മുര്‍ജിഅ: വിഭാഗം
പാപികളുടെ വിഷയത്തില്‍ ഖവാരിജ്, ശീഅ, മുഅ്തസില വിഭാഗങ്ങള്‍ സ്വീകരിച്ച തീവ്ര നിലപാടിനെതിരെ രംഗത്തുവന്ന ഒരു വിഭാഗമാണ് മുര്‍ജിഅ. പിന്തിപ്പിച്ചവര്‍, നീട്ടിവെച്ചവര്‍, ആഗ്രഹിപ്പിക്കുന്നവര്‍ എന്നൊക്കെയാണ് ‘മുര്‍ജിഅ’ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം. പ്രവര്‍ത്തനത്തെ വിശ്വാസത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നവര്‍, പാപിയുടെ കാര്യം പരലോകത്തേക്കു നീട്ടിവെക്കുന്നവര്‍, ഏതു വിശ്വാസിക്കും പരലോകത്ത് മോക്ഷം ലഭിക്കുമെന്ന പ്രതീക്ഷ നല്‍കുന്നവര്‍ എന്നീ അര്‍ത്ഥങ്ങളിലെല്ലാം ‘മുര്‍ജിഅ’ അറിയപ്പെടാന്‍ തുടങ്ങി.
ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ടായിരുന്നു. അതില്‍ കൊല്ലപ്പെട്ടരെയും കൊന്നവരെയും ചുറ്റിപ്പറ്റി പിന്നീട് വിവാദങ്ങള്‍ ഉടലെടുത്തു. അലി(റ)യുടെ എതിര്‍പക്ഷത്തു നിന്നവരെല്ലാം മഹാപാപികളും ഇസ്‌ലാമില്‍ നിന്നു പുറത്തുപോയവരുമാണെന്ന് ശിയാക്കാള്‍ വാദിച്ചു. സംഘട്ടനത്തിലേര്‍പ്പെട്ട ഇരുപക്ഷവും പാപികളാണെന്നായിരുന്നു ഖവാരിജുകളുടെ നിലപാട്. അത്തരക്കാര്‍ ഇസ്‌ലാമിന്റെയും കുഫ്‌റിന്റെയും ഇടയിലുള്ള ഒരു പദവിയിലാണെന്നു മുഅ്തസിലുകളും. അവര്‍ വിശ്വാസികള്‍ തന്നെയാണെന്നും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയോ അതിനനുസരിച്ചുള്ള ശിക്ഷ നല്‍കുകയോ ചെയ്യുമെന്ന നിലപാടാണ് മുസ്‌ലിം പൊതുധാര സ്വീകരിച്ചിരുന്നത്. ഈ നിലപാടില്‍ നിന്നു കുറച്ചുകൂടി മുന്നോട്ടുപോയി പാപികള്‍ സ്വര്‍ഗാവകാശിയോ നരകാവകാശിയോ എന്നു തീരുമാനിക്കാന്‍ നമുക്ക് സാധ്യമല്ലെന്നും അവരുടെ കാര്യം പരലോകത്തേക്കു മാറ്റി വെക്കണമെന്നും സിദ്ധാന്തിച്ചുകൊണ്ട് മുര്‍ജിഉകള്‍ രംഗപ്രവേശം ചെയ്തു.
എന്നാല്‍ സത്യത്തോട് അടുത്തുനില്‍ക്കുന്ന ഈ നിലപാടില്‍ നിന്നു പിന്നീട് മുര്‍ജിഅ മാറുകയും വിശ്വാസത്തോടെ പാപം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന ഗുരുതരമായ വാദത്തിലേക്കു എത്തിപ്പെടുകയുമാണുണ്ടായത്. വിശ്വാസമുണ്ടായിരിക്കേ എന്ത് അപരാധം ചെയ്താലും പ്രശ്‌നമില്ലെന്നും അവര്‍ക്ക് പരലോകത്ത് നരകശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്നുമുള്ള ഈ നിലപാടിലാണ് ‘മുര്‍ജിഅ’ പിന്നീട് അറിയപ്പെട്ടത്. എന്നാല്‍ ഇമാം അബൂഹനീഫ, അബൂയൂസുഫ്, മുഹമ്മദ് ബിന്‍ ഹസന്‍, ഖദീദ് ബിന്‍ ജഅ്ഫര്‍, സഈദ് ബിന്‍ ജുബൈര്‍ തുടങ്ങിയ മഹാരഥന്മാര്‍ മുര്‍ജിഉകളാണെന്നു മുഅ്തസിലുകളും മറ്റും ആരോപിക്കാറുണ്ട്. വാസ്തവത്തില്‍ ഈ ഇമാമുകള്‍ മുര്‍ജിഉകളായിരുന്നില്ല. മുസ്‌ലിം മുഖ്യധാരയോടൊപ്പം നിന്ന അഹ്‌ലുസ്സുന്ന:യുടെ വിശ്വാസമായിരുന്നു അവര്‍ പ്രകടിപ്പിച്ചിരുന്നത്. മുര്‍ജിഉകള്‍ അതില്‍നിന്നു തെറ്റി പാപം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്നു വിധിച്ചവരായിരുന്നല്ലോ.
അക്കാലത്ത് ഉമവീ ഭരണാധികാരികളുടെ ആക്രമങ്ങളും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാണിച്ച് ഖവാരിജ്, ശീഈ, മുഅ്തസില വിഭാഗങ്ങള്‍ അവര്‍ക്കെതിരെ വിപ്ലവത്തിനും വിഘടന പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമിച്ചപ്പോള്‍ ഭരണപക്ഷത്തിനു ഉറച്ച പിന്തുണ നല്‍കുകയായിരുന്നു മുര്‍ജിഉകള്‍. അവരെ സംബന്ധിച്ചേടത്തോളം ഏതു മഹാപാപിയെയും ഖലീഫയായി അംഗീകരിക്കാം. അയാളെ തുടര്‍ന്നു നിസ്‌കരിക്കാം. വിശ്വാസം മാത്രമാണ് യോഗ്യത. ജനങ്ങളെ തെറ്റുകുറ്റങ്ങളിലേക്കു കയറൂരി വിടുന്ന നിലപാടാണ് പാപം പ്രശ്‌നമല്ലെന്ന സിദ്ധാന്തത്തിലൂടെ മുര്‍ജിഅ സ്വീകരിച്ചത്. അതു തന്നെയാണ് അവര്‍ വ്യതിചലിക്കാനുണ്ടായ മുഖ്യകാരണവും.
മുര്‍ജിഅയിലും നിരവധി ഉപവിഭാഗങ്ങളുണ്ട്. പ്രധാനപ്പെട്ടവ ഇവയാണ്.
1. യൂനുസിയ്യ: യൂനുസ് ബിന്‍ ഔനിന്റെ അനുയായികള്‍. അല്ലാഹുവിനെ അറിയുന്നതും സ്‌നേഹിക്കുന്നതും അവനു കീഴ്‌പ്പെടുന്നതുമാണ് ഈമാന്‍. അനുസരണത്തിന്റെ അടയാളമായി ഗണിക്കപ്പെടുന്ന അനുഷ്ഠാനങ്ങള്‍ ഈമാനില്‍ പെട്ടവയല്ല. അതുകൊണ്ട് തന്നെ ഒരു വിശ്വാസി അനുഷ്ഠാനങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല. ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് തന്റെ കര്‍മ്മങ്ങള്‍ കാരണമല്ല, മറിച്ച് ദൈവജ്ഞാനവും സ്‌നേഹവും അവനു കീഴ്‌പ്പെടുകയും ഉണ്ടായത് മുഖേനയാണ്. ഇത്തരം വാദങ്ങളാണ് യൂനുസിയ്യ വിഭാഗത്തിനുള്ളത്.
2. ഗസ്സാനിയ്യ: ഗസ്സാനുല്‍ കൂഫിയ്യയുടെ കക്ഷി. ഈമാന്‍ വര്‍ദ്ധിക്കുന്നതാണ്; കുറയുന്നതല്ല. കര്‍മ്മങ്ങള്‍ക്ക് ഈമാനുമായി യാതൊരു ബന്ധവുമില്ലാത്തത് കൊണ്ട് ഇസ്‌ലാമിലെ അറിയപ്പെട്ട അനുഷ്ഠാനങ്ങളെ നിഷേധിച്ചാല്‍ പോലും മതഭ്രഷ്ട് സംഭവിക്കുകയില്ലെന്ന് ഇയാള്‍ വാദിച്ചു. അല്ലാഹു കഅ്ബയില്‍ പോയി ഹജ്ജ് ചെയ്യാന്‍ കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കഅ്ബ മക്കയിലാണോ ഇന്ത്യയിലാണോ എന്നറിയില്ലെന്ന് ഒരാള്‍ പരിഹാസപൂര്‍വ്വം വാദിച്ചു. എങ്കില്‍ പോലും അയാള്‍ കാഫിറാകുകയില്ല, എന്നിങ്ങനെ അവര്‍ ഉദാഹരിക്കുന്നു.
3. തൗമിനിയ്യ: അബൂമുആദ് തൗമിനായുടെ അനുയായികള്‍. പൂര്‍ണ്ണമായോ ഭാഗികമായോ ഉപേക്ഷിച്ചാല്‍ അവിശ്വാസിയായിത്തീരുന്ന ചില കാര്യങ്ങള്‍ നിലനിര്‍ത്തുക എന്നാണ് ‘ഈമാന്‍’ എന്നതിനു ഇവര്‍ നല്‍കിയ വിവക്ഷ. ഒരു നബിയെ ആക്രമിക്കുകയോ വധിക്കുകയോ ചെയ്തവന്‍ കാഫിറാകുന്നതാണ്. കൊലപാതകമല്ല, നബിയോടു കാണിച്ച ശത്രുതയും ദേഷ്യവുമാണത്രെ കാഫിറാകാന്‍ കാരണം.
4. സൗബാനിയ്യ: അബൂസൗബാനാണ് ഈ ഗ്രൂപ്പിന്റെ ലീഡര്‍. അല്ലാഹു, പ്രവാചകന്മാര്‍, ചെയ്യേണ്ടതാണെന്നു ബുദ്ധിയില്‍ തോന്നുന്ന കാര്യങ്ങള്‍ എന്നിവ അറിയലും അംഗീകരിക്കലുമാണ് ഈമാന്‍ എന്നു വാദിക്കുന്നു. നിര്‍ബന്ധമാണെന്നു പ്രമാണങ്ങളില്‍ വരുന്നതിനു മുമ്പുതന്നെ യുക്തിയനുസരിച്ച് പല കാര്യങ്ങളും നിര്‍ബന്ധമാകുമെന്ന മുഅ്തസിലീ വാദം ഇവരും വെച്ചുപുലര്‍ത്തുന്നു.
5. നജ്ജാരിയ്യ: ഹുസൈന്‍ ബിന്‍ മുഹമ്മദുന്നജ്ജാര്‍ നായകനാണ്. ചില വിഷയങ്ങളില്‍ സുന്നികളുടേതും മറ്റു ചിലതില്‍ മുഅ്തസിലുകളുടേയും നിലപാടുകളാണ് ഇവര്‍ക്കുള്ളത്. മനുഷ്യരുടെ പ്രവര്‍ത്തി അല്ലാഹുവാണ് സൃഷ്ടിക്കുന്നത്, കഴിവ് പ്രവൃത്തിയോടു കൂടെയാണ് ഉണ്ടാവുക, പാപികള്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കാം. അല്ലാഹു ഉദ്ദേശിക്കാത്തതൊന്നും സംഭവിക്കുകയില്ല എന്നീ സുന്നീ നിലപാട് ഇവര്‍ അംഗീകരിക്കുന്നു. അല്ലാഹുവിന് അനാദ്യമായ ഗുണങ്ങള്‍ ഇല്ല, അവന്റെ കലാം പുതിയതാണ്, അവനെ കാണല്‍ അസംഭവ്യമാണ് തുടങ്ങിയ മുഅ്തസിലീ വാദങ്ങളും ഇവര്‍ക്കുണ്ട്. ബര്‍ഗൂസിയ്യ, സഅ്ഫറാനിയ്യ, മുസ്തദ്‌രിക്ക എന്നീ മൂന്ന് ഗ്രൂപ്പുകളായി നജ്ജാരികള്‍ പിന്നെയും പിളര്‍ന്നിട്ടുണ്ട്.
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment