സനൂസിയ്യ: സ്വൂഫി പ്രസ്ഥാനങ്ങളിലെ വേറിട്ട സാന്നിധ്യം

ജന മധ്യത്തിൽ ആത്മീയ ചലനങ്ങൾ സൃഷ്ടിച്ചവരാണ് സ്വൂഫികൾ. പ്രവാചകര്‍(സ്വ)യില്‍ നിന്ന് സ്വഹാബത്ത് വഴി കൈമാറി വന്ന ശൃംഖല ലോകത്തിന്റെ അഷ്ട ദിക്കുകളിലേക്ക് വ്യാപിപ്പിക്കുകയും ഇസ്‍ലാമിക മൂല്യങ്ങളെ ജന സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്ത അനവധി സ്വൂഫി പ്രസ്ഥാനങ്ങളും നേതൃ വ്യക്തിത്വങ്ങളും ചരിത്രത്താളുകളിൽ ഇടം പിടിച്ച അധ്യായങ്ങളാണ്.

ത്വരീഖത്ത് പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് ആരാണെന്നത് അവ്യക്തമാണെങ്കിലും ശൈഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടേതായി അറിയപ്പെടുന്ന ഖാദിരി ത്വരീഖത്താണെന്നതാണ് പ്രബലാഭിപ്രായം. ഹമ്പലീ മദ്ഹബുകാരനായ ജീലാനി തങ്ങൾ, ദൈവ ഭക്തിയും ഭൗതിക പരിത്യാഗവും സമ്മേളിച്ച അത്യപൂർവ്വ വ്യക്തിത്വമായിരുന്നു. ബഗ്ദാദിന്റെ മലീമസമായ സാമൂഹിക അന്തരീക്ഷത്തിൽ നിന്നും മോചനം തേടിയത്തിയവർക്ക് സ്നേഹത്തിന്റെ നീരുറവ സമ്മാനിക്കുകയാണ് ശൈഖ് ജീലാനി ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പ്രത്യേക ത്വരീഖത്തായി പരിണമിച്ചതാണ് ഖാദിരി ത്വരീഖത്ത്.

ശൈഖ് അഹ്മദുൽ കബീർ രിഫാഇയുടെ പേരിലുള്ള രിഫാഇയ്യ ത്വരീഖത്ത്, ജലാലുദ്ധീൻ റൂമിയുടെ മൗലവിയ്യ ത്വരീഖത്ത്, അബുൽ ഹസൻ അലി ശാദുലിയുടെ പേരിലുള്ള ശാദുലിയ്യ ത്വരീഖത്ത്, അഹ്മദ് ബദവിയുടെ ബദവിയ്യ ത്വരീഖത്ത്, ബഹാഉദ്ധീൻ നഖ്ശബന്ദിയയുടെ നഖ്ശബന്ദിയ്യ ത്വരീഖത്ത്, ഖാജാ മുഈനുദ്ധീൻ ചിശ്തിയുടെ നാമത്തിൽ അറിയപ്പെടുന്ന ചിശ്തിയ്യ ത്വരീഖത്ത്, ഇമാം സുഹ്റവർദിയുടെ സുഹ്റവർദിയ്യ ത്വരീഖത്ത് എന്നിവയാണ് ലോകത്തിന്റെ വ്യത്യസ്ത ദേശങ്ങളിൽ വേരുകളുള്ള സൂഫീ ധാരകൾ. ഈ ശ്രേണിയിലെ മറ്റൊരു ത്വരീഖത്താണ് ഇമാം സനൂസിയുടെ സനൂസിയ്യ ത്വരീഖത്ത്. അൾജീരിയ, ലിബിയ, ഈജിപ്റ്റ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് പത്തോമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഉദയം കൊണ്ട സൂഫീ ധാരയാണ് സനൂസിയ്യ. ഖാദിരിയ്യ സൂഫീ ധാരയുടെ ഉപവിഭാഗമായി അറിയപ്പെടുന്ന സനൂസിയ്യ പ്രസ്ഥാനം, സ്ഥാപകനായ മുഹമ്മദ്ബ്നു അലി അസ്സനൂസിയിലേക്ക് ചേർത്തികൊണ്ടാണ് സനൂസി എന്ന നാമത്തിൽ പ്രസിദ്ധമായത്.

ഹിജാസ് കേന്ദ്രീകരിച്ച് വളർന്നുവന്ന ത്വരീഖത്ത് അവിടം മൗലിക വാദികൾ മത ഭ്രംശം ആരോപിച്ച് കൊണ്ട് ആശ്രമങ്ങളും ശ്മശാനങ്ങളും കടന്നാക്രമിക്കുകയും സൂഫികളെ വധിക്കുകയോ നാടുകടത്തുകയോ ചെയ്യുന്ന സാഹചര്യം സംജാതമാവുകയും ചെയ്തപ്പോൾ, ഗത്യന്തരമില്ലാതെ ശൈഖ് സനൂസിയും ലിബിയയിലേക്ക് പലായനം ചെയ്തു. പിന്നീട് ലിബിയയുടെ പ്രദേശങ്ങളായിരുന്നു ആ ത്വരീഖത്തിനെ ഊർജസ്വലമാക്കിയത്. സനൂസി സൂഫികൾ മിലിറ്റന്റ് സൂഫികൾ എന്നും അറിയപ്പെടുന്നുണ്ട്. ഒന്നാം ലോക മഹാ യുദ്ധത്തിൽ ഒട്ടോമൻ പക്ഷം ചേർന്ന് യുദ്ധം ചെയ്യുകയും ഈജിപ്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും അൾജീരിയയിൽ ഫ്രഞ്ച് പട്ടാളത്തിനെതിരെയും ലിബിയയിൽ ഇറ്റാലിയൻ അധിനിവേശത്തിനെതിരെയും പോരാടി എന്ന കാരണത്താല്‍, മിലിറ്റന്റ് സ്വൂഫികളായി പലരും സനൂസികളെ പറയാറുണ്ട്. 


മുഹമ്മദ് ബ്നു അലി അസ്സനൂസി 
സനൂസി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മുഹമ്മദ്ബിൻ അലി അസ്സനൂസി 1787 അൾജീരിയയിലെ മോസ്റ്റഗനെമിനടുത്തുള്ള അൽവാസിതയിലാണ് ജനിക്കുന്നത്. മുഹമ്മദ്ബിൻ അലി അസ്സനൂസി അൽ മുജാഹിരി അൽ ഹസനി അൽ ഇദ്രീസി എന്നതാണ് പൂർണ്ണ നാമം. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സനൂസി എന്ന പ്രപിതാവില്‍നിന്നാണ് കുടുംബം സനൂസി എന്ന നാമം സ്വീകരിക്കുന്നത്. പാരമ്പര്യ മത മൂല്യങ്ങളെ അനുധാവനം ചെയ്യുന്നതോടൊപ്പം അധിനിവേശം, വിശ്വാസാചാരങ്ങൾക്കിടയിൽ രൂപപ്പെട്ട പുതിയ പ്രവണതകൾ, പാശ്ചാത്യ സംസ്കാര ചലനങ്ങള്‍ എന്നിവയെ ചെറുക്കുന്നതില്‍ ഇമാം സനൂസി അനവധി സംഭാവനകളും അർപ്പിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ പ്രാദേശിക അധികാരികളുടെ ദുർഭരണം മൂലം ഉസ്മാനി ഭരണകൂടത്തിനോട് പുലബന്ധംപോലും ഇല്ലാത്ത സനൂസിയ്യ പ്രസ്ഥാനം പിന്നീട് രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തി. മറ്റു ലിബിയൻ ത്വരീഖത്തുകൾക്ക് രാഷ്ട്രീയ സ്വാധീനമോ, വ്യക്തമായ സംഘാടനാ സംവിധാനമോ ഇല്ലാതിരുന്നതിനാൽ സനൂസികൾക്ക് ലിബിയയുടെ രാഷ്ട്രീയ നേതൃനിരയിലേക്ക് എത്താൻ കഴിഞ്ഞുവെന്ന് പ്രശസ്ത ആന്ത്രോപോളജിസ്റ് ഇവാൻസ് പ്രിച്ചാർഡ് വീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ത്വരീഖത്ത് എന്നാണ് സനൂസിയയെ ജോൺ സ്‌പെൻസർ ട്രിമ്മിങ്ഹാം വിശേഷിപ്പിക്കുന്നത്. സനൂസി അൽ കബീർ, ഗ്രാന്റ് സനൂസി എന്നീ നാമങ്ങളിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഷെയ്ഖ് ഇബ്നു തൈമിയ്യയുടെ ചിന്തകളിലും ഷെയ്ഖ് സനൂസി തല്പരനായിരുന്നു. ഈഖാദ് എന്ന കൃതിയിൽ ഇജ്തിഹാദിന്റെ ആവശ്യകതയെക്കുറിച്ചു ഷെയ്ഖ് സനൂസി വിശദീകരിക്കുന്നുണ്ട്. ഹമ്പലി മദ്ഹബുകാരനായിരുന്ന ഇബ്നു തൈമിയ്യ തഖ്‌ലീദിനെ നിരുത്സാഹപ്പെടുത്തുകയും ഇജ്തിഹാദിനെ പ്രോഹിത്സാഹിപ്പികുകയും ചെയ്തതിന്റെ ഹേതുവായി പറയപ്പെടുന്നത്, വ്യത്യസ്ത ദേശങ്ങളിലേക്ക് ഹമ്പലി മദ്ഹബ് വ്യാപിച്ചപ്പോൾ പല ദുരാചാരങ്ങളും മദ്ഹബിന്റെ അന്തർധാരയിൽ കടന്ന് കൂടുകയും ഇസ്‍ലാമിന്റെ തനിമ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്ന ധാരണയിൽ ഇസ്‍ലാമിനെ ശുദ്ധ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്നത് ലക്ഷ്യമായി കാണുകയും പിന്തുടർന്ന് പോന്നിരുന്ന തഖ്‌ലീദ് സമ്പ്രദായം ഒഴിവാക്കി ഇജ്തിഹാദിനെ പിന്തുടരുകയുമായിരുന്നു അദ്ദേഹം എന്നാണ്. ഈ രീതിയാണ് സനൂസി ഇമാമും പിന്തുടർന്നിരുന്നത്. മാത്രവുമല്ല, ഇസ്‍ലാമിക ആശയാദർശങ്ങളെ അതിന്റെ തനിമയോടെ മനസ്സിലാക്കണമെന്ന് അദ്ദേഹം ഓര്മപ്പെടുത്തുകയും ചെയ്തു. സൂഫി ആത്മീയ രംഗങ്ങളിൽ നൃത്തവും സംഗീതവും അനുവദനീയമായിട്ടാണ് അവർ കണ്ടത്.
വൈജ്ഞാനിക മേഖലയിൽ താരാപഥമായി നിറഞ്ഞുനിന്ന സനൂസി തന്റെ പ്രദേശത്തെ കാർഷിക മേഖലയിലും ശ്രദ്ധ ചെലുത്തിയിരുന്നു. സഹാറൻ മേഖലകളിലെ വ്യാപാര കുതിച്ചു ചാട്ടത്തിന് സനൂസിയുടെ കാർഷിക വിപ്ലവം അനിഷേധ്യ പങ്ക് വഹിച്ചിട്ടുണ്ട്. 1859-ൽ ഷെയ്ഖ് സനൂസിയുടെ വിയോഗാനന്തരം സയ്യിദ് മഹ്ദി സനൂസി പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 1902-ൽ ഇദ്ദേഹത്തിന്റെ മരണ ശേഷം 1917-വരെ സഹോദരൻ ഷെയ്ഖ് അഹ്മദ് ശരീഫ് ത്വരീഖത്തിനെ നയിച്ചു. 1916-ൽ ബ്രിട്ടീഷുകാരുമായുള്ള ഏറ്റമുട്ടൽ പരാജയപ്പെട്ടതോടെ അദ്ദേഹം പ്രസ്ഥാനത്തിന്റെ നേതൃത്വം സഹോദര പുത്രൻ മുഹമ്മദ് ഇദ്‍രീസിനെ ഏൽപ്പിക്കുകയായിരുന്നു. ഷെയ്ഖ് മുഹമ്മദ് ഇദരീസ് പിന്നീട് ലിബിയയുടെ രാജാവായി അധികാരമേൽക്കുകയും ചെയ്തു.

സനൂസിയ്യ പ്രസ്ഥാനത്തിന്റെ പോരാട്ട മുറകൾ

ലിബിയൻ പരിസരങ്ങളിൽ ഉസ്മാനി ഭരണകൂടം ശോഷിച്ചതോടെ ഫ്രഞ്ചിനെ പോലോത്ത പല അധിനിവേശ ശക്തികളും കടന്നാക്രമിച്ചപ്പോൾ അറബ് നാടോടി ഗോത്രങ്ങളെ ഉപയോഗപ്പെടുത്തി സനൂസികൾ പോരാടുകയുണ്ടായി. ഇത് വെല്ലുവിളിയായി കണ്ട ഫ്രഞ്ച് ശക്തികൾ 1901 ൽ സനൂസികളെ അക്രമിക്കുന്നതോട് കൂടെയാണ് ലിബിയൻ ജിഹാദിന് വഴി തെളിയുന്നത്. 1911-ൽ ഇറ്റാലിയൻ ശക്തികൾ ലിബിയ കീഴടക്കിയപ്പോഴും ജിഹാദ് പ്രഖ്യാപിച്ച് കൊണ്ട് ദേശത്തെ പ്രതിരോധിച്ചത് അവരായിരുന്നു. സനൂസികളുടെ പോരാട്ടവീര്യത്തിനു മുന്നിൽ പതറിയ ഇറ്റാലിയൻ സൈന്യം ഈ സൂഫി ത്വരീഖത്തിനോട് സന്ധിക്ക് തയ്യാറാകേണ്ടി വന്നു. പിന്നീട് 1922-ൽ അധികാരം പിടിച്ചെടുത്ത ബെനിറ്റോ മുസോളിനിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകൾ പുതിയ കൊളോണിയൽ ശ്രമങ്ങൾ ആരംഭിച്ചതോടെ സനൂസികളുമായുള്ള സന്ധി വിച്ഛേദിക്കപ്പെടുകയാണ് ചെയ്തത്.

ഒരു ആത്മീയ സൂഫി ധാര എന്നതിനപ്പുറം പല അധിനിവേശ ശക്തികൾക്കും തലവേദനയായിരുന്ന സനൂസിയ പ്രസ്ഥാനത്തെ ഉന്മ്മൂലനം ചെയ്യാൻ മദനിയ ത്വരീഖത്തുപോലുള്ള മറ്റു സൂഫി ത്വരീഖത്തുകളെ ഉപയോഗപ്പെടുത്തിയാതായി ചരിത്രത്തിൽ കാണാൻ സാധിക്കുന്നതാണ്. പ്രശ്നകലുഷിതമായ ഈ സാഹചര്യത്തിൽ പ്രസ്ഥാന നായകൻ മുഹമ്മദ് ഇദ്‍രീസ് സഹായമഭ്യർത്ഥിച്ച് ഈജിപ്തിലേക്ക് പോയപ്പോൾ പകരക്കാരനായി ഉണ്ടായിരുന്നത് ഉമർ മുക്താറെന്ന ധീര പുരുഷനായിരുന്നു. ദി ലയൺ ഓഫ് ഡെസേർട് എന്ന നാമത്തിൽ ശ്രദ്ധേയനായ ഉമർ മുക്താറിന്റെ കീഴിൽ അധിനിവേശ കിങ്കകരൻമാർക്കെതിരെ പല നീക്കങ്ങളും നടത്തികൊണ്ട് അവരെ മുട്ട് കുത്തിച്ചെങ്കിലും 1931സെപ്തംബര് 16 നു അദ്ദേഹം മരണപ്പെടുന്നതോട് കൂടെ ചെറുത്തുനിൽപ്പ് അവസാനിക്കുകയും ലിബിയ ഇറ്റലിയുടെ ഭാഗമായി ചേർക്കപ്പെടുകയും ചെയ്തു. മാത്രവുമല്ല ഈജിപ്തിലേക്ക് സഹായമഭ്യർഥിച്ചു പോയ ഷെയ്ഖ് ഇദ്‍രീസിന് തിരിച്ചു വരവിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടു. കൊളോണിയൽ ശക്തികളായ ഫ്രഞ്ച് ഇറ്റാലിയൻ സൈന്യങ്ങളുമായുള്ള സനൂസി തരീഖത്തിന്റെ നിരന്തര പോരാട്ടം പ്രസ്ഥാനത്തിന്റെ തന്നെ തകർച്ചയിലേക്ക് നയിക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.

ഭരണം ഷെയ്ഖ് ഇദരീസ് സനൂസിയുടെ കരങ്ങളിൽ

1942 ജനുവരി 23ന് ബ്രിട്ടീഷ് സൈന്യം ട്രിപ്പോളി പിടിച്ചെടുത്തതോടെ മുസോളനിയുടെ ഫാസിസ്ററ് അധികാരം ഇല്ലാതായത് ഷെയ്ഖ് ഇദരീസ് സനൂസിക്കു ലിബിയയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരമൊരുക്കി. പിന്നീട് ബ്രിട്ടന്റെ സഹായത്തോടെ വീണ്ടും ഒരു പ്രതിരോധ സംഘം അദ്ദേഹം രൂപീകരിച്ചു. രണ്ടാം ലോകമഹായുദ്ധ പശ്ചാത്തലത്തിൽ രൂപപ്പെട്ട ഈ സഖ്യത്തിൽ ബ്രിട്ടീഷ് അധികാരികൾ ഷെയ്ഖ് ഇദരീസ് സനൂസിയെ ലിബിയൻ നേതാവായി അംഗീകരിച്ചു. അങ്ങനെയാണ് ലിബിയയുടെ ഭരണം ഇദ്‍രീസിയുടെ കരങ്ങളിലെത്തുന്നത്. യാഥാർത്ഥത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പ്രാദേശിക അധികാരം നിലനിർത്താൻ സനൂസികളുടെ ജനസ്വാധീനം ആവശ്യമായിരുന്നു. പിന്നീട് 1952-വരെ ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന ലിബിയ ഐക്യ രാഷ്ട്ര സഭയുടെ സമ്മതത്തോടെ, ഷെയ്ഖ് ഇദ്‍രീസ് സനൂസിയുടെ നേതൃത്വത്തിൽ സ്വതന്ത്ര രാജ്യഭരണം ആരംഭിച്ചെങ്കിലും ത്വരീഖത്തിന്റെ ജനസ്വാധീനം കുറയുകയാണുണ്ടായത്.

ഷെയ്ഖ് ഇദ്‍രീസിന്റെ കുടുംബവും ത്വരീഖത്തിന്റെ പ്രധാന അംഗങ്ങളും രാജ്യത്തെ സുപ്രധാന തസ്‌തികകളിൽ അവരോധിക്കപ്പെടുകയും ദാരിദ്ര്യം പോലോത്ത പല ആഭ്യന്തര പ്രതിസന്ധികൾക്കും ലിബിയ സാക്ഷിയാവുകയും ചെയ്തു. കൂടാതെ അറബ്-ഇസ്രായേൽ യുദ്ധ പരാജയവും രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയ അസ്വാസ്ഥ്യങ്ങളും കരുത്താർജ്ജിച്ച ദേശീയവാദവും ഷെയ്ഖ് ഇദരീസ് സനൂസിയുടെ സ്വീകാര്യതക്ക്‌ മങ്ങലേൽപ്പിച്ചു.1969 സെപ്റ്റംബർ ഒന്നിന് ചികിത്സാർത്ഥം തുർക്കിയിലേക്ക് പോയ സാഹചര്യത്തിൽ മുഅമ്മർ ഗദ്ദാഫി പട്ടാള അട്ടിമറി നടത്തുകയും ഇദ്‍രീസ് സനൂസിയുടെ അഭാവത്തിൽ വിചാരണ നടത്തികൊണ്ട് വധശിക്ഷക്ക് വിധിക്കുകയും ചെയ്തു.
അധികാരരത്തിൽ എത്തിയ മുഅമ്മർ ഗദ്ദാഫി സനൂസി പ്രസ്ഥാനത്തെ കോളനിവത്കരണത്തിന്റെ ഏജന്റുകളായി മുദ്രകുത്തുകയും എല്ലാ സൂഫി പ്രസഥാനങ്ങളും ഇസ്‍ലാമിക അധ്യാപനങ്ങൾക്ക് എതിരാണെന്ന് വാദിക്കുകയും ചെയ്തു. ഇമാം സനൂസിയും ഷെയ്ഖ് ഇദ്‍രീസ് സനൂസിയും ചെയ്തതുപോലെ ഷെയ്ഖ് ഉമര്‍ മുഖ്താറും രാഷ്ട്രത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്ന കടുത്ത ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. അതേസമയം, ബ്രദർഹുഡ് പോലോത്ത രാഷ്ട്രീയ ശത്രുക്കൾക്കെതിരെ ഗദ്ദാഫി സൂഫികളെ ഉപയോഗിച്ചതായി ചരിത്രത്തിൽ കാണാൻ സാധിക്കുന്നതാണ്. 

ഈജിപ്തിലേക്ക് നാടുകടത്തപ്പെട്ട ഷെയ്ഖ് ഇദരീസ് സനൂസി 1983-ൽ, തൊണ്ണൂറ്റിനാലാം വയസ്സിൽ മരണമടഞ്ഞു. ഈജിപ്ത് സര്‍ക്കാറിന്റെ പ്രത്യേക വിമാനത്തില്‍, ഭൗതിക ശരീരം മദീനയിലെത്തിച്ച്, ജന്നതുല്‍ബഖീഇലാണ് മറവ് ചെയ്തത്. നിലവിൽ സനൂസികൾ മറ്റു സൂഫി ത്വരീഖത്തുകളിൽ ലയിച്ചിട്ടുണ്ടെങ്കിലും ഇമാം സനൂസിയുടെയും ഇദ്‍രീസിയുടെയും നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത ലിബിയൻ സാമൂഹിക രാഷ്ട്രീയ പരിഷ്കരണങ്ങൾ ഇന്നും ചരിത്രത്തിന്റെ സുവർണ ലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ടവയാണ്.



Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter