തൗബ: എങ്ങനെയാണ് വേണ്ടത്

അർദ്ധ രാത്രി ഉണർന്നപ്പോൾ   ഇടി,   മിന്നൽ, കാറ്റ് എല്ലാം ഉണ്ട് അല്ലാഹുവിന് സ്തുതി. മഴപെയ്യുന്നതു കാണാൻ സന്തോഷത്തോടെ ലൈറ്റിട്ടു. ഓടുകൾ അവയെ നനക്കാൻ പോലും മഴയെ അനുവദിക്കാതെ കിട്ടുന്ന വെള്ളത്തുള്ളികൾ പൂർണ്ണമായുംം കുടിക്കുന്നു.   ശരീരം വിയര്‍പ്പ് കൊണ്ട് നനഞ്ഞു. രാത്രിയില്‍ ഇടക്കിടെ ഉണർത്തുന്ന ചൂട് ഒരു വശത്ത്, പകലിലാവട്ടെ പഞ്ചായത്ത് വെള്ളം പാത്രത്തിൽ നിറക്കുമ്പോൾ നോമ്പിന്‍റെ ക്ഷീണം കാരണമുള്ള ചൂട് മറുവശത്ത്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് മഴ നിൽക്കാനുളള പ്രാർത്ഥന നടത്തിയ നാം മഴ ലഭിക്കാൻ  എന്താണ് ചെയ്തത്?. 
ചിലർ ശാസ്ത്രീയമായി പറയും "മരം നട്ടു".(മനുഷ്യ-പക്ഷി-മൃഗാദികൾക്ക് ഉപകരിക്കുന്ന വൃക്ഷം നടൽ മതപരമായി ദാനമാണ്). കുളം കിണർ തുടങ്ങിയവ വൃത്തിയാക്കി, മഴ വെള്ള സംഭരണി ഉണ്ടാക്കി എന്നായിരിക്കും മറ്റു ചിലരുടെ ഉത്തരം. 

മറ്റു ചിലർ മതവുമായി ബന്ധപ്പെട്ട  ചില കാര്യങ്ങൾ ചിന്തിച്ചേക്കാം. "അല്ലാഹുവിൻറെ റഹ്മതായ മഴക്ക് വേണ്ടി (ഖുർആനിൽ മഴക്ക് റഹ്മത് എന്ന പദപ്രയോഗം കാണാം)ദുആകളില്‍ നിരന്തരം അല്ലാഹുവിനോട് ചോദിച്ചു", എന്നവർ പറയും. "ഞങ്ങള്‍ ഇസ്തിഗ്ഫാർ(പാപമോചനം) നടത്തി". 

ഹസനുൽബസ്വരി(റ.അ) യെ കുറിച്ചുള്ള ചരിത്രം ഈ വാക്കിന് ഉപോൽബലകമാണ്. തന്നോട് മഴ, സമ്പത്ത്, കൃഷി സന്താനം തുടങ്ങിയ വിഭിന്ന ആവശ്യങ്ങൾ ചോദിച്ചുവന്നവരോട് ഇസ്തിഗ്ഫാറ് നിർദേശിച്ചതാണ് സംഭവം . ഉസ്താദിൻറെ പ്രശ്ന പരിഹാരത്തിൽ സംശയിച്ച ശിഷ്യർക്ക് മുന്നിൽ സൂറതുന്നൂഹിലെ 10-12 ആയത്തുകൾ പാരായണം നടത്തി സംശയം തീർത്തു. 

തെറ്റുകൾ കരിക്കപ്പെടുന്ന റമളാൻ അസ്തമിക്കാറായി. റഹ്മതിൻറ്റെ പത്തും മഗ്ഫിറതിൻറെ പത്തും വിട പറഞ്ഞു. 
ദുആക്ക് ഉത്തരം പ്രതീക്ഷിക്കാവുന്ന നിസ്കാര ശേഷമുളള പ്രാർഥന, നോമ്പിന്‍റെ അവസാന സമയത്തെ ദുആ,
ദുആസദസ്സുകൾ ഇവയൊന്നും കുറവല്ല. എന്നിട്ടും എന്തു കൊണ്ട് നമുക്ക് അല്ലാഹുവിന്‍റെ മഗ്ഫിറത് കൊണ്ട് അവന്‍റെ റഹ്മതായ മഴ നേടാനായില്ല. 

ഇസ്തിഗ്ഫാറിന്(മറ്റൊരു ഭാഷയിൽ തൗബ:)  ചില നിബന്ധനകളുണ്ട്. ആദ്യമായി അല്ലാഹുവിനോട് അന്യായം ചെയ്തതിന് മനസാ ഖേദപ്രകടനം നടത്തണം. ചെയ്ത തെറ്റോ അതിന് തുല്യമായ മറ്റു തെറ്റുകളോ മേലിൽ ആവർത്തിക്കില്ലെന്ന ദൃഢനിശ്ചയം തൗബയുടെ മറ്റൊരു പ്രധാന ഘടകമാണ്.     
അവർ (സത്യവിശ്വാസികൾ) തെറ്റിലകപ്പെട്ടാൽ അല്ലാഹുവിനെ ഓർക്കുകയും പാപമോചനം നടത്തുകയും ചെയ്യുന്നു. അറിഞ്ഞുകൊണ്ട് തെറ്റിൽ നിൽപുറപ്പിക്കില്ല(ആലു ഇംറാൻ 135) എന്നർഥമുള്ള ആയത്തിന്റെ ഭാഗം മേല്‍ സൂചിപ്പിക്കപ്പെട്ട നിബന്ധനകളിലേക്ക് വിരൽചൂണ്ടുന്നു. 

മനസാനിദ്ധ്യമില്ലാതെയുളള പശ്ചാത്താപം അധര വ്യായാമം മാത്രമാണ്.  അത്തരം പശ്ചാതാപം പൊറുപ്പിക്കാൻ വീണ്ടും ഇസ്തിഗ്ഫാർ നടത്തേണ്ടിവരും.
പള്ളിയിലെ ഇമാമിന്റെ ഇസ്തിഗ്ഫാർ ഏറ്റുപാടുന്നതും മറ്റുള്ളവരോട് കൂടി ആടിച്ചൊല്ലുന്നതും ഇതിൽപെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനും പുറമെ നമ്മുടെ തൗബക്കു ശേഷം പശ്ചാതാപം നടത്തപ്പെട്ട തെറ്റു തന്നെ പലവുരു നാം ആവർത്തിക്കുന്നില്ലേ.

സൃഷ്ടികളിലെ മറ്റുള്ളവരോടുള്ള (ശരീരം, ധനം, അഭിമാനം ഇവ സംബന്ധിയായ) ബാധ്യതകളിൽ നിന്ന് മുക്തനാകലും തൗബയുടെ നിബന്ധനകളിൽ പെടുന്നു. കടബാധ്യതയുള്ള വ്യക്തിക്ക് മയ്യിത്ത് നിസ്കരിക്കാൻ വിസമ്മതം കാണിച്ചതിലൂടെ മനുഷ്യർ സഹജീവികളുമായുള്ള ബാധ്യതകളുടെ പ്രാധാന്യം പഠിപ്പിക്കുകയായിരുന്നു നബി(സ.അ).

കടംവാങ്ങിയത് തിരിച്ചടക്കൽ, അപഹരിച്ചത് തിരികെ കൊടുക്കൽ ഇതെല്ലാം സാമ്പത്തിക ബാധ്യതകളിൽ ചിലതാണ്. സകാത്ത് നിർബന്ധമായ മുതലുകളിൽ  നിന്ന് അർഹരായവർക്ക് നൽകലും ഇതിൽ പെടും. സകാത്ത് അർഹരുടെ അവകാശമാണ്, മുതലാളിയുടെ ഔദാര്യമാല്ല. സകാതായി നൽകപ്പെടേണ്ട മുതൽ നൽകാതിരുന്നാല്‍ സകാത്തിനർഹനായവൻ സമ്പന്നന്‍റെ സ്വത്തില്‍ പങ്കുകാരനാവുമെന്നാണ് പണ്ഡിതന്മാർ പഠിപ്പിക്കുന്നത്. സകാത്ത് കൊടുക്കാതെ ആ മുതൽ വിറ്റാൽ സകാത്തായി നൽകപ്പെടേണ്ട പാവപ്പെട്ടവൻറെ വിഹിതത്തിൽ വിൽപന സാധുവാകില്ല. ആ വിൽപന തീരെ ശരിയാകില്ലെന്നും അഭിപ്രായമുണ്ട്(മഹല്ലി).



സകാത്തിനെ സമ്പത്തിന്‍റെ അഴുക്കായിട്ടാണ് നബി(സ.അ) വിശേഷിപ്പിച്ചത്(മിശ്കാത്ത്). ആ അഴുക്ക് എടുത്തു മാറ്റിയില്ലെങ്കിൽ സമ്പത്ത് മലിനമാകും. സകാത്ത് എന്ന പദത്തിന്റെ അർതഥമായ ശുദ്ധീകരണം എന്നത് ഇതിലേക്ക് സൂചിപ്പിക്കുന്നു. സകാത്തിന് വളർച്ച എന്നുമർഥമുണ്ട്. ഈ അർത്ഥം ദാനം സമ്പത്ത് വർധനവിന് കാരണമാകുമെന്ന് കുറിക്കുന്നു. അതെ, കോരുന്ന കിണറ്റിലല്ലേ വെള്ളം ഉണ്ടാകൂ. 


നബി (സ.അ) മുൻഗാമിയായ ഒരു ധർമിഷ്ഠന്‍റെ ചരിത്രം വിശദീകരിച്ച് പറയുന്നു. ഒരു യാത്രക്കാരൻ വരൾച്ചബാധിത മേഖലയിലൂടെ നടന്നുനീങ്ങവെ മഴക്കാറിൽനിന്ന് "ഇന്നയാളുടെ തോട്ടം നനക്കൂ" എന്ന ശബ്ദം കേട്ടു. അയാൾ മേഘത്തെ പിന്തുടരുന്നതിനിടയിൽ
മഴവർഷിച്ച് വെള്ളമെല്ലാം ഒരുചാലിലായി ഒരു തോട്ടത്തിലേക്കൊഴുകി. ആ തോട്ടത്തിൻറ്റെ ഉടമസ്ഥൻറെ നാമം മേഘത്തിൽനിന്ന്  നേരത്തെ കേട്ട പേര് തന്നെയായിരുന്നു. ഉടന്‍ അയാളോട് കാരൃം തിരക്കി. അദ്ദേഹം കൃഷിയുടെ വിളവിൻറെ മുന്നിൽ ഒരു ഭാഗം ഭക്ഷണത്തിനും  ഒരു ഭാഗം ധർമത്തിനും മറ്റൊരു ഭാഗം അടുത്ത കൃഷിക്കും ഉപയോഗിക്കുന്നതായി ബോധ്യമായി(മുസ്ലിം). " നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ വാനലോകത്തുള്ളവർ നിങ്ങളോട് കരുണയോടെ വർത്തിക്കും " എന്ന നബിവചനം ഇതിനോട് ചേർത്തു വായിക്കാം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter