വ്രത മാസം വിരുന്നെത്തുമ്പോൾ

വിശുദ്ധ റമദാൻ വിശ്വാസികളുടെ ഹൃത്തടങ്ങളിലേക്ക് വിരുന്നെത്തുകയായി. പതിവ് ആരവങ്ങളില്ലാതെ, ആഘോഷപ്പൊലിമയില്ലാതെ, ആചാരങ്ങളുടെ അകമ്പടിയില്ലാതെ. 

എന്നാലും റമദാനിന് നിറവ്യത്യാസമില്ല. വർണ ഭേദമില്ല. ഭക്തി സാരങ്ങൾക്ക് ചോർച്ചയില്ല. നാം മുമ്പ് സ്വീകരിച്ചിരുന്നത് വിശുദ്ധ റമദാനിനെയാണ്. ഇത്തവണയും അതിന് മാറ്റമില്ല. 

അത് കൊണ്ട് സ്വീകരണത്തിലും മാറ്റമുണ്ടാകേണ്ടതില്ല. അത് പക്ഷെ,ബാഹ്യ ചേഷ്ടകളിലല്ല. ജാട മോടികളിലല്ല. താളമേളങ്ങളിലല്ല. 

മനസ്സിൻ്റെ വാതായനങ്ങൾ തുറന്നു വയ്ക്കക. അകതാരിൻ്റെ തിരുമുറ്റം അടച്ചു തുടച്ചു വൃത്തിയാക്കുക. സ്നേഹത്തിൻ്റെ ചന്ദന വിളക്ക് കൊളുത്തി വയ്ക്കുക. ഭക്തിയുടെ മേലാപ്പ് കെട്ടി അണിയിച്ചൊരുക്കുക. 

ഇത്തവണ എല്ലാം അകത്തല്ലേ പറ്റൂ. നാം തന്നെ ജാഗ്രതയുടെ വീട്ടുതടങ്കലിലാണല്ലോ. പള്ളിയില്ല. പള്ളിക്കൂടങ്ങളില്ല. ചന്തകളില്ല . ചന്തങ്ങളില്ല. ബസാറുകളില്ല. ബഹളങ്ങളില്ല. 

ഈ റമദാനിന് പതിവിൽ കൂടുതൽ ഉൾസാരമുണ്ട്. വ്രതാനുഷ്ഠാനങ്ങൾക്ക് പതിവില്ലാത്ത അർത്ഥ തലങ്ങളുണ്ട്. മുമ്പ് അദൃശ്യനായ അല്ലാഹുവിനെ ഓർത്തും പേടിച്ചും ആണ് നാം റമദാനിൽ പ്രത്യേകമായി കുറേ നിയന്ത്രണങ്ങൾ പാലിച്ചിരുന്നതെങ്കിൽ ഇന്ന് ലോകം മുഴുക്കെ കടുത്ത നിയന്ത്രണങ്ങളുടെയും ജാഗരൂകതയുടെയും തടവിലാണ്. വെറും നിസ്സാരമായ, ദൃഷ്ടിഗോചരമല്ലാത്ത, അതിസൂക്ഷ്മമായ കൊറോണാ വൈറസിനെ പേടിച്ച് . 

കണ്ണിൽ കാണാത്തതിനെയൊന്നും വിശ്വസിക്കേണ്ടതില്ലെന്ന് തട്ടി വിട്ടിരുന്ന ഭൗതിക വാദികൾക്ക് മിണ്ടാട്ടമില്ല. ഈ ലോകം സർവതന്ത്ര സ്വതന്ത്രരായി വിലസാനു ള്ളതാണെന്ന് മേനി നടിച്ചു നടന്നിരുന്നവർ ഇപ്പോൾ പാരതന്ത്ര്യത്തിൻ്റെ പരകോടിയിലാണ്. 

ആരുടെയും അടിച്ചേൽപ്പിക്കപ്പെടുന്ന നിയന്ത്രണങ്ങൾ ഇഷ്ടമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു നടന്നവർ ഇപ്പോൾ ഒരു കോറോണാ വൈറസിൻ്റെ ഭീതിയിൽ അതാത് സർക്കാരുകൾ അടിച്ചേൽപ്പിച്ച എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വീടുകളിൽ ചുരുണ്ടുകൂടിക്കിടക്കുകയാണ്.

ഉടുപ്പുകളെ അരോചകമായി കണ്ടവർ, സ്വയം സ്വീകരിച്ച മുഖ മക്കനകളിൽ സുരക്ഷിതത്വം കണ്ടിരുന്നവരെ നോക്കി അപഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു ശീലിച്ചവർക്ക് ഉടയാടകളിൽ വലിയ കരുതലുണ്ടെന്ന് ബോധിച്ചിരിക്കുന്നു! എത്രയേറെ മറച്ചു നടക്കുന്നു, അത്രയധികം സുരക്ഷിതത്വമാണെന്ന തത്വം പഠിപ്പിച്ചു കൊണ്ടാണ് കൊറോണാ വിളയാട്ടം തുടരുന്നത്. 

അതെ, കൊറോണാ വൈറസ് കുറേയേറെ പുതിയ പാഠങ്ങൾ മനുഷ്യരെ പഠിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്. ഇത് വരെ ശീലിച്ച പലതും മറക്കാനും പുതിയ ശൈലികൾ സ്വാംശീകരിക്കാനും വേണ്ട പാഠങ്ങൾ നൽകാനായിരിക്കാം പ്രപഞ്ചനാഥൻ ഈ സൂക്ഷ്മജീവിയെ ലോകത്തേക്ക് പറഞ്ഞയച്ചത്. പല തവണ വ്രതമാസം നൽകി പരിശീലിപ്പിച്ചിട്ടും മാറ്റാത്ത സ്വഭാവദൂഷ്യങ്ങൾ വൈറസിൻ്റെ പേടിയിലെങ്കിലും മനുഷ്യൻ മാറ്റുന്നുണ്ടോ എന്ന് പരിശോധിക്കുകയാവാം.

നാം വിശ്വാസികൾക്ക് ഒന്നിലും അമിതമായി ആശങ്കപ്പെടാനില്ല. അധികമായി ആഹ്ലാദിക്കാനുമില്ല. വന്നതെല്ലാം നല്ലതിന്. ദുരിതം വന്നു സഹിച്ചാലും ഗുണം. നല്ലത് കിട്ടി നന്ദി കാട്ടിയാലും പുണ്യം. വിശ്വാസിയുടെ കാര്യം അൽഭുതകരം തന്നെ. 

പിന്നേയും നമുക്ക് നോമ്പിലേക്ക് മടങ്ങാം. ഇത്തവണ നമ്മുടെ നോമ്പുകാലം. പലർക്കും വറുതിയുടെ കാലം കൂടിയാകും. ജോലിയില്ല. കൂലിയില്ല. കച്ചവടമില്ല. വരുമാനമാർഗങ്ങൾ ശുഷ്കിച്ചു. ആകെ കൂടി വരിഞ്ഞുമുറുകിയ അവസ്ഥ. 

അങ്ങനെയെങ്കിലും നമ്മുടെ നോമ്പിൻ്റെ പേരിലുള്ള ധാരാളിത്തത്തിന് കടിഞ്ഞാണിടാം. തരാതരം വിഭവങ്ങൾ ഒരുക്കുന്നതിന് പകരം അയൽപക്കത്തും കൈപ്പാടകലെയും നമ്മടെ സഹോദരങ്ങളിൽ പലരും കഷ്ടപ്പെടുന്നുണ്ടാകാം. 

ആർഭാടങ്ങൾക്ക് പകരം അവർക്ക് അടിസ്ഥാനാവശ്യങ്ങൾ ഒരുക്കുന്നതിലാവട്ടെ നമ്മുടെ ശ്രദ്ധ. നമ്മുടെ കരുതലിൻ്റെ കൈകൾ തലോടലായി അവരിലേക്ക് നീളട്ടെ. കൊറോണയുടെ പാഠങ്ങൾ നമ്മുടെ നോമ്പുകൾക്ക് കൂടുതൽ അർത്ഥവ്യാപ്തിയും സഹജീവി സ്നേഹവും പകരാൻ ഉതകട്ടെ. 

തയ്യാറാക്കിയത്- സ്വിദ്ദീഖ് നദ് വി ചേരൂർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter