പാക്കിസ്ഥാനെ സർക്കാർ വിരുദ്ധ പ്രക്ഷോഭം പിടിച്ചു കുലുക്കുമ്പോൾ
കഴിഞ്ഞ ഒക്ടോബർ 27 മുതൽ മുതൽ അയൽരാജ്യമായ പാകിസ്ഥാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തോടെ പാകിസ്താനിൽ വീരപരിവേഷം ഉണ്ടായിരുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാന് പ്രക്ഷോഭം ശക്തമായതോടെ ജനപ്രീതി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇമ്രാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുകയും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ശക്തമായ ഭാഷയിൽ രാജി ആവശ്യങ്ങൾ തള്ളിക്കളയുകയും ചെയ്യുന്നത് പാകിസ്ഥാനെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടു പോകുന്നത്.
പ്രക്ഷോഭത്തിന്റെ ആവിർഭാവം
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം മുൻ ക്രിക്കറ്റ് ക്യാപ്റ്റനും തഹ്രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാൻ പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ പാക്കിസ്ഥാൻ ജനത വലിയ പ്രതീക്ഷയായിരുന്നു വെച്ചു പുലർത്തിയിരുന്നത്. നൂതനമായ പല പദ്ധതികൾ ആവിഷ്കരിക്കുകയും ചെലവ് ചുരുക്കൽ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക വഴി ഈ പ്രതീക്ഷകളെ വാനോളം ഉയർത്താൻ തുടക്കത്തിൽ അദ്ദേഹത്തിന് സാധിച്ചിരുന്നു. പക്ഷേ പിന്നീട് കാര്യങ്ങൾ പഴയപടി തന്നെയായി. രൂക്ഷമായ തൊഴിലില്ലായ്മയും ശക്തമായ സാമ്പത്തിക ഞെരുക്കവും പാകിസ്ഥാനിൽ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സർക്കാരിന്റെ വീഴ്ചകൾക്കായി കാത്തിരുന്ന പ്രതിപക്ഷത്തിന് ഇതു വലിയ അവസരമായി മാറി. അതോടെയാണ് പാകിസ്ഥാൻ കണ്ട ഏറ്റവും വലിയ പ്രതിഷേധസമരങ്ങളിലൊന്നായി ഈ സമരം മാറുന്നത്. ജംഇയത് ഉലമ ഇസ്‌ലാം ഫസല്‍ (ജെയുഐ-ഐ) നേതാവ് മൗലാന ഫസ്‍ലുര്‍ റഹ്മാന്റെ നേതൃത്വത്തിൽ ഞായറാഴ്ച കറാച്ചിയില്‍ നിന്ന് ഒക്ടോബർ 27 ന് റാലി ആരംഭിച്ചതോടെയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമായത്. ഓരോ പ്രദേശവും കടന്നുപോകുന്നതോടെ റാലിയിലെ ജനപങ്കാളിത്തത്തിൽ വൻ വർദ്ധനവ് തന്നെയാണ് രേഖപ്പെടുത്തപ്പെട്ടത്. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സമാപിക്കുമ്പോയേക്കും റാലി രാജ്യത്തെ പ്രധാനമന്ത്രിയെ തന്നെ ഞെട്ടിപ്പിക്കുന്ന തരത്തിലേക്ക് രൂപം മാറിയിരുന്നു. റാലി രാജ്യത്തെ പിടിച്ചുകുലുക്കി എന്ന് തിരിച്ചറിഞ്ഞതോടെ മറ്റു പ്രതിപക്ഷ പാർട്ടികളും സമരത്തിൽ അണിനിരന്നു.
നേതൃത്വം
വലതുപക്ഷ രാഷ്ട്രീയക്കാരനായ ജംഇ യത് ഉലമ ഇസ്‌ലാം ഫസല്‍ (ജെയുഐ-ഐ) നേതാവ് മൗലാന ഫസ്‍ലുര്‍ റഹ്മാന്‍ ആണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. 1998 മുതൽ മുതൽ 2018 വരെ പാക് നാഷണൽ അസംബ്ലി മെമ്പർ ആയിരുന്ന അദ്ദേഹം 2004 മുതൽ 2007 വരെ പാക് പ്രതിപക്ഷനേതാവായും സേവനം ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ ഭീകര സംഘടനകളും സർക്കാറും തമ്മിലുള്ള സമാധാന കരാറുകൾക്ക് പലപ്പോഴും മധ്യസ്ഥം വഹിച്ചിരുന്നത് ഫസലു റഹ്മാനും അദ്ദേഹത്തിന്റെ പാർട്ടിയിലെ പ്രമുഖരുമാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാനുമായി കടുത്ത വാക്ക് പോരാട്ടം നടത്തിയിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ പക്ഷേ ഫസലുറഹ്മാൻ ഏറെക്കാലത്തിനുശേഷം പരാജയത്തിന്റെ രുചി അറിഞ്ഞു.
പ്രക്ഷോഭകരുടെ ആവശ്യം
സാമ്പത്തിക രംഗത്തെ തകര്‍ച്ച, ഭരണരംഗത്തെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി ഇവ പരിഹരിക്കാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സാധിച്ചിട്ടില്ലെന്നും അതിനാൽ ഇമ്രാൻഖാൻ രാജിവെക്കണമെന്നുമാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്. ഇമ്രാൻ രാജി വെക്കാത്ത പക്ഷം രാജ്യത്തെ നിശ്ചലമാക്കുന്ന ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഫസലുറഹ്മാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇമ്രാൻ പുറത്തുപോയതിന് ശേഷം സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നും മറ്റു പോംവഴികളൊന്നുമില്ലെന്നും വ്യക്തമാക്കിയ ഫസലുറഹ്മാൻ തങ്ങൾക്കു മുമ്പിൽ പ്ലാൻ എയും അത് കഴിഞ്ഞാൽ പ്ലാൻ ബിയും പ്ലാൻ സിയും ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദ് നഗരം ആസാദി മാർച്ച് നടത്തി സ്തംഭിപ്പിച്ച ഫസലുറഹ്മാൻ, രാജ്യം മുഴുവനായും സ്തംഭിപ്പിക്കാൻ തനിക്ക് സാധിക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്
പ്രതിപക്ഷ കക്ഷികളുടെ നിലപാട്
പാക്കിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് നേതൃത്വം നൽകുന്ന പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് -നവാസ്, ബേനസീർ ഭൂട്ടോയുടെ പാർട്ടിയായ പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവ തുടക്ക സമയത്ത് റാലിയെ ഗൗനിച്ചിരുന്നില്ല. എന്നാൽ സമരത്തിന് വർദ്ധിച്ച ജനപങ്കാളിത്തവും വ്യാപകമായ മാധ്യമ കവറേജും ലഭിച്ചതോടെ സമരത്തിന്റെ ഭാഗമാവാൻ ഈ പാർട്ടികളെല്ലാം തയ്യാറാവുകയായിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ സമരത്തില്‍ അണിചേര്‍ന്നത് ഇമ്രാൻ ഖാൻ സർക്കാരിന് കടുത്ത ഭീഷണി ഉയർത്തിയിരിക്കുകയാണ്. ഇമ്രാന്‍ ഖാന്‍ പാവ പ്രധാന മന്ത്രിയാണെന്ന് മാര്‍ച്ചില്‍ സംസാരിക്കുന്നതിനിടെ പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.
ഇമ്രാൻ ഖാന്റെ പ്രതികരണം
എന്നാൽ സമരത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പ്രക്ഷോഭകരും പ്രതിപക്ഷവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നാണ് ഇമ്രാന്റെ ആരോപണം. രാജി ആവശ്യം തള്ളിക്കളഞ്ഞ പ്രധാനമന്ത്രി, പ്രതിഷേധം അഴിമതി കേസിൽ ജയിലിലുള്ള മുസ്‌ലിം ലീഗ്, പി.പി.പി നേതാക്കളെ ജയിൽമോചിതരാക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചു. തന്‍റെ രാജിയൊഴികെ പ്രതിപക്ഷം ഉയർത്തുന്ന ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയാറാണെന്നും ഇമ്രാൻഖാൻ വ്യക്തമാക്കിയിട്ടുണ്ട്.
സൈന്യത്തിന്റെ നിലപാട്
സ്വാതന്ത്ര്യം ലഭിച്ചത് മുതൽ ജനാധിപത്യ രാഷ്ട്രമായാണ് അറിയപ്പെടുന്നതെങ്കിലും നിരവധി പട്ടാള അട്ടിമറികൾക്ക് പാകിസ്ഥാൻ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ പട്ടാള മേധാവിയായിരുന്ന പർവേസ് മുഷറഫ് അക്കാലത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അട്ടിമറിച്ച് പ്രധാനമന്ത്രിപദത്തിലേക്കെത്തിയിരുന്നു. അതിനാൽ പട്ടാളത്തിന്റെ നിലപാട് ഏതൊരു സമയത്തും പാക് രാഷ്ട്രീയത്തിൽ നിർണായക ഘടകമാണ്. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തിന് എതിരാണ് പട്ടാളത്തിന്റെ നിലപാടെന്നത് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്. പാകിസ്ഥാനിൽ അസ്ഥിരതയും കലാപമുവുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയത് പ്രക്ഷോഭത്തിന് വിജയം കാണാനുള്ള സാധ്യതയെ മങ്ങലേൽപ്പിക്കുന്നുണ്ട്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാനിൽ ഭരണ സ്ഥിരത ഉണ്ടായത് വളരെ കുറഞ്ഞ സമയങ്ങളിൽ മാത്രമാണ്. അതുകൊണ്ടുതന്നെ വികസനവും പുരോഗതിയും നന്നേ ശുഷ്കമായി മാത്രമേ പാകിസ്ഥാനിൽ നടപ്പിലാക്കിയിട്ടുള്ളൂ. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിന് കാലാവധി തീർക്കാനുള്ള അധികാരമുണ്ട്. തെരഞ്ഞെടുപ്പിൽ തോറ്റ പ്രതിപക്ഷനേതാക്കൾ ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ വീഴ്ത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തെ കൊല്ലാക്കൊല ചെയ്യലാണ്. സുസ്ഥിരമായ ഭരണം തന്നെയാണ് സുസ്ഥിരമായ രാഷ്ട്രത്തിലേക്കുള്ള ആദ്യചുവട് വെപ്പ്. ഇത് മനസ്സിലാക്കി ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് പാകിസ്ഥാനിലെ പാർട്ടികൾ ശ്രമിക്കേണ്ടത്. അല്ലാത്തപക്ഷം ഭീകരവാദവും പട്ടാള അട്ടിമറികളും മൂലം തകർന്നു തരിപ്പണമായ ഒരു രാജ്യത്തെ കൂടുതൽ പിന്നോട്ട് വലിക്കാൻ മാത്രമേ ഇത്തരം പ്രക്ഷോഭങ്ങൾ വഴിവെക്കുകയുള്ളൂ എന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.
Leave A Comment