ലോക്ക് ഡൗണ്‍കാലത്ത് വായിച്ച പുസ്തകം-ബുക്ക് റിവ്യൂ

സമകാലിക മുസ്ലിം ബുദ്ധി ജീവി സിയാഉദ്ദീൻ സർദാർ രചിച്ച സ്വർഗ്ഗം തേടി ഒരു മുസ്ലിം  സന്ദേഹിയുടെ യാത്രകൾ എന്ന പുസ്തകമായിരുന്നു ഈ ആഴ്ചയിലെ എൻ്റെ കൂട്ടുകാരൻ. സ്വർഗം തേടി നിരാശനായി എന്ന ഈ പുസ്തകത്തിൻ്റെ പഴയ പേര് മുസൽമാനെ സംബസി ച്ചിടത്തോളം വെറുപ്പുളവാക്കുന്നതായതിനാൽ പലരെയും പോലെ നേരത്തെ വായിക്കാൻ അറച്ചിരുന്നു. 
നമ്മുടെ ഭൗതിക ജീവിതത്തിൻ്റെ പരമ ലക്ഷ്യമായ ഫിർദൗസ് (പരലോക സ്വർഗം) തേടുനവർ നിരാശരാവുകയോ എന്ന ചോദ്യം വായനയിൽ നിന്ന് പോലും നമ്മെ പിന്നോട്ടടുപ്പിക്കുമെന്നതിൽ സംശയമില്ലായിരുന്നു.
സ്വർഗം എന്നത് കൊണ്ട് ഗ്രന്ഥകർത്താവ് ഉദ്ദേശിക്കുന്നത് പരലോക സ്വർഗത്തിലെ ഉദാത്തമായ അനുഗ്രഹങ്ങളായ പരസ്പര സ്നേഹം സാഹോദര്യം സാംസ്കാരികവും കലാപരവുമായ ഔന്നത്യമുള്ള  ഇസ്ലാമിക ആശയങ്ങൾ എന്നിവ സുഗന്ധം പരത്തുന്ന പുതിയ മുസ്ലിം ലോകത്തിൻ്റെ സംസ്ഥാപനമാണെന്നറിഞ്ഞപ്പോൾ എൻ്റെ ആശങ്കകൾ ട്രാൻസ് ഓക്സാനിയ കടന്നു.
മുസ്ലിം സ്പെയിൻ സാക്ഷ്യം വഹിച്ച സാംസ്കാരി കോന്നതി പുന:സൃഷ്ടിക്കുന്നതിനായി അനേകം പദ്ധതികളിലൂടെയും സംഘങ്ങളിലൂടെയും അദ്ദേഹം നടത്തിയ യാത്രകളും സംവാദങ്ങളും മുസ്ലിം ലോക ഭരണാധികാരികളുമായുള്ള ആശയ വിനിമയങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. യാത്രകളും നേരനുഭവങ്ങളും അദ്ദേഹത്തിൽ മൂർച്ചയുള്ള ആശയങ്ങൾ സൃഷ്ടിക്കുന്നതെങ്ങനയെന്ന് ഈ ആത്മകഥയിലൂടെ നമുക്ക് അനുഭവിച്ചറിയാം.
മുസ്ലിം ബ്രദർഹുഡ്, ജമാഅത്തെ ഇസ്ലാമി, വഹാബിസം,ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ, പാകിസ്ഥാൻ എന്നീ സംഘടനകൾക്കും രാഷ്ട്രങ്ങൾക്കും ഇസ്ലാമിൻ്റെ പൂർണ്ണ ആശയം ജനങ്ങളിലെത്തിക്കാൻ സാധിച്ചിട്ടില്ലെന്ന് ഇദ്ദേഹം കണ്ടെത്തുന്നു. പടിഞ്ഞാറിൻ്റെ മതേതരത്വം ഇസ്ലാമിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുമ്പോൾ ഇറാനടക്കമുള്ള രാജ്യങ്ങളുടെ  അതേ നാണയത്തിലുള്ള തിരിച്ചടി ഇസ്ലാമിൻ്റെ സഹിഷ്ണുതാ ശയങ്ങൾക്ക് ചേർന്നതല്ലെന്ന് അദ്ദേഹം അടിവരയിടുന്നു.
ഖുമൈനിയുടെ പരമാധികാര രാഷ്ട്രവും സിയാഉൽ ഹഖിൻ്റെ പട്ടാള ഭരണവും ഇറാഖിൻ്റെ കുവൈത്ത് അധിനിവേശവും മഹാതീർ മുഹമ്മദിൻ്റെ അൻവറി നോടുള്ള പകപോക്കലും വേൾഡ് ട്രേഡ് സെൻ്റർ അക്രമവും ചാവേർ സ്ഫോടനങ്ങളും അദ്ദേഹത്തിൻ്റെ ഇസ് ലാമിക ചിന്താ പ്രസ്ഥാനത്തിന് മുന്നിലെ ഏറ്റവും വലിയ വിലങ്ങുതടികളായിരുന്നു. ചിന്താപ്രസ്ഥാനത്തിനെ തുന്നും തോറും വലുതാക്കുന്ന ഓട്ടകളാവാൻ മാത്രമേ അവ സഹായിച്ചുള്ളു.
പാശ്ചാത്യൻ മതേതരത്വവും ചില മുസ്ലിം രാജ്യങ്ങളിലെ ഏകാധിപത്യവും എതിരഭിപ്രായങ്ങൾ അടിച്ചമർത്തുന്നതിൽ തുല്യമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
ബ്രിട്ടിഷ് മുസ്ലിം വിദ്യാർത്ഥി കൂട്ടായ്മ ഫോസിസ് മുതൽ ഇജ്മാലീ ചിന്തക കൂട്ടായ്മ വരെയുള്ള പ്രവർത്തന കാലയളവിൽ പാക്കിസ്ഥാൻ ഭരണാധികാരി സിയാഉൽ ഹഖ്,  മലേഷ്യൻ പരിവർത്തനത്തിൻ്റെ പിതാവ് അൻവർ അടക്കം മറ്റനേകം ലോകനേതാക്കളുമായി പുരോഗമന ചർച്ചയിൽ നേതൃത്യം നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അഫ്ഗാൻ പോരാളികൾ റഷ്യക്കെതിരെ പോരാട്ടം നടത്തിയ കാലയളവിൽ പാക്കിസ്ഥാനിൽ വെച്ച് ഉസാമ ബിൻ ലാദനെ കണ്ടതും അദ്ദേഹം ഓർക്കുന്നു.
ശരീഅത്ത് ഏകശിലാരൂപമാവരുതെന്നും ഖുർആൻ നിയമങ്ങളിലേക്ക് വെളിച്ചം വീശുന്ന വിശുദ്ധ ഗ്രന്ഥമാണെന്നുമുള്ള ചിന്തകളാണ് അടിസ്ഥാനാശയങ്ങളായി അദ്ദേഹം അവതരിപ്പിക്കുന്നത്.
നിരന്തരമായ അന്വേഷണങ്ങളിലൂടെയും യാത്രകളിലൂടെയും എത്തിപ്പെടുന്നതാണ് സ്വർഗ ( അന്തിമ സത്യം)മെന്നും അതിലേക്ക് താൻ ഇനിയും എത്തിപ്പെട്ടിട്ടില്ലെന്നുമുള്ള  ചിന്തകളാണ് Desperately seeking paradise (സ്വർഗം തേടി നിരാശനായി) എന്ന് പേര് വെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
2005 പ്രസിദ്ധീകൃതമായ മൂലകൃതി 2008 ലാണ് മലയാളീകരിക്കുന്നത്. അദർ ബുക്ക് പ്രസിദ്ധീകരിച്ച 449 പേജുള്ള പുസ്തകത്തിൻ്റെ പരിഭാഷ നിർവ്വഹിച്ചത് കെ.സി സലീമാണ്.

തയ്യാറാക്കിയത്: ഇല്യാസ് ഹുദവി കരീറ്റിപ്പറമ്പ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter