യു.പി ‘ലവ് ജിഹാദ്’ നിയമം:  ഭരണഘടന അട്ടിമറിക്കപ്പെടുന്ന വിധം

‘ലവ് ജിഹാദിനെതിരെയുള്ള നിയമ’ മെന്ന പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  കൊണ്ടുവന്ന ഓര്‍ഡിനന്‍സും അതിന് ഗവര്‍ണര്‍ നല്‍കിയ അംഗീകാരവും ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നതും നിലവിലുള്ള നിയമനിര്‍മാണ രീതികളെ അട്ടിമറിക്കുന്നതുമാണ്. അടിയന്തിരസാഹചര്യങ്ങളില്‍ മാത്രം ഗവര്‍ണര്‍ക്ക് പ്രയോഗിക്കാവുന്ന ഭരണഘടനയുടെ 213-ാം വകുപ്പ് നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് നിയമസഭ ചേരാതെ തന്നെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതര മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 50,000 രൂപവരെ പാരിദോഷികമായി നല്‍കിയിരുന്ന സംസ്ഥാനത്താണ് അത്തരം വിവാഹങ്ങള്‍ക്ക് തുനിയുന്ന യുവതി-യുവാക്കളെ കഠിനമായശിക്ഷിക്കാന്‍ വ്യവസ്ഥകളുള്ള നിയമനിര്‍മാണവുമായി യോഗി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നതെന്നത് വിരോധാഭാസമാണ്. 

പ്രസ്തുത നിയമനിര്‍മാണം ഉയര്‍ത്തുന്ന ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ക്കും സാമൂഹിക സാംസ്‌കാരിക പ്രതിസന്ധികള്‍ക്കും അപ്പുറത്താണ് വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തുന്ന യു.പിയിലെ ആള്‍കൂട്ട മനസ്സിന് അത് നല്‍കുന്ന പിന്‍ബലം. അഥവാ,  ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാങ്കല്‍പിക സൃഷ്ടിയായ ലവ് ജിഹാദിനെതിരില്‍ നിയമനിര്‍മാണം നടന്നതോടു കൂടി ഗോവധ നിരോധനനിയമത്തിലെന്നപോലെ ആള്‍കൂട്ടകൊലപാതകങ്ങള്‍ വ്യാപകമായി നടക്കാനുള്ള സാധ്യതയാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നതിന്റെ പിറ്റേ ദിവസം തന്നെ പുതിയ നിയമം പ്രയോഗിച്ച് ഒരു വര്‍ഷം മുമ്പ് ഒത്തുതീര്‍പ്പായ കേസില്‍ യു.പി പോലീസ്  മുസ്‌ലിം ചെറുപ്പക്കാരനെ വേട്ടയാടാന്‍ തുടങ്ങിയ വാര്‍ത്ത ഇതിനകം വന്നു കഴിഞ്ഞു. രാഷ്ട്രീയവും സാമുദായികവുമായ താത്പര്യം മാത്രമാണ് പുതിയ നിയമനിര്‍മാണത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് ബോധ്യപ്പെടുത്താന്‍ ഇതില്‍ കവിഞ്ഞ് വേറെ എന്ത് തെളിവ് വേണം?
‘ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിയമം 2020’എന്നപേരില്‍ നിലവില്‍ വന്ന നിയമമനുസരിച്ച് വിവാഹ-അനുബന്ധ മതപരിവര്‍ത്തനം പത്ത് വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യമായിരിക്കുന്നു. പെണ്‍കുട്ടിയുടെ മതപരിവര്‍ത്തനം ലക്ഷ്യം വെച്ചു വിവാഹം ചെയ്താല്‍ പ്രസ്തുത വിവാഹം അസാധുവായിരിക്കും. വിവാഹത്തിന് ശേഷം ഒരാള്‍ക്ക് മതം മാറണമെന്നുണ്ടെങ്കില്‍ രണ്ട് മാസം മുമ്പ് ജില്ലാമജിസ്‌ട്രേറ്റിനു മുമ്പാകെ ബോധിപ്പിക്കേണ്ടതായി വരും. മജിഷ്‌ട്രേറ്റ് അന്വേഷിച്ച് അംഗീകാരം നല്‍കിയാല്‍ മാത്രമേ മതമാറ്റത്തിന് നിയമാംഗീകാരമുണ്ടാവുകയുള്ളൂ. നിയമം ലഘിക്കുന്നവര്‍ക്കെതിരെ അഞ്ച് വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ചുമത്തപ്പെടും. എന്നാല്‍, പെണ്‍കുട്ടി പട്ടികജാതി പട്ടിവര്‍ഗക്കാരിയോ വിവാഹ പ്രായമെത്താത്തവരോ ആണെങ്കില്‍ മൂന്നു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവും 25000 രൂപ പിഴയും ചുമത്തപ്പെടും.

‘ലവ് ജിഹാദെ’ന്ന് നിയമത്തില്‍ എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഇത് നിയനിര്‍മാണത്തിനു പിന്നിലെ കള്ള രാഷ്ട്രീയം തുറന്നുകാണിക്കുന്നുണ്ട്. മധ്യപ്രധേശ് ഗവണ്‍മെന്റ് ലവ് ജിഹാദി’നെതിരില്‍ നിയമനിര്‍മാണം നടത്താന്‍ പോകുന്നു എന്ന പ്രഖ്യാപനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസങ്ങള്‍ക്കുള്ളിലാണ് യു.പി ഗവണ്‍മെന്റ്  ഇത്തരത്തില്‍ ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. നിയനിര്‍മാണത്തിന് യോഗി ആദിത്യനാഥ് തെളിവായി ഉദ്ധരിച്ചിരുന്ന അലഹാബാദ് ഹൈകോടതിയുടെ വിധി ശരിയായിരുന്നില്ല എന്ന് ഈ അടുത്തായി അതേകോടതിയുടെ ഡിവിഷന്‍ ബെഞ്ച് തന്നെ വ്യക്തമാക്കിയിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിലെ പരാമാര്‍ശങ്ങള്‍ പുതിയ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്നുമുണ്ട്. മതത്തിനതീതമായി ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ടെന്നും അത് ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പ് നല്‍കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള ആവകാശത്തിന്റെ ഭാഗമാണെന്നും പ്രസ്തുത വിധിപ്രസ്താവത്തിലൂടെ കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത്തരം കോടതിവിധികളോ ഭരണഘടയുടെ വിഭാവനകളോ മുഖവിലക്കെടുക്കാതെയാണ് ഉത്തര്‍പ്രദേശിനു പിറകെ ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക, ആസാം തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ‘ലവ്ജിഹാദി’നെതിരെ നിയമമെന്നപേരില്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നടപ്പാക്കാനൊരുങ്ങികൊണ്ടിരിക്കുന്നത്. നിര്‍ബന്ധമതപരിവര്‍ത്തനത്തിനെതിരെ നിലവില്‍ തന്നെ നിയമങ്ങള്‍ നിലവിലുള്ള സംസ്ഥാനങ്ങളാണ് ഒറീസ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഘഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍. എന്നാല്‍ വിവാഹവുമായി ബന്ധപ്പെടുത്തിയും വ്യക്തതയില്ലാത്ത പദപ്രയോഗങ്ങളിലുടെയും ആള്‍കൂട്ടത്തിന് വ്യഖ്യാനിക്കാവുന്ന രീതിയിലാണ് പുതിയ മതപരിവര്‍ത്തന നിരോധനനിയമങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നത് വളരെ ഗൗരവത്തോടെ എടുക്കേണ്ട സംഗതിയാണ്. .

ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധനനിയമത്തിലെ വ്യവസ്ഥകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്ന് കാണാനാവും. പ്രസ്തുത നിയമമനുസരിച്ച് നിയമവിരുദ്ധ മതപരിവര്‍ത്തനമെന്നാല്‍ ‘തെറ്റായപ്രതിനിധാനത്തിലൂടെയോ, ശക്തിപ്രയോഗമോ അനാവശ്യസ്വാധീനമോ ഉപയോഗിച്ചോ എന്തെങ്കിലും പ്രലോഭനമോ വഞ്ചനാപരമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചോ അല്ലെങ്കില്‍ വിവാഹത്തിനു വേണ്ടിയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് ഒരാളെ മതപരിവര്‍ത്തനം നടത്തുക’ എന്നതാണ്. വല്ല സമ്മാനമോ, ജോലിയോ, വിദ്യാഭ്യാസ അവസരമോ വാഗ്ദാനം ചെയ്യുന്നതു മാത്രമല്ല നല്ല ജീവിത രീതിയിലേക്കുള്ള മാറ്റമായോ ദൈവിക അതൃപ്തിയില്‍ നിന്നുള്ള മോചനമായോ മതത്തെ അവതരിപ്പിച്ച് അതിലേക്ക് ക്ഷണിച്ചാലും അത് പ്രലോഭനത്തിന്റെ നിര്‍വചനത്തില്‍ പെടും. ഈ രീതിയില്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും  15000 രൂപവരെ പിഴയും ചുമത്തപ്പെടും. മുകളില്‍ പറഞ്ഞതുപോലെ പട്ടികജാതി പട്ടികവര്‍ഗക്കാരിയോ പ്രായം തികയാത്തവരോ ആണ് പെണ്‍കുട്ടിയെങ്കില്‍ പത്ത് വര്‍ഷം വരെ തടവിനും അരലക്ഷം രൂപവരെ പിഴയക്കും  ശിക്ഷിക്കപ്പെടും.

നിയമത്തിലെ 8, 9 സെക്ഷനുകളിലെ വ്യവസ്ഥകള്‍ അനുസരിച്ച് മതം മാറാന്‍ ഉദ്ദേശിക്കുന്നയാള്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറുന്നതെന്നും ഇതില്‍ ആരുടെയും വഴിവിട്ട സ്വാധീനമോ നിര്‍ബന്ധമോ ബലപ്രയോഗയോ ഉണ്ടായിട്ടില്ലെന്നും ബോധ്യപ്പെടുത്തുന്ന നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം ജില്ലാമജിസ്‌ട്രേറ്റ് മുമ്പാകെ ചുരുങ്ങിയത് 60 ദിവസം മുമ്പെങ്കിലും സമര്‍പ്പിക്കേണ്ടതാണ്. മതം മാറുന്ന ആള്‍മാത്രമല്ല, അതിന് കാര്‍മികത്വം വഹിക്കുന്നവരും നിശ്ചിപ്ത മാതൃകയിലുള്ള സത്യവാങ്മൂലം മതപരിവര്‍ത്തനം നടക്കുന്നതിന് ചുരുങ്ങിയത് ഒരു മാസം മൂമ്പെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിനു മുമ്പാകെ ബോധിപ്പിക്കേണ്ടതാണ്. തുടര്‍ന്ന് മതപരിവര്‍ത്തനത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം, ലക്ഷ്യം, കാരണം എന്നിവയെക്കുറിച്ച് പോലീസിനെ കൊണ്ട് അന്വേഷണം നടത്തിയാണ് ജില്ലാ അധികാരി മതപരിവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടത്. മജിസ്‌ട്രേറ്റിന്റെ അറിവോടെയല്ലാത്ത ഏത് മതംപരിവര്‍ത്തനവും അസാധുവാകുമെന്നുമാത്രമല്ല. പ്രസ്തുത സത്യവാങ്മൂലം നല്‍കാതെ മതം മാറുന്നയാള്‍ 10000 രൂപവരെ പിഴഅടക്കേണ്ടിവരികയും ആറ് മാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്യും. എന്നാല്‍ മതപരിവര്‍ത്തനത്തിന് കാര്‍മികത്വം വഹിക്കുന്നയാള്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെതടവിനും 25000 രൂപ പിഴക്കും ശിക്ഷിക്കപ്പെടാം.
മതപരിവര്‍ത്തനത്തിന് ശേഷം സ്വീകരിക്കേണ്ട നടപടിയാണ് ഏറെ വിചിത്രവും ആശങ്കാജനകവുമായത്. അഥവാ, മതം മാറി രണ്ട് മാസത്തിനകം വീണ്ടും ഒരു സത്യവാങ്മൂലം ജില്ലാമജിസ്‌ടേറ്റിനു മുമ്പാകെ സമര്‍പ്പിക്കുകയും മതപരിവര്‍ത്തനം ഉറപ്പാക്കപ്പെടുന്നതുവരെ പ്രസ്തുത സത്യവാങ്മൂലം മജിസ്‌ട്രേറ്റ് ഓഫീസിന്റെ നോടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കപ്പെടേണ്ടതുമാണ്. മതംമാറുന്ന ആളുടെ പേര്, ജനനതിയ്യതി, സ്ഥിര അഡ്രസ്, നിലവിലെ അഡ്രസ്, പിതാവിന്റെ/ഭര്‍ത്താവിന്റെ പേര്, ഏത് മതത്തില്‍ നിന്നാണ് മാറിയത്, ഏത് മതത്തിലേക്കാണ് മാറിയത്, ഏത് സ്ഥലത്ത്, ഏത് സമയത്ത്, ഏന്തെല്ലാം നടപടികള്‍ സ്വീകരിച്ചാണ് മതം മാറ്റം നടന്നത് തുടങ്ങിയ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതായിരിക്കും ഈ സത്യവാങ്മൂലം. ഇത് സമര്‍പ്പിച്ച് 21 ദിവസത്തിനകം ജില്ലാമജിസ്രട്രേറ്റിനു മുമ്പാകെ നേരിട്ടു ഹാജറായി ഐഡന്റ്റ്റി തെളിയിക്കേണ്ടതും പറഞ്ഞകാര്യങ്ങളെല്ലാം സത്യമാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തിക്കൊടുക്കേണ്ടതുമാണ്. 


Also Read:ലൗ ജിഹാദ് - യഥാര്‍ത്ഥത്തില്‍ അപമാനിതരാകുന്നത് സഹോദരിമാരല്ലേ


ഇതിലും അപകടകരമായ വ്യവസ്ഥയാണ് നിയമത്തിലെ 12-ാം സെക്ക്ഷനില്‍ പറഞ്ഞിരിക്കുന്നത്. അതനുസരിച്ച് മതപരിവര്‍ത്തനം സ്വാഭാവികമായി സംഭവിച്ചതാണെന്ന് തെളിയിക്കേണ്ട് മതംപരിവര്‍ത്തനത്തിന് കാരണക്കാരനായി ചൂണ്ടിക്കാണിക്കപ്പെടുന്ന ആളുടെ ബാധ്യതയാണ്. കേവലം വിവാഹത്തിനു വേണ്ടിയല്ല എന്നും അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗമോ പ്രലോഭനമോ നടന്നിട്ടില്ല എന്നും തെളിയിക്കേണ്ടത് മതപരിവര്‍ത്തനത്തിന് കാരണക്കാരനായ ആളുടെ അല്ലെങ്കില്‍ അതിന് സൗകര്യം ചെയ്തു കൊടുത്ത ആളുടെ ഉത്തരവാദിത്തമായിരിക്കും. ചുരുക്കത്തില്‍ വിവാഹത്തിനു വേണ്ടിയല്ലെങ്കില്‍ പോലും മതപരിവര്‍ത്തനം അസാധ്യമാക്കുന്ന രീതിയിലാണ് നിയമത്തിലെ വ്യവസ്ഥകള്‍. 

ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന പല അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നു കയറ്റമാണ് യോഗി കൊണ്ടുവന്ന പുതിയ നിയമം. വ്യക്തികളെ അവരുടെ മതത്തിന്റെയോ ജാതിയുയോ ലിംഗത്തിന്റെ പേരില്‍ വിവേചനം കാണിക്കരുതെന്ന ആര്‍ടിക്ള്‍ 14ന്റെ ലംഘനമാണ് വിവാഹത്തിലേര്‍പ്പെടുന്ന സ്ത്രീകളെ മാത്രം ഉന്നംവെക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍. സ്ത്രീകള്‍ക്ക് സ്വന്തമായി കാര്യങ്ങല്‍ തീരുമാനിക്കാനുള്ള കഴിവില്ലാത്തവരായും പ്രലോഭനങ്ങള്‍ക്കും പെട്ടെന്ന് കീഴ്‌പ്പെടുന്നവരായും കണക്കാക്കിയാണ് നിമയനിര്‍മാണം നടത്തിയിരിക്കുന്നത്. ഏതൊരാള്‍ക്കും ശരിയാണെന്ന് തോന്നുന്ന വിശ്വാസാനുഷ്ഠാനങ്ങള്‍ തിരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനുമുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്.  ആര്‍ട്ക്ള്‍ 21 ഓരോ പൗരനും വകവെച്ചുനല്‍കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ വ്യക്തമായ ലംഘനമാണ് നിയമത്തിലെ ഓരോ വ്യവസ്ഥകളും. എല്ലാറ്റിനും പുറമെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുതരുന്ന ഭരണഘടനയുടെ 25 മുതല്‍ 28വരെയുള്ള ആര്‍ടികുകളെ അട്ടിറിക്കുന്ന രീതിയിലാണ് മതപരിവര്‍ത്തനത്തിന് വേണ്ടി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥകള്‍. ഓരോ വ്യക്തിക്കും സ്വന്തം മനഃസ്സാക്ഷി അനുസരിച്ച് ജീവിക്കാനും ഏത് മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനു പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടയുടെ 25-ാം വകുപ്പും മതപരിവര്‍ത്തനത്തിന് യു.പി നിയമം നിര്‍ദേശിക്കുന്ന ചട്ടങ്ങളും പരസ്പരവിരുദ്ധങ്ങളാണെന്ന് ആര്‍ക്കും ബോധ്യമാവുന്ന കാര്യമാണ്. 

മാത്രവുമല്ല, വ്യക്തികളുടെ സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശം തന്നെയാണെന്ന 2017ലെ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയും ഏറെ കോളിളക്കം സൃഷ്ടിച്ച ശഫീന്‍ജഹാന്‍-ഹാദിയ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളും ഇവിടെ ഏറെ ശ്രദ്ധേയമായി പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണ്. നമ്മുടെ ഭരണഘടനയുടെ ശക്തി കുടികൊള്ളുന്നത് നമ്മുടെ സാംസ്‌കാരികവൈവിധ്യത്തിലും ബഹുസ്വരതയിലുമാണെന്നും. വ്യക്തികളുടെ വിശ്വാസം വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടുന്നത് പൗരന്‍മാര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യത്തെ തടയുന്നതിനു തുല്യമാവുമെന്നും അതിനാല്‍ ഷഫീന്‍ ജഹാന്റെയും ഹാദിയയുടെയും വിവാഹത്തിന്റെ സാധുത അന്വേഷണ വിഷയമാവാന്‍ പാടില്ലെന്നുമാണ് അന്ന് സുപ്രീം കോടതി പറഞ്ഞത്. 
ജാതിക്കും മതത്തിനും അതീതമായി ഇണകളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ള ഇന്ത്യന്‍ ഭരണഘടനയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടും ഇത്തരം നിയമനിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്ത് ഉണര്‍ന്നുവരുന്നില്ല എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു താത്പര്യവുമില്ലാത്ത ഇത്തരം നിയമത്തിന്റെ ഭരണഘടനാ സാധുതയോ അതുയര്‍ത്തുന്ന പൗരസ്വാതന്ത്ര്യത്തെയും മൗലികാവകാശലംഘനങ്ങളെയും സംബന്ധിച്ച പ്രശ്‌നങ്ങളോ രാഷ്ട്രീയ പാര്‍ടികള്‍ക്കോ മുഖ്യധാരാ മാധ്യമങ്ങള്‍ക്കോ ഇതുവരെ വിഷയമായില്ല എന്നത് വര്‍ത്തമാന കാല ഇന്ത്യ എത്തിനില്‍ക്കുന്ന നിസ്സാഹയത കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട.് രാജസ്ഥാന്‍ മുഖ്യമന്ത്രി അഷോക് ഗഹ്‌ലോടും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും മാത്രമാണ് ഈ വിഷയവുമായി ബന്ധപ്പെട്ടു വ്യക്തമായൊരു പ്രതിശബ്ദവുമായി രംഗത്ത് വന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ജനങ്ങളെ വിഭജിക്കാനും വേണ്ടി ബി.ജെ.പി കെട്ടിച്ചമച്ചുണ്ടാക്കിയ ആശയമാണ് ലവ്ജിഹാദെന്നും തീര്‍ത്തും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന വിവാഹത്തിനെതിരില്‍ നിയമനിര്‍മാണം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഗഹ്‌ലോട്ട് തുറന്നു പറയുകയുണ്ടായി. എന്നാല്‍, ഔദ്യോഗികമായി കോണ്‍ഗ്രസോ മറ്റു രാഷ്ട്രീയ പാര്‍ടികളോ ലവ്ജിഹാദെന്ന ഗൂഡാലോചനാസിദ്ധാന്തത്തെയോ അതിനെതിരെ നടത്തികൊണ്ടിരുന്ന നിയനിര്‍മാണ നീക്കങ്ങളെയോ എതിര്‍ക്കാന്‍ ഇതു വരെ തയ്യാറായിട്ടില്ല എന്നത് ഏറെ നിരാശാജനകമാണ്. 

യഥാര്‍ഥത്തില്‍ എന്താണ് ലവ്ജിഹാദെന്ന് ഇതുവരെ നിര്‍വചിക്കപ്പെടുകയോ അത്തരമൊരു പ്രതിഭാസം നടക്കുന്നതിനുള്ള തെളിവുകള്‍ ഇതുവരെ ആരും ഹാജറാക്കുകകയോ ചെയ്തിട്ടില്ല. മാത്രമല്ല കഴിഞ്ഞ ഫെബ്രുവരിയില്‍ ആഭ്യന്തര സഹമന്ത്രി ഔദ്യോഗികമായി തന്നെ പാര്‍ലമെന്റില്‍ പറഞ്ഞത് ഇങ്ങനെയൊരു സംഗതി നിലനില്‍ക്കുന്നില്ല എന്നാണ്. കുറച്ച് മുമ്പ് കേരളത്തിലും കര്‍ണാടകത്തിലും ഇത് സംബന്ധിച്ചു നടന്ന അന്വേഷണങ്ങളും ലവ്ജിഹാദ് ഒരു മിഥ്യയാണെന്ന് റിപ്പോര്‍ട് ചെയ്തിരുന്നു. യു.പിയിലെ കാണ്‍പൂരില്‍ തന്നെ ലവ്ജിഹാദെന്ന് ആരോപിക്കപ്പെട്ട 14 വിവാഹങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയെ യോഗിയുടെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് അത്തരം വിവാഹങ്ങളില്‍ എന്തെങ്കിലും ഗൂഢാലോചനയോ വിദേശഫണ്ടിന്റെ സാന്നിധ്യമോ തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവാഹത്തിന് വേണ്ടി നടന്ന ചില ഒറ്റപെട്ട മതപരിവര്‍ത്തനങ്ങളെ ബോധപൂര്‍വം ഹിന്ദുയുവതികളെ മതപരിവര്‍ത്തനം നടത്താനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച് അത്തരം വിവാഹങ്ങളെ പ്രതിരോധിക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ കണ്ടെത്തിയ പദമായിരുന്നു ലവ് ജിഹാദ്.  

1967-ല്‍ ഒറീസ ഗവണ്‍മെന്റും 1968-ല്‍ മധ്യപ്രദേശ് ഗവണ്‍മെന്റും മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അതിന്റെ ലക്ഷ്യം ക്രൈസ്തവ മിഷിനറി പ്രവര്‍ത്തനങ്ങളായിരുന്നു. എന്നാല്‍ 2004 ന് ശേഷം ബി.ജെ.പി ഗവണ്‍മെന്റുകള്‍ നിലവില്‍ വന്ന ചിലസംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനനിരോധന നിയമങ്ങളുമായി രംഗത്ത് വന്ന പ്രത്യേക സാഹചര്യത്തിലാണ് ലവ് ജിഹാദെന്ന പദം പ്രചാരത്തിലാവാന്‍ തുടങ്ങിയത്. ഇതിന് പിന്നില്‍ കൃത്യമായി ആസൂത്രണങ്ങളുണ്ട്. പട്ടികവര്‍ഗവിഭാഗങ്ങള്‍ കൂടുതലുള്ളതും ക്രൈസ്തവ മിഷിനറി പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നതുമായി സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തനത്തിനെതിരെ നിയമങ്ങള്‍ വരാന്‍ തുടങ്ങിയത്. സ്വാതന്ത്രത്തിനു മുമ്പ് തന്നെ ക്രിസ്ത്യന്‍ മിഷിനറികളെ പ്രതിരോധിക്കാന്‍ വേണ്ടി പല പ്രിന്‍സ്‌ലി സ്റ്റേറ്റുകളിലും നിയമങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍, മതപരിവര്‍ത്തന നിരോധനനിയമവുമായി ബന്ധപ്പെട്ട കോലാഹലങ്ങളുടെ കേന്ദ്ര സ്ഥാനത്തേക്ക് മുസ്‌ലിംയുവാക്കളെ മാറ്റിസ്ഥാപിച്ചതില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടകളുണ്ട്. ഇതിന് വേണ്ടി ലവ്ജിഹാദെന്ന ഗൂഡാലോചനാസിദ്ധാന്തം മെനയുകയും അതിനെ ഒരു ഭയാനക പ്രശ്‌നമായി അവതരിപ്പിക്കുകയും ചെയ്തതില്‍ കേരളത്തിലെ ചില ക്രൈസ്തവ സ്ഥാപനങ്ങളും വ്യക്തികളും കൃത്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. ലവ് ജിഹാദെന്നത് രാജ്യത്തിന് പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്ക് വലിയഭീഷണിയായി മാറികൊണ്ടിരിക്കുകയാണെന്നും നാലായിരത്തിലധികം ക്രൈസ്തവ സ്ത്രീകള്‍ ഇതിന്റെ ഇരകളായിട്ടുണ്ടെന്നും പത്രക്കാരോട് പറഞ്ഞ ദേശീയ ന്യനപക്ഷകമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്റെ പ്രസ്താവനകളും ക്രിസ്തീയ സ്ത്രീകള്‍ ലവ്ജിഹാദിന്റെ പേരില്‍ ഉന്നംവെക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന സീരോ ക്രിസ്ത്യന്‍ മീഡിയ കമ്മീഷന്റെ പേരില്‍ വന്ന റിപ്പോര്‍ടും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. 

യഥാര്‍ഥത്തില്‍, ലവ്ജിഹാദിനെതിരെയുള്ള നിയമമായി യോഗി ആദിത്യനാഥ് കൊണ്ട് വന്നത് മുകളില്‍ പ്രതിപാദിച്ച സംസ്ഥാനങ്ങളില്‍ നിലവിലുണ്ടായിരുന്ന മതപരിവര്‍ത്തനനിരോധന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ടതാണ്. വിവാഹ സംബന്ധമായ മതപരിവര്‍ത്തനം എന്ന് കൂടി ചേര്‍ത്തതും എല്ലാ നിയമങ്ങളിലുമുള്ളതിനേക്കാള്‍ കഠിനമായ ശിക്ഷാവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതുമാണ് കാതലായ മാറ്റം. അഥവാ, രാഷ്ട്രീയമുതലെടുപ്പിനുവേണ്ടി ലവ്ജിഹാദിനെതിരെയുള്ള നിയമമെന്നു പറയുമ്പോള്‍ തന്നെ അത് ഉന്നം വെക്കുന്നത് ആരോപിക്കപ്പെടുന്നതുപോലെ ഹിന്ദുയുവതികളെ പ്രേമിച്ചു വിവാഹം കഴിക്കുന്ന മുസ്‌ലിംചെറുപ്പക്കാരെ മാത്രമല്ല. മറിച്ച് മതംമാറാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും മതപ്രബോധനം ചെയ്യാനുള്ള വിശ്വാസികളുടെ അവകാശത്തെയുമാണ്. ആയതിനാല്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് കൊണ്ടുവന്ന നിയമത്തിനെതരിരെ ശക്തമായ ശബ്ദം ഉയരേണണ്ടത് ഇന്ത്യന്‍ ഭരണഘടനയുടെയും അതുയര്‍ത്തുന്നമൂല്യങ്ങളുടെയും സംരക്ഷണത്തിന് അനിവാര്യമാണ്. 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter