പെടുത്തിയാല്‍ പോലും ചിരി വരാത്ത വളിഞ്ഞ കോമഡികളോടുമായിരുന്നു. മീഡിയാവണും അല്‍പം വൈകിയാണെങ്കിലും കൈരളിയിലൂടെ ജോണ്‍ ബ്രിട്ടാസും ഇത് ജനങ്ങളിലേക്കെത്തിച്ചത് അഭിനന്ദനാര്‍ഹം തന്നെ. അതിലേറെ, സോഷ്യല്‍മീഡിയകള്‍ക്കാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത്. ശ്രദ്ധിക്കപ്പെടാതെ മറന്നുപോകുമായിരുന്ന ഇതിനെ സജീവമാക്കി നിര്‍ത്തിയതില്‍ ഫെയ്സ്ബുക്കിനും ഇതര സോഷ്യല്‍മീഡിയകള്‍ക്കുമുള്ള പങ്ക് ചെറുതല്ല. എങ്കില്‍പിന്നെ, നാം സ്വയം നിയന്ത്രിക്കുന്നത് തന്നെ ഏക പരിഹാരം. ഏകനായ ദൈവത്തിലുള്ള സുദൃഢമായ വിശ്വാസം മനസ്സിലുള്ള കാലത്തോളം മറ്റാരെയും അന്വേഷിച്ച് പോവേണ്ടതില്ല. വിശുദ്ധ ഖുര്‍ആനിലൂടെയും മതാധ്യാപനങ്ങളിലൂടെയും നേടിയെടുക്കാനാവാത്ത അനുഭൂതിയും നിര്‍വൃതിയും മറ്റിടങ്ങളില്‍ അന്വേഷിക്കുന്നത് തികഞ്ഞ വങ്കത്തമാണ്. ആ തിരിച്ചറിവ്  മങ്ങാതെ സൂക്ഷിക്കുക, അത് മാത്രമേ ഇത്തരം ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ പരിഹാരമുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter