ഔദാര്യമല്ല... ഇത് അവരുടെ അവകാശമാണ്...
നാട്ടില്‍ തിരിച്ചെത്തുന്ന പക്ഷം, പ്രവാസികള്‍ക്ക് കോരന്റൈന്‍ സൌകര്യങ്ങളൊരുക്കുന്ന തിരക്കിലാണ് എല്ലാ സംഘടനകളും. വിവിധ മതസംഘടനകളെല്ലാം അവരുടെ സ്ഥാപനങ്ങള്‍ ഇതിനായി വിട്ടുനല്‍കാന്‍ തയ്യാറായിരിക്കുകയാണ്. സമസ്തയുടെ കീഴിലുള്ള പതിനായിരത്തിലധികം വരുന്ന മദ്റസകള്‍ ആവശ്യമാവുന്ന പക്ഷം, ഇതിനായി വിട്ടുകൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതും നാം ഏറെ ആവേശത്തോടെ കേട്ടതാണ്. പല മഹല്ല് കമ്മിറ്റികളും പ്രവാസികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഏറെ വിഭിന്നമാണ് കേരളം. സാമ്പത്തികവും സാംസ്കാരികവുമെന്ന് വേണ്ട എല്ലാ അര്‍ത്ഥത്തിലും കേരളമോഡല്‍ പ്രത്യേക ശ്രദ്ധ നേടിയതാണ്. കോവിഡ് നിയന്ത്രണത്തിലും ഇത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്, വലുപ്പത്തിലും ജനസംഖ്യയിലും വളരെ ചെറുതും ഭൌതിക സൌകര്യങ്ങളില്‍ ഏറെ വലുതുമായ പല ഗള്‍ഫ് രാഷ്ട്രങ്ങള്‍ പോലും പരാജയപ്പെട്ടിടത്താണ് കേരള മോഡല്‍ ക്വാരന്റൈനും റൂട്ട് ട്രാക്കിംഗും ഐസൊലേഷനുമെല്ലാം വിജയഗാഥകള്‍ തീര്‍ക്കുന്നത്.
ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ എല്ലാ അര്‍ത്ഥത്തിലും, മലയാളികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രവാസത്തിന് വലിയ പങ്കുണ്ടെന്നത് പറയാതെ വയ്യ. പ്രവാസികളാണ് നമ്മുടെ നാടിനെ ഈ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്വന്തം കുടുംബത്തിന്റെ പട്ടിണിക്കും പ്രാരാബ്ധങ്ങള്‍ക്കും പരിഹാരം തേടി കടല്‍കടന്ന അവര്‍, നാടും നാട്ടുകാരും അവരുടെ പ്രശ്നങ്ങളുമെല്ലാം സ്വന്തം പ്രശ്നങ്ങളേക്കാള്‍ പ്രധാനമായി മാറിയെന്നതാണ് പ്രവാസികള്‍ ചെയ്ത ഏറ്റവും വലിയ ത്യാഗം. അതോടെ, മതസംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. പള്ളികളും കോളേജുകളും ഉയര്‍ന്ന് പൊങ്ങി. വലിയകെട്ടിടങ്ങളും ഷോപ്പിംഗ് മാളുകളും നമ്മുടെയും ഭാഗമായി. വിഭവ സമൃദ്ധമായ സല്‍ക്കാരങ്ങളും വേണ്ടതെന്തും ലഭിക്കുന്ന ബൊഫെ പാര്‍ട്ടികളുമെല്ലാം നമ്മുടെയും ജീവിതത്തിന്റെ ഭാഗമായി.
ചുരുക്കത്തില്‍ എന്തിലും ഏതിലും പ്രവാസികളുടെ കൈയ്യൊപ്പുണ്ട്. വിശിഷ്യാ മതസ്ഥാപനങ്ങളിലധികവും സ്ഥലമെടുപ്പ് മുതല്‍ ദൈനംദിന നടത്തിപ്പ് വരെ പ്രധാനമായും ആശ്രയിച്ചതും ആശ്രയിക്കുന്നതും പ്രവാസികളെത്തന്നെയാണ്. ഗള്‍ഫ് നാടുകളില്‍ പര്യടനം നടത്താതെയും ഗള്‍ഫ് കമ്മിറ്റികള്‍ രൂപീകരിക്കാതെയും നടന്നുപോവുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ അധികമൊന്നും ഉണ്ടാവാനിടയില്ല.
പറഞ്ഞുവരുന്നത്, ഇതെല്ലാം പ്രവാസികളുടേത് കൂടിയാണ്. അത് കൊണ്ട് തന്നെ, ആവശ്യമാവുന്ന സമയത്ത് അവ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടത് നമ്മുടെ ബാധ്യതയും. ആ ബാധ്യത നിറവേറ്റാനുള്ള അവസരമാണ് ഇത്. അതാണ്, ഇന്ന് നാം ഏറെ ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നതും. ഈ ആത്മബന്ധം കൊണ്ടും കൊടുത്തും പരസ്പരം ചേര്‍ത്ത് പിടിച്ചും എന്നും ഇതുപോലെ പൂത്തുലയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, അതിനായി പ്രാര്‍ത്ഥിക്കുന്നു.
Leave A Comment