യമന്‍ സമാധാന ചര്‍ച്ച; സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഹൂഥികള്‍

സന്‍ആ വിമാനത്താവളം വീണ്ടും തുറക്കണമെന്ന യമന്‍ സര്‍ക്കാരിന്റെ നിര്‍ദേശം ഹൂഥി വിമതര്‍ തള്ളി. ഹാദി സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു ഹൂഥികള്‍ ആരോപിച്ചു. സന്‍ആയിലെ വിമാനത്താവളം വെള്ളിയാഴ്ച മുതല്‍ തുറക്കണമെന്നും ഇവിടെ നിന്നു പുറപ്പെടുന്ന വിമാനങ്ങള്‍ സൗദി-യുഎഇ സഖ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഏദന്‍, സയ്യൂന്‍ വിമാനത്താവളങ്ങളില്‍ പരിശോധിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം.

2014 മുതല്‍ സന്‍ആ വിമാനത്താവളം ഹൂഥികളുടെ നിയന്ത്രണത്തിലാണ്. സന്‍ആ വിമാനത്താവളം തുറക്കുന്ന കാര്യത്തില്‍ പരിഹാരം കാണാനാണ് തങ്ങള്‍ എത്തിയതെന്നും ഹൂഥികള്‍ക്കു പ്രതിഫലം നല്‍കാനല്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധി മര്‍വാന്‍ ദമ്മാജിന്റെ പ്രതികരണം.
മൂന്നു വര്‍ഷത്തിലധികമായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച് യമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി യുഎന്‍ മധ്യസ്ഥതയില്‍ വ്യാഴാഴ്ചയാണ് സ്വീഡനിലെ റിംബോ നഗരത്തില്‍ ചര്‍ച്ച തുടങ്ങിയത്. സമാധാനത്തിനായി തടവുകാരെ വിട്ടയക്കുന്നതടക്കം ഇരുവിഭാഗവും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നു യമനിലെ യുഎന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്സ് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കു വിധേയമായി മാത്രമേ സന്‍ആ വിമാനത്താവളം തുറക്കുകയുള്ളൂവെന്നും അതിനു വിരുദ്ധമായ പരിശോധനകള്‍ അംഗീകരിക്കാനാവില്ലെന്നും ഹൂഥി പ്രതിനിധി മുഹമ്മദ് അബ്ദുല്‍ സലാം അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter