ഹൃദയത്തിന്റെ സംസ്‌കരണവും മനസ്സമരവും
തസ്വവ്വുഫിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരണത്തില്‍ മനസ്സിന് ചില ദുഷിച്ച വിശേഷണങ്ങളും ചീത്ത സ്വഭാവങ്ങളുമുണ്ടെന്നും-കര്‍മശാസ്ത്രപണ്ഡിതന്മാര്‍ ഒന്നടങ്കം സ്പഷ്ടമായിപ്പറഞ്ഞപോലെ-ആ ദുസ്വഭാവങ്ങള്‍ ഉച്ചാടനം ചെയ്യല്‍ ഫര്‍ള് ഐന്‍ ആണെന്നും നാം പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, ഹൃദയത്തിന്റെ ഈ ന്യൂനവിശേഷങ്ങള്‍ ദൂരീകൃതമായിരുന്നെങ്കില്‍ നന്നായേനെ എന്ന് പൂതിവെച്ചതുകൊണ്ട് ഒഴിഞ്ഞുകിട്ടുകയില്ല. തസ്വവ്വുഫിന്റെയോ സല്‍സ്വഭാവത്തിന്റെയോ ഗ്രന്ഥങ്ങള്‍ വായിച്ചതുകൊണ്ടും മാനസികസംസ്‌കരണത്തിന്റെ വിധികള്‍ പറയുന്ന പുസ്തകങ്ങള്‍ കണ്ണോടിച്ചതുകൊണ്ടും ഹൃദയദൂഷ്യങ്ങള്‍ ഉച്ചാടനം ചെയ്യപ്പെടുന്നതല്ല.
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്കൊപ്പം തന്നെ പ്രായോഗികമായ മനഃസംസ്‌കരണമുറകളും മുജാഹദയും അതിനു കൂടിയേ കഴിയൂ. മനസ്സിന്റെ അന്ധമായ ഇച്ഛകളും വിവേകമറ്റ അഭിനിവേശങ്ങളും അറുത്തുമുറിക്കുകയും വേണം. ഇമാം ബൂസ്വീരി(റ) ബുര്‍ദയില്‍ പറഞ്ഞു:
(മനസ്സ് ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്. അതിനെ സ്വേഷ്ടപ്രകാരം വിടുകയാണെങ്കില്‍ മുലകുടിഭ്രമത്തോടെത്തന്നെ യുവാവായിത്തീരും; ഇനി നിശ്ചിത സമയം മുലകുടി നിറുത്തിയാലോ, അവനതില്‍ നിന്ന് പിന്തിരിയുകയും ചെയ്യും.)
മുജാഹദ എന്താണ് എന്ന് നിര്‍വചിച്ചുകൊണ്ട് ഇമാം റാഗിബുല്‍ ഇസ്വ്ഫഹാനി മുഫ്‌റദാത്തുല്‍ ഖുര്‍ആനില്‍ ഇങ്ങനെ എഴുതുന്നു: ജിഹാദ്, മുജാഹദ എന്ന് പറയുന്നത് ശത്രുവിനെ പ്രതിരോധിക്കുന്നതിനായി മുഴുവന്‍ പരിശ്രമങ്ങളും അര്‍പ്പിക്കുക എന്നതിനാണ്. ജിഹാദ് മൂന്ന് തരമുണ്ട്-പ്രത്യക്ഷശത്രുവിനോടുള്ളത്, പിശാചിനോടുള്ളത്, സ്വന്തം നഫ്‌സിനോടുള്ളത്. ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ശരിയായ ജിഹാദ് അനുഷ്ഠിക്കുക’, ‘അല്ലാഹുവിന്റെ വഴിയില്‍ നിങ്ങളുടെ സമ്പത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും ജിഹാദ് ചെയ്യുക’ എന്ന അല്ലാഹുവിന്റെ വചനങ്ങളില്‍ ഈ മൂന്നുതരം ജിഹാദും ഉള്‍പ്പെടുന്നുണ്ട്. തിരുമേനി(സ്വ) പ്രസ്താവിച്ചു: നിങ്ങള്‍ ശത്രുക്കളോട് യുദ്ധം ചെയ്യുന്നതുപോലെ സ്വന്തം ദേഹേച്ഛകളോടും പുണ്യസമരമനുഷ്ഠിക്കുക.
അപ്പോള്‍ ശരീരത്തോടുള്ള പുണ്യസമരമെന്നാല്‍ അതിന്റെ ആക്ഷേപാര്‍ഹമായ ഇച്ഛകള്‍ക്കെതിര് ചെയ്യാന്‍ പ്രേരിപ്പിക്കലും അതിന്റെ ദുരാഗ്രഹങ്ങള്‍ വിച്ഛേദിച്ചുകളയലുമാകുന്നു; അല്ലാഹുവിന്റെ ദീന്‍ എന്തൊക്കെ കല്‍പിക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ടോ അത് ജീവിതത്തില്‍ പകര്‍ത്താന്‍ അതിനെ നിര്‍ബന്ധിക്കുകയും വേണം.
ഖുര്‍ആനിലും ഹദീസിലും ഇതിന്റെ അനിവാര്യത വിവരിക്കുന്ന നിരവധി സൂക്തങ്ങളുണ്ട്. അല്ലാഹു പറയുന്നു: നമ്മുടെ മാര്‍ഗത്തില്‍ ധര്‍മസമരമനുഷ്ഠിച്ചവര്‍ക്ക് നമ്മുടെ വഴികളിലേക്ക് നാം മാര്‍ഗദര്‍ശനം ചെയ്യുന്നതാണ്. നബി(സ്വ) പ്രസ്താവിച്ചതായി ഫളാലത്തുബ്‌നു ഉബൈദ്(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ കാര്യത്തില്‍ സ്വന്തം മനസ്സിനോട് പുണ്യസമരമനുഷ്ഠിക്കുന്നവന്‍ ആരോ അവനാണ് മുജാഹിദ് (സാക്ഷാല്‍ യോദ്ധാവ്). അല്ലാഹുവിനു വേണ്ടി എന്നാണ് മറ്റൊരു നിവേദനത്തിലുള്ളത്.
നേരത്തെ നാം വിവരിച്ചതുപോലെ ഹൃദയത്തിന്റെ സംസ്‌കരണം ഫര്‍ള് ഐന്‍ ആകുന്നു. മനസ്സിനോടുള്ള പുണ്യസമരത്തിലൂടെയേ അത് നേടാനാകൂ. അപ്പോള്‍, ‘നിര്‍ബന്ധകാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അനിവാര്യമായ വിഷയങ്ങളും നിര്‍ബന്ധം തന്നെയാണ്’ എന്ന ഉസ്വൂലിന്റെ (നിദാനശാസ്ത്ര) സിദ്ധാന്തമനുസരിച്ച് മുജാഹദ(മനസ്സമരം)യും ഫര്‍ള് ഐന്‍ ആയിത്തീരുന്നു. ശൈഖ് അബ്ദുല്‍ ഗനിന്നാബുല്‍സി എഴുതുകയാണ്: മനസ്സിന്റെ കാര്യത്തിലുള്ള മുജാഹദ ആരാധനയാകുന്നു. വിജ്ഞാനസമ്പാദനത്തിലൂടെയല്ലാതെ ഒരാള്‍ക്കും അത് നേടിയെടുക്കാനാവില്ല. ഓരോ മുകല്ലഫിനും മുജാഹദ ഫര്‍ള് ഐന്‍ ആണ്.
മനസ്സിന്റെ അവസ്ഥാവിശേഷങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമോ എന്ന് ചോദിച്ചാല്‍ നിസ്സംശയം വിധേയമാകുമെന്നാണ് മറുപടി. മനസ്സിന്റെ ആക്ഷേപാര്‍ഹമായ ശീലങ്ങളും ന്യൂനമായ വിശേഷണങ്ങളുമെല്ലാം അവസ്ഥാന്തരങ്ങള്‍ക്കും ഭേദഗതികള്‍ക്കും വിധേയമാവുകതന്നെ ചെയ്യും. ഇല്ലെങ്കില്‍ പ്രവാചകനിയോഗത്തിന് ഗുണഫലങ്ങളൊന്നുമില്ലെന്ന് പറയേണ്ടതായിവരും. തിരുമേനി(സ്വ)യുടെ അനന്തരാവകാശികളായ കര്‍മോന്മുഖരായ പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളായ മാര്‍ഗദര്‍ശികളും ആ ദൗത്യം തുടര്‍ന്ന് നിര്‍വഹിച്ചേ പറ്റൂ.
വിവിധ ഹിംസ്രജന്തുക്കളെയും വേട്ടപ്പക്ഷികളെയും പരിശീലിപ്പിച്ചെടുക്കാനും അവയുടെ രൗദ്രവിശേഷണങ്ങള്‍ മാറ്റിയെടുക്കാനും കഴിയുമെന്നാണെങ്കില്‍, അല്ലാഹു ആദരിക്കുകയും ഏറ്റം നന്നായി സൃഷ്ടിപ്പ് നടത്തുകയും ചെയ്ത മനുഷ്യനെ മാറ്റിയെടുക്കാമെന്ന് സംശയലേശമന്യേ പറയുവാന്‍ സാധിക്കും.
മനസ്സമരമെന്നു വെച്ചാല്‍ ഹൃദയത്തിന്റെ വിശേഷണങ്ങള്‍ പിഴുതെറിഞ്ഞുകളയുക എന്നല്ല. മറിച്ച് ദുഷിച്ച സ്വഭാവങ്ങളിലും വിശേഷണങ്ങളിലും നിന്ന് അതിനെ നന്നാക്കിയെടുക്കലും അല്ലാഹുവിന്റെ വഴിയിലേക്കും അവനുദ്ദേശിക്കുന്ന രീതിയിലേക്കും അതിനെ കൈപിടിച്ച് കൊണ്ടുപോകലുമാണ്.
ഉദാഹരണമായി, കോപം എന്ന വിശേഷണം അധിക്ഷേപാര്‍ഹമാണെന്ന് പറയും. ഇത് തന്റെ സ്വന്തം താല്‍പര്യങ്ങള്‍ മുന്‍നിറുത്തി കോപിക്കുമ്പോഴാണ്. മറിച്ച് അല്ലാഹുവിനു വേണ്ടിയാണ് ഒരാള്‍ കോപാകുലനാകുന്നതെങ്കില്‍ ആ കോപം ശ്ലാഘനീയവും സ്തുത്യര്‍ഹവുമായിത്തീരുകയാണുണ്ടാവുക. അല്ലാഹുവിന്റെ ദീനിന്റെ പവിത്രമൂല്യങ്ങള്‍ നിഹനിക്കപ്പെടുകയോ, ഏതെങ്കിലും ശിക്ഷാമുറകള്‍ ദുര്‍ബലപ്പെടുത്തപ്പെടുകയോ ചെയ്താല്‍ നബി(സ്വ) കോപിക്കുമായിരുന്നു എന്ന് ഹദീസുകളിലുണ്ട്. എന്നാല്‍, ഥാഇഫില്‍ ചെന്ന സമയം അവിടന്ന് മര്‍ദനങ്ങള്‍ക്ക് വിധേയമായപ്പോഴും കല്ലേറു കൊണ്ട് തൃപ്പാദങ്ങളില്‍ നിന്ന് രക്തമൊലിച്ചപ്പോഴും സ്വന്തം കാര്യത്തില്‍ ദേഷ്യം ഉണ്ടായില്ല. പ്രത്യുത, തന്നെ ദ്രോഹിച്ചവരുടെ ഹിദായത്തിനു വേണ്ടി നബി(സ്വ) പ്രാര്‍ഥിക്കുകയായിരുന്നു. ഈ വിദ്രോഹപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അജ്ഞതയാണവരെ പ്രേരിപ്പിച്ചത് എന്നും അവിടന്ന് സൂചിപ്പിച്ചു-നാഥാ, എന്റെ ജനതയെ നീ സന്മാര്‍ഗദര്‍ശനം ചെയ്യേണമേ, അവര്‍ വിവരമില്ലാത്തവരാണ്.
അഹംഭാവവും ഇങ്ങനെത്തന്നെ. ഒരു മുസ്‌ലിം തന്റെ സഹോദരങ്ങളോടാണ് അഹംഭാവം പ്രകടപ്പിക്കുന്നതെങ്കില്‍ അത് ആക്ഷേപാര്‍ഹമായിത്തീരുന്നു. എന്നാല്‍, അഹങ്കാരികളായ സത്യനിഷേധികളോടാകുമ്പോള്‍ അത് സ്തുത്യര്‍ഹമായിത്തീരുകയാണ് ചെയ്യുക. കാരണം, അല്ലാഹുവിന്റെ മാര്‍ഗത്തിലാണത്; അവന്റെ മതനിയമങ്ങളുടെ പരിധിയിലുമാകും അത്. മനസ്സിന്റെ മോശമായ ലക്ഷണങ്ങളും ന്യൂനവിശേഷണങ്ങളും മിക്കതും ഇങ്ങനെയാണ്. മനസ്സമരം വഴി അവ മാറ്റിയെടുക്കാനും ശ്ലാഘനീയമായ സദ്ഗുണങ്ങളിലേക്ക് അവയെ പരിവര്‍ത്തിപ്പിച്ച് ഉയര്‍ത്തിക്കൊണ്ടുവരാനും സാധിക്കും.
ഇനി മനസ്സമരത്തിന്റെ മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യഘട്ടം, സ്വന്തം മനസ്സിന്റെ അവസ്ഥയെപ്പറ്റി സ്വയംസംതൃപ്തനല്ലാതിരിക്കലാണ്; രൂപകല്‍പന ചെയ്ത സ്രഷ്ടാവ് അതിനെക്കുറിച്ച് പറഞ്ഞ വിശേഷണം അംഗീകരിക്കാന്‍ നാമാദ്യം തയ്യാറാവുക. ‘നിശ്ചയമായും മനസ്സ് ചീത്ത കാര്യങ്ങള്‍ വല്ലാതെ കല്‍പിക്കുന്നതാകുന്നു’ എന്നാണല്ലാഹു വ്യക്തമാക്കിയിട്ടുള്ളത്. അല്ലാഹുവുമായുള്ള തന്റെ ബന്ധം മുറിച്ചുകളയുന്ന ഏറ്റം വലിയ വിച്ഛേദകശക്തിയാണ് മനസ്സ് എന്നും മനുഷ്യന്‍ ഗ്രഹിക്കണം. അതേ സമയം തന്നെ നാഥനിലേക്ക് വ്യക്തിയെ അങ്ങേയറ്റം അടുപ്പിക്കുന്നതും ഇതേ മനസ്സുതന്നെ.
അതായത്, ചീത്ത കാര്യങ്ങള്‍ കല്‍പിക്കുന്ന മനസ്സാണെങ്കില്‍ അല്ലാഹുവിന്റെ അനുശാസനങ്ങള്‍ക്ക് എതിരു പ്രവര്‍ത്തിക്കുകയും കുറ്റകൃത്യങ്ങളനുവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ അതിന് സംതൃപ്താവസ്ഥ കൈവരൂ. എന്നാല്‍, ഹൃദയത്തെ സംസ്‌കരണവിധേയമാക്കുകയും മനസ്സമരമനുഷ്ഠിക്കുകയും ചെയ്ത ശേഷം അത് സ്വയം സംതൃപ്തവും ദൈവപ്രീതിക്ക് വിധേയവും ആയിത്തീരും. തത്സമയം അല്ലാഹുവിന്റെ കല്‍പനകളനുസരിച്ച് ജീവിക്കുകയും ആരാധനകളനുഷ്ഠിക്കുകയും നാഥനില്‍ സായൂജ്യമടയുകയും ചെയ്യുന്നതിലൂടെ മാത്രമേ അതിന് സംതൃപ്തി കൈവരികയുള്ളൂ.
അപ്പോള്‍ ഒരു മുസ്‌ലിം തന്റെ സ്വന്തം മനസ്സിന്റെ ന്യൂനതകള്‍ കണ്ടുപിടിക്കുകയും അതിനെ സംസ്‌കരിച്ചെടുക്കണമെന്ന കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുകയും ചെയ്താല്‍ മറ്റുള്ളവരുടെ പോരായ്മകള്‍ കണ്ടെത്തിനു സമയം കളയാനോ അന്യരുടെ തെറ്റുകുറ്റങ്ങളെണ്ണി ആയുസ്സ് തുലക്കുവാനോ സാധിക്കുകയില്ല. സ്വന്തം ന്യൂനതകളെക്കുറിച്ച് അശ്രദ്ധനാവുകയും ഇതരരുടെ വീഴ്ചകള്‍ എണ്ണിക്കണക്കാക്കുകയും ചെയ്ത് സമയം കളയുന്ന ഒരു വ്യക്തിയെ കണ്ടാല്‍ അവന്‍ പമ്പരവിഡ്ഢിയാണെന്ന് മനസ്സിലാക്കണം. ഇമാം അബൂമദീന്‍ പറയുന്നു:
(തന്നില്‍ തന്നെയാണ് ന്യൂനതകള്‍ പ്രസ്പഷ്ടമായി ഉള്ളതെന്നും സ്വന്തം കാഴ്ചയില്‍ അതപ്രത്യക്ഷമായി നിലകൊള്ളുകയാണെന്നുമാണ് നീ മനസ്സിലാക്കേണ്ടത്.) ചില സ്വൂഫികള്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: നീ തന്നെ കുറ്റം ചെയ്തുകൊണ്ട് മറ്റൊരാളെ അതിന്റെ പേരില്‍ അധിക്ഷേപിക്കരുത്. തെറ്റ് ചെയ്യുന്നതിന്റെ പേരില്‍ അന്യനെ ആക്ഷേപിക്കുക, താന്‍ തന്നെ തെറ്റ് പ്രവര്‍ത്തിക്കുകയും ചെയ്യുക-ഇതെത്ര വലിയ മൗഢ്യമാണ്! മറ്റു ചിലര്‍ പ്രസ്താവിച്ചു: നിന്നില്‍ ന്യൂനതയുണ്ടായിക്കൊണ്ടിരിക്കെ മറ്റൊരാളെ നീ ആക്ഷേപിക്കരുത്. ഏതൊരു മനുഷ്യനും എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടാകാതിരിക്കില്ല.
ഈ യാഥാര്‍ഥ്യം ഒരു മുസ്‌ലിം ഗ്രഹിക്കുന്നുവെങ്കില്‍ തന്റെ സ്വന്തത്തെ സംസ്‌കരിച്ചെടുക്കാന്‍ അവന്‍ സന്നദ്ധനായിത്തീരും. വക്രമായ ഇച്ഛകളില്‍ നിന്നും ന്യൂനമായ സ്വഭാവശീലങ്ങളില്‍ നിന്നും മനസ്സിനെ അകറ്റിയെടുക്കുവാനും അല്ലാഹുവിനുള്ള അനുസരണയും ആരാധനയും അതിന്റെ മേല്‍ അടിച്ചേല്‍പിക്കാനും അവന്‍ തയ്യാറാകും. അങ്ങനെ തന്റെ പ്രയാണത്തിന്റെ രീതിയും തോതുമനുസരിച്ച് ക്രമേണ അവന്‍ മനസ്സമരത്തില്‍ പ്രവേശിക്കണം. ആദ്യമായി വേണ്ടത് ഏഴ് അവയവങ്ങളുമായി ബന്ധപ്പെടുന്ന പാപങ്ങളില്‍ നിന്ന് അകന്നുനില്‍ക്കലാണ്. നാവ്, കാതുകള്‍, കണ്ണുകള്‍, കൈകള്‍, കാലുകള്‍, വയറ്, ഗുഹ്യം എന്നിവയാണവ.
പിന്നീട് വേണ്ടത് ഈ അവയവങ്ങള്‍ക്കൊക്കെ അനുയോജ്യമായ ആരാധനാകര്‍മങ്ങള്‍ കൊണ്ട് അവയെ അലങ്കരിക്കലത്രേ.(1) കാരണം, ഇവ ഏഴും ഹൃദയത്തിലേക്കുള്ള സുഷിരങ്ങളാണ്. ഒന്നുകില്‍ അതിലൂടെ പാപങ്ങളുടെ അന്ധകാരങ്ങള്‍ ഒലിച്ചിറങ്ങി ഹൃദയത്തെ വികലവും രോഗാതുരവുമാക്കും. അല്ലെങ്കില്‍ ആരാധനകളുടെ പ്രകാശങ്ങള്‍ സന്നിവേശിപ്പിച്ച് അതിന്റെ രോഗങ്ങള്‍ ശമിപ്പിക്കുകയും പ്രശോഭനമാക്കുകയും ചെയ്യും.
മനസ്സമരത്തില്‍ തുടര്‍ന്നു ചെയ്യേണ്ടത് അതിന്റെ ആന്തരിക വിശേഷണങ്ങളിലേക്ക് നീങ്ങുകയാണ്. അഹംഭാവം, ലോകമാന്യത, കോപം തുടങ്ങിയവയെ വിനയം, ആത്മാര്‍ത്ഥത, സഹനശീലം എന്നിങ്ങനെയുള്ള സല്‍സ്വഭാവങ്ങളാക്കി പരിവര്‍ത്തിപ്പിച്ചെടുക്കണം.
മനസ്സമരത്തിന്റെ മാര്‍ഗങ്ങള്‍, കടന്നുചെല്ലാന്‍ ദുഷ്‌കരവും ഊടുവഴികള്‍ ധാരാളമുള്ളതുമാണ്. തന്മൂലം മുരീദിന് ഒറ്റക്ക് അതിലൂടെ കടന്നുചെല്ലാന്‍ പ്രയാസമായിരിക്കും. ആ നിലക്ക് മനസ്സിന്റെ ന്യൂനതകളെക്കുറിച്ച് സൂക്ഷ്മജ്ഞാനിയും, അവയെ എങ്ങനെ ചികിത്സിക്കണമെന്നും എങ്ങനെ പുണ്യസമരം നടത്തണമെന്നും സംബന്ധിച്ച് അഭിജ്ഞനും ആയ ഒരു മാര്‍ഗദര്‍ശിയുമായുള്ള സമ്പര്‍ക്കം പ്രായോഗികഫലസിദ്ധിക്ക് അനിവാര്യമാണ്. അദ്ദേഹവുമായുള്ള സഹവാസത്തിലൂടെ തന്റെ ഹൃദയം സംസ്‌കരിച്ചെടുക്കുന്നതിനുള്ള വ്യത്യസ്ത രീതികളെക്കുറിച്ച് മുരീദിന് പ്രായോഗിക പരിജ്ഞാനം നേടിയെടുക്കുവാന്‍ സാധിക്കും.
മാത്രമല്ല, അത്തരം സമ്പര്‍ക്കത്തിലൂടെ ആ മാര്‍ഗദര്‍ശിയായ ശൈഖിന്റെ ആധ്യാത്മിക സൗഗന്ധികങ്ങളില്‍ നിന്നുള്ള പവിത്രപരിമളമാസ്വദിക്കാന്‍ കഴിയുന്നു. തന്റെ വ്യക്തിത്വത്തിന്റെയും മനസ്സിന്റെയും പൂര്‍ത്തീകരണത്തിന് മുരീദിന് സഹായകമായി ഭവിക്കും അത്. മ്ലേച്ഛതകളുടെയും ന്യൂനതകളുടെയും അതീതമേഖലകളിലേക്ക് അവനെ നയിക്കാനും അത് വഴി തെളിക്കുന്നതാണ്.
നബിതിരുമേനി(സ്വ) ആയിരുന്നല്ലോ ഒന്നാമത്തെ മാര്‍ഗദര്‍ശിയും ഏറ്റം വലിയ സംസ്‌കര്‍ത്താവും. വാക്കുകളിലൂടെയും അവസ്ഥകളിലൂടെയും മഹാന്മാരായ സ്വഹാബത്തിനെ നബി(സ്വ) വളര്‍ത്തിയെടുക്കുകയും അവരെ സംസ്‌കാരസമ്പന്നരാക്കുകയും ചെയ്തു. ഖുര്‍ആന്‍ അതിങ്ങനെ വിവരിക്കുന്നുണ്ട്: നിരക്ഷരരായ അറബികളില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചവനാണ് അല്ലാഹു. ആ തിരുദൂതര്‍ റബ്ബിന്റെ സൂക്തങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുക്കുകയും അവരെ സംസ്‌കരിച്ചെടുക്കുകയും വേദഗ്രന്ഥവും തത്ത്വജ്ഞാനവും അവര്‍ക്ക് പഠിപ്പിക്കുകയും ചെയ്യുന്നു-നേരത്തെ അവര്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലായിരുന്നെങ്കിലും.
ശൈഖുമായുള്ള സമ്പര്‍ക്കത്തില്‍ മുരീദ് നേരെ ചൊവ്വെ നിലനിന്നുപോരണം. രോഗി ഡോക്ടറോട് എന്ന പോലെ ഗുരുവിനോടയാള്‍ പൂര്‍ണവിധേയത്വത്തിലാവുകയും വേണം-അവനു നേട്ടം ഉറപ്പുവരുത്തുന്നത് ഈ രീതി മാത്രമാണ്. മറിച്ച്, പിശാച് അവന്റെ ഹൃദയത്തില്‍ വഞ്ചനയെന്ന രോഗവും സ്വയം പര്യാപ്തതാബോധവും സന്നിവേശിപ്പിക്കുകയും, അങ്ങനെ ശൈഖുമായുള്ള സഹവാസം ആവശ്യമില്ലെന്ന് തോന്നുകയും തന്‍പോരിമാഭാവമുദിക്കുകയും ചെയ്താല്‍ അവന്‍ അമ്പേ പരാജയപ്പെട്ടതുതന്നെ. തത്സമയം തന്റെ പ്രയാണം നിലച്ചുപോകും, എന്നാലവന്റെ ധാരണ മുന്നോട്ടു പോകുന്നുണ്ടെന്നായിരിക്കും; ദൈവസാമീപ്യബന്ധത്തില്‍ നിന്ന് വിച്ഛേദിതനാകും, അവന്‍ വിചാരിക്കുന്നത് താന്‍ അല്ലാഹുവുമായി സന്ധിക്കാന്‍ പോവുകയാണ് എന്നായിരിക്കും.
ശൈഖ് ഇസ്മാഈല്‍ ഹഖ്ഖി തന്റെ തഫ്‌സീറില്‍ എഴുതുന്നു: സ്വൂഫികളിലെ ഇടത്തരക്കാരില്‍ മിക്കവരെയും ഥരീഖത്ത് മാര്‍ഗത്തിലൂടെയുള്ള പ്രയാണമധ്യേ പല വിധ വിപത്തുകളും പിടികൂടുന്നുണ്ട്. മനസ്സമരശൈലികളിലൂടെ വന്നുഭവിക്കുന്ന ആലസ്യം, രിയാളകളുടെ ആധിക്യം മൂലമുണ്ടാകുന്ന മടി എന്നിവയാലാണിതുണ്ടാകുന്നത്. അപ്പോള്‍ പിശാച് അവരില്‍ ദുര്‍ബോധനം ചെയ്യും. തങ്ങള്‍ സ്വയം ഇപ്പോള്‍ തസ്വവ്വുഫിന്റെ ഉന്നതപദവികളിലെത്തിയിട്ടുണ്ടെന്നും ഇനി ശൈഖുമായുള്ള സമ്പര്‍ക്കത്തിന്റെയോ തന്റെ കാര്യത്തിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളുടെയോ അനിവാര്യതയില്ലെന്നും അവര്‍ക്ക് സുന്ദരമായി കാണിച്ചുകൊടുക്കും. അങ്ങനെ അദ്ദേഹത്തെ കൈവിട്ടുപോരുകയും തങ്ങള്‍ക്ക് ബോധിക്കുന്നതുപോലെ അല്ലാഹുവിന്റെ പ്രീതി തേടി മുന്നോട്ട് നീങ്ങുകയും ചെയ്യും. ഫലമോ, നിസ്സാരതയുടെയും പിശാചിന്റെ പരിഹാസ്യതയുടെയും കെണിവലയിലും വിനാശത്തിലും അവന്‍ നിപതിച്ചുപോകുന്നു.
ഇനി, മനസ്സിനെതിരെയുള്ള പുണ്യസമരം (മുജാഹദ) സംബന്ധിച്ച് ആധ്യാത്മജ്ഞാനികളും സ്വൂഫികളും മുറബ്ബികളുമായ ചില മഹാന്മാരുടെ പ്രസ്താവങ്ങള്‍ നോക്കാം: ഇമാം അബൂഉസ്മാന്‍ അല്‍മഗ്‌രിബി(റ) പറയുന്നു-മനസ്സമരം മുറുകെ പിടിക്കാതെ, ഈ ഥരീഖത്തു വഴി എല്ലാ ദിവ്യകവാടങ്ങളും തുറക്കപ്പെടുമെന്നോ അവയില്‍ നിന്ന് ഏതെങ്കിലും വെളിപ്പെടുത്തപ്പെടുമെന്നോ ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അവന് തെറ്റിപ്പോയി.
ഇമാം ജുനൈദുല്‍ ബഗ്ദാദി(റ) പ്രസ്താവിച്ചു: മഹാനായ സരിയ്യുസ്സഖ്ഥി ഇങ്ങനെ പറഞ്ഞതായി ഞാന്‍ കേള്‍ക്കുകയുണ്ടായി-‘അല്ലയോ യുവസമൂഹമേ, എന്റെ അവസ്ഥ പ്രാപിക്കുന്നതിനു മുമ്പായി നിങ്ങള്‍ സ്ഥിരപരിശ്രമം ചെയ്യുക. കാരണം, അങ്ങനെയായാല്‍ ഞാന്‍ ദുര്‍ബലനാവുകയും വീഴ്ച വരുത്തുകയും ചെയ്തതുപോലെ നിങ്ങളും ആയേക്കും.’ അക്കാലത്ത് യുവാക്കള്‍ അദ്ദേഹത്തിന്റെയടുത്തെത്തുമായിരുന്നില്ല.(3) അബൂഉസ്മാന്‍ അല്‍മഗ്‌രിബി(റ) പറഞ്ഞു: തന്നെക്കുറിച്ച് സ്വയംമതിപ്പ് തോന്നുന്നവന് തന്റെ മനസ്സിന്റെ ന്യൂനതകള്‍ കാണാന്‍ കഴിയുന്നതല്ല. എല്ലായ്‌പോഴും സ്വന്തം ഹൃദയത്തെ തെറ്റിദ്ധാരണാപൂര്‍വം നിരീക്ഷിക്കുന്നവനു മാത്രമേ സ്വന്തം വീഴ്ചകളും പോരായ്മകളും കണ്ടെത്തുവാന്‍ സാധിക്കൂ.
അബൂഅലി അദ്ദഖ്ഖാഖ്(റ) പ്രസ്താവിച്ചത് കാണുക: തന്റെ ബാഹ്യകാര്യങ്ങളെ മനസ്സമരം വഴി ഒരാള്‍ അലംകൃതമാക്കിയാല്‍, രഹസ്യങ്ങളെ മുശാഹദ (ദിവ്യദര്‍ശനം) മുഖേന അല്ലാഹു മെച്ചപ്പെടുത്തുന്നതാകുന്നു. ‘നമ്മുടെ മാര്‍ഗത്തില്‍ മനസ്സമരമനുഷ്ഠിച്ചവരെ നമ്മുടെ വഴികളിലേക്ക് നാം മാര്‍ഗദര്‍ശനം ചെയ്യും’ എന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. തസ്വവ്വുഫില്‍ പ്രവേശിക്കുന്ന ഒരാള്‍ തന്റെ പ്രാരംഭഘട്ടത്തില്‍ മുജാഹദ ചെയ്യുന്നവനായില്ലെങ്കില്‍ ഈ ഥരീഖത്തിന്റെ നറുമണം പോലും അവന് ലഭിക്കുന്നതല്ല.
ഇമാം ബര്‍കവി പറയുന്നു: സ്വന്തം ന്യൂനതകള്‍ അറിയാത്തൊരാള്‍ എത്ര വേഗമാണ് നശിച്ചുപോവുക. കാരണം, പാപങ്ങള്‍ സത്യനിഷേധത്തിന്റെ വഴിയത്രേ.(2) ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി പ്രസ്താവിക്കയാണ്: ഒരു വ്യക്തിയുടെ രക്ഷ അവന്റെ ദേഹേച്ഛയ്ക്ക് എതിരു പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമാണുണ്ടായിത്തീരുക. അല്ലാഹു മനസ്സില്‍ നിന്ന് എന്തൊക്കെയാണോ ആവശ്യപ്പെട്ടിട്ടുള്ളത് അത് മുഴുവന്‍ അനുവര്‍ത്തിക്കാന്‍ അതിനെ പ്രേരിപ്പിക്കുകയും ചെയ്യണം.
ഇമാം ബര്‍കവി(റ) പറയുന്നു: മുജാഹദ എന്നുവെച്ചാല്‍ എല്ലായ്‌പോഴും മനസ്സിനെ ഉപരോധിക്കലും അതിന്റെ അഭീഷ്ടങ്ങള്‍ക്ക് വിപരീതമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കലുമാകുന്നു. സര്‍വസംഗപരിത്യാഗികളുടെ മൂലധനവും ആരാധനാനിമഗ്നരുടെ കച്ചവടച്ചരക്കുമാണത്. മനസ്സുകള്‍ കീഴ്‌പ്പെടുത്തുന്നതിന്റെയും അവയുടെ സംസ്‌കരണത്തിന്റെയും അച്ചുതണ്ടും അതുതന്നെ. ആത്മാക്കളെ ബലപ്പെടുത്തുന്നതിന്റെയും തെളിയിച്ചെടുക്കുന്നതിന്റെയും ദിവ്യസാന്നിധ്യത്തിലെത്തിക്കുന്നതിന്റെയും അടിവേരും മുജാഹദയാകുന്നു. അതുകൊണ്ട്, ഹേ മുരീദ്, അല്ലാഹുവിങ്കല്‍ നിന്നുള്ള സന്മാര്‍ഗം നീ ഉദ്ദേശിക്കുന്നുവെങ്കില്‍ മനസ്സിനെ അതിന്റെ താല്‍പര്യങ്ങളില്‍ നിന്ന് ഉപരോധിക്കുവാനും മുജാഹദക്ക് അതിനെ പ്രേരിപ്പിക്കുവാനും നീ നിതാന്ത ജാഗ്രത പുലര്‍ത്തുക! അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്-നമ്മുടെ മാര്‍ഗത്തില്‍ മുജാഹദ ചെയ്യുന്നവന് നമ്മുടെ വഴികള്‍ നാം എളുപ്പമാക്കിക്കൊടുക്കുന്നതാകുന്നു. മറ്റൊരിടത്ത് ഇങ്ങനെ കാണാം: ആരെങ്കിലും മുജാഹദ ചെയ്യുന്നുവെങ്കില്‍ തനിക്കു വേണ്ടിത്തന്നെയാണവന്‍ അത് നിര്‍വഹിക്കുന്നത്.
ശൈഖ് ഇബ്‌നു അജീബ(റ) എഴുതുന്നു: ഥരീഖത്തിന്റെ വഴിയില്‍ പ്രവേശിക്കുന്ന മുരീദിന് ആദ്യഘട്ടത്തില്‍ മനസ്സമരം, ത്യാഗസഹനം, സത്യസന്ധത(5), അംഗീകാരം എന്നിവ അനിവാര്യമാണ്. ദൗത്യത്തിന്റെ അന്തിമഘട്ടങ്ങള്‍ എങ്ങനെയായിരിക്കുമെന്നതിലേക്കുള്ള ലക്ഷണങ്ങളും ചൂണ്ടുപലകകളുമാണവ. തുടക്കം പ്രശോഭനമാണെങ്കില്‍ അന്ത്യവും പ്രകാശപൂര്‍ണമായിരിക്കും. ഒരാള്‍ പരമസത്യത്തിന്റെ അന്വേഷണത്തില്‍ സ്ഥിരപരിശ്രമിയായി കണ്ടുവെന്നു വെക്കുക. തന്റെ ശരീരവും സമ്പത്തും ആത്മാവും പ്രതാപവും സ്ഥാനമാനങ്ങളുമെല്ലാം അല്ലാഹുവിനോടുള്ള അടിമത്തം സാക്ഷാല്‍കൃതമാക്കിത്തീര്‍ക്കുന്ന പന്ഥാവിലെത്തിച്ചേരാനാണവന്‍ വിനിയോഗിക്കുന്നത്. അല്ലാഹുവാണ് തന്റെ യജമാനന്‍ എന്ന നിലക്കുള്ള ചുമതലകള്‍ നിര്‍വഹിക്കാന്‍ അവന്‍ പ്രയത്‌നിക്കുന്നു-ഇത്തരം ഒരാള്‍ തന്റെ സ്‌നേഹബിന്ദുവായ നാഥന്റെ സാമീപ്യത്തിലെത്തിച്ചേരും എന്ന പ്രശോഭിത അന്ത്യമാണവനുണ്ടാവുക. മേല്‍പറഞ്ഞ കാര്യങ്ങളുടെ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാലാകട്ടെ, ആ ലക്ഷ്യത്തിലെത്തുന്നതില്‍ അവന് ന്യൂനത സംഭവിച്ചെന്ന് നമുക്ക് മനസ്സിലാക്കാം.
ശൈഖ് മുഹ്‌യിദ്ദീന്‍ ഇബ്‌നു അറബി(റ) തന്റെ അല്‍ഫുതൂഹാത്തുല്‍ മക്കിയ്യയില്‍ മുജാഹദ, ഖല്‍വത്ത്, രിയാള എന്നിവയെയും അവയുടെ ഗുണഫലങ്ങളെയും കുറിച്ച് സവിസ്തര പ്രതിപാദനം നടത്തിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: അല്ലാഹുവിലുള്ള സത്യസന്ധമായ വിശ്വാസത്തിന്റെ വക്താക്കള്‍ തങ്ങളുടെ സൂക്ഷ്മബുദ്ധി കൊണ്ട് ഒരു കാര്യം ഗ്രഹിച്ചു-ചിന്താപരമായ ദൃഷ്ടാന്തങ്ങളിലൂടെ അല്ലാഹുവിനെക്കുറിച്ച് അറിഞ്ഞതിനു ശേഷം വീണ്ടും അവനെ സംബന്ധിച്ച് പഠിക്കാന്‍ അല്ലാഹു താല്‍പര്യപ്പെടുന്നുണ്ട് എന്നതാണത്. ചിന്തയിലൂടെയും പഠനപ്രക്രിയയിലൂടെയും അറിയാന്‍ കഴിയുന്നതല്ലാത്ത മറ്റൊരുതരം അറിവ് അവനെപ്പറ്റി നേടാനുണ്ടെന്ന് അപ്പോഴവര്‍ ഗ്രഹിച്ചു.
അങ്ങനെയാണ് മുജാഹദ, ഖല്‍വത്ത്, രിയാള, ഭൗതികബന്ധവിച്ഛേദനം മുതലായ രീതികള്‍ അവര്‍ സ്വീകരിച്ചത്. ലൗകിക ചിന്തകളുടെ ലാഞ്ചനകളില്‍ നിന്നുപോലും ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും സാഹചര്യങ്ങളും സ്ഥലങ്ങളും മറ്റു തിരക്കുകളില്‍ നിന്നൊഴിവാക്കിയെടുക്കുകയും ചെയ്ത് അല്ലാഹുവോടൊന്നിച്ചിരിക്കാനും ഒറ്റപ്പെടാനും അവര്‍ തയ്യാറായി. തത്സമയം പ്രാപഞ്ചികവിസ്മയങ്ങളിലായി അവരുടെ ചിന്ത. ഈ രീതി സ്വീകരിക്കപ്പെട്ടിരിക്കുന്നത് പ്രവാചകന്മാരിലും തിരുദൂതന്മാരിലും നിന്നാകുന്നു. മാത്രമല്ല, അല്ലാഹു തന്റെ അടിമകളിലേക്ക് ഇറങ്ങിവരികയും സ്‌നേഹപൂര്‍വമായ കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് നേരത്തെ അവര്‍ മനസ്സിലാക്കിയിരുന്നതാണ്.
അങ്ങനെയാണ്, ഈ സ്വഭാവത്തിലുള്ള വഴിയാണ് പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതിനേക്കാള്‍ അല്ലാഹുവിങ്കലെത്തിച്ചേരാന്‍ സുഗമമായ രീതി എന്ന് തസ്വവ്വുഫിന്റെയാളുകള്‍ കണ്ടെത്തുന്നത്. ശരിയായ വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ഈ രീതി അനിവാര്യമാണ്. അല്ലാഹുവിന്റെ ഗാംഭീര്യവും മഹത്ത്വവും ഗ്രഹിക്കാന്‍ സത്യവിശ്വാസിയുടെ ഹൃദയം വിശാലമാണ് എന്ന് അവര്‍ക്കറിയാം. തന്നെയുമല്ല, തന്റെ സമീപത്തേക്ക് ഒരാള്‍ നടന്നുവന്നാല്‍ ഞാന്‍ അവന്റെയടുത്തേക്ക് ഓടിയാണ് ചെല്ലുക എന്ന് അല്ലാഹു പറഞ്ഞതും അവര്‍ പഠിച്ചിട്ടുണ്ട്.
ഈ നിലയ്ക്ക്, ബുദ്ധി സമ്പൂര്‍ണമായി അല്ലാഹുവിങ്കലേക്ക് തിരിയുകയും അതിനെ പിടികൂടുന്ന ദുശ്ശക്തികളില്‍ (ദുസ്സ്വഭാവങ്ങളില്‍) നിന്നെല്ലാം നിശ്ശേഷം മാറിനില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ നാഥങ്കലേക്കുള്ള ആഭിമുഖ്യമുണ്ടാകുമ്പോള്‍ അവന്‍ തന്റെ പ്രകാശത്തില്‍ നിന്ന് അവയുടെ മേല്‍ ദിവ്യജ്ഞാനം ചൊരിഞ്ഞുകൊടുക്കുകയായി. ദിവ്യദര്‍ശനത്തിന്റെയും വെളിപാടിന്റെയും മാര്‍ഗത്തിലൂടെ അല്ലാഹുവിനെ ഒരു ലോകവും തള്ളുകയോ കൊള്ളുകയോ ഇല്ലെന്ന് ആ ദിവ്യജ്ഞാനം അവരെ മനസ്സിലാക്കിക്കൊടുക്കും. അതുകൊണ്ടാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്: നിശ്ചയമായും ഇതില്‍-മുശാഹദയിലൂടെ അല്ലാഹുവിനെ അറിയല്‍-ഹൃദയമുള്ള ആളുകള്‍ക്ക് പാഠമുണ്ട്. ബുദ്ധിശക്തിയല്ലാത്ത മറ്റേതെങ്കിലുമൊന്ന് അല്ലാഹുവിങ്കലേക്ക് എത്തിക്കുമെന്ന് അവന്‍ പറഞ്ഞിട്ടില്ല.
ഇങ്ങനെ പരാമര്‍ശിക്കാന്‍ കാരണമുണ്ട്. എല്ലായ്‌പോഴും ഹൃദയത്തിന്റെ അവസ്ഥകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുമെന്നതാണത്. ഒരേയവസ്ഥയിലത് നിലകൊള്ളുകയില്ല. ദൈവിക വെളിപാടുകളും ഇങ്ങനെത്തന്നെയാണ്. അപ്പോള്‍ സ്വന്തം ഹൃദയം കൊണ്ട് ദൈവിക വെളിപാടുകള്‍ ഒരാള്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ ബുദ്ധി കൊണ്ട് അവനത് നിഷേധിക്കും. കാരണം, ഹൃദയമൊഴിച്ച് മറ്റെല്ലാ ശാരീരിക ശക്തികളെയും ബുദ്ധിയാണ് നിയന്ത്രിക്കുന്നത്. ഹൃദയം ബുദ്ധിയുടെ നിയന്ത്രണത്തിന് വഴങ്ങുകയില്ല. അത് സദാസമയവും ദ്രുതഗതിയില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇതുകൊണ്ടാണ് തിരുനബി(സ്വ) ഇങ്ങനെ പ്രസ്താവിച്ചത്: അല്ലാഹുവിന്റെ രണ്ടു വിരലുകള്‍ക്ക് ഇടയിലാണ് ഹൃദയം; താനുദ്ദേശിക്കുന്ന വിധം അവന്‍ അത് മാറ്റിമറിച്ചുകൊണ്ടിരിക്കുന്നതാണ്.
അപ്പോള്‍ ദിവ്യവെളിപാടുകള്‍ മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ഹൃദയവും മാറിക്കൊണ്ടിരിക്കും; ബുദ്ധി അങ്ങനെയല്ല. ബുദ്ധിയുടെ പരിധിക്കുമപ്പുറമുള്ള ശക്തിയാണ് ഹൃദയം. അതിനാല്‍, മേല്‍പറഞ്ഞ ആയത്തില്‍ ‘ഖല്‍ബ്’ എന്ന പദം കൊണ്ട് ബുദ്ധി എന്ന അര്‍ഥമാണുദ്ദേശിച്ചിട്ടുള്ളതെങ്കില്‍ ‘…..ലഹു ഖല്‍ബുന്‍’ എന്ന് പ്രയോഗിക്കുമായിരുന്നില്ല. കാരണം, ഓരോ മനുഷ്യന്നും ബുദ്ധിയുണ്ട്. എന്നാല്‍, ഈ സൂക്തത്തില്‍ ഹൃദയം എന്ന് വിളിച്ചതും ബുദ്ധിയുടെ പരിധിക്കപ്പുറത്തുള്ളതുമായ ആ കഴിവ് എല്ലാവര്‍ക്കും നല്‍കപ്പെടുന്നില്ല. അതാണ് ആയത്തില്‍ ഖല്‍ബ് എന്ന് പ്രയോഗിക്കാന്‍ കാരണം.
Leave A Comment