തഹാനി ആമിര്‍- നാസയിലെ സ്ത്രീ സാന്നിധ്യം
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ ജോലി ചെയ്യുന്ന പ്രമുഖ ശാസ്ത്ര പ്രതിഭയാണ് ഈജിപ്തുകാരിയായ തഹാനി ആമിര്‍. മെക്കാനിക്ക് ആയ തന്റെ പിതാവ് കാര്‍ നന്നാക്കുന്നത് കണ്ട് ശാസ്ത്ര വിഷയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ആ താല്‍പര്യം അവസാനം അവരെ നാസയില്‍ വരെ എത്തിച്ചു. ആ കഥ പറയുകയാണ് തഹാനി ആമിര്‍
കൈറോയുടെ പ്രാന്ത പ്രദേശങ്ങളിലായിരുന്നു എന്റെ ബാല്യം. എന്റെ പിതാവ് ഒരു മെകാനിക് ആയിരുന്നു. അദ്ദേഹം കാറുകള്‍ നന്നാക്കുന്നത് വലിയ താല്‍പര്യത്തോടെ ഞാന്‍ കാണാറുണ്ടായിരുന്നു. ശാസ്ത്ര വിഷയങ്ങളില്‍ താല്‍പര്യം തോന്നിത്തുടങ്ങിയത് അവിടെ വെച്ചാണെന്ന് പറയാം.
പ്രാഥമിക വിദ്യാഭ്യാസം ഈജിപ്തില്‍ തന്നെയായിരുന്നു. എന്റെ ഇഷ്ടം വിഷയം ഗണിതമായിരുന്നു. 17-ാം വയസ്സില്‍ കല്യാണം കഴിഞ്ഞതോടെ, ഭര്‍ത്താവിന്റെ കൂടെ അമേരിക്കയിലേക്ക് പോവേണ്ടിവന്നപ്പോഴും പഠിക്കണമെന്ന ആഗ്രഹം കൂടെ കൊണ്ട് പോയി. 1983ലാണ് ഞാന്‍ അവിടെ എത്തുന്നത്. അന്ന് ഇംഗ്ലീഷ് കാര്യമായി ഒന്നും എനിക്കറിയുമായിരുന്നില്ല. എങ്കിലും രണ്ട് വര്‍ഷത്തെ അസോസിയേറ്റ് കോഴ്സിന് ചേരുകയും നല്ല മാര്‍കോടെ തന്നെ അത് പൂര്‍ത്തിയാക്കുകയും ചെയ്തു. ശേഷം മെകാനികല്‍ എന്‍ജിനീയറിംഗില്‍ ബാച്ചിലേഴ്സ് ബിരുദമെടുത്തു. രണ്ട് മക്കളുമായി കുടുംബജീവിതം മുന്നോട്ട് പോകുന്നതിനിടയിലും, എയറോസ്പേസ് എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്സും ഡോക്ടറേറ്റും നേടി. എല്ലാത്തിന് പിന്നിലും പഠിക്കണമെന്ന അടങ്ങാത്ത ആഗ്രഹവും ദൈവത്തിന്റെ സഹായവും മാത്രമായിരുന്നു. അതിനുള്ള ഏറ്റവും വലിയ അംഗീകാരമെന്നോണം, പഠനത്തിന്റെ അവസാന വര്‍ഷത്തില്‍തന്നെ നാസയില്‍ ജോലി ചെയ്യാനുള്ള അവസരവും ലഭിച്ചു.
ശാസ്ത്ര താല്‍പര്യത്തെയും കഴിവുകളെയും പരിപോഷിപ്പിക്കാനുള്ള ഏറ്റവും നല്ല വേദിയായാണ് ഞാന്‍ നാസയെ കാണുന്നത്. 1992ല്‍, നാസയുടെ സി.എഫ്.ഡി വിഭാഗത്തിലാണ് ആദ്യമായി ഞാന്‍ നിയമിക്കപ്പെടുന്നത്. പ്രമുഖ ശാസ്ത്രജ്ഞരുടെ കൂടെ സേവനം ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ എനിക്ക് ലഭിച്ചത്. അത് കഴിയുന്നത്ര ഞാന്‍ ഉപയോഗപ്പെടുത്തുകയും അനുഭവപരിജ്ഞാനം ആര്‍ജ്ജിക്കുകയും ചെയ്തു. ശേഷം നാസയുടെ വിന്‍ഡ് ടണല്‍ പദ്ധതികളിലൊന്നില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. സിദ്ധാന്തങ്ങളും പ്രായോഗിക ജ്ഞാനവും വേണ്ടത്ര എനിക്ക് ലഭിച്ചത് ഇതിലൂടെയായിരുന്നു. നാസയെന്ന മിഠായിക്കടയിലെത്തിയ ഒരു കൊച്ചുകുട്ടിയായിരുന്നു ഞാനെന്ന് പറയുന്നതാവും ഉചിതം. ശരിക്കും ഞാന്‍ അത് ആസ്വദിച്ചു.
ഗവേഷണങ്ങളിലൂടെ ഒട്ടേറെ പുതിയ ഉപകരണങ്ങള്‍ കണ്ടെത്താന്‍ എനിക്കായിട്ടുണ്ട്. തെര്‍മല്‍ ചാലകത അളക്കുന്ന ഉപകരണം ഇവയില്‍ പ്രധാനമാണ്. നിലവില്‍, നാസയുടെ പ്രത്യേക പദ്ധതികള്‍ നിരീക്ഷിക്കുകയും അവയുടെ പ്രകടനം വിലയിരുത്തുകയും ചെയ്യുന്ന ഉന്നത സമിതിയിലെ അംഗമായ ഞാന്‍, ഇന്നും നിറഞ്ഞ മനസ്സോടെയാണ് ഓരോ ദിവസവും നാസയിലേക്ക് പോവുന്നതും തിരിച്ചുപോരുന്നതും.
മറ്റുള്ളവരെ സഹായിക്കാനും വിശിഷ്യാ വിദ്യാഭ്യാസ മേഖലയില്‍ സാധ്യമായ സേവനങ്ങള്‍ ചെയ്യാനും പരമാവധി ശ്രമിക്കാറുണ്ട്. നാസയുടെ തന്നെ, ഡേ ഓഫ് കയറിംഗ്, എന്‍ജിനീയറിംഗ് വീക് തുടങ്ങിയ ഇത്തരം വിവിധ പദ്ധതികളുടെ ഭാഗം കൂടിയാണ് ഞാന്‍. പല യൂണിവേഴ്സിറ്റികളിലും ഗസ്റ്റ് സ്പീകറായി പോകാറുണ്ട്. നാസയുടെ പീസ് വീകില്‍ ഓള്‍ഡ് ഡോമിനിയന്‍ സര്‍വ്വകലാശാലയില്‍, ഇസ്‍ലാമിലെ സ്ത്രീ എന്ന വിഷയത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത് വലിയൊരു അവസരാമായി ഇന്നും കാണുന്നു.
ചെറിയ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇസ്‍ലാമിക വിഷയങ്ങളും അറബി ഭാഷയും പഠിപ്പിക്കുന്ന വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളിലും കഴിയും വിധം ഞാന്‍ ഭാഗമാവാറുണ്ട്. ഇസ്‍ലാമിനെ തെറ്റിദ്ധരിച്ചിരിക്കുന്ന ഒട്ടേറെ അമേരിക്കക്കാരുണ്ട്. അവരുടെ തെറ്റിദ്ധാരണകള്‍ മാറ്റാനും ഇസ്‍ലാമിന്റെ സുന്ദര മുഖം അവര്‍ക്കെല്ലാം പരിചയപ്പെടുത്താനുമായി, ആവിഷ്കരിക്കപ്പെടുന്ന വിവിധ പദ്ധതികളിലും ഞാന്‍ ഭാഗമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഇത് കൂടുതല്‍ പ്രസക്തമായിരിക്കുകയാണ്. അതിന്റെ ഭാഗമായി, ചര്‍ച്ചുകള്‍, യൂണിവേഴ്സിറ്റികള്‍, സ്കൂളുകള്‍ തുടങ്ങി പല ഇടങ്ങളിലും പ്രഭാഷണങ്ങളും സംശയനിവാരണങ്ങളുമെല്ലാം ഞങ്ങള്‍ നടത്താറുണ്ട്.
പ്രധാനമായും മൂന്ന് തത്വങ്ങളാണ് ഞാനെന്റെ ജീവിതത്തില്‍ കൊണ്ട് നടക്കുന്നത്, ദൈവത്തെ തൃപ്തിപ്പെടുത്തുക, വിദ്യാഭ്യാസത്തിന് അര്‍ഹമായ പ്രാധാന്യം നല്കുക, ദയയോടെയും സഹതാപത്തോടെയും സമസൃഷ്ടികളെ സമീപിക്കുക എന്നിവയാണ് അവ. നമ്മുടെ ജീവിതം എങ്ങനെ ആവണമെന്നതിന്റെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പ്രവാചകന്മാരിലൂടെ സ്രഷ്ടാവ് നമുക്ക് നല്‍കിയിട്ടുണ്ട്. എന്ത് വില കൊടുത്തും വിദ്യാഭ്യാസം നേടുമെന്ന തീരുമാനം സ്വയം എടുത്താല്‍ അത് അനായാസം സാധ്യവുമാണ്. അതോടൊപ്പം സാമൂഹ്യ ബോധം കൂടി ഉണ്ടാവുക എന്നതാണ് ഇവയുടെ ചുരുക്കം. അത് തന്നെയാണല്ലോ ഇസ്‍ലാം നമ്മോട് പറയുന്നതും
Leave A Comment