ആരാണ് യേശുക്രിസ്തു?
യേശുക്രിസ്തു സവിശേഷമായി അനുസ്മരിക്കപ്പെടുകയും പരിചയപ്പെടുത്തപ്പെടുകയും ചെയ്യുന്ന ഒരു സന്ദര്‍ഭമാണിത്. ആരാണ് അദ്ദേഹം എന്ന ഒരന്വേഷണം ബൈബിളിന്റെ വെളിച്ചത്തില്‍ നടത്തുന്നത് ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണല്ലോ.
യേശു ക്രിസ്തു ദൈവമോ ദൈവപുത്രനോ ആണെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ആദിമ ശിഷ്യന്‍മാരും പ്രഥമ നൂറ്റാണ്ടുകളിലെ പുരോഹിതരും മതമേധാവികളും (ഉദാഹരണം: ആരിയോസ്- ഏകദൈവത്വത്തിലധിഷ്ഠിതമായ ആരിയോസിയന്‍ ദര്‍ശനം ക്രിസ്ത്വബ്ദം 7-ാം നൂറ്റാണ്ടുവരെ നിലനിന്നിരുന്നു.) യേശു മനുഷ്യനാണെന്നും ദൈവമല്ലെന്നുമാണ് വിശ്വസിച്ചിരുന്നത്. ബൈബ്ള്‍ പഴയ നിയമവും പുതിയ നിയമമായ മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നീ സുവിശേഷങ്ങളും ഈ വിശ്വാസമാണ് പ്രാമാണികവും ശരിയുമെന്ന് സ്ഥിരീകരിക്കുന്നു. അതു കൊണ്ട് തന്നെയാണ് ആദിമ നൂറ്റാണ്ടുകാര്‍ ഈ വിശ്വാസം മുറുകെ പിടിക്കുന്നവരായത്.
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി എ.സി 325ല്‍ വിളിച്ചു ചേര്‍ത്ത മതമേലധ്യക്ഷന്‍മാരുടെ നിക്യാ സമ്മേളനത്തിലും ഏകദൈവവിശ്വാസികള്‍ക്കായിരുന്നു ഭൂരിപക്ഷം. രണ്ടായിരത്തിയെട്ട് ബിഷപ്പുമാര്‍ പങ്കെടുത്ത ആ സുന്നഹദോസില്‍ മുന്നൂറ്റിമുപ്പത്തിയെട്ട് പേര്‍ മാത്രമാണ് യേശുവില്‍ ദിവ്യത്വമുണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. ദുരൂഹമായ കാരണങ്ങളാല്‍ ചക്രവര്‍ത്തി ന്യൂനപക്ഷത്തിന്റെ അഭിപ്രായ ഗതിയോട് പിന്തുണ പ്രഖ്യാപിക്കുകയും അതംഗീകരിക്കപ്പെടുകയുമായിരുന്നു.
ഒന്നാമതായി യേശുവിന്റെ ജന്മമെടുക്കാം. നമ്മെയൊക്കെപ്പോലെത്തന്നെ യേശുവിന്റെ പരമ്പര സുജ്ഞാതമാണ്. അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുവിന്റെ വംശാവലി മത്തായിയുടെ സുവിശേഷാരംഭത്തില്‍ തന്നെയുണ്ട്. അതവസാനിക്കുന്നതിപ്രകാരമാണ്: ഇങ്ങനെ അബ്രഹാം മുതല്‍ ദാവീദ് വരെ പതിനാലും ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തു വരെ പതിനാലും തലമുറകളാണ് ആകെയുള്ളത്.(മത്തായി 1:1-17) തന്റെ സൃഷ്ടികളായ കുറേ മനുഷ്യരുടെ നിശ്ചിത പരമ്പരകളിലൂടെ ദൈവം ജനിക്കുക എന്നത് മൗഢ്യമല്ലേ?
മാനുഷിക കാര്യങ്ങളില്‍ മറ്റുള്ളവരെപ്പോലെത്തന്നെയായിരുന്നു യേശു. അന്നപാനാദികള്‍ കഴിക്കുകയും വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തിരുന്നു: ‘മനുഷ്യ പുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജന പ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍. (മത്തായി11:19) തന്റെ ഉടയാടകള്‍ അവര്‍ എന്തു ചെയ്തുവെന്ന് യേശു പറയുന്നുണ്ട്: എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു, എന്റെ അങ്കിക്കു വേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്ത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് പടയാളികള്‍ ഇപ്രകാരം ചെയ്തത്.
അബ്രഹാമിന്റെ ചര്യയിലെ നിര്‍ബന്ധ കല്‍പനയാണ് ചേലാകര്‍മം. മോശെയുടെയും യേശുവിന്റെയും (മുഹമ്മദ് നബിയുടെയും) മതങ്ങളില്‍ നിര്‍ബന്ധമാണത്. യേശു പിന്നെ അത് ചെയ്യാതിരിക്കില്ലല്ലോ. ജനനത്തിന്റെ എട്ടാം ദിവസം പേരിടല്‍ കര്‍മവും പരിച്ഛേദനവും നടന്നതായി ലൂക്കോസ് 2:21ല്‍ കാണാം. ദൈവത്തെ പിടിച്ച് സൃഷ്ടികള്‍ ചേലാകര്‍മം ചെയ്യുമോ?
നമ്മില്‍ പലരെയും പോലെ യേശുവിനു മാതാപിതാക്കളും സഹോദരീ സഹോദരങ്ങളുമുണ്ടായിരുന്നുവെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. അദ്ദേഹം അധ്യാപന കര്‍മം നിര്‍വഹിച്ചിരുന്നു; ചില വ്യക്തികളെപ്പോലെ, സ്വന്തം ദേശത്ത് അവഗണനീയനുമായിരുന്നുവത്രേ. സുവിശേഷം തന്നെ പറയട്ടെ:… യേശു അവിടെ നിന്നു പുറപ്പെട്ട് സ്വദേശത്ത് വന്ന് അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന്ന് ഈ വിജ്ഞാനവും ശക്തിയും എവിടെ നിന്ന്? ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരങ്ങള്‍?… യേശു അവരോട് പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. (ബൈബിള്‍- മത്തായി: 13: 53-59) മറ്റൊരിടത്ത് ഇങ്ങനെ കാണാം: എല്ലാ ദിവസവും അവന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു; രാത്രിയില്‍ പട്ടണത്തിന് പുറത്ത്‌പോയി ഒലീവ് മലയില്‍ വിശ്രമിച്ചു. അവന്റെ വാക്കുകേള്‍ക്കാന്‍ വേണ്ടി ജനം മുഴുവന്‍ അതിരാവിലെ ദേവാലയത്തില്‍ അവന്റെ അടുത്ത് വന്നിരുന്നു. (ലൂക്കോസ്- 21: 37, 38) അധ്യാപനം നടത്തുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്ന മനുഷ്യനാണ് ഇവിടെയും യേശു.
സ്വന്തം മാതാവൊന്നിച്ചും ജനങ്ങള്‍ക്കിടയിലും മാനുഷിക രീതികളും പതിവ് നടപടികളും സാധാരണ ലക്ഷണങ്ങളുമൊക്കെയായിട്ടാണ് യേശു ജീവിച്ചിരുന്നത്. ക്രമപ്രവൃദ്ധമായ വളര്‍ച്ചയും പുരോഗതിയും ജ്ഞാനവര്‍ധനയുമായിരുന്നു തനിക്കും. അന്ന് സാര്‍വ്വത്രികമായിരുന്ന പോലെ കഴുതപ്പുറത്ത് താനും യാത്ര ചെയ്തു. ‘അവര്‍ കഴുതയേയും കഴുതക്കുട്ടിയേയും കൊണ്ടു വന്ന് അവയുടെ മേല്‍ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു… യേശുവിന് മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തുവിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! അവന്‍ ജറുസലമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്ന് ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്.’ (മത്തായി- 21:1-11) ആളുകളാരും യേശുവിനെ ദൈവമാക്കിയിരുന്നില്ല, പ്രവാചകനും മനുഷ്യനുമായാണ് മനസ്സിലാക്കിയത് എന്നര്‍ത്ഥം.
അദ്ദേഹം ശൈശവത്തില്‍ മാതാവിന്റെ മുല കുടിച്ചിരുന്നു. (ലുക്കോസ് 11: 29) മറ്റുള്ളവരെപ്പോലെ കരയുമായിരുന്നു (യോഹന്നാന്‍- 11: 35) മനഃസംഘര്‍ഷത്തിനും ദുഃഖത്തിനും വിധേയനായിരുന്നു (മത്തായി- 26: 37,38) ഗാഢമായ ഉറക്കവും ക്ഷീണവും ഭയവുമൊക്കെ തന്നെയും പിടികൂടി (മത്തായി- 8: 23-25; യോഹന്നാന്‍- 4: 6; 11: 53,54) വിശപ്പും ദാഹവുമൊക്കെ തന്നെയും ബാധിച്ചു (യോഹ 19: 28)
ദൈവമെന്ന മഹച്ഛക്തി കാര്യങ്ങള്‍ സ്വന്തമായി ആവിഷ്‌കരിക്കുന്നു, ആസൂത്രണം ചെയ്യുന്നു, നടപ്പാക്കുന്നു. എന്നാല്‍ യേശു ഇങ്ങനെയായിരുന്നില്ല. ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തി മാത്രം. താന്‍ അരുളി: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല… എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യ ജീവനുണ്ട് (യോഹ .5: 1924)
ബൈബിളിന്റെ അധ്യാപനാനുസൃതം യഹോവ ഒരുവന്‍ മാത്രമാണ് ദൈവം. അവന്റെ ദൂതനാണ് യേശു. അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്‍മാര്‍ ആരും അവനോടൊത്തുണ്ടായിരുന്നില്ല (ആവര്‍ത്തനം 32:12). ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ, കൊള്ളാം (യാക്കോബ് 2 :19) യിസ്രായേലേ, കേള്‍ക്കുക, യഹോവ നമ്മുടെ ദൈവമാകുന്നു ; യഹോവ ഏകന്‍ തന്നെ. (ആവര്‍ത്തനം 6:4) നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമിമുഴുവന്റെയും സ്രഷ്ടാവുമാണ്. അവിടന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല ..(യെശയ്യാവ് 40:28,29).
തന്നെ ദൈവമാക്കുന്നവര്‍ക്ക് സ്വന്തം വാക്കുകളില്‍ തന്നെ യേശു തിരിച്ചടി നല്‍കുന്നുണ്ട് : ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവന്‍ ആകുന്നു. (യോഹ 17:3) ക്രിസ്തു പറഞ്ഞു : ദൈവം ഒരുവന്‍ അല്ലാതെ നല്ലവന്‍ ആരുമില്ല. (മാര്‍ക്കോസ് 101:9) യഹോവ അരുളി : ഞാന്‍ ഞാന്‍ മാത്രമേയുള്ളൂ, ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോള്‍ കണ്ടുകൊള്‍വിന്‍. ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുന്നു; ഞാന്‍ സൗഖ്യമാക്കുന്നു; എന്റെ കൈയില്‍ നിന്നു എടുക്കുന്നവന്‍ ഇല്ല. (ആവര്‍ത്തനപുസ്തകം 32 : 39,40) യേശു അവനോട്: നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച്, അവനെ മാത്രമേ ആരാധിക്കാവൂ. (ലൂക്കോസ് 4:8)
യശശ്ശരീരനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുമൊത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നീലഗിരിയിലെ ദേവാലയില്‍ നിന്ന് മടങ്ങവേ നാടുകാണിയില്‍ നിന്ന് ചുങ്കത്തറയിലേക്കുള്ള ഒരു പാതിരി പാതിരാത്രിയോടടുത്ത് ഞങ്ങളുടെ വണ്ടിക്ക് കൈ കാണിച്ചു. കൂരിരുട്ടും കനത്ത മഴയുമുണ്ടായിരുന്നു. ഞങ്ങളയാള്‍ക്ക് സീറ്റ് കൊടുത്തു. അന്ന് ഫാദറോടുന്നയിച്ച ചില സംശയങ്ങള്‍ക്ക് മറുപടി കിട്ടിയില്ല. ഇന്നുമവ ഉത്തരമില്ലാതെ തുടരുന്നു:
യേശു ക്രിസ്തു വന്നിട്ട് രണ്ടായിരം വര്‍ഷമാണായത്. അതിനും മുമ്പുള്ള ഒട്ടേറെ നൂറ്റാണ്ടുകളില്‍ ജനിച്ചു മരിച്ചവരുടെ ജന്മ പാപങ്ങള്‍ ആരു വഹിച്ചു?
ഇങ്ങനെയൊരു പ്രായശ്ചിത്ത ബലിക്ക് യഹോവയായ ദൈവത്തിനു പരിപാടിയുണ്ടായിരുന്നുവെങ്കില്‍ പിതൃപാപത്തിനുടനെ തന്നെയല്ലേ അതു പ്രയോഗവല്‍ക്കരിക്കേണ്ടിയിരുന്നത്?
ഒരു മാധ്യമവുമില്ലാതെ ഏതു വന്‍പാപവും കുറ്റകൃത്യവും മാപ്പാക്കാന്‍ കഴിയുന്ന യഹോവ തന്റെ പ്രിയ പുത്രനെ അതീവ നിഷ്ഠുരവും പൈശാചികവുമാം വിധം ശത്രുക്കളുടെ കൈയില്‍ പന്താടാന്‍ വിട്ടത് എന്തിനു വേണ്ടിയായിരുന്നു?
മനുഷ്യ പുത്രന്മാരുടെ ജന്മ പാപം കുരിശിലേറി വഹിക്കാനാണല്ലോ യേശു ജനിച്ചതു തന്നെ. എങ്കില്‍ പിന്നെ കുരിശില്‍ കിടന്ന് യേശുക്രിസ്തു അത്യുച്ചത്തില്‍ കരയുകയും ഏലീ ഏലീ ലമാ സബക്താനീ ( എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈ വിട്ടതെന്ത്) എന്ന് ആര്‍ത്തട്ടഹസിക്കുകയും (മത്തായി 27:46)ചെയ്തത് എന്തിന്?
ദൈവ പുത്രനെ കുരിശില്‍ തറച്ചു കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് ജൂതന്മാരായിരുന്നു. ദൈവ പുത്രനാകട്ടെ, അവരുടെ ദുര്‍മോഹം മറികടക്കാന്‍ പരമാവധി ആഗ്രഹിച്ചു. ‘പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. കഴിയും എങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റേണമേ’ എന്നാണ് ദൈവപുത്രന്‍ കേണപേക്ഷിച്ചത്. (മാര്‍ക്കോസ് 14:36) അപ്പോള്‍, ഇതില്‍ വിജയിച്ചത് യഹോവയോ ജൂതന്‍മാരോ?
ഈ വിനീതന്‍ മാത്രമല്ല, ലക്ഷക്കണക്കിനാളുകള്‍ ഇത്യാദി സംശയങ്ങള്‍ക്ക് ഉത്തരമാഗ്രഹിക്കുന്നവരാണ്. സദുദ്ദേശ്യപൂര്‍വം അവ ദൂരീകരിച്ചു തരാന്‍ സന്നദ്ധതയുള്ളവരും ബൈബിളിലും ക്രൈസ്തവ ദര്‍ശനത്തിലും പിടിപാടുള്ളവരുമായ ഏതു സഹൃദയര്‍ക്കും സ്വാഗതം!
Leave A Comment