ഇസ്‌ലാമിലെ മസ്‌ജിദ് (പളളികള്‍)
ഇസ്‌ലാംമത വിശ്വാസികള്‍ക്ക് ആരാധന നിര്‍വഹിക്കാനും മറ്റു മതപരമായ ആവശ്യങ്ങള്‍ നിറവേറ്റാനും പ്രത്യേകമായി തയ്യാറാക്കുന്ന സ്ഥലങ്ങളാണ് പളളികള്‍ അല്ലെങ്കില്‍ മസ്‌ജിദുകള്‍. എല്ലാ മുസ്‌ലിം പളളികളിലും ഒരു മുസ്‌ലിം പണ്‌ഡിതന്റെ കീഴില്‍ അഞ്ച് നേരത്തുളള നിസ്‌കാരങ്ങള്‍ സംഘടിതമായി നിര്‍വഹിക്കപ്പെടുന്നു. പളളികളില്‍ വെച്ചുളള ആരാധകള്‍ക്ക് ഇസ്‌ലാമില്‍ വലിയ സ്ഥാനമുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പളളികള്‍ ആരാധനാ കേന്ദ്രങ്ങള്‍ എന്നതിലുപരി ഇസ്‌ലാമിനെക്കുറിച്ച് അറിയാനും പഠിക്കാനുമുളള കേന്ദ്രങ്ങള്‍ കൂടിയാണ്. ലോകത്തുളള മുസ്‌ലിം പളളികളുടെ കൂട്ടത്തില്‍ മൂന്ന് പളളികള്‍ക്ക് പ്രത്യേക ശ്രേഷ്‌ഠതയും അവിടങ്ങളില്‍ നിര്‍വഹിക്കുന്ന ആരാധനകള്‍ക്ക് കൂടുതല്‍ പ്രതിഫലവുമുണ്ടെന്ന് പഠിപ്പിക്കപ്പെട്ടിരിക്കുന്നു.
അവ 1) മസ്‌ജിദുല്‍ ഹറാം-ഇസ്‌ലാം മതത്തില്‍ ഏറ്റവും കൂടുതല്‍ പവിത്രത കല്‍പ്പിക്കപ്പെടുന്ന പളളിയാണിത്. സൗദി അറേബ്യയിലെ മക്കയിലാണ് ഈ പളളി സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ ആദ്യത്തെ മുസ്‌ലിം ദേവാലയമായ കഅ്‌ബ ഇതിന്റെ മധ്യത്തിലാണുളളത്. മുസ്‌ലിംകള്‍ നിസ്‌കാരങ്ങളില്‍ മുന്നിടുന്നത് ഈ പളളിയുടെ ഭാഗത്തേക്കാണ്. 2) മസ്‌ജിദുന്നബവി- മുഹമ്മദ് നബി(സ) നിര്‍മിച്ച ഈ പളളി ഇസ്‌ലാമിന്റെ രണ്ടാമത്തെ പവിത്രമായ പളളിയായി ഗണിക്കപ്പെടുന്നു. സൗദി അറേബ്യയിലെ തന്നെ മദീന എന്ന പ്രദേശത്താണ് ഈ പളളി സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് നബി(സ) അന്ത്യ വിശ്രമം കൊളളുന്ന റൗളാ ശരീഫ് ഈ പളളിയുടെ ഒരു ഭാഗത്താണ്. 3) മസ്‌ജിദുല്‍ അഖ്‌സ -ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ മൂന്നാമത്തെ പളളിയാണിത്.
പുരാതന ഫലസ്‌തീനിലെ ജറൂസലേം എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇസ്‌ലാമിന്റെ ആദ്യ ഖിബ്‌ല(നിസ്‌കാരങ്ങളില്‍ മുന്നിടേണ്ട ദിശ)യായിരുന്ന ഈ പളളിക്ക് ചുറ്റും ഒരുപാട് പ്രവാചകന്‍മാര്‍ അന്ത്യവിശ്രമം കൊളളുന്നതായി കരുതപ്പെടുന്നു.