'മോദി തരംഗം'(?) മുസ്‍ലിം ബാലറ്റുകളില്‍ സ്വാധീനിക്കുമോ?
modi2005-ല്‍ എം.പിമാരുടെ അനധികൃത പണമിടപാട് സംബന്ധിച്ച സ്കൂപ് ചെയ്ത് അരങ്ങേറ്റം കുറിച്ച കോബ്രാപോസ്റ്റ് ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നു. ഓപറേഷന്‍ ജന്മഭൂമി എന്ന പേരില്‍ അന്വേഷണാത്മക വെബ്സൈറ്റ് നടത്തിയ സ്റ്റിങ് ഓപറേഷന്‍റെ ഫലം പുറത്തുവന്നത് എന്‍.ഡി.എയുടെ വിശിഷ്യ ബി.ജെ.പിയുടെ നെഞ്ചത്ത് ഓര്‍ക്കാപുറത്തേറ്റ പ്രഹരമായി മാറി. ഡല്‍ഹിയിലെ ശാഹി ഇമാമിന്‍റെ സഹോദരന്‍ യഹ്‍യ ബുഖാരിയെ ആയുധമാക്കി ബി.ജെ.പി മുസ്‍ലിംകള്‍ക്ക് വേണ്ടി വിലപേശല്‍ തുടരുമ്പോള്‍ യദൃച്ഛയാ മിന്നിയ കൊള്ളിയാന്‍ പാര്‍ട്ടിയിലെ മുസ്‍ലിം അംഗങ്ങളെ പ്രത്യേകിച്ചും ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്.
പുതിയ മാര്‍ക്കറ്റില്‍ ഏറ്റവും ഡിമാന്‍റ് മുസ്‍ലിംകള്‍ക്കാണ്. തികച്ചാല്‍ തികയുന്നില്ലിത് പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും. ആപേക്ഷികമായി ചെറിയ സംഖ്യയും സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും മതി അവരെ വശപ്പെടുത്താമെന്നത് നേതാക്കള്‍ക്ക് പണി കൂടുതല്‍ എളുപ്പമാക്കുന്നു. മുസ്‍ലിം മനസ്സുകള്‍ക്ക് തെല്ലധികം സ്വാധീനമുള്ള പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ ബലൂണ്‍ പോലെ വീര്‍പിച്ചുകാട്ടുന്നവരുടെ ഉള്ളിലിരിപ്പ് എന്താണെന്നാവോ?
അഭ്യൂഹങ്ങള്‍ക്ക് അറുതി വീണ് കഴിഞ്ഞ വെള്ളിയാഴ്ച കോണ്‍ഗ്രസിന് പിന്തുണയര്‍പിച്ച് ശാഹി ഇമാം സയ്യിദ് അഹ്‍മദ് ബുഖാരി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട്, സോണിയയെ ചൊല്ലി വിവാദം കൊഴുപ്പിച്ച് കലക്കുവെള്ളത്തില്‍ വലയെറിയാനുള്ള ശ്രമമാണിപ്പോള്‍ ബി.ജെ.പിയുടേത്. തെരഞ്ഞെടുപ്പിന്റെ പ്രഥമ പ്രചരണ ഘട്ടങ്ങളില്‍ നിന്നും വിപരീതമായി പുത്തന്‍ സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ മോദിക്കെതിരെ രാജ്യത്താകമാനം ഒരു വിശുദ്ധ തരംഗം തന്നെ രൂപപ്പെട്ടുവന്നിട്ടുണ്ട്. പ്രകടന പത്രിക ഏറ്റവും വൈകി പുറത്തിറക്കുന്ന ഒരേയൊരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് മാത്രം പറഞ്ഞ് നിര്‍ത്തരുത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് മാസങ്ങള്‍ക്ക് മുമ്പേ പത്രിക തയ്യാറാക്കി നല്‍കിയിട്ടും അത് പുറത്തുവിടാന്‍ വിസമ്മതിച്ച മോദിയിലെ നിഗൂഢത, കൂടെ നിന്ന മുസ്‍ലിംകളെ വരെ അന്തിച്ചിരുത്തി. ഇതോടെ, മനസ്സ് തുറക്കാന്‍ മനസ്സില്ലാത്തവനെ പ്രധാനമന്ത്രിയാക്കാനും മനസ്സില്ലെന്ന അഭിപ്രായം രാജ്യത്തെ വിവിധ മുസ്‍ലിം കൂട്ടായ്മകളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നു.
  ഭാരതം തൂത്തുവാരാന്‍ ചൂലുമായി എഴുന്നള്ളിയ കെജ്‍രിവാള്‍ ആശങ്കകള്‍ക്കൊടുവില്‍ വൈകിയാണെങ്കിലും തന്റെ സ്ഥാനാര്‍ത്ഥിത്വം മോദിക്കെതിരെ തന്നെ പ്രഖ്യാപിച്ചത് തെല്ലൊന്നുമല്ല മോദിയെ ക്ഷീണിപ്പിച്ചത്. കെജ്‍രിവാള് വരാണസിയിലെ തന്റെ ലോക്സഭയിലേക്കുള്ള കന്നിപ്രചരണ യാത്രയില്‍ മുട്ടയേറും മഷിയഭിഷേകവും നേരിട്ടത്, മോദി സഖ്യത്തിന് കെജ്‍രിവാളിനെ ലാഘവത്തിലെടുക്കാന്‍ ധൈര്യമില്ലെന്ന് ഉറക്കെ വിളിച്ചു പറയുന്നു. പക്ഷെ, പല കാരണങ്ങളുണ്ടെങ്കിലും ഡല്‍ഹി ഭരണം കുളമാക്കിയതിലെ അസ്വസ്ഥത ജനങ്ങള്‍ക്കിപ്പോഴും വിട്ടുമാറിയിട്ടില്ല. മറ്റൊരു തലത്തില്‍ നിരീക്ഷിച്ചാല്‍ കെജ്‍രിവാളടക്കമുള്ളവര്‍ തീര്‍ത്ത പ്രതിരോധം, വരാണസിയില്‍ മോദിക്ക് ഭൂരിപക്ഷം കുറയാനും പ്രധാനമന്ത്രിപദം നഷ്ടപ്പെടാനുമുള്ള സാധ്യതയെ ചെറുതാണെങ്കിലും തള്ളിക്കളയാനാവില്ല. പാര്‍ട്ടിയിലെ തന്നെ ഔദ്യോഗിക വിഭാഗം നേതാക്കളായ സുഷമയും അഡ്വാനിയും രാജ്നാഥ് സിങ്ങും ഭാഗ്യവശാല്‍ പ്രധാനമന്ത്രി സ്ഥാനം തരപ്പെട്ടാലോ എന്ന് നിനച്ചാണ് സുരക്ഷിതമായ മണ്ഡലങ്ങള് തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ബി.ജെ.പിയെ ഭരിക്കുന്ന ആര്‍.എസ്.എസിന്‍റെയും മറ്റും കുറുമ്പിന് വഴിങ്ങിയാണ് മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം തന്നെ തീര്‍പാക്കിയത്. തല മുതിര്‍ന്ന നേതാക്കളുടെ ഇഷ്ടക്കുറവ് പരസ്യമായി തന്നെ അവര്‍ അറിയിച്ചതും തദ്വിഷയകമായി ചിലര്‍ കളത്തിന് പുറത്തുപോയതുമാണ്. അല്ലെങ്കില്‍ പാര്‍ട്ടിയുടെ ദേശീയ ചുമതലയുള്ള രാജ്നാഥിന് അങ്കം കുറിക്കേണ്ട കാര്യമെന്താണ്?

modi 2

കാലാകാലങ്ങളായി ചെലവില്ലാതെ കോണ്‍ഗ്രസിന് ലഭിച്ചിരുന്ന മുസ്‍ലിം വോട്ടുകളില്‍ ഇക്കുറി ചാഞ്ചാട്ടം സംഭവിക്കാനിട ഏറെ. ഇത് മാനത്ത് കണ്ട സോണിയ ഒരു മുഴം മുന്‍കൂട്ടി എറിയാനാണ് പള്ളി ഇമാമുകളില്‍ ശരണം പ്രാപിച്ചത്. വിവധ സംസ്ഥാനങ്ങളില്‍ നിന്നായിയെടുത്ത സി.എസ്.ഡി-ഐ.ബി.എന്‍ സര്‍വെ, തെരഞ്ഞെടുപ്പ് കാമ്പയിനുകളിലെ ഉപരിപ്ലവമായ സാന്നിധ്യങ്ങള്‍ക്കപ്പുറം മുസ്‍ലിം വോട്ടുകള്‍ സ്വായത്തമാക്കുന്നതില്‍ ബി.ജെ.പി പരാജിതരാണെന്ന് കണ്ടെത്തിയത് ഈ നിരീക്ഷണത്തിന് കൂടുതല്‍ ശക്തി പകരുന്നു. ലോക്‍നീതിയുടെ സര്‍വെ അനുസരിച്ച് ഇരുദ്രുവങ്ങളിലായി മത്സരം നടക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നില്‍കക്കള്ളിയില്ലാതെയാണെങ്കിലും മുസ്ലിംകളുടെ പൊതു മനസ്സിന് കൂടുതല്‍ ആഭിമുഖ്യം കോണ്‍ഗ്രസിനോടാണ്. മഹാരാഷ്ട്രയിലെ സര്‍വെ പര്യടനത്തില്‍ ടീമിന് കിട്ടിയത്, പ്രതികരിച്ചവരില്‍ 84 ശതമാനം പേരും കോണ്‍ഗ്രസിനെയോ ഘടക കക്ഷി എന്‍.സി.പിയെയോ പിന്തുണക്കുന്നുവെന്നാണ്. ഇവിടെ ബി.ജെ.പിയെ പിന്തുണച്ചവര്‍ വെറും അഞ്ച് ശതമാനം മാത്രം. ഇതിന് വിപരീതമാണ് രാജസ്ഥാനിലെ സ്ഥിതി. 18 ശതമാനം മുസ്‍ലിംകള്‍ ബി.ജെ.പിക്കൊരു ഊഴം നല്‍കാന്‍ താല്‍പര്യപ്പെടുന്നു. എന്നാല്‍ 68 ശതമാനവും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനത്തിന്‍റെ അരൂപമായ പതിപ്പ് പുറത്തിറക്കി തന്റെ രാഷ്ട്രീയ പ്രതിച്ഛായയെ ശുഭ്രമായി വ്യാഖ്യാനിക്കുന്ന മോദിക്ക്, തന്‍റെ കര്‍മമണ്ഡലമായ ഗുജറാത്തിലെ 80 ശതമാനം മുസ്ലിംകളുടെയും രൂക്ഷമായ എതിര്‍പ് ഏറ്റുവാങ്ങേണ്ടിവരുന്നത് ഒരു താക്കീതായി തന്നെ വേണം കാണാന്‍. രാജ്യാന്തര തലത്തില്‍ വികസനത്തിന് മാതൃക തീര്‍ത്തുവെന്ന് വാചകമടിക്കുന്നവര്‍, ചുരുങ്ങിയത് മോദിയുടെ നിയമസഭ മണ്ഡലമായ മണിനഗറിനെയെങ്കിലും സന്ദര്‍ശിക്കാനോ പഠിക്കാനോ തയ്യാറായാല്‍ മാത്രം മതി അവിടുത്തെ പതിത സ്ഥിതിയും വികസന ലേബലും അപഹാസ്യമാണെന്ന് തിരിച്ചറിയാന്‍. തുച്ഛമായ 15 ശതമാനം മാത്രം പിന്തുണക്കുമ്പോഴും സോഷ്യല്‍ മീഡിയകളിലൂടെ മോദിയുടെ മുസ്‍ലിം പിന്തുണ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന വെറും വീഡിയോകളെ കരുതിയിരിക്കേണ്ടതുണ്ട്. മധ്യപ്രദേശില്‍ മുസ്‍ലിംകള്‍ 92 ശതമാനവും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് സര്‍വെ ഫലം പറയുന്നത്. ബി.ജെ.പിക്ക് കൂടുതല്‍ സ്വാധീനമുള്ള കര്‍ണാടകയില്‍ 10 ശതമാനം മാത്രമേ ബി.ജെ.പിയോട് താല്‍പര്യം പ്രകടിപ്പിക്കുന്നുള്ളൂ. ബാക്കി 87 ശതമാനം കോണ്‍ഗ്രസിനെയും 3 ശതമാനം ജനതാദള്‍(എസ്)നെയും പിന്തുണക്കുന്നു. മറ്റെവിടത്തെക്കാളേറെ ഡല്‍ഹിയിലാണ് മുസ്‍ലിംകള്‍ക്ക് വോട്ട് ചെയ്യാന്‍ കൂടുതല്‍ ചിന്തിക്കേണ്ടി വരുന്നത്. 37 ശതമാനം മുസ്‍ലിംകളുടെ വോട്ടും ആം ആദ്മി അവകാശപ്പെടുമ്പോള്‍ 56 ശതമാനം കോണ്‍ഗ്രസിനും 7 ശതമാനം ബി.ജെ.പിക്കുമാണ് പിന്തുണയര്‍പിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ഇമാം തെരഞ്ഞെടുപ്പുമായി നടത്തിയ പ്രസ്താവന മാധ്യങ്ങളില്‍ ഇടം നേടിയിരുന്നു. ''മുപ്പത്തഞ്ച് വര്‍ഷമായി കോണ്‍ഗ്രസില്‍ നിന്നും അകന്നു നില്‍ക്കുന്നവരാണ് ഞങ്ങള്‍. കോണ്‍ഗ്രസിനെതിരെയുള്ള റാലി ഗംഭീരമാക്കാന്‍ എന്റെ പിതാവ് കൂടിയായ മുമ്പത്തെ ഇമാമിനെ 1977ല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. വര്‍ഗീയ ശക്തികള്‍ ഭരണചക്രം തിരിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഉദ്വോഗജനകമായ സാഹചര്യത്തില്‍ മതേതര പാര്‍ട്ടികളെ മാത്രം പിന്തുണക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.'' പൂര്‍വകാലത്ത് എസ്.പിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ഇമാം ശാഹി രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റിച്ചുകൊണ്ടായിരുന്നു ഈയിടെ ഒരു പ്രസിദ്ധീകരണത്തിന് അനുവദിച്ച ഇന്റര്‍വ്യൂവില്‍ സംസാരിച്ചത്. മുസ്‍ിലിംകള്‍ക്ക് ന്യായമായ പ്രാതിനിധ്യം നല്‍കുമെന്ന്  പറയാന്‍ എന്നെക്കൂട്ടി പത്രസമ്മേളനം വിളിച്ചവര്‍ കബളിപ്പിക്കുകയായിരുന്നു. ലാപ്ടോപ് വിതരണം ചെയ്താല്‍ പ്രശ്നങ്ങള്‍ക്ക് തീര്‍പാവുമോ? മുസഫര്‍ നഗറും ഗുജറാത്തും തമ്മിലുള്ള അന്തരം കബന്ധങ്ങളുടെ എണ്ണത്തില്‍ മാത്രമാണ്. വോട്ടിന് വേണ്ടി അടുപ്പം അഭിനയിക്കുകയും പിന്നീട് മുസ്‍ലിം വിരുദ്ധത രാഷ്ട്രീയ നയമാക്കുകയും ചെയ്ത എസ്.പി സര്‍കാര്‍ ഒരു പാഠം പഠിക്കട്ടെ. അദ്ദേഹം തുടര്‍ന്നു. ബി.എസ്.പിയെ പരാമര്‍ശിച്ച് മായാവതിയെ രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കലാപഭൂമി സന്ദര്‍ശിക്കാന്‍ മായാവതിക്ക് എന്ത്കൊണ്ടാണ് കഴിയാതെ പോയത്? അധികാരത്തിന്‍റെ അപ്പക്കഷ്ണത്തിന് വേണ്ടി അവര്‍ ആദര്‍ശം പണയം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. mo രാജ്യത്തെ ഭൂരിപക്ഷം മുസ്‍ലിംകള്‍ കുടികൊള്ളുന്നത് ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളിലൊക്കെയും മുസ്‍ലിംകള്‍ക്ക് വ്യത്യസ്ത തീരുമാനങ്ങളാണ്. പാര്‍ട്ടികള്‍ പലത് മത്സരിക്കുന്നുണ്ടെങ്കിലും ഇവിടെയും മഴക്കാറ് ബി.ജെ.പിക്കെതിരാണ്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി വിരുദ്ധ മുസ്‍ലിം വോട്ടുകള്‍, എസ്.പി 34 ശതമാനവും ബി.എസ്.പി 23 ശതമാനവും കോണ്‍ഗ്രസ് 21 ശതമാനവും പകിട്ടെടുക്കാനാണ് സാധ്യത. ചുരുക്കത്തില്‍ അന്വേഷണങ്ങള്‍ മിക്കതും പെയ്ഡ് സര്‍വെകളെ അടിസ്ഥാനമാക്കിയാണെങ്കിലും ഓരോ സംസ്ഥാനങ്ങളിലെ മുസ്‍ലിം ജനസംഖ്യാ നിരക്കും രാഷ്ട്രീയ താല്‍പര്യവും ചികഞ്ഞന്വേഷിച്ചാല്‍ ലഭ്യമാവുന്നത്, കാറ്റിന്റെ ഗതി ബി.ജെ.പിക്ക് പ്രതികൂലമാണെന്നാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter