മുഹമ്മദ് നബി മുസ്‌ലിംകളുടേതു മാത്രമോ?

മാനവ കുലത്തിന്റെ മോചന സന്ദേശവുമായി കടന്നുവന്ന ദൈവ ദൂതനായിരുന്നു മുഹമ്മദ് നബി. സര്‍വ്വ ചരാചരങ്ങള്‍ക്കും അനുഗ്രഹമായിട്ടായിരുന്നു ആ ജന്മം. സസ്യലതാദികള്‍ മുതല്‍ വന്യമൃഗങ്ങള്‍വരെ ആ നിയോഗത്തില്‍ സന്തോഷിച്ചു. തകര്‍ന്നടിഞ്ഞ മനുഷ്യാവസ്ഥയെ സമുദ്ധരിച്ച് സംസ്‌കരിക്കുകയെന്നതായിരുന്നു പ്രവാചക നിയോഗത്തിന്റെ പ്രധാന ലക്ഷ്യം. മാനുഷ്യകത്വത്തിന്റെ വിമോചന പത്രികയായ വിശുദ്ധ ഖുര്‍ആനെ ഭരണ ഘടനയാക്കിവെച്ച് ചുരുങ്ങിയ കാലംകൊണ്ട് പ്രവാചകന്‍ ഇത് സാധിച്ചെടുത്തു. എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന അവകാശങ്ങള്‍ നേടിക്കൊടുക്കുകയും സാഭിമാനം മനുഷ്യനായി ജീവിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു. സ്ത്രീയും അടിമയും തൊഴിലാളിയും ഇതോടെ സാമൂഹിക ശ്രേണിയില്‍ സമുന്നത സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. മനുഷ്യത്വം ആദരിക്കപ്പെടുകയും അതിന് പവിത്രതയുണ്ടെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അന്യന്റെ രക്തവും സമ്പത്തും അഭിമാനവും മറ്റൊരാള്‍ക്ക് നിഷിദ്ധമാണെന്ന കാഴ്ചപ്പാട് പ്രചുരപ്രചാരം നേടി.

തന്റെ അയല്‍വാസി ഏതു മതക്കാരനായാലും ശരി, അവന്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ യഥാര്‍ത്ഥ വിശ്വാസിയല്ലെന്ന പ്രഖ്യാപനം ചക്രവാളങ്ങളില്‍ മുഴങ്ങി. മതവും കുലവും നോക്കാതെ എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുന്ന നിലയിലാണ് പ്രവാചകന്‍ തന്റെ ധര്‍മരാജ്യം സ്ഥാപിച്ചെടുത്തത്. ജൂതനും ക്രിസ്ത്യാനിയും അവിശ്വാസികളും അവിടെ തങ്ങളുടെ എല്ലാവിധ അവകാശങ്ങളും ആസ്വദിച്ചു. സര്‍വ്വചക്രാധിപതിയായ ദൈവം തമ്പുരാന്റെ ദൂതന്‍ എന്ന നിലക്ക് മനുഷ്യ കുലത്തോട് മൊത്തമായാണ് പ്രവാചകന്‍ സംസാരിച്ചിരുന്നത്. ഏകദൈവ വിശ്വാസത്തിന്റെ യുക്തി ബോധ്യപ്പെടുത്തുമ്പോഴും ഇതര മതസ്തര്‍ക്കും അവിശ്വാസികള്‍ക്കും തുല്യനീതിയും അവസര സമത്വവും നല്‍കാന്‍ പ്രവാചകന്‍ മറന്നില്ല. ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴില്‍ അവര്‍ക്ക് പരിപൂര്‍ണ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തി. മത സഹിഷ്ണുത വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രവാചക ദര്‍ശനങ്ങളുടെ ഇത്തരം മാനവിക തലങ്ങള്‍ ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

പേര് പോലും സമാധാനം (ഇസ്‌ലാം) എന്നു വെക്കപ്പെട്ട ഒരേയൊരു ജീവിത വ്യവസ്ഥിതിയുടെ പ്രബോധകനായിട്ടാണ് മുഹമ്മദ് നബി ലോകത്തേക്കു കടന്നുവരുന്നത്. ഏതെങ്കിലും വ്യക്തിയുടെയോ പ്രദേശങ്ങളുടെയോ പേരുകളിലേക്കു ചേര്‍ത്തി വിളിക്കപ്പെട്ടിരുന്ന മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയു ലോകത്ത് മാനവ കുലത്തിന്റെ സമാധാനത്തിനും സുരക്ഷക്കും വേണ്ടി നിലകൊണ്ട ഇസ്‌ലാം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്‌ലാം മനുഷ്യ കുലത്തിനെ മൊത്തം അഭിസംബോധന ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി പരന്നുകിടക്കുന്ന അഭിസംബോധനകളെ ഇതിനുപോല്‍ബലകമായി കാണാന്‍ കഴിയും. മുസ്‌ലിംകളോടു മാത്രം പറയുന്നതിനു പകരം മനുഷ്യകുലത്തോടു ഒന്നാകെയാണ് ഖുര്‍ആന്‍ പലപ്പോഴും സംസാരിക്കുന്നത്. ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നുവെന്ന ഖുര്‍ആന്റെ അസന്നിഗ്ധമായ പ്രഖ്യാപനം മൃഗങ്ങളില്‍നിന്നും ഭിന്നമായി വിവേകമുള്ള മനുഷ്യന്റെ മേന്മയാണ് വിളിച്ചറിയിക്കുന്നത്. 'ഓ ജനങ്ങളേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചു.

നിങ്ങളെ പല ഗോത്രങ്ങളും വിഭാഗങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ യഥാര്‍ത്ഥ ഉല്‍കൃഷ്ടന്‍ മനസ്സില്‍ ഭക്തിയുള്ളവന്‍ മാത്രമാണ്' എന്ന ഖുര്‍ആന്‍ സൂക്തം ഒരു മാനവിക സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം സുകൃതങ്ങളാണ് മനുഷ്യത്വത്തിന് മേന്മ പകരുന്നത് എന്ന വസ്തുത ബോധ്യപ്പെടുത്തുന്നു. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രവാചകന്‍ ഉയര്‍ത്തിക്കാണിച്ച സന്ദേശങ്ങളിലും സമാനമായ ആശയങ്ങള്‍ നമുക്ക് കണ്ടെത്താനാവും: 'അറിയുക, നിങ്ങളുടെയെല്ലാം രക്ഷിതാവ് ഒന്നാണ്. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു സ്ഥാനവുമില്ല.

ഹൃദയത്തില്‍ ഭക്തിയുള്ളവന്‍ മാത്രമാണ് ഉന്നതന്‍.' ജാതിയോ ജന്മമോ അല്ല മനുഷ്യനെ അതുല്യനാക്കുന്നതെന്നും യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്തി അവനില്‍ ലയിക്കുമ്പോഴാണ് മനുഷ്യന്‍ മഹാനാകുന്നതെന്നും ഇത് വ്യക്തമാക്കുന്നു. ഇസ്‌ലാം മത വിശ്വാസത്തിന്റെ പരംപൊരുള്‍ ഈ പ്രസ്താവങ്ങളില്‍നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സ്‌നേഹവും സാഹോദര്യവും സത്യസന്ധതയുമാണ് അതെന്നും ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം. വിശ്വാസത്തില്‍പോലും സത്യം മനസ്സിലാക്കുകയെന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താനും അത് എന്നും പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാവണം ലോകത്തുവന്ന സര്‍വ്വ വേദഗ്രന്ഥങ്ങളിലും മാനവതയുടെ വിമോചകനായി കടന്നുവന്ന മുഹമ്മദ് നബിയെക്കുറിച്ച സൂചനകള്‍ ധാരാളമായി കടന്നുവന്നത്.

എന്നും മാലോകരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും നിലകൊണ്ട ഈ പ്രവാചകന്‍ സത്യസന്ധനാണെന്നും അവരുടെ വഴി അപകടകരമല്ലെന്നും അവ തുറന്നു പ്രഖ്യാപിക്കുന്നുമുണ്ട്. ജൂതന്മാരുടെ വേദഗ്രന്ഥമായ തോറയിലും ക്രിസ്ത്യാനികളുടെ വേദഗ്രന്ഥമായ ബൈബിളിലും ഇത് വ്യാപകമായി കാണാന്‍ കഴിയും. എന്തിനേറെ, ഹൈന്ദവ വേഗഗ്രന്ഥങ്ങളിലും ഉപനിഷത്തുക്കളിലും വരെ ഇത്തരം പ്രസ്താവങ്ങള്‍ ധാരാളമായി ഒളിഞ്ഞുകിടപ്പുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ പരിസരത്തില്‍നിന്ന് അറേബ്യന്‍ മണലാരണ്യത്തിലൂടെ ജീവിച്ചുപോയ പ്രവാചകരെക്കുറിച്ച് പല മുനികളും മഹര്‍ഷിമാരും പ്രവചിച്ചുപോയത് അല്‍ഭുതകരംതന്നെ. മുഹമ്മദ് നബി മുസ്‌ലിംകളുടേതു മാത്രമല്ല, ഹിന്ദുക്കളും ക്രിസ്ത്യാനികളുമടങ്ങുന്ന മാനവ കുലത്തിന്റെത് മൊത്തമാണെന്ന വസ്തുത ഇതില്‍നിന്നും വ്യക്തമാകുന്നതാണ്. അജ്ഞതയില്‍നിന്നും മോചനം കാത്തിരുന്ന വിശ്വജനതക്ക് അറിവിന്റെ വെളിച്ചവുമായാണ് മുഹമ്മദ് നബി ലോകത്തേക്ക് കടന്നുവന്നത്. ലോകജനത ഒന്നടങ്കം ഒരുപോലെ പ്രതീക്ഷിച്ചിരുന്ന രക്ഷയുടെ തുരുത്തായിരുന്നു അവര്‍. ഹൈന്ദവ ചതുര്‍വേദത്തില്‍ പ്രധാനപ്പെട്ട സാമവേദത്തില്‍ തിരുനബി ആഗമനത്തെ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്:

അഹമിധി പിതു: പരിമേധാ

മൃതസ്യജഗ്രഹ അഹം സൂര്യ ഇവാ ജനി

(ഐന്ദ്രകാണ്ഡം, ചരുര്‍ത്ഥ ഖണ്ഡം: 152)

(അഹ്മിധിന് പിതാവില്‍നിന്ന് വേദജ്ഞാനം ലഭിച്ചു. ഈ വേദജ്ഞാനങ്ങളൊക്കെയും തത്ത്വങ്ങള്‍ നിറഞ്ഞതാണ്. സൂര്യനില്‍നിന്നെന്നപോലെ ഞാന്‍ അവനില്‍നിന്നും പ്രകാശം സ്വീകരിക്കുന്നു.)

പ്രവാചകരുടെ മറ്റൊരു നാമമായ അഹ്മദ് എന്നതാണ് ഇവിടത്തെ അഹമിധി എന്നതുകൊണ്ടുള്ള വിവക്ഷ എന്നാണ് വേദ പണ്ഡിതരില്‍ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം. പിതാവ് എന്നുപയോഗിച്ചിരുന്നത് ജഗല്‍പിതാവ് എന്ന അര്‍ത്ഥത്തില്‍ പടച്ച തമ്പുരാനെ കുറിക്കാനാണ്. ദൈവം മുഹമ്മദ് നബിക്ക് അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകാശം നല്‍കുന്ന ഒരു വിളക്കായി ഖുര്‍ആനില്‍ പ്രവാചകന്‍ പരാമര്‍ശിക്കപ്പെട്ടതാണ് മറ്റു സൂചനകള്‍. അഥര്‍വ്വവേദത്തിലെ കുന്തപ സൂക്തത്തില്‍നിന്നും മുഹമ്മദ് നബിയെക്കുറിച്ച കൂടുതല്‍ വ്യക്തമായൊരു ചിത്രം മനസ്സിലാക്കിയെടുക്കാന്‍ കഴിയും. ഭാരതീയ സാഹചര്യങ്ങള്‍വെച്ചുകൊണ്ട് വ്യാഖ്യാനിക്കല്‍ ദുഷ്‌കരമാണെന്നതിനാല്‍ ഈ വരികള്‍ ഏറെ നിഗൂഢമാണെന്നാണ് പല ഹിന്ദു പണ്ഡിതന്മാരും പറയാറുള്ളത്.

എന്നാല്‍, പഴയ മുനി-മഹര്‍ഷിമാരുടെ പ്രവചനങ്ങള്‍ ഒരിക്കലും അവഗണിക്കപ്പെട്ടുകൂടല്ലോ. കുന്തപ സൂക്തത്തില്‍ പറയുന്നത് കാണുക:

ഇദം ജനാ ഉപശ്രുത

നരാശംസ സ്ത വിഷ്യതേ

ഷഷ്ടിം സഹസ്രാ നവതിം

ച കൗരമ അരുഷ മേഷ്ഠ ദദ്മഹേ

ഉഷ്ടാ യസ്യ പ്രവാഹിണോ വധു

മന്തോ ദ്വിര്‍ ദശ വര്‍ഷ്മാത്ഥസ്യ നിജിഹിഡതേ

ദിവ ഈഷമാണാ ഉപാസ്പൃശ: ഏഷാ ഋഷയേ മാമഹേ ശതം നിഷ്‌കാന്‍ ദശ സ്രജ:

ത്രീണി ശതാന്യര്‍വതാം സഹസ്രാദശ ഗോനാം

(വിംശകാണ്ഡം 27/1-3)

(അല്ലയോ ജനങ്ങളെ, നിങ്ങള്‍ ബഹുമാന പുരസ്സരം ശ്രദ്ധിക്കുക. സ്തുത്യര്‍ഹനായവന്‍ വാഴ്ത്തപ്പെടും. അറുപതിനായിരത്തി തൊണ്ണൂര്‍ ശത്രുക്കളുടെ മധ്യത്തില്‍നിന്ന് നാം അദ്ദേഹത്തെ സ്വീകരിക്കും. അദ്ദേഹത്തിന്റെ വാഹനം ഇരുപത് ആണ്‍പെണ്‍ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗലോകംവരെയെത്തി അതിനെ താഴ്ത്തും. അവന്‍ മാമാ ഋഷിക്ക് പത്തു ചതുരങ്ങളും നൂറ് സ്വര്‍ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നല്‍കും.)

ഈ സൂക്തത്തിലെ ഓരോ പരാമര്‍ശവും മുഹമ്മദ് നബിയുടെ ജീവിതത്തിലെ വിത്യസ്ത സംഭവങ്ങളെ കുറിക്കുന്നതാണ്. ഇതിലെ സംബോധന രീതി തന്നെ ഏറെ ശ്രദ്ധയര്‍ഹിക്കുന്നു. ഇദം ജനാ ഉപശ്രുതാ (അല്ലയോ ജനങ്ങളേ, നിങ്ങള്‍ ബഹുമാന പുരസ്സരം ശ്രദ്ധിക്കുക) എന്നു പറഞ്ഞുകൊണ്ടാണിത് തുടങ്ങുന്നത്. ചതുര്‍വേദങ്ങളിലെവിടെയും ഇതേപോലെ ജനങ്ങളെ സംബോധന ചെയ്തുകൊണ്ട് വേറെ ഒരു കാര്യവും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ഈ സൂക്തം ജനങ്ങള്‍ മുഴുവനും അറിയേണ്ട ഒരു പ്രവചനമുള്‍കൊള്ളുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. നരാശംസ എന്ന സംസ്‌കൃത പദത്തിന്റെ നേരായ അര്‍ത്ഥം സ്തുതിക്കപ്പെട്ടവന്‍ എന്നാണ്. അറബിയില്‍ ഇതേ അര്‍ത്ഥത്തെ പ്രതിനിധീകരിക്കുന്ന പദമാണ് മുഹമ്മദ്. അഥര്‍വ്വ വേദ കാലത്തിനു ശേഷം നരാശംസ എന്നു പേരായ ആരെങ്കിലും ലോക ചരിത്രത്തില്‍ വാഴ്ത്തപ്പെട്ടതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. ആയതിനാല്‍, ഇതുകൊണ്ടുള്ള വിവക്ഷ മുഹമ്മദ് വാഴ്ത്തപ്പെടും എന്നാവാന്‍ സാധ്യതയേറുന്നു. സൂക്തത്തില്‍ അറുപതിനായിരത്തി തൊണ്ണൂര്‍ ശത്രുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. പ്രവാചക കാലഘട്ടത്തിലെ അറേബ്യയിലെ ജനസംഖ്യ അറുപതിനായിരത്തിനും എഴുപതിനായിരത്തിനുമിടക്കായിരുന്നുവെന്നാണ് പ്രബലാഭിപ്രായം.

അവരില്‍ മിക്കവരും ശത്രുക്കളുമായിരുന്നു. കൗരമ എന്നത് ഒരു ഭരണാധികാരിയുട നാമമായാണ് പലരും പറയാറുള്ളതെങ്കിലും അതൊരു നാമവിശേഷണമാണ്. സമാധാനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവന്‍ എന്നാണ് അര്‍ത്ഥം. ഇസ്‌ലാം എന്നതിന്റെ അര്‍ത്ഥം സമാധാനം എന്നായിരിക്കെ സമാധാനം പ്രചരിപ്പിക്കുന്ന മുസ്‌ലിം എന്ന അര്‍ത്ഥത്തിലായിരിക്കണം അത് ഉപയോഗിച്ചിട്ടുണ്ടാവുക. വധുമന്തോ ദ്വിര്‍ദശ എന്ന പ്രയോഗം രണ്ടു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, അദ്ദേഹത്തെയും ഭാര്യമാരെയും ഒട്ടകം പൂട്ടിയ രഥം വഹിക്കും. രണ്ട്, അദ്ദേഹത്തെ ഒട്ടകത്തെയും ഇണയെയും പൂട്ടിയ രഥം വഹിക്കും. രണ്ടാണെങ്കിലും പ്രവാചകരുമായുള്ള ബന്ധം വ്യക്തമാണ്. മുഹമ്മദ് നബിയുടെ പ്രധാനപ്പെട്ട വാഹനം ഒട്ടകമായിരുന്നുവല്ലോ. തന്റെ ഭാര്യമാരും അതില്‍ യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ സൂക്തത്തില്‍ പറഞ്ഞിരിക്കുന്ന വ്യക്തി ഇന്ത്യക്കാരനാവാന്‍ സാധ്യതയില്ലെന്ന വസ്തുത കൂടുതല്‍ വ്യക്തമാകുന്നത് ഇവിടെയാണ്. ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന നിയമപ്രകാരം ഒട്ടക യാത്രയും അതിന്റെ പാലും ബ്രഹ്മണര്‍ക്ക് നിഷിദ്ധമായിരുന്നു (മനുസ്മൃതി: 11/201).

ഭാര്യമാര്‍ എന്ന പ്രയോഗം നബിയുടെ ബഹുഭാര്യത്വത്തെയും സൂചിപ്പിക്കുന്നു. മാമാ ഋഷിയെന്നാണ് ശേഷം ആചാര്യനെ സൂചിപ്പിക്കാന്‍ സൂക്തത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭാരതീയ പുരാണങ്ങളിലൊന്നും ഈ പേരിലുള്ളൊരു ഋഷിയെ കണ്ടെത്തുക സാധ്യമല്ല. അതുകൊണ്ടുതന്നെ, മുഹമ്മദ് എന്നതായിരിക്കാം മാമാ ഋഷിയായി ലോപിച്ചതെന്ന് ന്യായമായും അനുമാനിക്കാം. മാമാ ഋഷിക്ക് നല്‍കപ്പെട്ട പത്ത് ചതുരങ്ങള്‍ സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പ്രവാചകരുടെ പത്ത് അനുചരന്മാരായും മുന്നൂറ് അറബിക്കുതിരകള്‍ എന്ന പ്രയോഗം പ്രവാചകരോടൊത്ത് ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്ത മുന്നൂറ് അനുചരന്മാരെയും കുറിക്കുന്നതായിരിക്കണം. മാമ ഋഷിക്കു നല്‍കപ്പെട്ട പതിനായിരം പശുക്കള്‍ മക്കാവിജയ സമയത്ത് പ്രവാചകരോടൊപ്പമുണ്ടായിരുന്ന പതിനായിരം സ്വഹാബികളായും വായിക്കാവുന്നതാണ്.

ഇനി, വ്യാസ മഹര്‍ഷിയുടെ ഭവിഷ്യല്‍ പുരാണത്തിലെ ചില പരാമര്‍ശങ്ങളെടുക്കാം. പച്ചയായും മുഹമ്മദ് നബിയെയും അവരുടെ അനുയായികളെയും കുറിക്കുന്നതാണ് അതിലെ ഓരോ സൂചനകളെന്ന് ആ വരികള്‍ വായിച്ചാല്‍ ആര്‍ക്കും സുതരാം വ്യക്തമാകും. ഏത് സ്മിന്നന്തരേ മ്ലേഛ ആചാര്യേണ സമന്വിത മഹാമദ ഇതിഖ്യാദ: ശിഷ്യ ശാഖാ സമന്വിതം (പ്രതിസര്‍ഗപര്‍വം, മൂന്നാം കാണ്ഡം, 3/5) (അപ്പോള്‍ മഹാമദ് എന്ന പേരില്‍ വിദേശിയായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോടുകൂടി പ്രത്യക്ഷപ്പെടും.) ഇതിലെ മഹാമദ് എന്ന വ്യക്തമായ പരാമര്‍ശം ഇതുകൊണ്ടുള്ള വിവക്ഷ മുഹമ്മദ് നബി തന്നെയാണെന്ന വാദത്തിനു കൂടുതല്‍ ശക്തി പകരുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ക്കുള്ള അടയാളങ്ങളെക്കുറിച്ച് വേദ വ്യാസന്‍ പ്രവചിക്കുന്നത് ഇങ്ങനെയാണ്: ലിംഗഛേദി ശിഖാഹിന: ശ്മശ്രുധാരി സുഷക ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമാം വിന കൗശലം ച വശവസ്‌തോ ഷാം ഭക്ഷയാ മതാമാം; മുസലേനൈവ സംസ്‌കാര: കുശൈരി ഭവിഷ്യതി തസ്മാന്‍ മുസല വന്തോഹി ജാതയോ ധര്‍മ ദുഷകാ: ഇതി പൈശാച ദര്‍മശ്ച ഭവിഷ്യതി മയാകൃത: (ശ്ലോകം: 25-28)

(അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. അവര്‍ കുടുമ വെക്കുകയില്ല. അവര്‍ താടി വളര്‍ത്തും. അവര്‍ സമൂഹത്തില്‍ മാറ്റം കൊണ്ടുവരുന്നവരും ജനങ്ങളോട് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ഉല്‍ഘോഷിക്കുന്നവരുമായിരിക്കും. അവര്‍ പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും ഭക്ഷിക്കും. അവര്‍ സ്വന്തം ശരീരത്തോട് സമരം നടത്തി പരിശുദ്ധരാവും. മുസലേനൈവര്‍ എന്ന പേരിലാണ് അവര്‍ അറിയപ്പെടുക. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍നിന്നായിരിക്കും.) ഈ പ്രവചനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് മുഹമ്മദ് നബിയും അവരുടെ അനുചരന്മാരുമാണെന്നതില്‍ രണ്ടഭിപ്രായത്തിനു വകയില്ല. ഇനി, ഹൈന്ദവ വേദങ്ങളില്‍ പലയിടങ്ങളിലായി കാണാവുന്ന അവസാനത്തെ അവതാരമായ കല്‍ക്കിയെക്കുറിച്ച പരാമര്‍ശങ്ങള്‍ പരിശോധിച്ചാലും അത് അറേബ്യയില്‍ ഭൂജാതനായ മുഹമ്മദ് നബിയായിരുന്നുവെന്നത് പലനിലക്കും ബോധ്യമാവും. കല്‍ക്കിയെക്കുറിച്ച് ധാരാളം ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതില്‍ പലതും വിശ്വാസയോഗ്യമല്ല. എന്നാല്‍, വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും മഹാഭാഗവതത്തിലും വിവരിക്കപ്പെട്ട കല്‍ക്കി വിശേഷണങ്ങളില്‍ പലതും മുഹമ്മദ് നബിയുടെ ചരിത്രത്തിലെ സംഭവങ്ങളുമായി സാമ്യം പുലര്‍ത്തുന്നുവെന്നത് വ്യക്തമാണ്.

കല്‍ക്കി അവസാനത്തെ അവതാരമാണെന്നും കലിയുഗത്തിലായിരിക്കും അദ്ദേഹത്തിന്റെ ജന്മമെന്നും സിഫാലയെന്ന മണല്‍ദ്വീപിലായിരിക്കും ജീവിതമെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് എല്ലാ അര്‍ത്ഥത്തിലും മുഹമ്മദ് നബിയുടെ കാര്യത്തില്‍ ശരിയാകുന്നതായും കാണാം. പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായി അറേബ്യന്‍ ഉപദ്വീപിലെ മണലാരണ്യത്തിലായിരുന്നു പ്രവാചകരുടെ ജനനം. ചരിത്രകാരന്മാര്‍ ബ്ലാക് ഏജ് എന്നു വിശേഷിപ്പിച്ച കലിയുഗമായിരുന്നു ഇത്. ദൈവദാസന്‍ എന്നര്‍ത്ഥം വരുന്ന വിഷ്ണുയശസ് എന്നാണ് കല്‍ക്കിയുടെ പിതാവിന്റെ നാമമെങ്കില്‍ അറബിയില്‍ അതേ അര്‍ത്ഥം വരുന്ന അബ്ദുല്ലാഹ് എന്നായിരുന്നു മുഹമ്മദ് നബിയുടെ പിതാവിന്റെ നാമം. കല്‍ക്കിയുടെ മാതാവിന്റെ പേര് സുമതി എന്നാണ്.

ശാന്ത, വിശ്വസ്ത എന്നൊക്കെയാണ് ഇതിനര്‍ത്ഥം. പ്രവാചകരുടെ മാതാവിന്റെ പേര് ആമിന എന്നാണ്. ആമിന എന്ന അറബി പദത്തിനും ശാന്ത, വിശ്വസ്ത എന്നു തന്നെയാണര്‍ത്ഥം. ബുദ്ധ ദര്‍ശനങ്ങളിലും ജൈന ദര്‍ശനങ്ങളിലുമെല്ലാം അവര്‍ മുഹമ്മദ് നബിയെക്കുറിച്ച് നല്‍കിയ സൂചനകള്‍ കുറവല്ല. നിങ്ങള്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ ആരാണ് ഞങ്ങളെ പഠിപ്പിക്കുക എന്ന ശിഷ്യന്റെ ചോദ്യത്തിന് ബുദ്ധന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്: ലോകത്തു വന്ന ബുദ്ധന്മാരില്‍ ഞാന്‍ ആദ്യത്തേതോ അവസാനത്തേതോ അല്ല.

സമയമെത്തിയാല്‍ പരിശുദ്ധനും വിജ്ഞനും ബുദ്ധിമാനുമായ ഒരു ബുദ്ധന്‍ ലോകത്ത് വരും. ആരംഭത്തിലും ഔന്നത്യത്തിലും അന്ത്യത്തിലും പ്രതാപമുള്ള മതമാണ് അദ്ദേഹം പ്രബോധനം ചെയ്യുക. എനിക്ക് നൂറുക്കണക്കിന് അനുയായികളാണ് ഉള്ളതെങ്കില്‍ അദ്ദേഹത്തിന് ആയിരക്കണക്കിന് അനുയായികള്‍ ഉണ്ടായിരിക്കും. അദ്ദേഹത്തെ ഞങ്ങള്‍ എങ്ങനെ തിരിച്ചറിയും എന്ന ചോദ്യത്തിന് മെതയ്യ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക എന്നായിരുന്നു ബുദ്ധന്റെ പ്രതികരണം. പാലി ഭാഷയില്‍ മെതയ്യ എന്നാല്‍ കരുണ എന്നാണര്‍ത്ഥം. വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ കരുണ (റഹ്മത്ത്) എന്ന പേരിലാണ് പരിചയപ്പെടുത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

തിരുനബിയുടെ അസാധാരണമായ ഈ സ്‌നേഹ പ്രപഞ്ചം ലോകത്ത് പിന്നീട് കടന്നുവന്ന സര്‍വ്വ ചിന്തകന്മാരെയും എഴുത്തുകാരെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അവരെല്ലാം നബിയെക്കുറിച്ച് പഠിക്കുകയും ആ മഹല്‍ വ്യക്തിത്വത്തിനു മുമ്പില്‍ പ്രണാമങ്ങളര്‍പ്പിക്കുകയും ചെയ്തു. മതത്തിന്റെ കടുത്ത വിരോധികളായിരുന്ന പല പാശ്ചാത്യന്‍ ചിന്തകര്‍ പോലും പ്രവാചകരെ പുകഴ്ത്തി ധാരാളം രചനകള്‍ നടത്തിയതായി കാണാന്‍ കഴിയും. ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തിത്വങ്ങളെക്കുറിച്ച് പുസ്തകമെഴുതിയ മൈക്കല്‍ എഛ്. ഹാര്‍ട്ട് അതില്‍ ഒന്നാമതായി പ്രവാചകനെ അവതരിപ്പിച്ചത് തുല്യതയില്ലാത്ത ആ വ്യക്തിത്വത്തിന്റെ മേന്മകൊണ്ടാണ്. മലയാളത്തിന്റെ സര്‍ഗധനരായ കലാകാരന്മാരിലും പ്രവാചകരുടെ മാഹാത്മ്യങ്ങളെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യാത്തവര്‍ തുലോം വിരളമായിരിക്കും.

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ദിവ്യപുഷ്പവും കെ. ചക്രപാണി വാരിയരുടെ ബദര്‍യുദ്ധവും വിദ്വാന്‍ സൂര്യനെഴുത്തച്ഛന്റെ ഇരുട്ടിലെ വെളിച്ചവും കെ. അപ്പുണ്ണി നായരുടെ റസൂലവതാരവും ശ്രീ നാരായണ ഗുരുവിന്റെ അനുകമ്പാദര്‍ശനവും മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ പാംസുസ്‌നാനവും അല്ലാഹുവുമെല്ലാം പ്രവാചക സ്മരണകളെയും ചരിത്രത്തെയും മലയാളികള്‍ക്കിടയില്‍ അനശ്വരമാക്കിയ മഹല്‍ രചനകളാണ്. മുന്‍വിധികളില്ലാതെ പ്രവാചകനെ വായിക്കാന്‍ ശ്രമിച്ച അവരുടെ മഹല്‍ ഉദ്ദ്യമങ്ങള്‍ക്ക് വര്‍ത്തമാന കേരളത്തില്‍ ഇനിയും തുടര്‍ച്ചകളുണ്ടാവേണ്ടതുണ്ട്. പ്രവാചകരെക്കുറിച്ച് ആഴത്തില്‍ വായിച്ച് വിസ്മയഭരിതനായ ശ്രീനാരായണ ഗുരുവിന്റെ പുരുഷാകൃതി പൂണ്ട ദൈവമോ? നരദിവ്യാകൃതി പൂണ്ട ധര്‍മമോ? കരുണാവാന്‍ നബി മുത്തുരത്‌നമോ? എന്നിങ്ങനെ തുടങ്ങുന്ന വരികള്‍ ഇനിയും കേരളത്തിന്റെ മത സൗഹാര്‍ദ്ദാന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കണം.

അപ്പോഴേ വള്ളത്തോളിനെപ്പോലെയുള്ള വിശാലമനസ്‌കരായ മഹാ കവികളുടെ പിന്‍മുറക്കാര്‍ക്ക് ഇതുപോലെയുള്ള വരികള്‍ ഇനിയും കുറിച്ചിടാന്‍ കഴുകയുകയുള്ളൂ: മുഴക്കുവീന്‍ ഹേ ജയ ശബ്ദമെങ്ങും- വാഴട്ടെയിസ്‌ലാം തിരുമേനി നീണാള്‍!!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter