ഹൃദയവിശുദ്ധി

അല്ലാഹുവിന്റെ ദൂതര്‍(സ) പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും രൂപങ്ങളിലേക്കും നോക്കുന്നില്ല. അവന്‍ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്.”(മുസ്‌ലിം)

സ്വാര്‍ത്ഥ താല്‍പര്യങ്ങളും ഐഹിക ലാഭേഛകളും നേടാനും ആളുകളെ ബോധിപ്പിക്കാനും ഉപരിപ്ലവമായ പ്രകടനപരതയുമായി നല്ല പിള്ളചമയുന്ന കപടവേഷധാരികളുടെ എല്ലാ മുഖംമൂടികളും അഴിഞ്ഞു വീഴുകയാണിവിടെ. ഉദ്ദേശ്യശുദ്ധിയിലാണ് കര്‍മ്മങ്ങളുടെ മര്‍മ്മമെന്ന് ഉപര്യുക്തവാക്യം വിളിച്ചുപറയുന്നു. ആത്മാര്‍ത്ഥതയില്ലാത്ത കാട്ടിക്കൂട്ടലുകളല്ലാ മനുഷ്യനില്‍നിന്ന് അല്ലാഹു ആവശ്യപ്പെടുന്നത്. സ്രഷ്ടാവിനു വേണ്ടി ചെയ്യുന്നതാകുമ്പോഴാണ് കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥമാകുന്നത്. അതു തന്നെയാണ് ഇഖ്‌ലാസ്. ഇഖ്‌ലാസ് മനസ്സിന്റെ പ്രത്യേക ഭാവമാണ്. ബാഹ്യാവയവങ്ങളിലൂടെ ഇഖ്‌ലാസ്വ് പ്രകടമാവുകയില്ല. കാരണം, ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ തന്നെ അതുണ്ടെന്ന് പ്രകടമാക്കാന്‍ സാധിക്കും. അത്തരം പ്രകടനപരത ആത്മാര്‍ത്ഥമാണെന്ന് ജനങ്ങള്‍ വിചാരിക്കും. അല്ലാഹുവിന്റെ അടുക്കല്‍ അത്തരം ബാഹ്യപ്രകടനങ്ങളൊന്നും വിലപ്പോവില്ല.

ഒരു മനുഷ്യന്റെ ഹൃദയത്തില്‍ തോന്നുന്നത് പോലും അറിയാന്‍ കഴിവുള്ള സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. ഒരാളുടെ സദ്കര്‍മ്മം കൊണ്ട് അയാള്‍ എന്താണ് ലക്ഷ്യമാക്കിയിരിക്കുന്നത് എന്ന് അല്ലാഹു അറിയും. അതിനാല്‍, മനുഷ്യന്റെ ഹൃദയങ്ങളിലേക്കാണ് അല്ലാഹുവിന്റെ നോട്ടം. അവന്റെ ശരീരത്തിന്റെ കാട്ടിക്കൂട്ടലിലേക്കോ രൂപഭാവങ്ങളിലേക്കോ അല്ല. ആത്മാര്‍ത്ഥതയില്ലാത്ത അഥവാ അല്ലാഹുവിന്ന് വേണ്ടി എന്ന ഉദ്ദേശ്യമില്ലാത്ത സദ്കര്‍മ്മങ്ങള്‍ക്കൊന്നും അല്ലാഹുവില്‍നിന്ന് പ്രതിഫലം ലഭിക്കുകയില്ലെന്നാണ് ഉദ്ധൃത തിരുവാക്യത്തിന്റെ പൊരുള്‍.

മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മം ബാഹ്യരൂപത്തില്‍ എത്രമേല്‍ പുണ്യമാണെങ്കിലും ചെയ്ത വ്യക്തിക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭ്യമാകണമെങ്കില്‍ ഉദ്ദേശശുദ്ധി വേണം. കര്‍മംകൊണ്ട് എന്ത് ലക്ഷ്യമാക്കുന്നുവോ അത് മാത്രം ലഭിക്കും- ഐഹിക കാര്യലാഭമാണെങ്കില്‍ അത്. അല്ലാഹുവിന്റെ പ്രതിഫലമാണെങ്കില്‍ അത്.
”തീര്‍ച്ചയായും (മനുഷ്യന്റെ) കര്‍മ്മങ്ങള്‍ (അവന്റെ) ഉദ്ദേശ്യമനുസരിച്ച് മാത്രമാണ്. എല്ലാ മനുഷ്യന്നും അവന്‍ ഉദ്ദേശിച്ചത് മാത്രമുണ്ട്. ഒരാളുടെ ഹിജ്‌റ: അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും തന്നെ. ഒരാളുടെ ഹിജ്‌റ ഐഹിക നേട്ടത്തിനോ ഒരു പെണ്ണിനെ വിവാഹം അതിന്ന് വേണ്ടി തന്നെയാണ്.” (ബുഖാരി-മുസ്‌ലിം)

ഇങ്ങനെ നബി(സ) പറഞ്ഞതിന് ഒരു പശ്ചാത്തലമുണ്ട്. ഈമാനിന്റെ സംരക്ഷണം നാടുവിട്ടുപോകുന്നത് കൊണ്ടേ സാധ്യമാകൂ എങ്കില്‍ അതിന്നുവേണ്ടി നാടു വിടണം, അതാണ് ഹിജ്‌റ. മക്കയില്‍നിന്ന് നബി(സ)യും സ്വഹാബികളും മദീനയിലേക്ക് ഹിജ്‌റ വന്നത് പരിശുദ്ധ വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. വളരെ ശ്രേഷ്ഠമായ പുണ്യകര്‍മ്മമായി ‘ഹിജ്‌റ’യെ ഇസ്‌ലാം കണക്കാക്കുന്നു. പക്ഷേ, ആ നാടു വിടലില്‍ ഉദ്ദേശ്യശുദ്ധിയില്ലെങ്കില്‍ പ്രതിഫലമേതും ലഭിക്കാന്‍ സാധ്യതയില്ല. മക്കയില്‍ നിന്ന് ധാരാളം വിശ്വാസികള്‍ മദീനയിലേക്ക് പലായനം ചെയ്ത കൂട്ടത്തില്‍ ഒരു വ്യക്തിയുടെ പലായനോദ്ദേശ്യം അദ്ദേഹം സ്‌നേഹിച്ചിരുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുക എന്നതായിരുന്നു. ഇത് അറിഞ്ഞ പശ്ചാത്തലത്തിലാണ് നബി തിരുമേനി(സ) അപ്രകാരം പറഞ്ഞത്.

നബി(സ) ഒരിക്കല്‍ പറഞ്ഞു:”രണ്ടു മുസ്‌ലിംകള്‍ അവരുടെ വാള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടി. ഒരാള്‍ മറ്റൊരുത്തനെ കൊലചെയ്തു. എന്നാല്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്.” കൊലയാളി നരകത്തിലാണന്ന് പറഞ്ഞത് മനസ്സിലായി. വധിക്കപ്പെട്ട വ്യക്തി നരകത്തിലാകുന്നത് എന്തുകൊണ്ടാണെന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: ”അവന്‍ മറ്റവനെ കൊല്ലണമെന്ന ഉദ്ദേശ്യത്തിലായിരുന്നു.”(ബുഖാരി-മുസ്‌ലിം) മനുഷ്യന്റെ ഉദ്ദേശ്യമാണ് പ്രധാനമെന്ന് തന്നെയാണ് ഈ തിരുവാക്യവും ദ്യോതിപ്പിക്കുന്നത്.

ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഒരു പക്ഷേ വിലപ്പോവും. താടിയും തലപ്പാവും നീണ്ട യും ഈണത്തിലുള്ള വഅളുമൊക്കെ ജനങ്ങള്‍ക്കിടയില്‍ വളരെ സ്വീകാര്യമായതാണ്. അതുകൊണ്ട് തന്നെ അവകള്‍ക്ക് നല്ല മാര്‍ക്കറ്റുമുണ്ട്. കാര്യലാഭവും മോശം വരില്ല. ഇതു മനസ്സിലാക്കി അത്തരം വേഷം കെട്ടുന്ന വ്യാജന്മാര്‍ ധാരാളമുണ്ട്. പണ്ഡിതവേഷവിതാനങ്ങളും നടപടികളും സ്വീകരിച്ച് ‘ആളെപറ്റിക്കല്‍’ തൊഴിലാക്കിയ വ്യാജ സിദ്ധന്മാരുംദുആ ‘ഔലിയാ’ ചമയുന്നവരും ഇക്കാലത്ത് ഒട്ടും കുറവല്ല. പണ്ഡിതന്‍, ഔലിയ എന്നിവയുടെ മറവില്‍ ലൈംഗികാഭാസങ്ങളടക്കമുള്ള വൃത്തികേടുകളും തീവെട്ടിക്കൊള്ളകളും നടത്തുകയാണ് അവരില്‍ പലരും. അതൊക്കെ പുറത്തു വരുന്നത് പലരും അവരുടെ മായാവലത്തില്‍ അകപ്പെട്ടതിന് ശേഷമായിരിക്കും. വ്യാജന്മാരുടെ കാട്ടിക്കൂട്ടലുകളില്‍ ആകൃഷ്ടരായി അവരെ അന്ധമായി വിശ്വസിക്കുന്നവര്‍ക്കാണ് അമളി പിണയുന്നത്.

Also Read:ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് തുറക്കുന്നൊരു ജാലകമുണ്ടെത്രെ

നിങ്ങളുടെ ശരീരങ്ങളിലേക്കും രൂപങ്ങളിലേക്കുമല്ല, ഹൃദയങ്ങളിലേക്കാണ് അല്ലാഹുവിന്റെ നോട്ടം എന്ന് നബി(സ) പറഞ്ഞതിനെ ശരീരവും രൂപവുമൊക്കെ എങ്ങനെയാകുന്നതിന്നും വിരോധമില്ല, ഖല്‍ബ് മത്രം നന്നായാല്‍ മതി എന്ന് വായിച്ചുകൂടാ. അങ്ങനെയൊരു വ്യംഗ്യാര്‍ത്ഥം അതിനില്ല. മാത്രമല്ല, മനുഷ്യശരീരത്തെ എങ്ങനെ കൊണ്ടു നടക്കണമെന്നും രൂപഭാവങ്ങള്‍ എന്തായിരിക്കണമെന്നും ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. പ്രസ്തുത നിര്‍ദേശങ്ങള്‍ മറികടന്ന് കൊണ്ട് എങ്ങനെയെങ്കിലും ആകുന്നത് ഒരു നിലക്കും ആശാസ്യകരമല്ല. മനസ്സ് നന്നെങ്കില്‍- ഉദ്ദേശ്യശുദ്ധിയുണ്ടെങ്കില്‍-എന്തും പ്രവര്‍ത്തിക്കാമെന്നും ഉദ്ധൃത ഹദീസിന്റെ വിവക്ഷയല്ല. ‘മാര്‍ഗമേതായാലും ലക്ഷ്യം നന്നായാല്‍ മതി’ എന്ന നയത്തിന് പ്രസ്തുത വാക്യം തെളിവല്ല. ലക്ഷ്യവും നന്നാകണം അതിലേക്കുള്ള മാര്‍ഗവും പവിത്രമായിരിക്കണം. ഉപരിസൂചിത ഹദീസിന്റെ ഭാഷ്യം ഒരു മനുഷ്യന്‍ ആത്മാര്‍ത്ഥതയൊട്ടുമില്ലാതെ നല്ല ഉദ്ദേശ്യമാണെന്ന വ്യാജേന സല്‍കര്‍മ്മങ്ങള്‍ ചെയ്താലും അത് പ്രതിഫലാര്‍ഹമാവുകയില്ല എന്നും എല്ലാവരുടെയും ഹൃദയത്തിലേക്ക് നോക്കാന്‍ അല്ലാഹു കഴിവുള്ളവനാണെന്നുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter