അന്ത്യദൂതും ആകാശദൂതും;ഒരാധുനികവായന

പ്രവിശാലമായ പ്രപഞ്ചം, അനേകായിരം ഗ്യാലക്‌സികള്‍, കണ്ടെത്തപ്പെട്ടതും കണ്ടെത്തപ്പെട്ടിട്ടില്ലാത്തതുമായ നക്ഷത്രസമൂഹങ്ങള്‍, അതിലൊരംശം മാത്രമായ സൗരയൂഥം, അതിലൊരു ഗ്രഹം മാത്രമായ ഭൂമി, ഭൂമിയേക്കാള്‍ 13 ലക്ഷം ഇരട്ടിവലിപ്പമുള്ള സൂര്യന്‍, കണ്ടെത്തപ്പെട്ട 8 ഗ്രഹങ്ങള്‍, അവയുടെ ഉപഗ്രഹങ്ങള്‍, സൂര്യന് സമ്മാനമോ സമാനതയില്ലാത്തതോ ആയ ഭീമാകാരമായ നക്ഷത്രങ്ങള്‍,  അനേകം നക്ഷത്രസമൂഹങ്ങള്‍............സൂര്യനില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍, ഭൂമിയുടെ മറ്റൊരു സഹഗ്രഹമായ പ്ലൂട്ടോയിലേക്ക് സൂര്യനില്‍ നിന്നുള്ള ദൂരം അതിനേക്കാള്‍ 40 ഇരിട്ടി......

       ഒരു ഏഴെട്ട് പതിറ്റാണ്ട് മുമ്പ് രൂപകല്‍പ്പന ചെയ്യപ്പെട്ട മൗണ്ട് വില്‍സന്‍ ടെലസ്‌കോപ്പ് മുതല്‍ 1977 കളില്‍ നാസയുടെ കാര്‍മികത്വത്തില്‍ വിക്ഷേപിക്കപ്പെട്ട വോയേജര്‍ ഉള്‍പ്പെടെയുള്ള പര്യവേക്ഷണപേടകങ്ങള്‍ ആധുനികശാസ്ത്രത്തിന് പകര്‍ന്നുകൊടുത്ത അനന്തവിശാലമായ ഈ പ്രപഞ്ചത്തിന്റെ അതിവിശാലമായ ജ്ഞാന സമസ്യകളുടെ അതീവ സംവൃതമായ ഒരു ചിത്രം ഇങ്ങനെ അപഗ്രഥിച്ചു തുടങ്ങാം....

അതുപ്രകാരം പ്രപഞ്ചത്തിന് ഒരു ചലനനിയമമുണ്ട്; ഒരു പൊതുനിയമം! ഒരു വള്ളിപടര്‍പ്പ് പടര്‍ന്നുകയറുന്ന പോലെ ഇടത്തുനിന്ന് ഇടത്ത് ചുറ്റി വലത്തോട്ട്!! കുറച്ചുകൂടി ആധുനികമായി പറഞ്ഞാല്‍ ആന്റി ക്ലോക്ക് വൈസില്‍ ഉള്ള വര്‍ത്തുളചലനം. അത് ഏറെ സൂക്ഷ്മമായും സമ്പൂര്‍ണ്ണമായും അപഗ്രഥിച്ചു മനസ്സിലാക്കാന്‍ ഒരു വിശ്വാസിയെക്കൊണ്ടാവും.

       വിശദീകരിക്കാം.ഒരുവള്ളിപ്പടര്‍പ്പ് ഒരു മരത്തിലൂടെ പടര്‍ന്നുകയറുന്നത് ആന്റി ക്ലോക്ക് വൈസ് ദിശയില്‍ ആണ്.!ഭൂമി സൂര്യനു ചുറ്റും സെക്കന്റില്‍ ഏതാണ്ട് 30 കിലോമീറ്റര്‍ വേഗതയില്‍ ആന്റിക്ലോക്ക് വൈസ് ദിശയില്‍ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുകയാണ്.!! സെക്കന്റില്‍ 0.5 കിലോമീറ്റര്‍ വേഗതയില്‍ ഭൂമി സ്വയം തിരിയുന്നതും അതേദിശയില്‍ തന്നെ.!!!

       അതേസമയം,കഅബാലയത്തിനു ചുറ്റും  അനുനിമിഷം ഇടതടവില്ലാതെ കറങ്ങി കൊണ്ടിരിക്കുന്ന വിശ്വാസി വൃന്ദത്തിന്റെയും കഅബക്കുമുകളിലായി സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്ന  ദൃഷ്ടിഗോചരമല്ലാത്ത എഴുപതോളം മത്വാഫുകളിലും അതിനു മുകളിലെ ബൈത്തുല്‍ മഅമൂറിലും ത്വവാഫ് ചെയ്തു കൊണ്ടിരിക്കുന്ന മാലാഖമാരുടെയും പ്രദക്ഷിണദിശ ഇതുതന്നെയാണ്!

       തരുക്കളും താരകങ്ങളും ക്ഷീരപഥങ്ങളും ഗ്യാലക്‌സികളും  ദൃശ്യ,അദൃശ്യ ലോകങ്ങളും അവയിലെ സര്‍വ്വ ചരാചരങ്ങളും വിധേയപ്പെടലിന്റെ ഈ വര്‍ത്തുളതാളത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുകയാണെന്ന് ചുരുക്കം.

ഇവിടെയാണ് ഇസ്‌റാഅ് മിഅ്‌റാജ് വിശ്വാസികളുടെ ആലോചനയുടെ ഭാഗമാകേണ്ടത്.

 ആസ്‌ട്രോഫിസിക്‌സ് ഇതുവരെ കണ്ടെത്തിയതും ഇനി കണ്ടെത്താനിരിക്കുന്നതും ഒരു പക്ഷെ ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ പോയേക്കാവുന്നതുമായ ഈ സൃഷ്ടി സംവിധാനങ്ങള്‍ക്കു മുഴുവന്‍ കാരണക്കാരായവരാണ് ഇസ്ലാമിക വിശ്വാസപ്രകാരം മുഹമ്മദ് നബി(സ). ആസ്‌ട്രോണമി അരികില്‍ നിവര്‍ത്തിവെച്ച് ഇക്കാര്യം അപഗ്രഥിക്കുമ്പോള്‍ അതീവചാരുതയുള്ളൊരു പഠനഭാഗമാണ് ഈ ദിവ്യ സംവിധാനങ്ങള്‍ എന്നുപറയുന്നത് അതുകൊണ്ടാണ്.

സര്‍വ്വലോകങ്ങളുടെയും ലോകരുടെയും സൃഷ്ടികര്‍ത്താവ് മുഹമ്മദ് നബി(സ)യെ നിയോഗിച്ചത് അവയുടെയെല്ലാം നായകനായിട്ടാണെന്നാണ് ഖുര്‍ആനിക ഭാഷ്യം. അതുകൊണ്ടു തന്നെ അനുയായികള്‍ക്ക്  നേതാവിനെയും നേതാവിന് അനുയായികളെയും ഒരുനോക്ക് കണ്ടു സായൂജ്യ മടയാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നില്ലേ പ്രപഞ്ചാധിപന്‍ സത്യത്തില്‍ മിഅ്‌റാജിലൂടെ....

കാര്യകാരണ ക്രമീകരണ രഹിതമായി  കൃത്യ നിര്‍വ്വഹണത്തിനു കഴിയുമെന്നിരിക്കെ തന്നെ തികച്ചും ഭൗതികമായ ക്രമീകരണ ദ്യോതകങ്ങള്‍  സംവിധാനിക്കപ്പെട്ടിരുന്നുവെന്നതാണ് തിരുനബിയുടെ ആ പ്രപഞ്ച പര്യടന്്ത്തിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന്..  പ്രസ്തുത  രാവിന്റെ അനുഭവവിവരണം അതിശയോക്തിയോടെ  നോക്കിക്കണ്ട മക്കാനിവാസികള്‍ക്ക് അവരുടെ അനുഭവപ്രപഞ്ചത്തില്‍ നിന്നുകൊണ്ടുതന്നെ മറുപടിനല്‍കാന്‍ നബി(സ) ക്ക് സാധിച്ചുെവന്നതും ബൈത്തുല്‍ മുഖദ്ധസിന്റെ നേത്ര ദീപ്തമായ വര്‍ണ്ണനകള്‍ക്കും മക്കാ ഖുദ്‌സ് റൂട്ടില്‍സഞ്ചരിച്ചുകൊണ്ടിരുന്ന ഖുറൈശി കച്ചവട സംഘത്തെക്കുറിച്ചുള്ള കൃത്യമായ വിവരണങ്ങള്‍ക്കും അവിടുത്തേക്ക് സങ്കോചങ്ങളില്ലാതെ സാധ്യമായി എന്നതും അതിന് തെളിവാണ്.എന്നിട്ടും തിരസ്‌കാരം കൊണ്ട് തീര്‍പ്പു കല്പ്പിക്കപ്പെട്ട അതേ പശ്ചാത്തലത്തിന്റെ  നിഷ്‌കളങ്കമായ അംഗീകാരമായിരുന്നു അബൂബക്കറി(റ)നെ 'സ്വിദ്ദീഖ്' എന്ന സ്ഥാനപ്പേരിനര്‍ഹനാക്കിയതെന്നതാണ് ചരിത്രത്തിന്റെ മറ്റൊരു വശം.

ശാസ്ത്രീയമായി ഒട്ടും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത, ഗോളശാസ്ത്രവും വാനശാസ്ത്രവുമൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരുകാലത്ത് അത് കേട്ട മാത്രയില്‍ അംഗീകരിക്കാന്‍ സന്നദ്ധനായി എന്നതുതന്നെയാണ് ആ നേട്ടത്തിന് അവിടത്തെ സന്തത സഹചാരിയെ അര്‍ഹനാക്കിയത് എന്നതിനപ്പുറം ശാസ്ത്രീയമായി അതിലേറെ വികാസം പ്രാപിച്ചു കഴിഞ്ഞിട്ടും ആലോചനകള്‍ക്ക് എത്തിപ്പിടിക്കാക്കാവുന്ന ആ ദൂരപരിധിയിലേക്ക്  ഒന്ന് എത്തിനോക്കാന്‍ പോലുംശ്രമിക്കാതെ നിഷേധത്തിന്റെ നികൃഷ്ട മുഖവുമായി കഴിഞ്ഞുകൂടുന്നവരോട് ഇത്തരുണത്തില്‍ സഹതാപമേയുള്ളൂ. 

യുക്തി ഭദ്രവും പ്രമാണബദ്ധവുമായ സ്വീകാര്യതയുടെ സാധ്യതകള്‍ മുഴുവന്‍ ഇസ്‌റാഅ് മിഅ്‌റാജ് സംഭവത്തിനുണ്ട്. എന്നിട്ടും മറ്റു പലതിലുമെന്ന പോലെ വഴികേടിന്റെ വഴി പരതുകയാണ് ചില അല്പന്മാരിവിടെയും .

സംഗതികളെല്ലാം സമയബന്ധിതമായിരിക്കണം എന്നത് സൃഷ്ടി പ്രപഞ്ചത്തിന്റെ അല്ല ദൃഷ്ടി പ്രപഞ്ചത്തിന്റെ നിയമമാണ്. അഥവാ സമയത്തെയും സൃഷ്ടിച്ച സൃഷ്ടാവിന്റെ നിശ്ചയങ്ങള്‍ സമയത്തില്‍ ഒതുക്കാനാവില്ല . അങ്ങനെ ചിന്തിക്കുമ്പോള്‍ സ്വര്‍ഗ്ഗ-നരകങ്ങളുള്‍പ്പെയെയുള്ള,സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ കണ്‍മുന്നില്‍ കാണാന്‍ അല്ലാഹു അവിടുത്തെ അന്ത്യപ്രവാചകര്‍ക്ക് അവസരമൊരുക്കി കൊടുത്തതില്‍ യുക്തിരഹിതമായി എന്തിരിക്കുന്നു.

ഒരു വേള, പ്രവാചകന്‍മാര്‍ക്കു മുന്‍പില്‍ പ്രകൃതി അതിന്റെ നിയമം മാറ്റിയെഴുതിയതായാണ് ചരിത്രമെങ്കില്‍ അതുതന്നെയാല്ലേ കണ്ണെത്തുന്നിടത്ത് കാലെടുത്തു വെക്കാന്‍ കഴിയുന്ന ഒരു വാഹനത്തില്‍ രാവിന്റെ ഏതാനും യാമങ്ങളില്‍ മക്കയില്‍ നിന്ന് മൈലുകള്‍ക്കപ്പുറമുള്ള മസ്ജിദുല്‍ അഖ്‌സായിലേക്കു നബി (സ)ക്ക് സഞ്ചരിക്കാനായതിനു പിന്നിലുമുള്ളത്. ഉമ്മത്തിന്റെ നിലവാരംകണക്കിലെടുത്ത് പ്രവാചകന്‍മാര്‍ക്ക് കഴിവും കരുത്തും നല്‍കുക എന്നതാണ് അല്ലാഹുവിന്റെ സുന്നത്തെന്നിരിക്കെ ഗഗനചാരികളും ബഹിരാകാശവാസികളുമൊക്കെ വരാനിരിക്കുന്ന ഒരു സമുദായത്തിന്റെ പ്രവാചകന് അവരുടെ മുന്നേറ്റങ്ങളെയെല്ലാം കവച്ചു വെക്കുന്നവിധം അത്ഭുതകരമായൊരാകാശയാത്ര അല്ലാഹു ഒരുക്കിയെങ്കില്‍ അതാ 'സുന്നത്തി'ന്റെ തുടര്‍ച്ചയാണെന്നല്ലേ മനസ്സിലാക്കേണ്ടത്.

ഇസ്‌റാഇന്റെ രാവില്‍ സംഭവിച്ചത് ശരീര സഞ്ചാരമായിരുന്നില്ല പ്രത്യുത, സ്വപ്ന സഞ്ചാരമായിരുന്നു എന്നരീതിയിലുള്ള വ്യാഖ്യാനങ്ങളാണ് ഇതോടു ചേര്‍ത്ത് വായിക്കേണ്ട മറ്റൊന്ന്.

  'ദൃഷ്ടാന്തങ്ങളില്‍ നിന്ന് ചിലത് കാണിച്ചു കൊടുക്കാന്‍ വേണ്ടി തന്റെ ദാസനെ മസ്ജിദുല്‍ ഹറമില്‍ നിന്ന് ചുറ്റും അനുഗൃഹീതമായ മസ്ജിദുല്‍ അഖ്‌സയിലേക്ക് രാപ്രയാണം ചെയ്യിച്ചവന്‍ എത്ര പരിശുദ്ധന്‍; നിശ്ചയം അവന്‍ കേള്‍ക്കുന്നവനും കാണുന്നവനുമെത്രേ'. (സൂറത്തുല്‍ ഇസ്‌റാഅ് 1) നബി (സ)തങ്ങളുടെ ഇസ്‌റാഅ് യാത്രയെ സൂചിപ്പിക്കുന്ന പ്രധാന ഖുര്‍ആന്‍ സൂക്തമാണിത്. ഇതില്‍ അല്ലാഹു അവന്റെ പരിശുദ്ധിയെ പ്രകടിപ്പിക്കാന്‍ എടുത്ത പറഞ്ഞ വിശേഷണം ഇസ്‌റാഅ് രാത്രിയിലെ നിശാപ്രയാണമാണ്. ആരോപിക്കപ്പെടുന്നതു പോലെ സ്വപ്നത്തിലാണ് ഇസ്‌റാഅ് സംഭവിച്ചിരുന്നതെങ്കില്‍ പിന്നെ പ്രസ്തുത പരാമര്‍ശത്തിന്റെ പ്രസക്തിയെന്താണ് ? 1000 കി.മി. ദൂരം സ്വപ്നസഞ്ചാരം നടത്തുക എന്നത് 'സുബ്ഹാന' കൊണ്ട് സൂചിപ്പിക്കാന്‍ മാത്രം ആശ്ചര്യകരമാണോ? മാത്രമല്ല, 

സ്വപ്‌നങ്ങള്‍ സാധാരണയായി ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്നവയാണ്. 20-30 മിനിറ്റുകള്‍ വരെ നീണ്ടു നില്‍ക്കുന്ന സ്വപങ്ങളുമുണ്ട്. ഇരുപത് മിനിട്ടു നേരത്തെ ഒരു സ്വപ്നം കാണുന്നതിന് സെക്കന്‍ഡുകള്‍ മാത്രമാണ് എടുക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എന്നുവെച്ചാല്‍ ഒരുവ്യക്തിയുടെ സ്വപ്നാടനത്തിന്റെ പരമാവധി ദൈര്‍ഘ്യം മിനുട്ടുകള്‍ മാത്രണെന്നാണ്   മനഃശാസ്ത്രം പറയുന്നത്. അവ്യക്തതയുടെ പുകമറകളേതുമില്ലാതെ അന്ന് നബി(സ) അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ് പിന്നീട് മതനിയമങ്ങളുടെ മൗലികതയായി മാറിയതെന്നിരിക്കെ അവയെ കേവലം സ്വപ്നദര്‍ശനത്തിലേക്ക് സംക്ഷേപിക്കുന്നത് എത്രമാത്രം യുക്തിരഹിതമാണ്?... വിമര്‍ശകരുടെ വാദവ്യതിയാനങ്ങളുടെ ദൈന്യതയാണ് ഇവിടെ തെളിഞ്ഞു വരുന്നത്......

  ബൈത്തുല്‍ മുഖദ്ദസില്‍ നിന്നായിരുന്നു നബി(സ) ആകാശ യാത്ര ആരംഭിച്ചത്. ഏഴു ആകാശങ്ങളെയും സിദ്‌റത്തുല്‍ മുന്‍തഹ, അര്‍ശ്, കുര്‍സിയ്യ് എന്നീ മേഖലകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കോണിയിലൂടെയായിരുന്നു നബിതങ്ങളുടെ മിഅ്‌റാജ് എന്നാണ് പ്രബലാഭിപ്രായം. ഷിഫ്റ്റുകളും എസ്‌കലേറ്ററുകളുമൊക്കെ സാര്‍വ്വത്രികമായിക്കഴിഞ്ഞ ഒരു കാലത്ത് 7 ാംനൂറ്റാണ്ടിലെ ഈ ദിവ്യ സംവിധാനത്തെ ക്കുറിച്ച് മനസ്സിലാക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും പ്രയാസമെന്തിരിക്കുന്നു?   ബഹീരാകാശ പേടകങ്ങളും ഉപഗ്രഹങ്ങളുമൊക്കെ ഉപയോഗിക്കാന്‍ പരിശീലിച്ച ആധുനിക മനുഷ്യന് നബി(സ) കടന്നുചെന്നതിന്റെ ആയിരത്തിലൊരംശത്തിലേക്കു പോലും കടന്നു ചെല്ലാനായിട്ടില്ല യെന്നത് തീര്‍ച്ചയാണ്. ഉപരിതലത്തില്‍ നിന്നും ഏതാണ്ട് 1520 കി.മി. ഉയര്‍ന്ന് ഓസോണ്‍ പാളിയിലെത്തുമ്പോഴേക്ക് പ്രാണവായു പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും, ലിത്തോസ്ഫിയര്‍, സേട്രാപോസ്ഫിയര്‍, തുടങ്ങിയ അന്തരീക്ഷപാളികളോരോന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ മറികടക്കാനാവുകയുള്ളൂ എന്നുമൊക്കെയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മുന്നിലിരിക്കുമ്പോള്‍ യാതൊരു സുരക്ഷാക്രമീകരണവുമില്ലാതെയാണ് തിരുനബി(സ) ഭൂവന വാനങ്ങളുടെ സീമകള്‍ക്കപ്പുറം സഞ്ചരിച്ച് ഇലാഹി സന്നിധിയിലെത്തിയതെന്നത് ദിവ്യ പ്രോക്തമായ ആ സംരക്ഷണത്തിന്റെയും സവിശേഷതയല്ലാതെ മറ്റെന്താണ്?

  മിഅ്‌റാജിന്റെ പ്രാമാണികതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരാറുള്ള മറ്റൊരു സംശയം, ഇസ്‌റാഇനെക്കുറിച്ച് വിവരിക്കുന്ന സൂക്തത്തില്‍ അതോടനുബന്ധിച്ചു നടന്ന മിഅ്‌റാജിനെ അല്ലാഹു എന്തു കൊണ്ട് പ്രതിപാദിച്ചില്ല എന്നതാണ്. 'മസ്ജിദുല്‍ അഖ്‌സയിലേക്ക് രാപ്രയാണം ചെയ്യിച്ച ു' എന്നുപറഞ്ഞ അല്ലാഹുവിന്ന് അവിടുന്നങ്ങോട്ട് സപ്തവാനങ്ങളും കടന്ന് പ്രപഞ്ച പര്യടനം ചെയ്യിച്ചു എന്നു പറയാമായിരുന്നില്ലേ    പിന്നെന്തു കൊണ്ടാണ് അതേക്കുറിച്ചുള്ള സൂചനകള്‍ സൂറത്തുന്നജ്മിലേക്കു മാറ്റിവെച്ചത്  തീര്‍ച്ചയായും കാരണമുണ്ട്.  സൂറത്തുല്‍ ഇസ്‌റാഇല്‍ അല്ലാഹു നടത്തിയത് ليل, اسرى  എന്നീ പദപ്രയോഗങ്ങളാണ്. അവ രാത്രിയെ സൂചിപ്പിക്കുന്ന ഭാഷാ പ്രയോഗങ്ങളായതു കൊണ്ടു തന്നെ തിരുനബിയുടെ ആകാശാരോഹണത്തെ സൂചിപ്പിക്കാന്‍ അവ അപര്യാപ്തമാണ്. കാരണം, ഭൂമി സൂര്യനെ അഭിമുഖീകരിക്കുമ്പോള്‍ അതിന്റെ നേര്‍ എതിര്‍ദിശയെയാണല്ലോ സാമാന്യമായി രാത്രിയെന്നുപറയുന്നത്. അഥവാ ഭൂമിയുടെ നിഴല്‍ വീഴുന്നിടമാണ് രാത്രിയെന്നര്‍ത്ഥം.

  ഭൂമിയുടെ വലിപ്പമാണല്ലോ നിഴലിന്റെ നീളം നിശ്ചയിക്കുന്നത്. സൂര്യ ചലനങ്ങള്‍ക്കനുസരിച്ച് വ്യതിയാന മുണ്ടാകാമെങ്കിലും ആകാശം മുഴുവന്‍ ഭൂമിയുടെ നിഴല്‍ പരന്നു കിടക്കുകയെന്നത് അസംഭവ്യമാണല്ലോ . അങ്ങനെയെങ്കില്‍ ഏതാനു കി.മി. മാത്രമേ ഭൂമിയുടെ നിഴല്‍ സൂര്യ വെളിച്ചത്തിനു മറയാവുകയുള്ളൂ വെന്നും ബാക്കിഭാഗം സൂര്യ വെളിച്ചത്താല്‍ പ്രകാശിതമായിരിക്കുമെന്നും വരുന്നു. ഭൂമിയുടെ നിഴല്‍ എന്നു പറയുന്ന രാത്രി ആകാശത്തിന്റെ ബാക്കി ഭാഗത്തിനു ബാധകമല്ലെന്നു ചുരുക്കം. അതുകെണ്ടു തന്നെ നബി(സ) യുടെ മിഅ്‌റാജിനെ രാത്രിയിലേക്കു പരിമിതപ്പെടുത്തി സമയ നിര്‍ണ്ണയം നടത്തുന്നത് ശാസ്ത്രീയവെളി പാടുകള്‍ക്ക് വിരുദ്ധമാണ്. സര്‍വ്വലോക സൃഷ്ടാവായ അല്ലാഹുവിന് ഗോള ശാസ്ത്ര മറിയില്ലെന്നു വരില്ലല്ലോ (ഖുര്‍ആന്‍ അല്ലാഹുവല്ലാത്തവരില്‍ നിന്ന് അവതരിച്ചതായിരുന്നു വെങ്കില്‍ അതിലവര്‍ക്ക് നിരവധി വൈരുദ്ധ്യങ്ങള്‍ കണ്ടെത്താമായിരുന്നു.) എന്ന്്് ഖുര്‍ആന്‍!   സാക്ഷ്യപ്പെടുത്തുന്നു !

 അടിസ്ഥാനപരമായി ഇസ്ലാമിക പാരമ്പര്യത്തിന് ബലം പകരുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇസ്‌റാഅ് സംഭവത്തില്‍ ന ിന്ന ും ഗ്രഹിച്ചെടുക്കാന്‍ സാധിക്കും. ഉദാഹരണമായി, മസ്ജിദുല്‍ അഖ്‌സയുടെ പരിസരം അനുഗൃഹീതമാണെന്നാണ് ഖുര്‍ആനിക ഭാഷ്യം. നിരവധി പ്രവാചക•ാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇടമായതുകൊണ്ടാണ് അഖ്‌സാ പരിസരം അത്തരമൊരു വിശേഷണത്തിന് അര്‍ഹയായതെന്നാണ് അതു സംബന്ധമായ പണ്ഡിത വിശദീകരണം. 'ഞാന്‍ മൂസാനബിയെ ഖബറില്‍ നിസ്‌കരിക്കുന്നതായി കണ്ടു' എന്നതു പോലെയുള്ള നബിവചനങ്ങള്‍ അതിനു ശക്തിപകരുകയും ചെയ്യുന്നു. യാത്രാമധ്യേ നബി(സ) മദീന, മദ്‌യന്‍, ഥൂരിസീനാ, ബത്‌ലഹേം എന്നിവിടങ്ങളിലിറങ്ങി നിസ്‌കരിച്ചതായും തുടര്‍ന്ന് മസ്ജിദുല്‍ അഖ്‌സയില്‍ വെച്ച് മറ്റു പ്രവാചക•ാര്‍ക്ക് ഇമാമായി നിസ്‌കാരം നിര്‍വ്വഹിച്ചതായും ചരിത്രത്തിലുണ്ടല്ലോ. അങ്ങനെവരുമ്പോള്‍ മരിച്ചവരും അല്ലാത്തവരുമായ മഹാ•ാരെയും അവരുടെ സാനിധ്യംകൊണ്ട് അനുഗൃഹീതമായ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തുന്നതിനും സുപ്രധാന കാര്യങ്ങളില്‍ അവരുടെ അനുഗൃഹം തേടുന്നതിനും പ്രാമാണികതയുണ്ടെന്നുവരുന്നു.

 നബി(സ) തങ്ങള്‍ക്ക് മാനസികമായി കരുത്ത് പകരുകയായിരുന്നു അല്ലാഹു മിഅ്‌റാജിലൂടെ.

  അങ്ങനെ ഭ്രമണ പഥങ്ങളും താരാപഥങ്ങളും താണ്ടി തിരു നബി യാത്ര തുടര്‍ന്നു. ആദ്യം ഒന്നാം ആകാശത്ത്, അവിടെ, അന്ത്യപ്രവാചകരെ കാത്തിരിക്കുന്നു ആദ്യപിതാവ് ആദം (അ) കുശലാന്വേഷണങ്ങള്‍, ഓര്‍മ്മപ്പെടുത്തലുകള്‍; ഉമ്മത്തിനെക്കുറിച്ച്, നരകത്തിന്റെ ഭയാനകതയെകുറിച്ച് ,സ്വര്‍ഗ്ഗത്തലെ സുഖസൗഖ്യങ്ങളെ ക്കുറിച്ച്; സ്‌നേഹനിധിയായ ഒരുപിതാവിന്റെ വാത്സല്യം.

  തുടര്‍ന്ന് രണ്ടാം ആകാശത്തേക്ക്; കാത്തിരിക്കുന്നത് രണ്ട് പ്രവാചകന്മാര്‍ ഈസാ നബിയും യഹ്‌യാ നബിയും, രണ്ടു പേരും ബന്ധുക്കള്‍ ,ജൂത സമൂ മുദായങ്ങളിലേക്ക്്് നിയുക്തരായവര്‍; ഒരാള്‍ ജൂതരില്‍ നിന്ന് രക്ഷപ്പെട്ട് വാനലോകത്തു വസിക്കുന്നു. മറ്റേയാള്‍ ജൂതരാല്‍ കൊല്ലപ്പെട്ട് ഇലാഹി സന്നിധിയില്‍ രക്തസാക്ഷ്യം ആസ്വദിക്കുന്നു. വരും വര്‍ഷങ്ങളില്‍ നബി (സ) അഭിമുഖീകരിക്കാനിരിക്കുന്നമദീനയിലെ പ്രബല വിഭാഗത്തെ, അവരുടെ സ്വഭാവ സവിശേഷതകളെ ,മനസ്സിലാക്കുന്നതിന്റെയും അവനേരിടാന്‍ മാനസികമായി പാകപ്പെടുന്നതിന്റെയും പ്രാഥമിക തലം .   

 .    ശേഷം  മൂന്നാം ആകാശത്തേക്ക, കാത്തിരിക്കുന്നത് യൂസുഫ് നബി (അ) അഴുകിന്റെ അര്‍ദ്ധചന്ദ്രന്‍ ; കടന്നുവരുന്നത്്് പൂര്‍ണ്ണചന്ദ്രന്‍!. ബന്ധുക്കളാല്‍ ഭേദ്യം ചെയ്യപ്പെട്ട പൂര്‍വ്വകാലം ഇരുവര്‍ക്കുമുണ്ട്. പീഢിതന് പരമാധികാരം ലഭിച്ചപ്പോള്‍ പീഢിപ്പിച്ചവരെ പരിഭവങ്ങളില്ലാതെ പറഞ്ഞു വിട്ട ചരിത്രമാണ് യൂസുഫ് (അ) യുടേതെങ്കില്‍ ആ ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ് സംഭവിക്കാനിരിക്കുന്നത് ; 9 വര്‍ഷങ്ങള്‍ക്കുശേഷം, മക്കയില്‍. اقول كما قال يوسف لاتثريب عليكم اليوم എന്ന് മക്കാവിജയ വേളയില്‍ നബി (സ).

  ആകാശങ്ങളിലോരോന്നിലും സ്വീകരണം തുടര്‍ന്നുകൊണ്ടിരുന്നു. ജീവനോടെ സ്വര്‍ഗ്ഗം പൂകിയ മഹാനായ ഇദ്‌രീസ്(അ) നാലാം ആകാശത്ത്. ഭരണകൂട വെറികള്‍ക്കെതിരെ ധര്‍മ്മത്തിന്റെ പടവാളുയര്‍ത്തി പോരാടിയ പാരമ്പര്യമുള്ള ഹാറൂന്‍(അ) അഞ്ചാം ആകാശത്ത്. ഭരണാധികാരികളെ അഭിമുഖീകരിക്കുമ്പോള്‍ കൈക്കൊള്ളേണ്ട ജാഗ്രതകളെ ക്കുറിച്ച് തെര്യപ്പെടുത്താനൊരാള്‍ . ആറാം ആകാശത്ത് മൂസാ നബി(അ)  ശത്രുക്കളേക്കാള്‍ സ്വന്തം സമുദായം മുഖേനെ പരീക്ഷണത്തിനു വിധേയനായ പ്രവാചകന്‍. പ്രതിസന്ധിഘട്ടങ്ങളില്‍   لقد اوذى موسى بأكثر من هذا فصبر എന്ന് സമാധാനിക്കാന്‍ പ്രവാചകരെ പ്രാപ്തനാക്കിയ ചരിത്ര നായകന്‍. ഒടുവില്‍ ഏഴാം ആകാശത്ത് ഇബ്‌റാഹീം നബി(അ)  മില്ലത്തിന്റെയും മനുഷ്യസംസ്‌കാരത്തിന്റെയും പിതൃശുദ്ധി.

  എല്ലാവരും പ്രാര്‍ത്ഥിച്ചത് അന്ത്യദൂതന്റെ നന്മക്കു വേണ്ടി. പകര്‍ന്നു കൊടുത്തത് അനുഭവത്തിന്റെ ആദ്യപാഠങ്ങള്‍. ഉമ്മത്തിന്റെ കാര്യം ഓര്‍മ്മിപ്പിക്കാനും മറന്നില്ല. അന്‍പത് വഖ്ത് നിര്‍ബന്ധ നിസ്‌കാരം അഞ്ച് വഖ്താക്കി ചുരുക്കുന്നിടം വരെ ആ ഇടപെടലുകള്‍ നീണ്ടു. മഹാ•ാരോടുള്ള ബന്ധവും  അവരുടെ സഹായവും മരണത്തോടെ മുറിഞ്ഞു പോകുമെന്ന വിദണ്ഡവാദങ്ങള്‍ ഇവിടെ വഴിമാറി നില്‍ക്കുന്നു.

  അമ്പിയാക്കളുടെ മുഴുവന്‍ ആദരവുകളേറ്റുവാങ്ങിയ ആരംഭ റസൂലിന്റെ അടുത്ത സ്വീകരണം സിദ്‌റത്തുല്‍ മുന്‍തഹയെന്ന വൃക്ഷച്ചോട്ടിലാണ്. ജിബ്‌രീലി(അ)ന്റെ കൂട്ടുവിട്ട് ഏകാംഗ യാത്ര തുടങ്ങാനിരിക്കുന്ന അതിര്‍ത്തിപ്രദേശം. ആദരണീയനായ ആതിഥിയെ സ്വീകരിക്കാന്‍ സര്‍വ്വ സജ്ജയായിരിക്കുകയാണ് അതിര്‍ത്തി വൃക്ഷം, കണ്ണഞ്ചിപ്പിക്കുന്ന അലങ്കാര വേലകള്‍, വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന സുകൃത സാകല്യം! നുബുവ്വത്തിന്റെ നാവ് വിവരണാതീതമെന്നു വിധിയെഴുതിയ വിശ്വ സൗന്ദര്യം!! വിശ്വ നേതാവിന്റെ വരവ് പ്രമാണിച്ച് പ്രതാപിയായ തമ്പുരാന്‍ അണിയിച്ചൊരുക്കിയതാണിതെല്ലാം. അതേ നബിയുടെ ജന്മദിനം പ്രമാണിച്ച് നാല് തോരണം തൂക്കുമ്പോഴേക്ക് ഈമാന്‍ ഇടിഞ്ഞു വീഴുമെന്ന് മുറുമുറുക്കുന്നവരെ ക്കുറിച്ച് ഇനിയുമെന്തു പറയാന്‍..

  അതിര്‍ത്തിവരെ അനുഗമിച്ച സഹയാത്രികന്‍ പിരിയാനൊരുങ്ങുകയാണ്. കണ്ട കാഴ്ചകളേറെ, കാണാനിരിക്കുന്നത് അതിലേറെ. ഭൂമിയിലൊരു മനുഷ്യനും കണ്ടിട്ടില്ലാത്ത മഹാത്ഭുതങ്ങള്‍

  'പ്രിയരെ, ദയവായി എന്നെവിടുക, അങ്ങ് ഗമിക്കുക, ഭയക്കേണ്ട ആഹ്ലാദിച്ചു കൊള്‍ക, പരമാധികാരിയായ റബ്ബുമായി സംസാരിച്ചു കൊള്‍ക', ജിബ്രീലി(അ)ന്റെ നിര്‍ദേശം. അവിടുന്നങ്ങോട്ട് ഏകനായി അല്ലാഹുവിലേക്ക്, സ്ഥലകാല സങ്കല്പങ്ങള്‍ക്കതീതമായ ലോകത്തേക്ക്. അവിടെ അല്ലാഹുവുമായി സംസാരിക്കാന്‍, പരിചിതവൃത്തങ്ങള്‍ക്കുമപ്പുറത്തു നിന്ന്, അജ്ഞാതമായ ഭാഷയില്‍ അല്ലാഹുവിന്റെ ഹബീബ് അല്ലാഹുവുമായി സംസാരിച്ചു ഒരു പ്രവാഹം കണക്കെ, വിവരണാതീതമായ കൂടിക്കാഴ്ച.  فأوحى الله الي مااوحى എന്ന് അതേക്കുറിച്ച് പുണ്യനബി(സ)...

  എല്ലാത്തിനു മൊടുവില്‍, അഞ്ചുവഖ്ത് നമസ്‌കാരവുമായി മക്കയില്‍ ഉമ്മുഹാനിഇന്റെ വീട്ടില്‍, പുലര്‍ച്ചക്കുതന്നെ തിരിച്ചെത്തി, വിശ്വസിച്ചവര്‍  വിശ്വസിച്ചു, അല്ലാത്തവര്‍ അവിശ്വാസത്തിന്റെ അഗാധഗര്‍ത്തത്തില്‍ ആണ്ടുപോയി, അതിന്നും തുടരുന്നു, ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍. ധൈഷണികമായ അച്ചടക്ക രാഹിത്യത്തിന്റെ അവിവേക പൂര്‍ണ്ണമായ തുടര്‍ച്ച.

 വിശ്വാസങ്ങള്‍ ഒന്നും യുക്തി വിമുക്തം അല്ലെന്നും എന്നാല്‍ വിശ്വസിക്കാന്‍ യുക്തി മാനദണ്ഡമാക്കേണ്ടതില്ലെന്നും വിശ്വാസത്തെ വിമലീകരിക്കുന്നതായിരിക്കണം യുക്തിയെ യുടെ സാധ്യതകള്‍ എന്നും തിരിച്ചറിയുന്ന വിശ്വാസിയോളം മാനസിക സംതൃപ്തി ഉള്ള മറ്റാരാണുള്ളത്.                        പരമാധികാരിയായ പടച്ചവനിലേക്കു ചേര്‍ത്തി നോക്കുമ്പോള്‍ അചിന്ത്യമോ അടിസ്ഥാന രഹിതമോ ആയ ഒന്നുമില്ലാതിരുന്നിട്ടുകൂടി ജീര്‍ണ്ണിച്ച ജല്പനങ്ങളില്‍ തീര്‍ത്ത ജഡികയാന്ത്രികതയുടെ തടവറയില്‍ മരിച്ചു തീരുന്ന മനുഷ്യമസ്തിഷ്‌കങ്ങള്‍.  കഷ്ടം!

അനന്തമജ്ഞാതമവര്‍ണ്ണനീയ

മീലോകഗോളം തിരിയുന്ന മാര്‍ഗ്ഗമില്‍

അതിലെങ്ങാണ്ടൊരിടത്തനിന്ന്

നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കാണ്‍മൂ.......

എന്ന തിരിച്ചറിവെങ്കിലും ആവാമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter