ഉമ്മു സലമ (റ)
മഖ്‌സൂം വംശക്കാരിയായ ഹിന്ദും ഭര്‍ത്താവ് അബ്ദുല്ലാഹി ബ്‌നു അബ്ദില്‍ അസദും മക്കയില്‍ വിശുദ്ധ ഇസ്ലാമിന്റെ പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ സത്യ മാര്‍ഗ്ഗം പുല്‍കാന്‍ സൗഭാഗ്യം ലഭിച്ചവരായിരുന്നു. ഉമ്മു സലമയെന്നും അബൂ സലമയെന്നും അറിയപ്പെട്ട അവര്‍ സമ്പന്നതയുടെയും ആഢ്യത്വത്തിന്‍റെയും മടിത്തട്ടിലായിരുന്നു ജനിച്ചതും വളര്‍ന്നതും. ഇസ്ലാമിന്റെ പ്രചാരവും വ്യാപനവും കണ്ട് വിറളി പൂണ്ട മക്കാ ഖുറൈശികള്‍ അക്രമത്തിന്റെയും പീഢനത്തിന്റെയും പാത സ്വീകരിച്ചപ്പോള്‍ ജനിച്ചു വളര്‍ന്ന നിറസമൃദ്ധികള്‍ പിറകിലുപേക്ഷിച്ച് വിശ്വാസ സംരക്ഷണാര്‍ത്ഥം അവര്‍ക്ക് അബ്‌സീനിയയിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. അബ്‌സീനിയില്‍ നജ്ജാശി രാജാവിന്റെ സംരക്ഷണ വലയത്തിനു കീഴില്‍ സ്വാസ്ഥ്യം കൊള്ളുമ്പോഴും മക്കയില്‍ മുത്ത് നബിയുടെ തിരുസവിധത്തിലെത്താന്‍ തുടിക്കുകയായിരുന്നു അവരുടെ മാനസങ്ങള്‍. തങ്ങളുടെ ഹൃദയാന്തരങ്ങളില്‍ കൊളുത്തി വെച്ച വിശ്വാസ ദീപങ്ങളെ വഹ്‌യിന്റെ ദിവ്യ ജ്വാലകളാല്‍ സദാ ദീപ്തമാക്കാന്‍ കൊതിച്ച് അവര്‍ കാത്തിരുന്നു.
ഉമറു ബ്‌നു ഖത്താബി(റ)ന്റെയും ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബി(റ)ന്റെയും ഇസ്ലാമാശ്ലേഷം മക്കയില്‍ ഇസ്ലാമിക പ്രബോധനത്തിന് കരുത്തു പകര്‍ന്നിരിക്കുന്നുവെന്നും നിര്‍ഭയരായി തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ വെച്ചു പുലര്‍ത്താന്‍ ഇപ്പോള്‍ മുസ്ലിംകള്‍ക്ക് സാധിക്കുന്നുവെന്നുമുള്ള വാര്‍ത്ത ആശ്വാസത്തോടെയും ആഹ്ലാദത്തോടെയുമാണ് അബ്‌സീനിയയിലെ മുസ്ലിംകള്‍ സ്വീകരിച്ചത്. പുണ്യ റസൂലുമൊത്തുള്ള സാഹ്ലാദപൂര്‍ണ്ണമായ സമാഗമം സ്വപ്നം കണ്ട് മക്കയില്‍ മടങ്ങിയെത്തിയ ഉമ്മു സലമയെയും കൂട്ടരെയും എതിരേറ്റത് ഖുറൈശികളുടെ വര്‍ദ്ധിത പീഢന മുറകളും അക്രമ പര്‍വ്വങ്ങളുമായിരുന്നു. പാലായനം ചെയ്ത മുസ്ലിംകളുടെ സമാധാന പൂര്‍ണ്ണമായ അബ്‌സീനിയന്‍ ജീവിതത്തിന് തിരശ്ശീലയിടാന്‍ ഖുറൈശികള്‍ മെനഞ്ഞ വ്യാജ വാര്‍ത്തയില്‍ അവര്‍ വഞ്ചിതരാകുകയായിരുന്നു. മര്‍ദ്ദന മുറകള്‍ സഹനത്തിന്റെ സീമകള്‍ ലംഘിച്ചപ്പോള്‍ മറ്റൊരു പാലായനത്തെക്കുറിച്ച് ചിന്തിക്കാന്‍ മുസ്ലിംകള്‍ വീണ്ടും നിര്‍ബന്ധിതരായി. ഉമ്മു സലമക്ക് ദുരനുഭവങ്ങളുടെ ഒരു പരമ്പര തന്നെ സമ്മാനിച്ചു ആ പുറപ്പാട്. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം മക്ക വിടാനൊരുങ്ങിയ അവരെ തന്റെ ഗോത്രക്കാരായ മഖ്‌സൂമികള്‍ തടഞ്ഞ് വെക്കുകയും തങ്ങളില്‍ ഒരുവളായ ഉമ്മു സലമയില്‍ അവകാശവാദമുന്നയിച്ച് അവരെ തന്റെ പ്രിയതമനില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ അബൂ സലമയുടെ വംശക്കാരായ ബനൂ അബ്ദിശ്ശംസ് പിഞ്ചു കുഞ്ഞായിരുന്ന സലമയെയും മാതാവില്‍ നിന്ന് കവര്‍ന്നെടുത്തു. തനിക്കു മുന്നില്‍ നോക്കെത്താതെ കിടക്കുന്ന മരുക്കാട് പോലെ ആശയറ്റതും പ്രതീക്ഷ വറ്റിയതുമായിത്തീര്‍ന്നു അനന്തരം ഉമ്മു സലമയുടെ ദിനങ്ങള്‍. ഓരോ ദിനാരംഭത്തിലും തന്റെ പ്രാണ പ്രേയസനെയും പൊന്നു മോനെയും തന്നില്‍ നിന്ന് കവര്‍ന്നെടുത്ത പ്രദേശത്ത് അവര്‍ എത്തുകയും പ്രദോഷം വരെ വിലാപവും കണ്ണീരുമായി അവിടെ കഴിച്ചു കൂട്ടി അവര്‍ മടങ്ങുകയും ചെയ്തു, പകലോനൊപ്പം അസ്തമിച്ചു മറയാത്ത തന്റെ വിഷാദഭാണ്ഢവുമായി അടുത്ത പ്രഭാതത്തിലും തിരികെയെത്താന്‍ വേണ്ടി. വര്‍ഷമൊന്ന് കഴിഞ്ഞു.
ഇരുളും വെളിച്ചവും വേനലും വസന്തവും നിലാവും അമാവാസിയും മാറിമാറി വന്നു. ഉമ്മു സലമയുടെ ദീനവിലാപങ്ങള്‍ തീര്‍ത്ത നൈരന്തര്യം ബനൂ മഖ്‌സൂമിന്റെയും ബനൂ അബ്ദിശ്ശംസിന്റെയും കരാള മാനസങ്ങളില്‍ കാരുണ്യത്തിന്റെ കിനിവ് തീര്‍ത്തു. അങ്ങനെ കാത്തിരിപ്പും കണ്ണീരും പ്രാര്‍ത്ഥനയും നിറഞ്ഞ ആശങ്കയുടെ ദിനങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മു സലമയും ജീവനില്‍ ജീവനായ തന്റെ പൊന്നുമോനും മദീനയിലേക്ക്, തന്റെ പ്രിയതമന്റെ ചാരത്തേക്ക് യാത്ര പുറപ്പെടാനൊരുങ്ങി. സര്‍വ്വം നാഥനിലര്‍പ്പിച്ച് ഉമ്മു സലമ യാത്രക്കൊരുങ്ങി. അനിശ്ചിതത്വങ്ങളുടെയും ആകസ്മികതകളുടെയും സംഗമഭൂമിയായ തന്റെ ജീവിതത്തില്‍ ഇത്തവണയും പതിവ് തെറ്റിയില്ല. എന്നാല്‍ ദുരന്തങ്ങള്‍ മാത്രം ശീലമാക്കിയ അവര്‍ക്ക് നാഥന്‍ ഇത്തവണ നല്‍കിയത് തന്റെ ഉല്‍കണ്ഢകളില്‍ നിന്നും ആകുലതകളില്‍ നിന്നും അഭയമരുളുന്ന ഒരു കാവല്‍ മാലാഖയെയായിരുന്നു.
തന്‍ഈമിലെത്തിയ അവരെ ഉസ്മാനു ബ്‌നു ത്വല്‍ഹയെന്ന ഖുറൈശി പ്രമുഖന്‍ കാണാനിടയായി. ദൈവത്തെ മാത്രം സഹയാത്രികനാക്കി മദീനയിലേക്കുള്ള സുദീര്‍ഘ യാത്രക്കൊരുങ്ങിയ ആ വനിതാ രത്‌നത്തിന് ഭയരഹിതമായ യാത്ര ഉറപ്പു വരുത്താന്‍ താന്‍ ബാദ്ധ്യസ്ഥനാണെന്ന ബോധം അന്ന് അവിശ്വാസത്തിന്റെ പാതയിലായിരുന്നിട്ടും അദ്ദേഹത്തില്‍ നിറഞ്ഞു. മദീനയില്‍ അംറ് ബ്‌നു ഔഫ് ഗോത്രക്കാര്‍ക്കൊപ്പം കഴിഞ്ഞിരുന്ന അബു സലമയുടെ അടുത്ത് അവരെ എത്തിച്ചതിനു ശേഷമേ അദ്ദേഹം മക്കയിലേക്ക് മടങ്ങിയുള്ളൂ. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും കുലീനനും മാന്യനുമായ സഹയാത്രികന്‍ എന്നാണ് ഉമ്മു സലമ പിന്നീട് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഉമ്മു സലമയുടെയും അബൂ സലമയുടെയും ജീവിതത്തിലേക്ക് സന്തോഷത്തിന്റെ നാളുകള്‍ വീണ്ടും മടങ്ങിയെത്തി. പുനഃസ്സമാഗമത്തിന്റെ ആനന്ദാതിരേകത്തില്‍ വേര്‍പാടിന്റെ ആഴത്തിലുള്ള മുറിവുകള്‍ കലകള്‍ പോലും അവശേഷിപ്പിക്കാതെ കരിഞ്ഞുണങ്ങിപ്പോയി. തിരുനബി(സ)യും മദീനയിലെത്തിയതോടെ അവരുടെ ആനന്ദങ്ങളും ആഹ്ലാദങ്ങളും പൂര്‍ണ്ണതയുടെ ബിന്ദു തൊട്ടു. ബദര്‍ വന്നു.
പോരാട്ട വീര്യത്തിന്റെ അനിതര സാധാരണമായ പ്രദര്‍ശനം കാഴ്ചവെച്ച് വിജയശ്രാളീതരായി അബൂ സലമയും കൂട്ടരും മടങ്ങി. ബദറിന്റെ പ്രതികാരദാഹവുമായി ഉഹ്ദിലെത്തിയ ഖുറൈശികളോടും ധീരോദാത്തം അബൂ സലമ പൊരുതി നിന്നു. മദീനയില്‍ മടങ്ങിയെത്തിയ അദ്ദേഹത്തിന് പക്ഷേ കൂട്ടായി ഉഹ്ദ് സമ്മാനിച്ച മുറിവുകളുമുണ്ടായിരുന്നു. വൃണങ്ങളുടെ വേദന നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു. ദിവസങ്ങളോളം അദ്ദേഹം ശയ്യാവലംബയായി. തനിക്ക് നാഥനിലേക്കു മടങ്ങാന്‍ സമയമായെന്ന് മനസ്സിലാക്കിയ അദ്ദേഹം പ്രാണസഖിയെ അടുത്ത് വിളിച്ച് പറഞ്ഞു ': ആര്‍ക്കെങ്കിലും വല്ല വിപത്തും എത്തുന്ന വേളയില്‍ അവന്‍ 'ഇന്നാ ലില്ലാ' ചൊല്ലുകയും 'അല്ലാഹുവേ ഈ വിപത്തിന് ഞാന്‍ നിന്റെ അടുക്കല്‍ പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനേക്കാള്‍ നല്ലത് എനിക്ക് നീ പകരം നല്‍കേണമേ' എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ അല്ലാഹു അവനത് നല്‍കുക തന്നെ ചെയ്യുമെന്ന് നബി തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.' വിങ്ങുന്ന ഹൃദയത്തോടെ ഉമ്മു സലമ പ്രിയതമന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. രോഗശയ്യയില്‍ കിടക്കുന്ന അരുമ ശിഷ്യനെ കാണാന്‍ ഒരു നാള്‍ തിരുദൂതരെത്തി. പ്രാര്‍ത്ഥനാ മന്ത്രങ്ങളും ആശ്വാസ വചനങ്ങളും ചൊരിഞ്ഞ് തിരുദൂതര്‍ യാത്ര പറഞ്ഞിറങ്ങുന്നതിനു മുമ്പേ അന്ത്യദൂതുമായി അബൂ സലമക്കു ചാരെ മരണത്തിന്‍റെ മാലാഖയെത്തിയിരുന്നു. മനസ്സും മിഴികളും നിറഞ്ഞൊഴുകുമ്പോഴും പ്രിയതമന്‍ പഠിപ്പിച്ചു തന്നിരുന്ന പ്രാര്‍ത്ഥനാ വചനങ്ങള്‍ ഉരുവിടാന്‍ ഉമ്മു സലമ മറന്നില്ല. അബൂ സലമയേക്കാള്‍ മികച്ചത് മറ്റെന്തെന്ന ചോദ്യം അവരുടെ ഉള്ളിന്‍റെയുള്ളില്‍ ഉയരാതെയിരുന്നില്ല. എന്നാല്‍ എല്ലാറ്റിലും മികച്ചത് അവര്‍ക്ക് കരഗതമാകുക തന്നെ ചെയ്തു. അബൂബക്കറി(റ)ന്‍റെയും ഉമര്‍ ബിന്‍ ഖത്താബി(റ)ന്‍റെയും വിവാഹാഭ്യര്‍ത്ഥനകള്‍ അവര്‍ നിരസിച്ചതിനു ശേഷം അവരെ വിവാഹം കഴിക്കാന്‍ സന്നദ്ധനായി മുന്നോട്ടു വന്നത് സൃഷ്ടി ശ്രേഷ്ടരായ റസൂല്‍ തങ്ങള്‍(സ) തന്നെയായിരുന്നു. അങ്ങനെ സലമയുടെ മാതാവായിരുന്ന മഖ്സൂം ഗോത്രക്കാരിയായ ഹിന്ദ് മുഴുവന്‍ മുസ്ലിംകളുടെയും മാതാവായി മാറി.
Leave A Comment