കേരളമുസ് ലിംകളും അധിനിവേശശക്തികളും
മുസ്‌ലിം കച്ചവടക്കാര്‍ യൂറോപ്പിലെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന ജനപ്രിയ വസ്തുക്കളായി വിറ്റഴിക്കപ്പെടുന്ന വാസനദ്രവ്യങ്ങള്‍, തേക്ക്, ആനക്കൊമ്പ്, മയില്‍പീലി, കുരുമുളക്, കറുകപ്പട്ട തുടങ്ങി യൂറോപ്യന്‍ പ്രഭുക്കളെ ഹരംപിടിപ്പിക്കുന്ന വസ്തുക്കള്‍ വിളയുന്ന നാട് കണ്ടുപിടിക്കാന്‍ യൂറോപ്യന്‍മാര്‍ വര്‍ഷങ്ങളായി അന്വേഷണം തുടരുന്നതിനിടയില്‍ 1498 ഏപ്രില്‍ മാസത്തില്‍ പോര്‍ച്ചുഗീസ് കച്ചവടമേധാവി വാസ്‌കോഡിഗാമയുടെ നേതൃത്വത്തിലുള്ള കച്ചവടസംഘം കോഴിക്കോടിനടുത്ത് കാപ്പാട്ടാങ്ങാടി(കാപ്പാട്)യില്‍ നങ്കൂരമിട്ടു. പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന് ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷുകാരും കേരളമടക്കം തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളിലേക്കും ചൈനയിലേക്കും ചരക്ക് തേടി എത്തിത്തുടങ്ങി.
മുസ്‌ലിംകളുടെ കുത്തക
യൂറോപ്പും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുളള വ്യാപാരങ്ങളുടെ ആയിരത്തോളമാണ്ടു പഴക്കമുള്ള ഇടനിലക്കാരാണ് കേരളീയരും അറബികളുമായ മുസ്‌ലിം വണിക്കുകള്‍-മുസ്‌ലിംകളും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് രണ്ട് മാര്‍ഗങ്ങളും രണ്ട് രീതിയുമുണ്ടായിരുന്നു. അതിലൊന്ന് പേര്‍ഷ്യയിലെ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതീരങ്ങളില്‍ ബി.സി 1700 മുതല്‍ ആരംഭിച്ച് വളര്‍ച്ച പ്രാപിച്ച മെസ്സോപൊട്ടേമിയന്‍ സംസ്‌കൃതിയില്‍ രൂപംകൊണ്ട കാര്‍ഷിക-കച്ചവട-വ്യവസായ സംരംഭങ്ങളില്‍ ഹസ്‌റത്ത് ഇബ്രാഹീം(അ)മിന്റെ അനുയായികളായി വളര്‍ന്ന് വന്ന സമൂഹം വഴിയായിരുന്നു. മെസ്സോപൊട്ടേമിയന്‍ സംസ്‌കൃതി ഏകദൈവ-ബഹുദൈവ വിശ്വാസങ്ങളുടെ നിശ്ശബ്ദമായ ഏറ്റുമുട്ടലുകളിലൂടെ മനുഷ്യന്റെ പുതിയ കാഴ്ചപ്പാടുകള്‍ക്കും വളര്‍ച്ചക്കും രൂപംനല്‍കിയ ഭൂമിയിലെ മനുഷ്യന്റെ ആദിമ സംസ്‌കാരങ്ങളിലൊന്നായിരുന്നു. കൃഷി, കച്ചവടം, വ്യവസായത്തിന്റെ തുടക്കം എന്നിവയെല്ലാം ആരംഭിച്ച ഈ സംസ്‌കാര ത്തില്‍ ഏകദൈവ വിശ്വാസം ഊന്നിപ്പറഞ്ഞത് ഹസ്രത്ത് ഇബ്രാഹീമിന്റെ നേതൃത്വത്തിലുള്ള വിഭാഗമായിരുന്നു. കാട്ടുകിഴങ്ങും കായ്കനികളും ഭക്ഷിച്ച് അലഞ്ഞു നടന്ന മനുഷ്യന്‍ മണ്ണിനെ പരുവപ്പെടുത്തി വിത്ത് വിതച്ച് കൃഷി സമ്പ്രദായം ഭൂമിയിലാദ്യമായി നിര്‍വഹിച്ചത് മെസ്സോപൊട്ടേമിയരാവാമെന്നാണ് പില്‍ക്കാല ചരിത്രാന്വേഷണ നിഗമനം. ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യോത്പന്നങ്ങളുടെ വിതരണം തുടങ്ങുന്നതാണ് ആദ്യത്തെ കച്ചവടമായി മാറുന്നത്. കച്ചവടം അഥവാ കൊള്ളക്കൊടുക്ക സമ്പദ്ഘടനയിലെ വളര്‍ച്ചാശൃംഖലയില്‍ പ്രധാനമാണ്. ഉത്പാദിപ്പിക്കപ്പെട്ട സാധനങ്ങള്‍ ഉത്പാദകരില്‍ നിന്ന് വാങ്ങിവെക്കുകയും ആവശ്യക്കാര്‍ വരുമ്പോള്‍ വില്‍ക്കുകയും ചെയ്യുകയെന്നതാണ് കച്ചവടത്തിന്റെ സാധാരണ രീതി. അറബികള്‍ കേരളത്തില്‍ ചരക്കുകള്‍ വാങ്ങാനെത്തുന്നത് ബി.സി 1700-കളിലാവണമെന്നാണ് ഡി.ഡി കോസ്സാംബി അഭിപ്രായപ്പെടുന്നത്.
സാഹസവും പ്രാകൃതവുമായ കടല്‍യാത്രക്ക് തന്നെ അക്കാലത്ത് വര്‍ഷങ്ങള്‍ പിടിക്കുമായിരുന്നു. ചരക്കുകള്‍ വിളയുന്ന തീരങ്ങളിലെ ഭേദപ്പെട്ട കുടുംബങ്ങളില്‍നിന്ന് അറബികള്‍ കല്യാണം കഴിക്കുമായിരുന്നു. അതിലവര്‍ക്ക് സന്താനങ്ങളുമുണ്ടായിരുന്നു. ആ സന്താനങ്ങളാണ് പില്‍ക്കാലത്ത് മാപ്പിള മുസ്‌ലിംകള്‍ അഥവാ മാപ്പിളമാര്‍ എന്നപേരില്‍ അറിയപ്പെട്ടത്. എ.ഡി 600-ല്‍ അറേബ്യ ഇസ്‌ലാമീകരിക്കപ്പെട്ടപ്പോള്‍ പേര്‍ഷ്യയും ആഫ്രിക്കയും ഇസ്‌ലാമിക വലയത്തിലായി. അതോടെ കേരളത്തിലെ അറബികളുടെ മക്കളും ഭാര്യമാരും ബന്ധുക്കളുമടക്കം ഇസ്‌ലാമിലേക്ക് മാറുകയും ചെയ്തു.
അറബി നാടുകളിലെ പോലെ പ്രവാചകന്റെ കാലത്ത് തന്നെ കേരളത്തിലും ചെറിയതോതില്‍ മുസ്‌ലിംകളുണ്ടാവുകയും ചെയ്തു. ഇസ്‌ലാം പൊതുവെ ഭൂമിയിലെ പരിഷ്‌കരിച്ച സമൂഹമായപ്പോള്‍ കേരളത്തിലെ മുസ്‌ലിംകളും അക്കാലത്തെ ഏറ്റവും പരിഷ്‌കരിച്ച സമൂഹമായി. അതിന് പ്രധാന കാരണം അവര്‍ വ്യാപാരികളായിരുന്നു എന്നതു തന്നെ. ഒരു രാഷ്ട്രത്തിന്റെ സമ്പദ്ഘടനയെ നന്നായി സ്വാധീനിക്കാന്‍ കഴിയുന്നവരാണ് വ്യാപാരികള്‍. അത് രാജ്യാന്തരമായി കണക്ക് കൂട്ടുമ്പോള്‍ അന്നത്തെ ലോക സമ്പദ് ഘടനയെ തന്നെ മുസ്‌ലിംകള്‍ നിയന്ത്രിച്ചു എന്ന് പറയാം. തെക്ക് കിഴക്കനേഷ്യയിലും മധ്യപൂര്‍വ്വേഷ്യയിലും കാലത്തിനൊത്ത പരിഷ്‌കരണവുമായി മുന്നോട്ടു നീങ്ങിയത് ഹസ്‌റത്ത് ഇബ്രാഹീം നേതൃത്വം കൊടുത്ത ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ വിഭാഗം തന്നെയാണ്. ആയിരമാണ്ടുകള്‍ക്ക് ശേഷം അറേബ്യയിലെ അവസാന പ്രവാചകന്റെ ചിന്തക്കും പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമായി ഭവിച്ചത് മെസ്സോപൊട്ടേമിയക്കാരില്‍ നിന്ന് പൈതൃകമായി വന്നത് തന്നെയാണ്. ആ പൈതൃക പാരമ്പര്യത്തിന് കേരളവുമായി അഭേദ്യബന്ധമുണ്ട്.
ഈ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പോര്‍ച്ചുഗീസ് കച്ചവടമേധാവിയുടെ ദൗത്യവിജയത്തെ മുസ്‌ലിം വണിക്കുകള്‍ നോക്കികണ്ടത്. പരമ്പരാഗതമായി കച്ചവടത്തിലെ ഹലാലായ മാര്‍ഗവും പൊതുവെ പാലിക്കപ്പെടേണ്ട തത്വങ്ങളും സ്വയം നടപ്പാക്കികൊള്ളുന്നതാണ് മുസ്‌ലിം കച്ചവട രീതിയും പാരമ്പര്യവും. എന്നാല്‍ യൂറോപ്യന്‍ രീതി വളരെ കര്‍ക്കശവും പിടിച്ചുപറിക്കാരന്റെയൊ കടല്‍കൊള്ളക്കാരന്റെയോ നിലയിലേക്ക് തരംതാഴ്ന്നതുമാണ്.
അല്ലാമ നദീര്‍ അഹമ്മദ് സാഹിബ് ആധുനിക കച്ചവടത്തെ വിശേഷിപ്പിച്ചത് മോഹങ്ങള്‍ക്ക് മാന്യതയുടെ പുതപ്പിട്ട വഞ്ചന എന്നാണ് (കൊള്ളക്കാരുടെ അധിനിവേശം പേജ് 88) 'കച്ചകപടം' എന്ന സി.എച്ചിന്റെ പ്രസിദ്ധമായ പ്രയോഗവും തത്വദീക്ഷയില്ലാത്ത പാശ്ചാത്യന്‍ കച്ചവടരീതിയെ അനുകരിക്കുന്നതിനോടുള്ള മതപരമായ അസഹിഷ്ണുത തന്നെയായിരുന്നു.
മുസ്‌ലിംകളും അവരുടെ ചരക്ക് വാങ്ങല്‍ കൊണ്ട് സമ്പന്നരായിത്തീര്‍ന്ന കേരളത്തിലെ നാടുവാഴികളും പരമ്പരാഗത ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി സൗഹൃദത്തില്‍ കഴിഞ്ഞു. മുസ്‌ലിംകള്‍ക്ക് അവരുടെ കച്ചവടം തുടരാനുള്ള ഒത്താശ ചെയ്തുകൊടുക്കാന്‍ നാടുവാഴികളും ചരക്കുകള്‍ക്ക് മാന്യമായ വില നല്‍കി അവരെ തൃപ്തിപ്പെടുത്താന്‍ മുസ്‌ലിംകളും പ്രത്യേകം ശ്രദ്ധിച്ച് മുന്നോട്ടു പോകുന്നതിനിടയിലാണ് പോര്‍ച്ചുഗീസുകാരുടെ വരവ്. പോര്‍ച്ചുഗീസുകാര്‍ ചരക്കുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്നതിനെക്കാള്‍ കുറഞ്ഞ വിലക്ക് ലഭിക്കണമെന്ന ഡിമാന്റ് വെച്ചു. അത് മുസ്‌ലിംകള്‍ക്ക് ആദ്യഘട്ടത്തില്‍ ഗുണം ചെയ്തു.
മുസ്‌ലിം കച്ചവടക്കാര്‍ നല്‍കുന്നതിന്റെ പകുതി വില പോലും നല്‍കാന്‍ പോര്‍ച്ചുഗീസുകാര്‍ തയ്യാറായില്ല എന്നു മാത്രമല്ല പാശ്ചാത്യന്‍ ആയുധമേന്മയെ കുറിച്ചുള്ള പോര്‍ച്ചുഗീസ് ആത്മവിശ്വാസവും സാമ്രാജ്യത്വ ശക്തിയാണെന്ന ഹുങ്കും വെള്ളക്കാരെ ദുഷ്ഠരാക്കി. അമേരിക്കന്‍ വന്‍കര കണ്ടുപിടിച്ചതും വാസ്‌ഗോഡിഗാമക്ക് ആഫ്രിക്കന്‍ മുനമ്പ് വലം വെക്കാന്‍ കഴിഞ്ഞതും പാശ്ചാത്യവ്യവസായ മുതലാളിത്തത്തിന്റെ സമ്പദ്ഘടനക്ക് ഒരു ഒഴുകുന്ന തോണിക്ക് ഉന്ത് ലഭിച്ചാല്‍ പോലെ വന്‍കുതിപ്പിന് കാരണമായി. യൂറോപ്പിലെ മത മേധാവികള്‍ ആദ്യം ശാസ്ത്ര-സാങ്കേതിക വിദ്യകളെ തള്ളിപ്പറഞ്ഞുവെങ്കിലും പിന്നീട് ദൈവം സ്‌നേഹമാണെന്ന് പറഞ്ഞുകൊണ്ടിരിക്കെ തന്നെ ശാസ്ത്ര-സാങ്കേതിക വിദ്യ ഉപയോഗിച്ച് മാരകായുധങ്ങള്‍ നിര്‍മിക്കാന്‍ ഭരണകൂടങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കയായിരുന്നു അവര്‍.
അല്‍ഫ്രഡ് നോബേലിന്റെ വെടിമരുന്ന് കണ്ടുപിടിത്തവും അല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആണവ വിഭജന സിദ്ധാന്തവും പാശ്ചാത്യരെ മുച്ചൂടും ആയുധമണിയിച്ചു. ഈ ആയുധം കാണിച്ച് പേടിപ്പിച്ചും ചിലപ്പോള്‍ അത് പ്രയോഗിച്ചും കടല്‍ കച്ചടം മാത്രമല്ല ഓരോ രാജ്യത്തെയും സാമ്പത്തിക സ്രോതസ് നിയന്ത്രിക്കാനും തുടര്‍ന്ന് ഭരണകൂടങ്ങളെ അട്ടിമറിച്ച് കോളനികളാക്കാനും സാമ്രാജ്യങ്ങള്‍ക്ക് സൗകര്യമായി. രാജ്യം അടിമത്തത്തിലേക്ക് നീങ്ങിയാലും താല്‍ക്കാലിക ലാഭം മാത്രമായിരുന്നു നാട്ടുവാഴി ലക്ഷ്യം. മുസ്‌ലിം കച്ചവടക്കാരോട് സാമൂതിരിക്കുണ്ടായിരുന്ന സൗമനസ്യം രാജ്യസ്‌നേഹികളുടേതുപോലെ വലിയ വിശാലമനസ്‌ക്കരുടേതായിരുന്നില്ലെന്നും യൂറോപ്യന്‍മാര്‍ എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് കേരളീയോത്പന്നങ്ങള്‍ക്ക് വില കൂട്ടി വാങ്ങാന്‍ സൗകര്യമുണ്ടാക്കുമെന്ന ഒരു നാടുവാഴിയുടെ തന്ത്രപരമായ മൗനമായിരുന്നെന്നും മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. നാടുവാഴികള്‍ അടിമകളെ കാടുകളിലയച്ച് ശേഖരിക്കുന്ന ചരക്കുകള്‍ വാങ്ങാന്‍ മുസ്‌ലിം കച്ചവടക്കാരേ ഉണ്ടായിരുന്നുള്ളൂ. അന്നവരെ വേണ്ടമാതിരി സ്വീകരിക്കാനും ഉപചരിക്കാനും നാടുവഴികള്‍ മത്സരമായിരുന്നു. പക്ഷേ, പോര്‍ച്ചുഗീസുകാര്‍ കൂടി ചരക്ക് ആവശ്യപ്പെട്ട് വരുമ്പോള്‍ കച്ചവട മത്സരവും വിലപേശലും വരും അത് ചരക്കിന്റെ വില കൂട്ടാനും ലാഭം കൊയ്യാനും അവസരമുണ്ടാക്കും. അതാണ് സാമൂതിരി സ്വീകരിച്ചത്. എത്തിയ ഉടന്‍ തന്നെ നിക്കോളസ് കോഹില്‍ എന്ന സഹപ്രവര്‍ത്തകനെ സാമൂതിരിയെ കാണാനായി വാസ്‌കോഡിഗാമ കരയിലേക്കയച്ചു. ഉപചാര മര്യാദകളോടെ പോര്‍ച്ചുഗീസ് പ്രതിനിധിക്ക് സാമൂതിരിയെ കാണാന്‍ അനുമതി ലഭിച്ചു.
വ്യാപാരം ആരംഭിക്കാനുള്ള എഴുത്തോലതിട്ടൂരവും നല്‍കി. വിലയുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്നതില്‍ പകുതി മാത്രമെ ഞങ്ങളോട് വാങ്ങാവൂ എന്നായിരുന്നു കൊഹിലിന്റെ നിലപാട്. അത് പെട്ടെന്ന് സാമൂതിരിക്ക് ദഹിച്ചില്ല. തല്‍കാലം പിരിഞ്ഞു. അടുത്ത ആഴ്ച വാസ്‌കോഡിഗാമ കൊച്ചിയിലെത്തി. കൊച്ചിയിലെ കൃസ്ത്യന്‍ മതമേധാവികളെ കൂട്ടി കൊച്ചി രാജാവിനെ മുഖം കാണിച്ച ഗാമ, ഭൂമിയും അതിലെ വിഭവങ്ങളും കൃസ്ത്യാനികളുടെ യഹാവയായ ദൈവത്തിന്റെ വകയാണെന്നും അതു കൊണ്ട് അത് കൃസ്ത്യാനികളുടേതാണെന്നുമുള്ള അവകാശവാദമുന്നയിച്ചു. സാമൂതിരി വിരോധവും കുറച്ച് മുസ്‌ലിംവിരോധവുമൊക്കെ കൂട്ടിയിണക്കി ക്രൈസ്തവ മതമേധാവികളും ഗാമയും ഇത് അവതരിപ്പിച്ചെങ്കിലും പെട്ടെന്ന് ഈ വാദം കൊച്ചി രാജാവിനും ദഹിച്ചില്ലെന്ന് തോന്നുന്നു. വ്യക്തമായ ഉത്തരം പറയാതെ കൊച്ചി രാജാവ് ഗാമയെയും മതമേധാവികളെയും തല്‍കാലം പറഞ്ഞുവിട്ടു. എന്നാല്‍, കൊച്ചി തുറമുഖവും തുടര്‍ന്ന് കേരളവും പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ഗാമയും മതമേധാവികളും ചര്‍ച്ച ചെയ്തതായി കെ.എം. പണിക്കര്‍ തന്റെ സ്വാതന്ത്ര്യസമരം എന്ന കൊച്ചു പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
കൊച്ചിയില്‍ നിന്നും തിരിച്ചുവന്ന ഉടന്‍ സാമൂതിരിയെ നേരില്‍ കാണാന്‍ തന്നെ ഗാമ തീരുമാനിച്ചു. സമ്മതം കിട്ടിയ ഉടനെ സാമൂതിരിയെ കാണാനുള്ള പോര്‍ച്ചുഗീസ് ഭാഗത്തെ ആളുകളെയും സാമൂതിരിക്ക് നല്‍കേണ്ട സമ്മാനവസ്തുക്കളെയും സംബന്ധിച്ചും ഒപ്പം പോകേണ്ടവരും ഗാമ ധരിച്ചിരിക്കേണ്ട വസ്ത്രങ്ങളും സംബന്ധിച്ചുമൊക്കെ തീരുമാനമായി. പതിവനുസരിച്ചുള്ള തലയാളുകളെയും നിശ്ചയിച്ചു. വാസ്‌കോഡിഗാമ സാമൂതിരിയെ കാണാന്‍ കൊട്ടാരത്തിലെത്തി. ആയുധബലത്തിന്റെയും സാമ്രാജ്യ ശക്തിയുടെയും ഭാഷ ഉപയോഗിച്ച് ഭീഷണി സ്വരത്തില്‍ സംസാരിച്ച ഗാമക്ക് തൃപ്തികരമല്ലാത്ത നിലയില്‍ കൊട്ടാരത്തില്‍നിന്ന് മടങ്ങേണ്ടിവന്നു. കൊട്ടാരത്തില്‍നിന്ന് മടങ്ങിയ ഗാമ കബ്രാളിനോട് മുസ്‌ലിം കപ്പിലിന് തീവെക്കാന്‍ ആജ്ഞാപിച്ചു. അറുന്നൂറോളം മൂറുകളെ (മുസ്‌ലിംകളെ) പോര്‍ച്ചുഗീസുകാര്‍ വധിച്ചതായി മലബാര്‍ മാന്വലില്‍ വില്യം ലോണ്‍ രേഖപ്പെടുത്തിയിരിക്കുന്നു.
തുടര്‍ന്ന് അറബിക്കടലിലെവിടെയും മൂറുകളുടെ (മുസ്‌ലിംകളുടെ) കപ്പലുകളോ ചരക്കുകളോ കണ്ടാല്‍ കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നും പോര്‍ച്ചുഗീസ് രാജാവ് ഉത്തരവിട്ടു. ഈ അവസ്ഥയെ നേരിടാന്‍ നാടുവാഴികള്‍ക്കോ മാപ്പിളമാര്‍ക്കോ കഴിയാത്ത അവസ്ഥയായിരുന്നു. ചുരുങ്ങിയ വിലക്ക് കുരുമുളകും ഏലവും മറ്റും കിട്ടാഞ്ഞാല്‍ കോഴിക്കോട്, കൊച്ചി തുറമുഖങ്ങള്‍ വെടിവെച്ച് തകര്‍ക്കുമെന്ന് കബ്രാള്‍ പ്രഖ്യാപിച്ചതോടുകൂടി മുസ്‌ലിംകളും സാമൂതിരിയടക്കം നാടുവാഴികളും സംരക്ഷണമാര്‍ഗം ആരായുകയായിരുന്നു.
മുസ്‌ലിംകളുടെ അന്നത്തെ ആത്മീയ-രാഷ്ട്രീയ നേതാക്കളായിരുന്ന പൊന്നാനിയിലെ മഖ്ദൂം കുടുംബത്തോട് കൊച്ചി-കോഴിക്കോട് നാടുവാഴികളും മുസ്‌ലിംകളും പരാതി പറഞ്ഞതിനെ തുടര്‍ന്ന് അന്നത്തെ പ്രധാനിയും മഖ്ദൂം സ്ഥാനവാഹിയുമായിരുന്ന സൈനുദ്ദീന്‍ ബിന്‍ അബ്ദുല്‍ അസീസ് മഅ്ബരി എന്നവര്‍ മുന്‍കയ്യെടുത്ത് മുസ്‌ലിം പ്രധാനികളുടെയും നാട്ടിലെങ്ങുമുള്ള നാടുവാഴി നാട്ടുപ്രമാണിമാരുടെയും ഒരു യോഗം വിളിച്ചു ചേര്‍ത്തു.
മഅ്ബരി എഴുതിയ വിശ്വപ്രസിദ്ധ അറബി ഗ്രന്ഥമായ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' എന്ന പുസ്തകത്തില്‍ നസാറാക്കള്‍ കേരളത്തിനകത്തും പുറത്തും നടത്തിയ അക്രമങ്ങളുടെ ഭീകരകഥകളാണ് വിവരിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തിന്റെ പി.കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ എഴുതിയ മലയാള പരിഭാഷയാണ് ഈ കുറിപ്പുകാരന്‍ വായിച്ചത്.
വാസ്‌കോഡിഗാമയോടൊപ്പം കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാരന്‍ ബാര്‍ബോസ് കണ്ണൂരില്‍ സ്വന്തമായി ഒരു പാണ്ടികശാല സ്ഥാപിച്ച് കച്ചവടം ചെയ്യുകയായിരുന്നു. അദ്ദേഹം പറഞ്ഞതായി സാമൂതിരി കുടുംബത്തിലെ കോട്ടക്കല്‍ കോവിലകത്തെ പി.സി.എം രാജ ബി.എ.എല്‍.ടി എന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ 1939-ല്‍ തൃശൂര്‍ മംഗളോദയം പ്രസ്സില്‍ മുദ്രണം ചെയ്ത 'മാപ്പിളറിവ്യു' എന്ന മാസികയിലെഴുതിയ ഒരു തുടര്‍ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:
''പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന് ഡച്ച്, ഫ്രഞ്ച്, ഇംഗ്ലണ്ട് തുടങ്ങിയ മറ്റു യൂറോപ്യന്‍ അധിനിവേശികളുമായി പോര്‍ച്ചുഗലിന് മത്സരിക്കേണ്ടിവന്നതോടെയാണ് കച്ചവടത്തിലെ മാന്യത കൈവെടിഞ്ഞ് അക്രമ നിലപാട് സ്വീകരിക്കാന്‍ വാസ്‌കോഡിഗാമയും തുടര്‍ന്നുവന്ന പോര്‍ച്ചുഗല്‍ മേധാവികളും തുനിഞ്ഞുതുടങ്ങിയത്. കച്ചവടകാര്യത്തിലും അതിനോടനുബന്ധിച്ച മറ്റു കര്‍മ്മങ്ങളിലും മൂറുകളെ (മുസ്‌ലിംകളെ) തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ബേപ്പൂരിലും മറ്റു സ്ഥലങ്ങളിലുമായി 1500 ബഹാറ ഭാരം കയറ്റാവുന്ന കപ്പലുകള്‍ അവര്‍ നിര്‍മിച്ചിരുന്നു. ഞങ്ങളുടെ നാട്ടിലെ ലിസ്ബണിലും വെനീസ്സിലും ഗ്രാനഡയിലും തുടങ്ങി യൂറോപ്പില്‍ 80 ഓളം പാണ്ടികശാലകള്‍ മൂറുകള്‍ നടത്തിയിരുന്നു. എന്നാല്‍ യൂറോപ്പില്‍ വളര്‍ന്നുവന്ന ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളും അതില്‍ വാര്‍ത്തെടുത്ത ആയുധങ്ങളുമാണ് കച്ചവട കാര്യത്തില്‍ യൂറോപ്പ്യരായ ഞങ്ങള്‍ക്ക് മുന്‍കൈ ഉണ്ടാക്കിയത്.'' (ബാര്‍ബോസയെ ഉദ്ധരിച്ച് പിസിഎം രാജ മാപ്പിള റിവ്യു 1939 ഏപ്രില്‍)
കുരിക്കള്‍ കുടുംബം കോഴിക്കോട്ടേക്ക്
മാപ്പിള കച്ചവടക്കാരെയും മലയാള നാടുവാഴികളെയും തുറമുഖങ്ങളെയും സംരക്ഷിക്കാന്‍ വെടിക്കോപ്പ് ആയുധനിര്‍മാണത്തില്‍ പരിചയമുള്ളവരെ തേടാന്‍ സൈനുദ്ദീന്‍ മഖ്ദൂം വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചതോടെയാണ് കേരളത്തിലാകെ ഇത്തരക്കാരെ തെരച്ചില്‍ തുടങ്ങിയത്. പക്ഷെ, അന്വേഷണങ്ങള്‍ക്കു ശേഷം ചിറക്കല്‍ രാജാവിന്റെ ഭരണത്തില്‍ പെട്ടിരുന്ന രണ്ടത്തറ എന്ന പേരുള്ള പഴയ പോയനാട്ടില്‍ (ഇവിടെ നിന്നാണ് ചേരമാന്‍ പെരുമാള്‍ മക്കത്തേക്ക് യാത്ര പുറപ്പെട്ടതെന്നാണ് ഐതിഹ്യം)പ്പെട്ട അഞ്ചരക്കണ്ടിക്കടുത്ത് മൗവ്വഞ്ചേരിയില്‍ വെടിപ്പയറ്റ് പരിചയമുള്ള അത്തന്‍, മൊയ്തീന്‍ എന്നീ രണ്ടു ജ്യേഷ്ഠാനുജന്മാരെ കുറിച്ചുള്ള വിവരം കിട്ടിയത്. ആലി മുസ്‌ലിയാരുടെ ചരിത്രകാരനായ പൗത്രന്‍ മുഹമ്മദലി മുസ്‌ലിയാര്‍ രേഖപ്പെടുത്തിയിട്ടുള്ളതിങ്ങനെയാണ്:
പ്രസിദ്ധ സ്വഹാബിവര്യനും അശ്‌റത്തുല്‍ മുബശ്ശിരീങ്ങളില്‍ പെട്ടവരുമായ അബൂഉബൈദത്തുബ്‌നു ജര്‍റാഹിന്റെ കുടുംബ പരമ്പരയിലെ അവസാന കണ്ണികളിലൊന്നായാണ് മൗവ്വഞ്ചേരിയില്‍ നിന്ന് സാമൂതിരിയുടെ ക്ഷണമനുസരിച്ച് കോഴിക്കോട് വരികയും കോഴിക്കോട് കുറ്റിച്ചിറയിലും ചാലിയത്തും കുടിയിരുത്തപ്പെടുകയും പില്‍ക്കാലത്ത് ഗുരു എന്നതിന്റെ ബഹുവചനമായ ഗുരുക്കള്‍ ലോപിച്ച് 'കുരിക്കള്‍' എന്ന പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് ജീവിക്കുകയും ചെയ്യുന്ന 2000-ത്തിലധികം കുടുംബങ്ങള്‍ വളര്‍ന്നു വികസിച്ചത്.
-എ.കെ കോഡൂര്‍
Leave A Comment