''ലോകത്ത് ഒരിടത്തും മുസ്‌ലിംകള്‍ ശേഷിച്ചിട്ടില്ല. ഇപ്പോള്‍ ക്രിസ്ത്യാനികളേയുള്ളൂ. ഞങ്ങളെല്ലാം മുസ്‌ലിംകളായിരുന്നു. ഇപ്പോള്‍ ക്രിസ്ത്യാനികളായത് ക്രിസ്തു സത്യമായതുകൊണ്ടാണ്.''
ന്യൂസിലാണ്ടിനടുത്ത് ഛാദോം ദ്വീപ് സമൂഹങ്ങളിലെ നൂറുശതമാനം മുസ്‌ലിംകളുള്ള ഒരു ദ്വീപില്‍ കുരിശു പ്രചരണത്തിനു വന്നവര്‍ പറഞ്ഞതാണിത്. കോളനി ഭരണകാലത്ത് ബ്രിട്ടന്‍ നാടുകടത്തിയവരാണ് ഈ ദ്വീപുനിവാസികള്‍. ലോകത്തെ അനക്കമാറ്റങ്ങള്‍ ഒന്നും അറിയാന്‍പാടില്ലാത്ത അവസ്ഥയായിരുന്നു അവിടെ. അവരെ കുരിശിലേക്ക് അമര്‍ത്തിവെക്കാന്‍ പാകമായ തന്ത്രമെന്തായിരുന്നു? ആദ്യം വിവരക്കേടിലാക്കുക, പിന്നെ മറ്റു നിര്‍വാഹമേതുമില്ലെന്ന് തോന്നിപ്പിച്ച് കൂടെ കൂട്ടുക.(1)
ലോകത്തെ കുരിശു പ്രചാരണ ശീലങ്ങളുടെ ഈ സ്വഭാവം ഇസ്‌ലാമില്‍ അറ്റകുറ്റപ്പണി നടത്തുന്നവരെന്ന് സ്വയം അഭിമാനിച്ചവരെ കയറിപ്പിടിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. ചിട്ടയായ ആശയങ്ങള്‍ കൊണ്ടും ക്രമമുറയുള്ള അനുശീലനങ്ങള്‍ കൊണ്ടും ഭൂമിയില്‍ ബലമായി കാലുറപ്പിക്കാന്‍ കഴിയാത്തവര്‍ സ്വീകരിക്കുന്ന ലളിത സംസ്‌കാരമാണ് മുകളില്‍ സൂചിപ്പിച്ചത്. നന്മകളെ നിര്‍വീര്യമാക്കുന്ന അതിന്റെ അപകട തുടര്‍ച്ചകള്‍ ഏത് കാലത്തും സുകൃതങ്ങളെ കാത്തുനിന്നവരെയും അനുഭവിച്ചവരെയും വേദനിപ്പിക്കും. അല്ലാഹുവോളം പഴക്കംകാണുന്ന ഇസ്‌ലാമിക നിയമസംഹിതകളുടെയും തീര്‍പ്പുകളുടെയും വേരുകളെ പിഴുതുമാറ്റിയോ മാറ്റി നടുകയോ ചെയ്യുന്ന കുടില നീക്കമായിരുന്നു അത്. ഇസ്‌ലാമിന്റെ ഊരക്ക് പിടിച്ച ഈ പരിഷ്‌കരണ മാമൂലുകള്‍ ഒരിക്കലും ഇസ്‌ലാമിന്റെ ഭാഗമായിരുന്നില്ല. ആകാശത്തെയും ഭൂമിയെയും അതിലുള്ള എല്ലാത്തിനെയും നേരെയാക്കാന്‍ മാര്‍ഗം കാണിക്കുന്ന അല്ലാഹുവിന്റെ ഈ ദീനിനെ തന്നെ നന്നാക്കി രക്ഷപ്പെടുത്താനുള്ള ഇക്കൂട്ടരുടെ നീക്കുപോക്കുകള്‍ എന്തിനായിരുന്നു? രണ്ടു ലോകത്തേക്കും ഗുണപരമായി രണ്ടു വരിെയങ്കിലും പറയാനില്ലാത്ത, ഈ വിരോധാഭാസ സമ്പ്രദായങ്ങളുടെ പിതാക്കള്‍ സത്യത്തില്‍ ആരായിരുന്നു? ഈ ചോദ്യവും ചിന്തയും കാലങ്ങള്‍ കുറെയായി എന്നും കാലിക പ്രസക്തം എന്ന് പറയാവുന്ന വിധമാണ്.
മുസ്‌ലിംകള്‍ എന്നതിനെക്കാള്‍ 'സലഫികള്‍' എന്നായിരുന്നു സ്വയം വിശേഷിപ്പിക്കാന്‍ അവര്‍ക്ക് ഇഷ്ടം. മുഹമ്മദ്ബിനു അബ്ദുല്‍ വഹാബിനോളമെത്തുന്ന സലഫികളെ അവര്‍ക്കുണ്ടായിരുന്നുള്ളൂവെന്ന് വരികള്‍ക്കിടയില്‍ വായിക്കണം. അതുകൊണ്ടുതന്നെ രക്ഷപ്പെട്ടുതുടങ്ങിയ കാലത്തെ ഇസ്‌ലാമിന്റെ അവകാശികളെന്ന് അവര്‍ നിരന്തരം അഹങ്കരിച്ചുവന്നു. കഴിയാവുന്നിടത്തൊക്കെ അതുവെച്ച് ആണിയമര്‍ത്താന്‍ പകലും പാതിരക്കും പണിയെടുക്കുന്നതില്‍ ഒട്ടും ക്ഷീണമില്ലായിരുന്നു. അങ്ങനെ നിലവിലെ മുസ്‌ലിംകളെ 'വിശുദ്ധ മുസ്‌ലിംകളാ'ക്കാന്‍ ആദ്യം അവരെ നിങ്ങള്‍ മുശ്‌രിക്കാണെന്ന് പറഞ്ഞു ഭീതിപ്പെടുത്തി! അവരുടേതായ ഇസ്‌ലാമിലേക്ക് വലിച്ചുകയറ്റാനുള്ള രക്ഷകനായി അവര്‍ അതിനെ പരിഗണിച്ചുപോന്നു. ലോകത്ത് ഒരിടത്തും മുസ്‌ലിംകളില്ല, മൊത്തം ക്രിസ്ത്യാനികളാണെന്ന് പറഞ്ഞുനടന്ന കുരിശു പ്രചാരകരോട് എന്തുകൊണ്ടും ഇതിന് സാമ്യതയുണ്ടായിരുന്നു. ലോകത്തിന്റെ മിതമായ ന്യായവും അനുഭവവും വെച്ച് അതിനെ നമുക്ക് വഹാബിസം എന്നു വിളിക്കാം.
വഹാബിസം എന്നാല്‍ ഹിംസാത്മക രാഷ്ട്രീയത്തിന്റെ ഹീനസ്വരൂപമായി വാണുനിന്ന ഒരു കാലം. ഇസ്‌ലാമിന്റെ പേരില്‍ വന്ന ഭീകര പ്രസ്ഥാനമായി അതിനെ കണക്കുകൂട്ടാന്‍ പര്യാപ്തമാണ്. ഇന്ന് അതിന്റെ ഹിംസഭാവങ്ങള്‍ അവസാനിച്ചു എന്നൊന്നുമല്ല അതിന്റെ താല്‍പര്യം. എല്ലാത്തിനും ഒരു സുവര്‍ണകാലമുണ്ടാവുക സ്വാഭാവികമാണ്. ഇന്ത്യന്‍ മുന്‍ നിയമ മന്ത്രി റാംജഠ്മലാനിയുടെ ഇവിടെ വേണമെങ്കില്‍ ചേരുംപടി ചേര്‍ക്കാം. ഇബ്‌നു അബ്ദുല്‍ വഹാബിനെയും വഹാബിയന്‍ ബോധശീലങ്ങളെയും ഇങ്ങനെ യഥായോഗ്യം വിലയിരുത്താന്‍ വൈകിയവര്‍ക്ക് ലോകത്തെ ഏറെ പഴക്കമുള്ള ഈ സംഗതികളെ തിരിച്ചറിയാന്‍ വൈകിയല്ലോ എന്ന് തോന്നാതെ വയ്യ!
ഇസ്‌ലാമിക ചിന്തയുടെ പുരോഗമന ഭാവമായി അംഗീകരിക്കപ്പെടാന്‍ അവര്‍ വെമ്പല്‍കൊണ്ടിരുന്നു. അഥവാ, ഒരു പ്രത്യേക വിഭാഗമെന്നോ വേറിട്ട ചിന്താധാരയെന്നോ വിലയിരുത്തപ്പെടാന്‍ കൊതിച്ചു നിന്ന അവര്‍ അത് സാധ്യമാക്കാനുള്ള വഴിയായി സംഹാരശീലങ്ങളെ സ്വീകരിച്ചുവെന്ന് സമ്മതിക്കാതെ നിര്‍വാഹമില്ല. മറ്റുള്ളവരില്‍നിന്ന് മുന്തിയവരായി എണീറ്റു നില്‍ക്കുന്ന ഈ അഹങ്കാരഭാവങ്ങള്‍ അവരല്ലാത്തവരെ കുറഞ്ഞവരാക്കാനും ശിര്‍ക്കിന്റെ ഇരുട്ടുമൂലയിലേക്ക് തള്ളിമാറ്റാനും മികച്ച ഉഷിരാണ് അവര്‍ക്ക് നല്‍കിയത്! ഇസ്‌ലാമിന്റെ സമാശ്വാസ ശീലങ്ങള്‍ക്കിടയില്‍ തലപൊക്കി വന്ന ഈ അക്രമ പെരുമാറ്റങ്ങള്‍ക്ക് ഇസ്‌ലാമികമായി ഒരു ന്യായവുമുണ്ടായിരുന്നില്ല.
ഇസ്‌ലാമിന്റെ അംഗീകൃത പ്രമാണങ്ങളും പ്രബഞ്ചത്തിന്റെ നിര്‍മാണ നിയന്ത്രണത്തിലെ വിളിയാളമെന്നും അവരുടെ സ്വന്തമായ ലോക വീക്ഷണമെന്ന ഇരുട്ടുയുക്തിയിലേക്ക് വെളിച്ചമായി കയറിവന്നില്ല. നബി(സ)യെ പോലും തള്ളിപ്പറയുന്ന ഈ വിഭാഗത്തിന്റെ കുടുക്കികെട്ടിയ ഇടുങ്ങിയ 'ബുദ്ധി' അല്ലാഹുവിലേക്ക് നേരെ കയറിച്ചെല്ലണമെന്നാണ് വ്യാമോഹിച്ചത്. ഖുര്‍ആനില്‍ തെളിവുണ്ടോ, അല്ലാഹു പറഞ്ഞിട്ടുണ്ടോ എന്നൊക്കെ വലിയ കേമത്തോടെ ചോദിച്ചു. ജയിച്ചു എന്ന് അവര്‍ സ്വയം വിചാരിക്കുന്ന/വിചാരിച്ചുപോന്ന വെല്ലുവിളിയുടെ നിലവാരവും ഊക്കും ഇത്രത്തോളം വികസിച്ചുവെന്നത് അവരുടെ ഇസ്‌ലാമിക താല്‍പര്യം എത്രക്കുണ്ടെന്ന് മനസ്സിലാക്കാന്‍ എമ്പാടും മതി.
അല്ലാഹു തന്നെ ''നിങ്ങളുടെ തൃപ്തിയാണ് എന്റെ താല്‍പര്യം'' (വ അന അത്വ്‌ലുബു രിളാക്ക യാ റസൂലല്ലാ) എന്നു പറഞ്ഞ പുണ്യനബി(സ) ഈ വിഭാഗത്തിന് പോരാത്തവരായിരുന്നു. ഇവരുടെ അളന്നൊപ്പിച്ച യുക്തിയുടെ ഫ്രൈമില്‍ കൊണ്ടുവരാന്‍മാത്രം നബി(സ)ആളായിരുന്നില്ലപോല്‍! നബി(സ) യുടെ സല്‍വിശേഷങ്ങളോട് തന്നെ മുഖംതിരിഞ്ഞു നിന്നവരായാണ് ഇവര്‍ ആദ്യകാലം മുതലേ അറിയപ്പെട്ടുപോന്നത്. നബിയുടെ ഏതെങ്കിലും നിലക്കുള്ള സാന്നിധ്യം ബര്‍കത്തായി കരുതിപ്പോന്ന നൂറ്റാണ്ടുകളുടെ -പുണ്യകരമായ മൂന്നു നൂറ്റാണ്ടുകളടക്കം- മുസ്‌ലിം ചരിത്രം പ്രാമാണികമായി നിലനില്‍ക്കുമ്പോള്‍ അവര്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ പോലും പാകമായിവന്നില്ല. പുണ്യനബി ഉപയോഗിച്ചതും സ്പര്‍ഷിച്ചതും എല്ലാ ഈ നിലക്ക് പരിഗണിച്ചുപോന്ന ഒരു സുവര്‍ണ കാലത്തെ നിഷേധിക്കാന്‍ കഴിയുമോ? ഇനി ലളിതമായി ഒന്നുചോദിക്കാം- ഇവരുടെ ഇസ്‌ലാമില്‍ പ്രവാചകനായി മുഹമ്മദ് നബി(സ)യുണ്ടോ! അല്ലെങ്കില്‍ സൃഷ്ടികളില്‍ ശ്രേഷ്ടരും സ്രഷ്ടാവിന്റെ ദൂതരുമായ ഈ നബി(സ)യുള്ള ഇസ്‌ലാമിനെ ഏത് നിലക്കാണ് ഈ വിഭാഗം പരിഗണിക്കുന്നത്?!
ഈ ചോദ്യവും ചിന്തയും ക്രൂരവും അന്യായവുമാണെങ്കില്‍ പിന്നെ എന്തിനാണ് അധികാരത്തിന്റെ പങ്ക് പറഞ്ഞ് റൗളയുടെ പച്ച ഖുബ്ബ തകര്‍ക്കുമെന്ന് അരിശംകൊണ്ടത്? ജൂത സിയോണിസ്റ്റുകള്‍ പോലും പരസ്യമായി പറയാത്ത ഈ പണി ഞങ്ങള്‍ എടക്കുമെന്ന് ഉറപ്പായ താല്‍പര്യം വ്യക്തമാക്കുന്നവരോട് നിങ്ങളുടെ പക്ഷമേതെന്ന് ഒരു മുസ്‌ലിം ചോദിച്ചുപോകുക സ്വാഭാവികം മാത്രം. ലക്ഷങ്ങള്‍ ഹജ്ജിന് പോകുമ്പോള്‍ ലക്ഷ്യം വെക്കുന്ന മുത്തുനബി കിടക്കുന്ന ആ റൗളാ ശരീഫില്‍ സുന്നികള്‍ക്ക് പിരിവെടുക്കാന്‍ ഒരു നേര്‍ച്ചപ്പെട്ടി പോലുമില്ല. പിന്നെ ആരെ പ്രീതിപ്പെടുത്താനാണ് ഈ പ്രഖ്യാപനങ്ങള്‍ നടന്നതെന്ന് മനസിലാകുന്നില്ല. ഹജ്ജിന്റെ ഭാഗമാകാതിരുന്നിട്ട് കൂടി ഏതൊരു മനുഷ്യനും അങ്ങനെ കൊതിക്കുന്നതിന് പിന്നിലെ ആ നബിയുടെ ദൈവിക സാന്നിധ്യം തിരിച്ചറിയണം.
''നാല്‍പതിലധികം തലമുറകള്‍ ആദരിച്ചൊരു നായകാ അങ്ങേക്കായിരുന്നു സ്‌നേഹത്തിന്റെ വിരുന്നുകള്‍''(സുരയ്യ) എന്ന് ഓരോ വിശ്വാസിയും അവിടെ ചെന്ന് തന്നെ പറയണമന്ന്/പ്രകടിപ്പിക്കണെമന്ന് കൊതിക്കും. ആ നബി എവിടെന്നും കാണുകയും അറിയുകയുമൊക്കെയുണ്ടെങ്കിലും അവര്‍ അതിന് നിരന്തരമായി മോഹിക്കും...
ഇസ്‌ലാമിന്റെ അലകും പിടിയും ഊരിമാറ്റാന്‍ മര്‍മത്തില്‍ തന്നെ പിടുത്തം മുറുക്കിയെന്നാണ് വഹാബികളുടെ വിശേഷം. ഇത് ഇസ്‌ലാമിന്റെ പേരില്‍ ലോകത്ത് നിവര്‍ന്നുവരാന്‍ വെമ്പല്‍കൊണ്ട മറ്റെല്ലാ യുക്തിവാദ വിഭാഗങ്ങളില്‍ നിന്നും അതിനെ പ്രത്യേകമാക്കുന്നുണ്ട്. നബി(സ)യുടെ നാട്ടില്‍ വെച്ച് തന്നെയായിരുന്നു ആ വഹാബികളുടെ കലാപരിപാടികള്‍ ഒരുക്കുകൂടിയത്.
അതോടെ ഇസ്‌ലാമിന്റെ ആത്മീയമായ ഉള്ളുണര്‍വ്വുള്ള എല്ലാ ആവിഷ്‌കാരങ്ങളെയും തെളിവെവിടെ, ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ, അല്ലാഹു പഞ്ഞിട്ടുണ്ടോ എന്നൊക്കെ ചോദിച്ച് അടിവേരുകള്‍ക്ക് തുരങ്കം വെച്ച് അട്ടിമറിക്കുകയായിരുന്നു. നബിയുടെ നാട്ടില്‍ തന്നെ ഇസ്‌ലാമിന് ആഘാതമേല്‍പ്പിച്ച് സൈ്വര്യം കെടുത്തിയെന്നര്‍ത്ഥം. ഇസ്‌ലാമികമായ ആദരവിന്റെ എല്ലാ ശീലങ്ങളെയും പൊളിച്ചെഴുതുന്ന ഈ പണികള്‍ അപകടകരമായി മുന്നേറി.
കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരു റഷ്യയും ചൈനയും ഉണ്ടായിരുന്നപോലെ മക്കയിലേക്ക് നോക്കൂ, മദീനയിലേക്ക് നോക്കൂ എന്ന് പറയാവുന്ന അവസരത്തിന് വഹാബീവിഭാഗം ഇസ്‌ലാമിക മൂല്യമണ്ഡലത്തില്‍ കലഹങ്ങള്‍ക്കും കലാപങ്ങള്‍ക്കും വിത്തു പാകി. അതിനു വേണ്ടി ഒന്നിനെയും വിലവെക്കാതെ വിയര്‍ത്തുപണിയെടുത്തു. ഇസ്‌ലാം ആദരവിന്റെ മതമാണെന്ന മഹാസത്യം അവര്‍ക്ക് മുമ്പില്‍ വലിയ പരിഹാസ്യമായിരുന്നു.
ഇസ്‌ലാമിന്റെ ആസ്ഥാനസിരാകേന്ദ്രമായ മക്ക-മദീനയില്‍ നിന്ന് ഇസ്‌ലാമിന്റെ പേരില്‍ അപര ഇസ്‌ലാം ഇറങ്ങിവരുന്നുണ്ടോ എന്ന് കാലങ്ങളേറെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുയരുന്ന ചോദ്യവും ആശങ്കയുമാണ്. ഇതിന്റെ കാഴ്ചാനുഭവങ്ങള്‍ ഹജ്ജിനും സിയാറത്തിനും പോകുന്നവര്‍ക്ക് അവഗണിക്കാനാവാത്ത വിധം ഉരുണ്ടുകൂടിയിട്ടുമുണ്ട്. മുസ്‌ലിംകളുടെ മണ്ണിലും മനസ്സിലും ഒരുപോലെ വേര് ആഴ്ത്തിവെച്ച് എന്തിനും ഏതിനും പടിഞ്ഞാറോട്ട് 'സുജൂദ്' ചെയ്യിപ്പിക്കുന്ന മുസ്‌ലിം വേഷം കെട്ടിയ ജൂത ബോധമായിരുന്നു അവര്‍ പകര്‍ന്നുനല്‍കിയത്. ആകാശത്തിന് ചുവട്ടില്‍ ഇസ്‌ലാമിനോട് ഇത്രയധികം/സമാനതകളില്ലാതെ പക മറച്ചുപിടിച്ച ജൂത-സിയോണിസ്റ്റ് നീക്കങ്ങള്‍ക്ക് എന്തുകൊണ്ടും ആശ്വാസം വരുത്തുന്നതായിരുന്നു അത്. ഒരു നാട്ടിലേക്ക് വഹാബിസം കയറിവരുമ്പോള്‍ മുസ്‌ലിംകള്‍ക്ക് വേദനയും ആശങ്കയും ജൂത സിയോണിസ്റ്റുകള്‍ക്ക് ആശ്വാസവും അനുഭൂതിയുമായെന്ന് ചുരുക്കം.
ഇസ്‌ലാമിന്റെ ആശയവും പ്രയോഗവും അട്ടിമറിക്കാന്‍ ആയുസും ആലോചനയും ചെലവാക്കി നൂറ്റാണ്ടുകളുടെ അജണ്ട നിര്‍മിച്ച സിയോണിസ്റ്റുകള്‍ക്ക് വീണുകിട്ടിയ ഭാഗ്യമൂല്യം എന്ന് വഹാബിസത്തെ വിളിക്കുന്നതിന് പകരം അവര്‍ അതിന്റെ ഭാഗം തന്നെയായിരുന്നെന്ന് വിലയിരുത്തണം. മുസ്‌ലിമിന്റെ വിശ്വാസമുണര്‍ത്തുന്ന ആത്മീയ ഉള്ളടക്കങ്ങളുടെ അടിപ്പലക പൊളിക്കാന്‍ ജൂതരുടെ തോളില്‍ കൈയിട്ട അപരസൗഹൃദത്തിന്റേതാണ് ഈ വിഭാഗങ്ങളുടെ ചരിത്രം! അവര്‍ക്ക് മതധ്വംസനം ഒരു ഹരമായിരുന്നു, തീര്‍ത്താല്‍ തീരാത്ത ദൗത്യമായിരുന്നു!! ഇസ്‌ലാം എണ്ണപ്പെട്ട ചില അനുഷ്ഠാനങ്ങള്‍ക്ക് പുറമെ ജീവിതമാണെന്ന മഹാസത്യം ഉള്‍കൊള്ളാന്‍ അവര്‍ക്കായില്ല. അപ്പോള്‍ ഉള്‍കൊള്ളാനാകാത്ത സംഗതികളൊക്കെ ഒഴിച്ചുനിര്‍ത്തിയ വഹാബിസമെന്ന പുതിയ മതം ഇസ്‌ലാമിന്റെ പേരില്‍ നിര്‍മിച്ചെടുക്കുകയായിരുന്നു. ജൂത-ക്രൈസ്തവ കൊളോനിയല്‍ ലോബികള്‍ പാകം ചെയ്ത് വിളമ്പിവെക്കുകയായിരുന്നു വഹാബിസം എന്ന് പറയാം. പടിഞ്ഞാര്‍ സ്‌പോണ്‍സര്‍ ചെയ്ത പുതിയ സ്‌ട്രെക്ചറില്‍ ഇസ്‌ലാമിനെ പുനഃസംഘടിപ്പിക്കുന്ന ഈ വഹാബി നീക്കുപോക്കുകളില്‍ ഇസ്‌ലാമികമായ എന്തെല്ലാമാണ് കൊഴിഞ്ഞുപോവുകയെന്ന് ക്ലിപ്തപ്പെടുത്താനാവുമോ?
നോക്കൂ! ജൂത-ക്രൈസ്തവ കൊളോണിയല്‍ ശക്തികളെയും വഹാബിസത്തെയും ഒരേ തുലാസില്‍ തൂക്കണമെന്ന് വിധിപറയുന്ന സംഭവമാണിത്. 1857-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കാനിംഗ് പ്രഭുവിനെഴുതിയ കത്തില്‍ മുസ്‌ലിംകളുടെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തട്ടിനിരപ്പാക്കണമെന്ന് അപേക്ഷിക്കുന്നുണ്ട്.
''മാപ്പിളമാര്‍ ഏത് കൃത്യം ചെയ്യുന്നതിന് മുമ്പ് തറമേല്‍ ജാറത്തില്‍ പ്രാര്‍ത്ഥന നടത്താറുണ്ടെന്നും ഈ ജാറം അങ്ങനെ ഏത് കലാപത്തിനും മുന്നോടിയായി വര്‍ത്തിക്കാറുണ്ടെന്നും തന്മൂലം അത് നശിപ്പിക്കുകയും അവിടെ അടക്കംചെയ്തിട്ടുള്ള സയ്യിദ് അലവി തങ്ങളുടെ ഭൗതികാവിശിഷ്ടങ്ങള്‍ അവിടെന്ന് നീക്കം ചെയ്ത് അറേബ്യയില്‍ കൊണ്ടുപോയി സംസ്‌കരിക്കുകയും വേണം. തങ്ങളുടെ ഇവിടെയുള്ള കുടുംബക്കാര്‍ കൈവശംവെച്ചിരിക്കുന്ന സ്ഥലങ്ങള്‍ മുഴുവന്‍ വിലക്ക് വാങ്ങി അവരെയെല്ലാം നാട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്താല്‍ തറമേല്‍ തങ്ങന്മാരെയും അവരുടെ ജാറത്തെയും പറ്റിയുള്ള ഓര്‍മ കാലക്രമേണ തേഞ്ഞുമാഞ്ഞു പോകുന്നതാണ്. അങ്ങനെ ചെയ്താല്‍ ആ പ്രദേശങ്ങളിലുള്ള മാപ്പിളമാര്‍ക്ക് അത് ഗുണപാഠമായിവരും.(2) നബി(സ)യുടെ നാട്ടിലെ ആയിരക്കണക്കിന് മഖ്ബറകളും ജാറങ്ങളും സാംസ്‌കാരിക തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു നിരപ്പാക്കുമ്പോള്‍ ആര്‍ക്കു ഗുണപാഠമാകണമെന്നാണ് കരുതിയിരിക്കുക? അഥവാ, ജൂത-ക്രൈസ്തവ കൊളോണിയല്‍ താല്‍പര്യങ്ങളും നിര്‍വഹണങ്ങളും പുറംനാടുകളില്‍ നടക്കുന്നത് മുറതെറ്റാതെ നബി(സ)യുടെ നാട്ടില്‍ ഈ വഹാബി മതക്കാര്‍ നടപ്പാക്കുകയായിരുന്നോ? സയ്യിദ് അലവി തങ്ങളുടെ മഖ്ബറ, മാപ്പിളമാര്‍ ശക്തിയും ഊര്‍ജ്ജവും ആവാഹിക്കുന്നത് മനസ്സിലാക്കി തകര്‍ത്ത് മഹാനവരുടെ ഭൗതിക ശരീരം അവിടെന്ന് പുറത്തെടുത്ത് അറേബ്യയില്‍ അടക്കം ചെയ്താല്‍ അത് തട്ടിത്തകര്‍ത്ത് ചാരകമാക്കി ഉയര്‍ത്താന്‍ അവിടെ നോമ്പ് നോറ്റുനില്‍ക്കുകയാണല്ലോ ഈ വിഭാഗം. ഇസ്‌ലാമിനെ രക്ഷിക്കാന്‍ ഇങ്ങനെ ഇറങ്ങി ത്തിരിച്ചവരെ നിര്‍വാഹമേതുമില്ലാതെ നടപ്പാക്കി പോരുന്ന ദയാവധക്കാരെന്ന് വിളിക്കാന്‍ പറ്റുമോ? എത്ര മഹാത്മാക്കളാണ് ഈ മഖ്ബറ-ജാറങ്ങള്‍ക്കും സാംസ്‌കാരിക അവശേഷിപ്പുകള്‍ക്കും മുമ്പിലൂടെ കടന്നുപോയത്?! പവിത്രമായ മൂന്ന് നൂറ്റാണ്ടുകളില്‍നിന്ന് തുറന്നുവരുന്ന ഒഴിയാന്‍ പറ്റാത്ത സത്യങ്ങളെ കുറിച്ച് ഇവര്‍ക്ക് എന്ത് പറയാനുണ്ട്? ലോകത്ത് തന്നെ ഏറെ മഹാത്മാക്കള്‍ ശ്മശാന കേന്ദ്രമാക്കിയ ഫലസ്തീനില്‍ നിന്ന് ഇതിന്റെ മായ്ച്ചാലും മായാത്ത സാക്ഷ്യങ്ങള്‍ പുറത്തുവരുന്നുണ്ടെന്ന് ഓര്‍ക്കണം. ഫലസ്തീനില്‍ ഇന്നും ഖലീല്‍ സിറ്റിയുണ്ട്. അവിടെ ഇബ്രാഹീം നബി(സ)യുടെ ഉള്‍പ്പെടെ ഒരുപാട് മഹാമനുഷ്യരുടെ മഖ്ബറകളുണ്ട്. അവിടേക്ക് പക്ഷെ, ജൂതലോബികള്‍ പ്രവേശനം നിഷേധിക്കുകയോ നിയന്ത്രണം വരുത്തുകയോ ചെയ്യുന്നു.
വിവിധ പേരുകളില്‍ ഒരേ അജണ്ടക്ക് പണിയെടുക്കുന്നവരെന്ന് ചുരുക്കമായി ഇതിനെ മനസ്സിലാക്കാം. ഈ വേണ്ടാത്ത മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ആരാണ് ഇവരെ ഏല്‍പ്പിച്ചത്. തനിക്ക് സ്വന്തമായ തൗഹീദിയന്‍ ബോധവലയത്തിലേക്ക് കയറിവരാത്തവരെ ഭൂമിയിലെ അനര്‍ഹമായ ജീവിതങ്ങളാണെന്ന് ഗണിച്ചുപോരാന്‍ ഇബ്‌നു അബ്ദുല്‍ വഹാബിന് അധികാരത്തിന്റെ ഉറപ്പുള്ള തറയുണ്ടായിരുന്നു.'കിഴക്കന്‍ അറേബ്യയിലെ ഒരു പ്രമുഖ ജലാശയവും ജനവാസ കേന്ദ്രവുമായി വാദീഹനീഫക്ക് തെക്കും വടക്കുമുള്ള ദാരിയ, അല്‍ ഉയയ്‌ന എന്നീ പ്രദേശങ്ങളുടെ പ്രാബല്യം മുഹമ്മദ് ഇബ്‌നു സഊദിനും ഉസ്മാനുബ്‌നു മുഅമ്മറിനുമായിരുന്നു. എ.ഡി. 1703-ല്‍ ഇബ്‌നു അബ്ദുല്‍ വഹാബ് ജനിച്ച അല്‍ഉയയ്‌നയുടെ അധികാരം ഇബ്‌നു മുഅമ്മറിനായിരുന്നു. ഇബ്‌നു സഊദും ഇബ്‌നു മുഅമ്മറും ഇബ്‌നു അബ്ദുല്‍ വഹാബിന്റെ വാദങ്ങള്‍ പ്രചരിപ്പിക്കലും സഹായിക്കലും ഭരണത്തിന്റെ മുഖ്യഭാഗമായി പരിഗണിച്ചു.(3)
നബി(സ)യുടെ നാട്ടിലേക്ക് വ്യാപകമായി ഈ വഹാബീ ബോധങ്ങള്‍ വലിഞ്ഞു കയറാന്‍ അധികാര പിന്‍ബലങ്ങള്‍ കാരണമായിവന്നു. 1965 മുതല്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ അധ്യാപകനായിരുന്ന ഡോ. ഹാമിദ് അല്‍ഗാര്‍ ഇസ്‌ലാമിക ചിന്തയുടെ സമ്പന്നവും വിശാലവുമായ വഴിയില്‍ വഹാബി വിത്ത് മുളച്ചുവളരാന്‍ ഉണ്ടായ കാരണം അന്വേഷിക്കുന്നത് ഇങ്ങനെയാണ്:
''വെറുമൊരു മൂലയിലൊതുങ്ങുന്ന വഹാബിസത്തിന് സിദ്ധിച്ച മഹാഭാഗ്യം അറേബ്യന്‍ അര്‍ദ്ധദ്വീപില്‍ ഉരുത്തിരിഞ്ഞുവരികയും അതുവഴി മുസ്‌ലിം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവുമായ 'ഹറമൈനി'യുമായി അടുപ്പം സ്ഥാപിക്കാന്‍ സാധിക്കുകയും ചെയ്തു എന്നതാണ്. ഇരുപതാം നൂറ്റാണ്ടില്‍ ഈ പ്രസ്ഥാനത്തിന്റെ സംരക്ഷകരായ സഊദികള്‍ക്ക് മറ്റൊരു ഭാഗ്യം കൂടിയുണ്ടായി. സമൃദ്ധമായ എണ്ണസമ്പത്ത് ഈ സമ്പത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുന്നത് മുസ്‌ലിം ലോകത്തും അതിനുപുറത്തും വഹാബിസം പ്രചരിപ്പിക്കാനാണ്. ഈ രണ്ട് ഘടകങ്ങളുമില്ലായിരുന്നുവെങ്കില്‍ വളരെയൊന്നും ആയുസില്ലാത്ത ഒരു നാമമാത്ര വിഭാഗീയ പ്രസ്ഥാനമായി അത് ചരിത്രത്തില്‍ അസ്തമിച്ചുപോയേനെ. ഈ രണ്ടു ഘടകങ്ങള്‍ വഹാബിസത്തിന് ഒരളവോളം ആയുസ് നീട്ടിക്കൊടുത്തു.''(4)
ഇസ്തിഗാസയും തവസ്സുലും എല്ലാ ജൂത-ക്രൈസ്തവ ലോബികളോട് ഒരു അച്ചടക്കലംഘനവും കൂടാതെ അവര്‍ അനുഷ്ഠിച്ചുപോന്നിരുന്നു. പടിഞ്ഞാറിന്റെ ഈ വിധേയന്മാര്‍ ലാഭം കൊയ്തു കൊടുത്തത് ആര്‍ക്കാണ്? എ.ഡി.1567-ല്‍ വിസ്ബണില്‍ നടന്ന ക്രിസ്ത്യന്‍ രാജകീയ സമ്മേളനത്തിലും 1585-ല്‍ വിയന്നയില്‍ ചേര്‍ന്ന രണ്ടാം കൗണ്‍സിലിലും ഇസ്‌ലാമിക സമൂഹത്തിന്റെ പരമ്പരാഗത അടയാളങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും തകര്‍ക്കാന്‍ കുരിശു ശക്തികള്‍ അജണ്ടയെടുത്തിരുന്നു. അവരുടെ ദല്ലാള്‍മാരായി പണിയെടുത്തുപോന്ന ഈ വഹാബികള്‍ നബി(സ)യുടെ നാട്ടില്‍ കുരിശു അജണ്ടകള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചു. സ്വഹാബാക്കളും താബിഉകളുമായ മഹാത്മാക്കള്‍ ആദരവിന്റെ ശീലങ്ങളായി കുരുതിപ്പോന്നവയൊക്കെ അട്ടിമറിച്ചു.
നസ്വീഹ ലി ഇഖ്‌വാനിനാ ഉലമാഇ നജ്ദ് (സഊദി പണ്ഡിത സോദരോട് ഒരു ഉപദേശം) എന്ന ശൈഖ് സയ്യിദ് യൂസുഫ് ഹാശിം രിഫാഈ എഴുതിയ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ഡോ. മുഹമ്മദ് സഈദ് റമദാന്‍ ബൂഥി എഴുതുന്നു:
''മക്കയിലും മദീനയിലും നടക്കുന്ന ഇത്തരം കോപ്രായങ്ങള്‍ കണ്ട് അന്താളിച്ചു നില്‍ക്കുന്ന കോടിക്കണക്കിന് മുസ്‌ലിംകളില്‍ ഒരാളാണു ഞാനും. ലോകത്തങ്ങോളമിങ്ങോളമുള്ള മുസ്‌ലിംകളുടെ കണ്‍മുമ്പിലാണിതൊക്കെ നടക്കുന്നത്. അതുതന്നെ അവരുടെ വിശ്വാസങ്ങളെയും വിജ്ഞാനങ്ങളെയും മാനസികാവസ്ഥക ളേയുമൊക്കെ അവഹേളിച്ചുകൊണ്ടും തങ്ങളുടെ വിചിത്രമായ ഈ ഞാണിന്മേല്‍ കളിക്ക് യാതൊരു ന്യായീകരണവുമില്ലാതെയാണുതാനും. പ്രവാചകത്വത്തിന്റെ തിരുശേഷിപ്പുകളുമായി സഹാബികളുടെയും മഹാത്മാക്കളുടെയും നിലപാടും രീതിയും അറിയാന്‍ അവരുടെ ചരിത്രം സമഗ്രമായി ഞാന്‍ ചികഞ്ഞുനോക്കി. എല്ലാം യഥായോഗ്യം അതിനെ പരിഗണിച്ചതും ബന്ധപ്പെട്ടതും മാത്രമായിരുന്നു. മുസ്‌ലിം ഉമ്മത്തിന്റെ കൂട്ടായ സ്വഭാവം(ഇജ്മാഅ്) ഇവിടെ കാണമായിരുന്നു. പുണ്യറസൂലി(സ)ന്റെ വിയര്‍പ്പ്, മുടി, വുളൂവിന്റെ വെള്ളം, ഉമിനീര്‍, പാനപാത്രം, അവിടെന്ന് നിസ്‌കരിക്കുകയോ ഇരിക്കുകയോ എന്തെങ്കിലും ആഹ്വാനം ചെയ്യുകയോ ചെയ്ത സ്ഥലം എല്ലാം സ്വഹാബികള്‍ ബര്‍ക്കത്തെടുത്തിരുന്നു.
തിരുനബിയുടെ ജന്മഗേഹം, ഖദീജബീവിയുടെ വീട്, നബി മദീനയിലേക്ക് ഹിജ്‌റ ചെന്നപ്പോള്‍ താമസിച്ച അബൂഅയ്യൂബുല്‍ അന്‍സ്വാരിയുടെ വീട്, ബിഅ്‌റു അരീസ്, ദീഥുവാ കിണര്‍, ദാറുല്‍ അര്‍ഖം മുതലായ തിരുശേഷിപ്പുകള്‍ക്കെല്ലാം പൂര്‍വ്വികര്‍ ബര്‍ക്കത്തിന്റെ പ്രാധാന്യം കണ്ടിരുന്നു. ഇതൊക്കെ ഉള്‍കൊണ്ട ബുഖാരി-മുസ്‌ലിം തുടങ്ങിയവയിലെ കുറ്റമറ്റ ഹദീസുപ്രമാണങ്ങള്‍ നമുക്കെന്നപോലെ നജ്ദിന്റെ ശൈഖുമാര്‍ക്കും ലഭിക്കുമെന്നതില്‍ സംശയമില്ല.''(5)
എന്നിട്ടും എന്തിനാ തകര്‍ത്തു തീര്‍ക്കാന്‍ ഒരുങ്ങിയത്? തീകൊടുക്കുന്നവരും അലക് ഊരുന്നവരും ഒന്നായി വര്‍ത്തിക്കുകയാണ് ഇവിടെയെന്ന് ഓര്‍ക്കണം.
പുണ്യനബി(സ)യുടെ ജന്മഗേഹം വഹാബികളുടെ ശ്മശാന വിപ്ലവത്തിന്റെ മതധ്വംസനമുറയായി തകര്‍ക്കപ്പെടുകയായിരുന്നു. പിന്നെ അത് നാല്‍കാലികളുടെ ചന്തയാക്കി രൂപഭേദം വരുത്തി നിന്ദിച്ചു. നബി(സ)യുടെ മദീനയിലെ അതിഥിമന്ദിരം വിസര്‍ജനസ്ഥലമാക്കി മാറ്റി. ഒരുപാട് മഖ്ബറകള്‍ തകര്‍ത്തു നാശോന്മുഖമാക്കി. മഹാത്മാക്കളെ വിയോഗത്തിന് ശേഷവും വിടരുെതന്ന ധിക്കാരം തലക്കുപിടിച്ചവര്‍ ഈ വഹാബീമതക്കാരെയല്ലാതെ വേറെ കാണിക്കാനാകുമോ?
ക്രൈസ്തവ പാതിരിമാരാണല്ലോ പച്ചക്കിട്ട് ആയിരക്കണക്കിന് ശാസ്ത്രകാരന്മാരെ കരിച്ചുയര്‍ത്തിയത്. അവര്‍ക്ക് പറയാനുണ്ടായ ന്യായമെന്തായിരുന്നു? ശാസ്ത്രകാരന്മാരുടെ ബൗദ്ധിക വ്യവഹാരങ്ങളൊക്കെയും മതത്തിനെതിരാണെന്ന തന്ത്രപരമായ കണ്ടെത്തലായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ജോണ്‍പോള്‍ മാര്‍പ്പാപ്പ രണ്ടാമന്‍ തങ്ങളുടെ കുരുതിക്കാലത്തിന്റെ ദുഷിപ്പുകള്‍ക്ക് ലോകത്തോട് മാപ്പ് പറഞ്ഞിരുന്നു. അങ്ങനെ ഒന്ന് കുമ്പസരിക്കാനുള്ള ഒരു തോന്നലെങ്കിലും ഈ വഹാബികള്‍ക്ക് കാണുന്നില്ല.
ദജ്ജാലിന് കാലു കുത്താന്‍ പോലും കഴിയാത്ത ഹിജാസിന്റെ മണ്ണില്‍ നിന്ന് ക്ലിപ്തപ്പെടുത്താനാകാത്ത വിശുദ്ധിയുടെ നിറപറയുള്ള മുസ്‌ലിം പാരമ്പര്യശീലങ്ങളെ അവഗണിച്ച് ഇസ്‌ലാമിന്റെ വേരുപറിക്കാന്‍ നോക്കുന്നത് വിഫലശ്രമം തന്നെ! ലാഇലാഹ ഇല്ലല്ലാക്ക് ശക്തി പകര്‍ന്ന ഈ സ്രോതസുകളെ മുസ്‌ലിം വേഷം കെട്ടി ഇസ്‌ലാമിന്റെ പേരില്‍/രക്ഷിക്കാനെന്ന ഭാവത്തില്‍ അറുത്തുമാറ്റിത്തുടങ്ങിയത് ആര്‍ക്കു വേണ്ടിയായിരുന്നു? ആദരവിന്റെ ശീലുകള്‍ ഈ മതത്തിന്റെ ആത്മാവാണെന്നത് തിരിച്ചറിയാതെ പോയതെന്തുകൊണ്ട്?
''ജബീല പട്ടണത്തില്‍ ഒരു മഖ്ബറയുണ്ടായിരുന്നു. അബൂബക്കര്‍(റ)വിന്റെ കാലത്ത് കള്ളപ്രവാചകന്‍ മുസൈലിമക്കെതിരെ പൊരുതി ശഹീദായ സൈദുബ്‌നു ഖതാദയുടേതായിരുന്നു ആ ഖബര്‍. ഉസ്മാനുബ്‌നു ബനൂമുഅമ്മറും 600 കുതിരഭടന്മാരും ഇബ്‌നു അബ്ദുല്‍ വഹാബും ചേര്‍ന്ന് ഭക്തജനങ്ങള്‍ക്ക് മുമ്പില്‍ വെച്ച് ആ ജാറം തകര്‍ത്തുമണ്ണോട് സമപ്പെടുത്തി.''(6)
ഇസ്‌ലാമിന്റെ പേരില്‍ വന്ന ഈ അക്രമകാരികളുടെ 'ഹിജാസ്' ആക്രമണം തുടങ്ങിവെച്ചത് ത്വാഇഫ് നഗരത്തിലാണ്. ഹിജ്‌റ 1217 ദുല്‍ഖഅ്ദില്‍/1803 ഫെബ്രുവരിയിലായിരുന്നു അത്. ഒരുപാട് കൂട്ടക്കുരുതികള്‍ ചെയ്ത അവര്‍ ഖുര്‍ആന്‍-ഹദീസുമൊഴിച്ച് തങ്ങള്‍ കണ്ടെത്തിയ മറ്റെല്ലാ ഗ്രന്ഥങ്ങളും ചുട്ടെരിച്ചു. നഗരത്തില്‍ കണ്ടെത്തിയ സ്വഹാബികളുടെ മഖ്ബറകളൊക്കെ തകര്‍ത്തുകളഞ്ഞു. നാണയങ്ങള്‍, ആയുധങ്ങള്‍, തുണികള്‍, ആഭരണങ്ങള്‍ തുടങ്ങി അമൂല്യ വസ്തുക്കള്‍ ഒരുപാട് കൊള്ളയടിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 1220 മുഹര്‍റം/1805 ഏപ്രിലില്‍ മദീനയും 1220 ദുല്‍ഖഅ്ദ്/1806 ജനുവരിയില്‍ മക്കയും ആക്രമിച്ച് കൈയടക്കി. ഇക്കാലത്തെ മക്കയിലെയും മദീനയിലെയും ജനങ്ങളുടെ മേല്‍ വഹാബി വിചാരങ്ങള്‍ അടിച്ചേല്‍പിക്കപ്പെട്ടു. മഖ്ബറകള്‍ തകര്‍ക്കലായിരുന്നു അവിടെയും മുഖ്യദൗത്യം. പുണ്യനബി(സ), ഖദീജത്തുല്‍ ഖുബ്‌റ(റ), അബൂബക്കര്‍ സിദ്ദീഖ്(റ), അലി(റ) തുടങ്ങിയവരുടെ ജന്മസ്ഥലമെന്ന് കീര്‍ത്തിയാര്‍ജിച്ച ഭവനങ്ങളുടെമേല്‍ ഉണ്ടായിരുന്ന എടുപ്പുകളൊക്കെയും തകര്‍ത്തു. അല്‍മഅ്‌ലായിലെ ചരിത്രപ്രസിദ്ധമായ ഖബറിടങ്ങള്‍ നശിപ്പിച്ചു. മദീനയിലെ പ്രവാചകന്റെ പള്ളിയിലെ സമ്പത്ത് കൊള്ള ചെയ്തു. പുണ്യ നബിയുടെ മഖ്ബറക്ക് മുകളിലുള്ള എടുപ്പ് തകര്‍ക്കാനുള്ള പദ്ധതി വലിയ അളവില്‍ പരിഗണിച്ചെങ്കിലും അതിനേല്‍പ്പിക്കപ്പെട്ടവര്‍ അത്ഭുകരമായി മരിച്ചുപോയി. അല്‍ജസൂലിയുടെ ദലാഇലുല്‍ ഖൈറാത്ത്, ഇമാം അല്‍യാഫിഇയുടെ റൗളുല്‍ റയാഹീന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ശിര്‍ക്കിനെ പിന്തുണക്കുന്നതെന്ന് പറഞ്ഞ് നശിപ്പിക്കുകയായിരുന്നുന്നു.(7)
വഹാബികളുടെ വിശ്വാസങ്ങളും പ്രയോഗശീലങ്ങളും ലോകത്ത് പൊതുവിലും നബിയുടെ നാട്ടില്‍ വിശേഷിച്ചും എങ്ങനെ സ്വാധീനിച്ചുവെന്ന് വ്യക്തമായി. സ്വന്തമായ കുടുക്കികെട്ടിയ ആശയ കേരളത്തിലേക്ക് ലോകത്തുള്ളവരെല്ലാം ഒരു മുസ്‌ലിമാകാനുള്ള താല്‍പര്യത്തോടെ കയറിവരണമെന്നു കൂടി അജണ്ടയായിരുന്നു ഇതില്‍ മുഴുക്കെയും. അവരെ അംഗീകരിക്കാത്തവരെയൊക്കെ ശിര്‍ക്കിന്റെ കറുത്ത റിബണ്‍ കൊണ്ട് കണ്ണുകെട്ടി തള്ളിവിട്ടതെന്തിന്നാ? ''ഇബ്‌നു അബ്ദുല്‍ വഹാബിന് ഒരു സ്വതന്ത്ര്യ ചിന്താഗതിയായിരുന്നുവെന്ന് അടുത്ത് ബന്ധപ്പെട്ടപ്പോള്‍ എനിക്ക് മനസ്സിലായി. വഹാബിന്റെ വീക്ഷണത്തില്‍ ഹനഫി, ശാഫിഈ, മാലികി, ഹബലീ എന്നീ കര്‍മ്മ മാര്‍ഗങ്ങള്‍-മദ്ഹബുകള്‍ എന്തിനാണെന്നായിരുന്നു. ദൈവം ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത് തന്നെ നമുക്ക് എമ്പാടും മതി എന്ന് അദ്ദേഹം കൂട്ടുകാരോട് പറയാറുണ്ടായിരുന്നെ''ന്ന്(8) ഹംഫര്‍ ഡയറിക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
സഊദി ഭരണകൂടത്തിന് വല്ലാത്ത താല്‍പര്യമായിരുന്നെന്ന് Philby of Araba, Landon, 1973-ല്‍ എലിസബത്തില്‍ മണ്‍റോ തുടര്‍ന്നു പറയുന്നു. വഹാബികളല്ലാത്ത മുസ്‌ലിംകളോട് ക്രിസ്ത്യാനികളോടുള്ള താല്‍പര്യം പോലുമില്ലായിരുന്നില്ല.(9) അറേബ്യ മുസ്‌ലിംകള്‍ ധാരാളമുള്ള ഒരു പ്രദേശത്ത് സലഫി പ്രസ്ഥാനം പ്രചരിപ്പിച്ചാല്‍ വലിയ പങ്ക് ഇബ്‌നു സഊദിന്റെ മൂര്‍ച്ചയേറിയ വാളായിരുന്നുവെന്ന് എം.ഐ.സുല്ലമി എഴുതുന്നുണ്ട്.(10)
നബിയുടെ നാട്ടിലെ ഇസ്‌ലാമിനെതിരില്‍ നടത്തിയ ഈ ധ്വംസനങ്ങളുടെ 'ധീരവര്‍ത്തമാനങ്ങള്‍' ഇക്കൂട്ടരുടെ ഇസ്‌ലാമിക താല്‍പര്യത്തിന്റെ പദാര്‍ത്ഥവും വ്യാഖ്യാനവുമെല്ലാം ഒപ്പം തന്നെ നീട്ടിത്തരുംവിധമാണ്. വിശാലമായ നൂറ്റാണ്ടുകളുടെ മുസ്‌ലിം ചരിത്രത്തിനിടയില്‍ ആര്‍ക്കുമില്ലാത്ത ഈ മതസംരക്ഷണ ശീലം ഇവര്‍ക്ക് എവിടെന്ന് കിട്ടി? പുണ്യ നബിയും സ്വഹാബികളും താബിഉകളും ആകാശത്തിന് താഴെയുള്ള ഈ ഭൂമിയില്‍ തന്നെയല്ലേ കഴിഞ്ഞുകൂടിയത്. ഇസ്‌ലാമിനെ പുതിയതാക്കാനുള്ള ഇവരുടെ വേവലാതി ആരുടെ പ്രേരണയായിരുന്നു.
''രാജാവിന്റെ മതത്തെ പ്രജകള്‍ പിന്തുടരുന്നു''വെന്ന അറബി ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെയിനിലെ മുസ്‌ലിംകള്‍ മാറിപോയത് അല്ലാമ ഇബ്‌നു ഖല്‍ദൂന്‍ വിശദീകരിക്കുന്നത്(11) ഇവിടെ ചേര്‍ത്തുവെക്കണം. ഇനിയും ഒരു വീണ്ടുവിചാരം വന്നില്ലെങ്കില്‍ കുമ്പസാരമെന്ന പുതിയ ശഹാദത്ത് കലിമയുടെ മുറിവാക്കു പോലും ഉച്ചരിക്കാനുള്ള അവസരം നിഷേധിക്കും. അല്ലെങ്കില്‍ കോളനി അജണ്ടകള്‍ തന്നെ വീണ്ടും ജയിച്ചുകൊണ്ടിരിക്കും.റഫറന്‍സ്
1) കുരിശ് പരക്കുന്ന ഗ്രാമങ്ങള്‍ പു: 20
-ഡോ. പി.എ. ദസ്തകീര്‍
2) കേരള മുസ്‌ലിം ഡയറക്ടറി
-ഡോ. സി.കെ.കരീം
3) ഏഷ്യന്‍ അറബ് രാജ്യങ്ങല്‍ പു: 32
-ഡോ. എ.എന്‍.പി. ഉമര്‍കുട്ടി
4) വഹാബിസം വിമര്‍ശന പഠനം പു: 9 -ഡോ. ഹാമിദ് അല്‍ഗാര്‍.
5) സഊദി പണ്ഡിത സോദരോട് ഒരു ഉപദേശം പു: 18,19. -ശൈഖ് സയ്യിദ് യൂസുഫ് ഹാശിം രിഫാഈ
6) ശൈഖ് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് പു: 26 -കോഴിക്കോട് മുജാഹിദ് സെന്റര്‍ പ്രസിദ്ധീകരണം
7) വഹാബിസം വിമര്‍ശന പഠനം പു: 25-27
-ഡോ. ഹാമിദ് അല്‍ഗാര്‍
8) ബ്രിട്ടീഷ് ചാരന്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍
പു: 41,42 -ഹംഫറിന്റെ ഡയറിക്കുറിപ്പുകള്‍
9) ഉദ്ദരണം: വഹാബിസം വിമര്‍ശന പഠനം പു: 22,23 -ഡോ.ഹാമിദ് അല്‍ഗാര്‍
10) ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും പു:20 -എം.ഐ. മുഹമ്മദലി സുല്ലമി
11) മുഖദ്ദിമ മാനുഷ ചരിത്രത്തിനൊരാമുഖം പു: 194-196 -അല്ലാമ ഇബ്‌നു യല്‍ദൂന്‍.
എം. ഉമര്‍ റഹ്മാനി പുല്ലൂര്‍
Leave A Comment