കാലത്തിനൊപ്പം മദ്‌റസകളും
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രണ്ടു മാസത്തിലധികമായി പഠന പ്രക്രിയകളുമായി കൂടുതല്‍ ഇടപെടാനാവാതെ വീട്ടകങ്ങളില്‍ ഒതുങ്ങുകയായിരുന്നു വിദ്യാര്‍ഥികളും അധ്യാപകരും. എന്നാല്‍ ഈയൊരു സന്ദിഗ്ദ്ധ ഘട്ടവും അതിജീവിച്ച് മതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞതു കൊണ്ടാണ് മദ്‌റസകള്‍ അടഞ്ഞാലും വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് മുടക്കമുണ്ടാകരുതെന്നു സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനമെടുത്തത്.
ഏതു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നാലും വിദ്യാഭ്യാസ പ്രക്രിയ കൈവെടിയരുതെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഇസ്‌ലാമിന്റെ പ്രാരംഭകാലം മുതല്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത് വിദ്യാഭ്യാസത്തിനായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ ആദ്യ വാക്ക് തന്നെ വായിക്കാനുള്ള 'ഇഖ്‌റഅ്' എന്ന ആഹ്വാനമാണ്. ഇസ്‌ലാമിന്റെ ജീവവായുവും മതത്തിന്റെ അടിത്തറയും വിജ്ഞാനമാണെന്നാണു തിരുപാഠം. അറിവു നേടല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണെന്നും തിരുനബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ തീയും പുകയും അടിയന്തരാവസ്ഥാ പശ്ചാത്തലവുമുണ്ടായപ്പോള്‍ പോലും നിശ്ചിത വ്യക്തികള്‍ നബി സന്നിധിയിലെത്തി അറിവു നേടണമെന്ന ഖുര്‍ആന്റെ കര്‍ശന ശാസനം (9:122) ആധുനിക യുഗത്തില്‍ പോലും വര്‍ധിത പ്രസക്തിയുള്ളതാണ്.
ഈ താല്‍പര്യത്തിലാണ് കേരളത്തിലെ മദ്‌റസാ പ്രസ്ഥാനമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പിറവി. ആറു പതിറ്റാണ്ടിലധികം സുദീര്‍ഘവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ മദ്‌റസാ സംവിധാനം മുസ്‌ലിം കേരളത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മദ്‌റസകള്‍ സാധ്യമാക്കിയ മതകീയ ചൈതന്യവും ഇസ്‌ലാമിക നവോത്ഥാനവും ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തവിധം വികാസം പ്രാപിച്ചു.
നൂതനമായ സംവിധാനങ്ങളും കാലോചിതമായ പരിഷ്‌കാരങ്ങളും വിദ്യാഭ്യാസ മേഖലയെ സജീവമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഉത്തരാധുനിക കാലഘട്ടത്തില്‍ സമസ്തയുടെ മദ്‌റസാ സംവിധാനവും പുതിയ രീതികള്‍ ആവാഹിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. നമ്മുടെ മദ്‌റസാ കരിക്കുലവും പാഠപുസ്തകവും വിശിഷ്യാ ഖുര്‍ആന്‍ പാരായണവുമെല്ലാം കാലാനുസൃതമായ മാറ്റങ്ങള്‍ക്കു വിധേയമാക്കിയാണ് വിദ്യാഭ്യാസ ബോര്‍ഡ് സംവിധാനിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തയാറാക്കിയും അധ്യാപക-വിദ്യാര്‍ഥികള്‍ക്കായി നിരന്തര ട്രെയിനിങ്ങുകള്‍ നടത്തിയും മദ്‌റസാ സംവിധാനത്തെ കാലത്തോടൊപ്പം ചലിപ്പിക്കാന്‍ ബോര്‍ഡിനു കീഴില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
ലോക്ക് ഡൗണ്‍ മൂലം രണ്ടു മാസത്തിലേറെ നമ്മുടെ മദ്‌റസാ പ്രവര്‍ത്തനങ്ങള്‍ക്കു ഭംഗം വന്നുവെങ്കിലും മദ്‌റസാധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും സാധ്യമാകുന്ന മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി മദ്‌റസാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിച്ചത് ഏറെ അഭിമാനകരവും ആത്മസംതൃപ്തി പകരുന്നതുമാണ്. കൊവിഡ് വിതച്ച ദുരിതഘട്ടത്തില്‍ മദ്‌റസാധ്യാപകരുടെ ക്ഷേമത്തിനു വേണ്ടി വിദ്യാഭ്യാസ ബോര്‍ഡും അധ്യാപക സംഘടനായ ജംഇയ്യത്തുല്‍ മുഅല്ലിമീനും ആറു കോടിയിലധികം രൂപയാണു ചെലവഴിച്ചത്. വിവിധ മദ്‌റസാ മാനേജ്‌മെന്റും ഈയൊരു സംരംഭത്തിനായി സഹായഹസ്തവുമായി മുന്നോട്ടുവന്നത് കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
ഓരോ അധ്യയന വര്‍ഷാരംഭവും നമുക്ക് സന്തോഷദായകമായിരുന്നു. വര്‍ണപ്പകിട്ടോടെ, വിപുലമായ രീതിയില്‍ പ്രവേശനപരിപാടികളും പഠനാരംഭ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത്തരം പരിപാടികള്‍ക്കു പ്രാമുഖ്യം നല്‍കാതെ, കൃത്യസമയത്തു തന്നെ പഠനമാരംഭിക്കാനും അതിനു സാധ്യമായ സംവിധാനങ്ങളുപയോഗപ്പെടുത്താനുമാണ് നാം ശ്രദ്ധിച്ചത്. സാഹചര്യങ്ങളും ചുറ്റുപാടുകളും ദിനംപ്രതി വികലമായിക്കൊണ്ടിരിക്കുന്ന കാലത്തു മുന്നിലുള്ള മാധ്യമങ്ങളെ നന്മവഴിയില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്നതാണ് നമ്മുടെ ബാധ്യത.
ദീര്‍ഘകാലത്തെ ഇടവേളകള്‍ വിദ്യാര്‍ഥികളെ നിഷ്‌ക്രിയത്വത്തിലേക്കും ദൂഷിത വലയങ്ങളിലേക്കും നയിക്കരുത്. ആയതിനാല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ മദ്‌റസാ സംവിധാനം കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കേണ്ടതുണ്ട്. മദ്‌റസാധ്യാപകരും രക്ഷിതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ഈ സംവിധാനത്തിന്റെ വിജയത്തിനായി അക്ഷീണപ്രയ്തനങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.
(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറിയാണ് ലേഖകന്‍)
Leave A Comment