'താന്‍ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം' കത്‌വ പെണ്‍കുട്ടിയുടെ അഭിഭാഷക

 

താന്‍ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും ഓരോ ദിവസവും മരണവുമായി യുദ്ധം ചെയ്യുകയാണെന്നും കത് വ കൂട്ട ബലാത്സംഗ കേസില്‍ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ്ങ് രാജാവത്തിന്റെ വെളിപ്പെടുത്തല്‍.
കത്വയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിലെ മുറിയില്‍ അടച്ചു ദിവസങ്ങളോളം പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിക്ക് നീതിക്കായി പോരാടുകയാണിവര്‍.

കേസില്‍ ഹാജരായ അന്നുമുതല്‍ ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. തന്നെ മാത്രമല്ല മകളേയും ഭര്‍ത്താവിനേയും കൊലപ്പെടുത്തുമെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരുടെ അനുയായികള്‍ അയക്കുന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നു- അഭിഭാഷക വ്യക്തമാക്കുന്നു.

വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെതന്നെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കശ്മിര്‍ പൊലിസാണു സുരക്ഷ ഒരുക്കുന്നത്. എന്നിരുന്നാലും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരുമായി ബന്ധപ്പെട്ടവര്‍ തന്നെയും കൊലപ്പെടുത്തുമെന്നു പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവര്‍ക്കെതിരായി കോടതിയില്‍ എത്തിയതുമുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. തന്റെ വീടിനടുത്തു മയക്കുമരുന്നു കൊണ്ടുവച്ച് കേസില്‍ കുടുക്കാനുള്ള ശ്രമവുമുണ്ടായി- അഭിഭാഷക ദീപികാ സിങ് രജാവത്ത് മാധ്യമങ്ങളോടു പറഞ്ഞു.

എട്ടു പേരാണു സംഘം ചേര്‍ന്ന് എട്ടുവയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ജമ്മുവില്‍നിന്നു നാടോടികളായ ബക്കര്‍വാള്‍ മുസ്ലിം വിഭാഗക്കാര്‍ കുടിയൊഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിന്റെ ഭാഗമായാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

അക്രമികള്‍ക്കു സഹായം നല്‍കുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കേസ് നടപടികള്‍ സുതാര്യമാക്കാന്‍ സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരം കശ്മിര്‍ കോടതിയില്‍നിന്ന് വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter