ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍: വിനയം ധര്‍മംചെയ്ത കര്‍മജീവിതം
ഇതിഹാസ സമാനമായ ജീവിതത്തിലൂടെ കാലത്തെ വിസ്മയിപ്പിച്ചു കടന്നു പോയ ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്ര്‍ മുസ്ലിയാരുമായി ദീര്‍ഘകാലത്തെ ആത്മബന്ധമായിരുന്നു ചെറുവാളൂര്‍ ഉസ്താദിനുണ്ടായിരുന്നത്. ആ ആത്മീയ ബന്ധത്തിനു തുടക്കം കുറിച്ചത് ജാമിഅ: നൂരിയ്യയിലൂടെയായിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം ശംസുല്‍ ഉലയുടെ ജീവിത ദര്‍ശനങ്ങളും ജാമിഅ:യിലെ ബുഖാരി ക്ലാസിലെ വിശദീകരണങ്ങളും തന്‍റെ സംസാരങ്ങളിലും പ്രഭാഷണങ്ങളിലും ഇടക്കിടെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാറുണ്ട് ഉസ്താദ്. കേരള മുസ്ലിംകള്‍ക്ക് വിശ്വാസ പരമായും കര്‍മപരമായും ദിശാബോധം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെ കേന്ദ്രമുശാവറയില്‍ അംഗമായിരുന്ന ഉസ്താദ് ജീവിത വിശുദ്ധിയിലൂടെയും പെരുമാറ്റ ലാളിത്യത്തിലൂടെയും കൂടെയുള്ളവരെ എന്നും വിസ്മയിപ്പിച്ചു.
1973-74 കാലം. ശംസുല്‍ ഉലമയാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പാള്‍. ശൈഖുനാ കോട്ടുമല അബൂബക്ര്‍ മുസ്ലിയാരുടെ സാന്നിധ്യവും ജാമിഅ:യെ അനുഗ്രഹീതമാക്കി. അക്കാലത്താണ് ഏലംകുളത്തിനടുത്ത തെക്കുംപുറം പാലത്തോള്‍ സ്വദേശിയായ അധികം ഉയരമില്ലാത്ത ഒരു മുതഅല്ലിം ജാമിഅ: യിലെത്തുന്നത്. ഒടമല പള്ളിയില്‍ ദര്‍സ് നടത്തിയിരുന്ന, ഇന്നും ജീവിച്ചിരിക്കുന്ന കൊടേശ്ശരി ഇബ്രാഹീം മുസ്ലിയാരുടെ ദര്‍സില്‍ നിന്നാണ് ആ വിദ്യാര്‍ത്ഥി ജാമിഅ: യിലെത്തിയത്. അദബും വിനയവും ഒത്തിണങ്ങിയ ആ വിദ്യാര്‍ത്ഥി ഗുരുവര്യരുടെയെല്ലാം സ്നേഹം ഏറ്റുവാങ്ങി ബിരുദം നേടി പുറത്തിറങ്ങി. പില്‍കാലത്ത് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാരെന്ന പേരില്‍ പ്രസിദ്ധനായ പണ്ഡിതനായിരുന്നു ആ വിദ്യാര്‍ത്ഥി.
73ലെ ഒരു സംവാദ കാലം. സുന്നീ പക്ഷത്തു നിന്ന് വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാരും എം.എം ബശീര്‍ മുസ്ലിയാരുമാണ് പ്രധാനികള്‍. മുജാഹിദുകള്‍െക്കതിരെ സംവാദത്തിനു പോകുന്ന സംഘം ജാമിഅയില്‍ ശൈഖുനാ ശംസുല്‍ ഉലമയെ കാണാനെത്തി. ശംസുല്‍ ഉലമ അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന സമയത്ത് ജാമിഅ:യിലെ മുതഅല്ലിമീങ്ങളായ ഹൈദ്രോസ് മുസ്ലിയാരും കൂരിക്കുഴി പി.പി യൂസുഫ് മുസ്ലിയാരും റൂമിനു പുറത്ത് ശൈഖുനാ ശംസുല്‍ ഉലയെ കാത്തുനില്‍ക്കുന്നുണ്ട്. ഹൈദ്രോസ് മുസ്ലിയാരെ കണ്ട ഉടനെ ശംസുല്‍ ഉലമ വാണിയമ്പലം ഉസ്താദടക്കമുള്ള സംഘത്തോടായി പറഞ്ഞു. മൂപ്പരെ അറിയില്ലേ.. എന്‍റെ ഉസ്താദായ നമ്മുടെ കുളപ്പുറത്ത് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ സഹോദരിയുടെ മകനാണ്.
ഇതിഹാസ സമാനമായ ജീവിതത്തിലൂടെ കാലത്തെ വിസ്മയിപ്പിച്ചു കടന്നു പോയ ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്ര്‍ മുസ്ലിയാരുമായി ദീര്‍ഘകാലത്തെ ആത്മബന്ധമായിരുന്നു ചെറുവാളൂര്‍ ഉസ്താദിനുണ്ടായിരുന്നത്. ആ ആത്മീയ ബന്ധത്തിനു തുടക്കം കുറിച്ചത് ജാമിഅ: നൂരിയ്യയിലൂടെയായിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം ശംസുല്‍ ഉലയുടെ ജീവിത ദര്‍ശനങ്ങളും ജാമിഅ:യിലെ ബുഖാരി ക്ലാസിലെ വിശദീകരണങ്ങളും തന്‍റെ സംസാരങ്ങളിലും പ്രഭാഷണങ്ങളിലും ഇടക്കിടെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാറുണ്ട് ഉസ്താദ്. കേരള മുസ്ലിംകള്‍ക്ക് വിശ്വാസ പരമായും കര്‍മപരമായും ദിശാബോധം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെ കേന്ദ്രമുശാവറയില്‍ അംഗമായിരുന്ന ഉസ്താദ് ജീവിത വിശുദ്ധിയിലൂടെയും പെരുമാറ്റ ലാളിത്യത്തിലൂടെയും കൂടെയുള്ളവരെ എന്നും വിസ്മയിപ്പിച്ചു.
മലപ്പുറം ജില്ലയിലെ ഏലംകുളം തെക്കുംപുറം പാലത്തോളില്‍ 1947 മാര്‍ച്ച് 15നാണ് ഉസ്താദ് ജനിക്കുന്നത്. പഴയ കാലത്ത് പൊന്നാനിയില്‍ നിന്ന് പുലാമന്തോളിനടുത്ത കട്ടുപ്പാറയിലേക്കു കുടിയേറിപാര്‍ത്തവരാണ് ഉസ്താദിന്‍റെ പൂര്‍വികര്‍. അവിടെനിന്ന് മപ്പാട്ടുകരയിലേക്കും പിന്നീട് പാലത്തോളിലേക്കും കുടുംബം മാറിത്താമസിച്ചു. പൊന്നാനിയിലെ കുട്ടുക്കാനഹത്ത് തറവാട്ടിലേക്കാണ് ഉസാതാദിന്‍റെ കുടുംബവേരുകള്‍ എത്തുന്നത്. പൊന്നാനിയില്‍ നിന്ന് കുടിയേറിപാര്‍ത്തവരായതിനാല്‍ തന്നെ ഉസ്താദിന്‍റെ കുടുംബ നാമം പൊന്നാക്കാരന്‍ എന്നാണ്. പൊന്നാനിയില്‍ നിന്ന് ആദ്യം കട്ടുപ്പാറയിലെത്തിയത് അബ്ദുല്ല എന്നവരാണ്. അവരുടെ മകന്‍ മുഹ്യുദ്ദീന്‍ എന്നവരാണ് ഉസ്താദിന്‍റെ പിതൃവ്യന്‍. അവരുടെ മകനാണ് ഉസ്താദിന്‍റെ പിതാവ് സൈതാലി എന്നവര്‍.
ഉമ്മ നെല്ലായ ഇരുമ്പാലേശ്ശരി കുളപ്പുറത്ത് കുടുംബാംഗമായ ആയിശ എന്നവരാണ്. അവര്‍ പ്രസിദ്ധ പണ്ഡിതനും മുഹഖിഖും മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യകാല മുശാവറയിലെ അംഗവുമായിരുന്ന കുളപ്പുറത്ത് കുഞ്ഞഹമ്മദ് മുസ്ലിയാരാണ്. അദ്ദേഹം താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബി കോളേജില്‍ പ്രസിദ്ധ പണ്ഡിതന്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരുടെ സഹഅധ്യാപകനും താനൂരിലെ പരിസര പ്രദേശത്തെ ചില മഹല്ലുകളില്‍ ഖാള്വിയുമായിരുന്നു. 1933ല്‍ സമസ്തയുടെ ആറാം വാര്‍ഷിക ഫറോക്കില്‍ വച്ചു നടന്നപ്പോള്‍, പ്രസ്തുത യോഗ പ്രമേയത്തില്‍ ഒപ്പുവച്ചവരില്‍ അദ്ദേഹത്തിന്‍റെ പേരും കാണാം. താനൂരുകാര്‍ക്ക് അദ്ദേഹം വല്യകുഞ്ഞയമ്മദ് മോല്യാരായിരുന്നു. അവര്‍ അദ്ദേഹത്തെ അങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാര്‍, നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാര്‍, വെളിയംകോട് ഉമര്‍ മൗലവി തുടങ്ങിയവര്‍ അക്കാലത്ത് താനൂരില്‍ ഓതിത്താമസിച്ചവരില്‍ പ്രധാനികളായിരുന്നു.
നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാര്‍ സീനിയറും ഉമര്‍ മൗലവി ജൂനിയറുമായിരുന്നു ദര്‍സില്‍. ബീരാന്‍കുട്ടി മുസ്ലിയാരുടെ മകനും സമസ്ത കേന്ദ്രമുശാവറ അംഗവുമായ മരക്കാര്‍ ഫൈസിയും ചെറുവാളൂര്‍ ഹൈദ്രോസ് ഉസ്താദും ഈ കുറിപ്പുകാരനോട് പറഞ്ഞ ഒരു സംഭവം ഇങ്ങനെ. ഈ സംഭവം ഇവരോടു രണ്ടു പേരോടുമായി നിരമരതൂര്‍ ബീരാന്‍ കുട്ടി മുസ് ലിയാര്‍ നേരിട്ടു പറഞ്ഞതാണ്. ഉമര്‍ മൗലവി അതിബുദ്ധിമാനും ക്ലാസുകളില്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് അധ്യാപകരുടെ വിവരം അളക്കുന്ന സ്വഭാവക്കാരനുമായിരുന്നു. അക്കാലത്ത് ദര്‍സുകളില്‍ ചില കിതാബുകള്‍ മുതിര്‍ന്ന കുട്ടികളില്‍ നിന്നാണ് ചെറിയ കുട്ടികള്‍ ഓതുക. ഉമര്‍ മൗലവിക്ക് ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുക്കേണ്ട ചുമതല ബീരാന്‍കുട്ടി മുസ് ലിയാര്‍ക്കായിരുന്നു. അദ്ദേഹം രാത്രി ഏറെ വൈകിയും നാളെ ക്ലാസെടുക്കാനുള്ള കിതാബ് മുതാഅല ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അന്നേരമാണ് മുദരിസ് കുളപ്പുറത്ത് കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ബീരാന്‍കുട്ടി മുസ്ലിയാരെ കാണുന്നത്. രാത്രി ഉറങ്ങുന്നതിനു മുമ്പ് അല്‍പം നടക്കുന്ന പതിവുണ്ടായിരുന്ന കുഞ്ഞമ്മദ് മുസ്ലിയാര്‍ തന്‍റെ ശിഷ്യനോടായി ഈ ള്വാല്ലും മുള്വില്ലുമായവനുവേണ്ടി നീയെന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നു ചോദിച്ചത്രെ. പില്‍കാലത്ത് കേരളത്തിലെ പുത്തന്‍ പ്രസ്ഥാനത്തിന്‍റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന വെളിയംകോട് ഉമര്‍ മൗലവിയെക്കുറിച്ചായിരുന്നു കുഞ്ഞമ്മദ് മുസ്ലിയാര്‍ അന്നങ്ങനെ പറഞ്ഞത്.
1974ല്‍ പട്ടിക്കാട് ജാമിഅയില്‍ നിന്ന് ബിരുദം സ്വീകരിച്ച് ഉസ്താദ് സേവനത്തിനായി തെരൈഞ്ഞടുത്തത് തീര്‍ത്തും കുഗ്രാമമായ ചാലക്കുടിക്കടുത്ത ചെറുവാളൂര്‍ മഹല്ലിനെയായിരുന്നു. ഏകദേശം നൂറില്‍ താഴെ മാത്രം വീടുകളുള്ള ഒരു ചെറിയ മഹല്ലില്‍ ഉസ്താദ് മുപ്പതു വര്‍ഷത്തിലധികം ജോലി ചെയ്തു. അധികം പുറംലോകവുമായി ബന്ധമില്ലാത്ത, പൊതുവേദികളില്‍ പ്രത്യക്ഷ്യപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു ഉഖ്റവീയ്യായ പണ്ഡിതന്‍റെ ജീവിത രീതിയിലായിരുന്നു ഉസ്താദ് സേവനത്തിന്‍റെ തുടക്ക കാലങ്ങളില്‍ ജീവിച്ചിരുന്നത്. എന്നാല്‍, ഉസ്താദ് എത്തിപ്പെട്ട ഓരോ പദവിയും അവിടേക്ക് മറ്റുള്ളവര്‍ നിര്‍ബന്ധിച്ച് അര്‍പ്പിക്കുന്നതായിരുന്നു. കിടയറ്റ ഒരു പണ്ഡിതന്‍ അത്രയൊന്നും സൗകര്യമില്ലാത്ത ഒരു ദേശത്ത് തനിച്ച് സ്വന്തം കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കുമ്പോഴും, സമസ്തയേയും സമസ്തയുടെ അഭിവന്ദ്യ നേതാക്കളേയും ആദരവോടെ കാണാനും സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും നേതാക്കളെ ചെന്നുകാണാനും പാരിതോഷികം നല്‍കി അവരെ സന്തോഷിപ്പിക്കാനും സമയം കണ്ടെത്തി. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും വന്ദ്യഗുരു ശംസുല്‍ ഉലമയുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരുന്ന ഒരു ജീവിതമായിരുന്നു ഉസ്താദ്. ദീര്‍ഘ കാലം ചെറുവാളൂരില്‍ സേവനം ചെയ്ത ഉസ്താദ്, ഒരു മാറ്റമാഗ്രഹിച്ച് ശംസുല്‍ ഉലയുടെ അടുത്തു ചെന്ന അനുഭവം ഉസ്താദ് പലതവണ പങ്കുവച്ചിട്ടുണ്ട്. അന്ന് ശൈഖുനാ ശംസുല്‍ ഉലമയുടെ നിര്‍ദേശം നീ അവിടെത്തന്നെ നിന്നോ, എല്ലാവരും നിന്‍റെ ഖദമില്‍ വരുമെന്നായിരുന്നു. ശംസുല്‍ ഉലമയുടെ കാലശേഷം എന്തു ചെറിയ കാര്യമുണ്ടെങ്കിലും വരക്കല്‍ മഖാമിലെ ശംസുല്‍ ഉലമയുടെ മസാറില്‍ ഉസ്താദ് വരും. ശംസുല്‍ ഉലയുടെ ആത്മീയ നിര്‍ദേശം കൂടാതെ താനൊന്നും ചെയ്യാറില്ലെന്ന് ഉസ്താദ് ഇടക്കിടെ ആവര്‍ത്തിക്കും. 2002ല്‍ പാലപ്പിള്ളിക്കടുത്ത പുലിക്കണ്ണി ദാറുതഖ്വാ ഇസ്ലാമിക് അക്കാദമിയുടെ പ്രിന്‍സിപ്പാള്‍ പദവി ഏറ്റെടുക്കുമ്പോഴും ശംസുല്‍ ഉലമയുടെ ആത്മീയ നിര്‍ദേശമുണ്ടായിരുന്നുവെന്ന് ഉസ്താദ് നിരവധി വേദികളില്‍ പങ്കുവച്ചിട്ടുണ്ട്.
ചെറുപ്പത്തിലേ പിതാവ് ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. പതിനൊന്നു മക്കളില്‍ പതിനൊന്നാമനായി ജനിച്ച ഉസ്താദ്, പിന്നീട് ഉമ്മയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. അദ്ദേഹത്തിന്‍റെ ഉമ്മ കുളപ്പുറത്ത് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ സഹോദരിയാണെന്ന് നേരത്തെ പറഞ്ഞേല്ലാ. ഉസ്താദ് ഉമ്മയെ കുറിച്ച് പറയുമ്പോള്‍, വിടപറഞ്ഞ പറപ്പൂര്‍ ബാപ്പുട്ടി മുസ്ലിയാരുടെ പിതാവ് പറപ്പൂര്‍ കുഞ്ഞീന്‍ മുസ്ലിയാരെക്കുറിച്ചും പറയാറുണ്ടായിരുന്നു. പറപ്പൂര്‍ കുഞ്ഞീന്‍ മുസ്ലിയാര്‍ ഇരുമ്പാലേശ്ശരിയില്‍ ദര്‍സ് നടത്തിയിരുന്ന കാലത്ത്, ഇരുമ്പാലേശ്ശരി പള്ളിയുടെ ചാരത്ത് ഒരു ഓല ഷെഡ് കെട്ടിയുണ്ടാക്കിച്ച് നാട്ടിലെ പെണ്‍കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നത്രെ. അവിടെ നിന്ന് ഖുര്‍ആന്‍ രണ്ടു ജുസുഅ് വരെ മനപാഠമാക്കിയ ഉസ്താദിന്‍റെ ഉമ്മ തികഞ്ഞ ആബിദത്തും വിഷ ബാധ ചികിത്സയില്‍ അഗ്രഗണ്യയുമായിരുന്നു. മക്കളെ ചിട്ടയോടെ വളര്‍ത്താനും ഇസ്ലാമികപരമായി വളര്‍ത്താനും പ്രാപ്ത്തമായ പാണ്ഡിത്യവും പാരമ്പര്യ ഗുണങ്ങളും ആ മഹതിയില്‍ വേണ്ടുവോളമുണ്ടായിരുന്നു. മുഹ്യിദ്ദീന്‍ മാല ഉസ്താദ് മനപാഠമാക്കിയത് ഉമ്മയില്‍ നിന്ന് കേട്ടാണെന്ന് ഉസ്താദ് കുറിപ്പുകാരനോട് പങ്കുവച്ചിട്ടുണ്ട്.
കുറിപ്പുകാരന്‍ ശൈഖുനാ ചെറുവാളൂര്‍ ഉസ്താദിന്‍റെ അടുത്തു നിന്ന് തഅ്ലീമുല്‍ മുതഅല്ലിമും തഫ്സീറുല്‍ ജലാലൈനിയും ഓതിയവനാണ്. ഉസ്താദിന്‍റെ പഠന കാലത്തെ കുറിച്ച് നിരവധി കാരങ്ങള്‍ സംവദിക്കാന്‍ ജീവിത കാലത്ത് സാധിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഉസ്താദ് പറയുന്ന ചില കാര്യങ്ങളുണ്ട്. എല്ലാവരും അവരുടെ ഉസ്താദുമാരെകുറിച്ച് പറയുമ്പോള്‍, പലരും ഓത്തുപള്ളിയിലെ ഉസ്താദുമാരെകുറിച്ച് അധികം പരാമര്‍ശിക്കാറില്ല. പക്ഷേ, ഉസ്താദിന് അതിന് കഴിയില്ല. അലിഫ് ചൊല്ലിക്കൊടുത്ത ഉസ്താദിനെയടക്കം എല്ലാവരേയും ഉസ്താദ് ഓര്‍ക്കാറുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ മദ്രസാ പ്രസ്ഥാനം തുടങ്ങിവരുന്ന കാലത്താണ് ഉസ്താദ് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത്. നാലുകണ്ടന്‍ മമ്മുണ്ണി മൊല്ലയാണ് ഉസ്താദിന് അലിഫ് ചൊല്ലിക്കൊടുത്തത്. ഉസ്താദിന്‍റെ ഭാഷയിലെ സ്രാജു മൊല്ല, കൈനിക്കാട്ടില്‍ മൊയ്തുട്ടി മൊല്ല, മൊയ്തീന്‍ കുട്ടി മൊല്ല, മുതുകുര്‍ശ്ശി മൊയ്തീന്‍ മുസ്ലിയാര്‍, മപ്പാട്ടുകര മുഹമ്മദ് കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരെല്ലാം പ്രാഥമിക വിദ്യാഭ്യാസ കാലത്തെ ഗുരുക്കളാണ്. സ്കൂള്‍ വിദ്യാഭ്യാസം ഏഴുവരെ പാലത്തോള്‍ സ്കൂളിലും ഏലംകുളം സ്കൂളിലുമായി പൂര്‍ത്തിയാക്കി. സ്കൂള്‍ പഠന കാലത്ത് മനപാഠമാക്കിയ ഓരോ കവിതകളും ആപ്തവാക്യങ്ങളും അവസാന കാലം വരെ അക്ഷരപിശകില്ലാതെ പറയാനുള്ള അപാര ഓര്‍മശക്തിക്കുടമയായിരുന്നു ഉസ്താദ്. ചെറുപ്പ കാലം മുതല്‍ എല്ലാ കാര്യവും രേഖപ്പെടുത്തി വക്കുന്ന പതിവ് ഉസ്താദിനുണ്ടായിരുന്നു. പ്രാഥമിക പഠന കാലത്ത് എഴുതിക്കുറിച്ച നോട്ടുകളും സമ്മാനമായി കിട്ടിയ പുസ്തകങ്ങളും ഉസ്താദിന്‍റെ പുസ്തക ശേഖരത്തില്‍ ഇന്നും കാണാം. ഉസ്താദിന്‍റെ പതിമൂന്നാം വയസ്സിലാണ് ദര്‍സ് ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഏകദേശം 1960ല്‍. ദര്‍സീ ജീവിതത്തിന് തുടക്കം കുറിച്ചത് മപ്പാട്ടുകരയില്‍ നിന്നാണ്. പ്രസിദ്ധ പണ്ഡിതനായിരുന്ന കീഴാടയില്‍ മമ്മദ് മുസ്ലിയാരാണ് ദര്‍സിലെ പ്രഥമ അധ്യാപകന്‍. ശേഷം മല്ലിശ്ശേരി പള്ളിയില്‍ മല്ലിശ്ശേരി മൂസ മുസ്ലിയാര്‍ക്കു കീഴിലും മങ്കടക്കടുത്ത വെള്ളില പള്ളിയില്‍ ചെത്തനാം കുര്‍ശ്ശി കുഞ്ഞീന്‍ മുസ് ലിയാര്‍ക്കു കീഴിലും അവിടെത്തന്നെ രാമപുരം കുഞ്ഞഹമ്മദ് മുസ് ലിയാര്‍ക്കു കീഴിലും ഒടമല പളളിയില്‍ നാട്യമംഗലം സൈതാലി മുസ്ലിയാര്‍ക്കു കീഴിലും അവിടെത്തന്നെ കൊടേശ്ശരി ഇബ്റാഹീം മുസ് ലിയാര്‍ക്കു കീഴിലുമായിരുന്നു ദര്‍സീ ജീവിതം. ഏകദേശം പന്ത്രണ്ടു വര്‍ഷത്തോളം ദര്‍സീ ജീവിതം നയിച്ച ഉസ്താദ് 19710-72 കാലത്താണ് ഉപരിപഠനത്തിനായി ജാമിഅ:യിലെത്തിയത്.
ജാമിഅ:യിലെത്തിയതിനെ കുറിച്ച് ഒരിക്കല്‍ ഉസ്താദിനോടു ചോദിച്ചപ്പോള്‍ ഉസ്താദ് ഇങ്ങനെ പറഞ്ഞു: കോട്ടുമല ഉസ്താദാണ് ഇന്‍റര്‍വ്യൂ ചെയ്തത്. മുത്വവ്വലില്‍ ചേരാനാണ് പോയത്. അന്ന് ശംസുല്‍ ഉലമ എന്നോടു ചോദിച്ചു. നിങ്ങള്‍ ഏതു ക്ലാസില്‍ ചേരുന്നു. ഞാന്‍ പറഞ്ഞു: അവിടുന്ന് പറയും പോലെ. അപ്പോള്‍ ഉസ്താദ് പറഞ്ഞു: നീ എന്‍റെ കൂടെ മൂന്നു കൊല്ലം പഠിക്ക്. അങ്ങനെ മുഖ്തസറില്‍ ചേര്‍ന്നു. കോളേജ് വിട്ടത് 74ലാണ്. പാണക്കാട് പൂക്കോയ തങ്ങളാണ് സനദ് തന്നത്. ഏഴാമത്തെ നമ്പറായാണ് സനദ് വാങ്ങിയതെന്ന് ഇന്നും നല്ല ഓര്‍മയുണ്ട്.
നാല്‍പതു വര്‍ഷം മുമ്പുതന്നെ സമസ്ത മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ പ്രസിഡണ്ടായി സംഘടനാ രംഗത്ത് സജീവമായിട്ടുണ്ട് ഉസ്താദ്. പക്ഷേ, മുഖ്യധാരയിലേക്കും സ്റ്റേജുകളിലേക്കും വരുന്നത് ഉസ്താദ് തീരെ താല്‍പര്യം കാണിച്ചിരുന്നില്ല. അതിനു കാരണമായി ഉസ്താദ് പറഞ്ഞിരുന്നത് തൃശൂര്‍ ജില്ലയില്‍ കോയമ്മ തങ്ങള്‍, തൊഴിയൂര്‍ ഉസ്താദ് തുടങ്ങിയ പ്രഗല്‍ഭരുണ്ടാകുമ്പോള്‍ അവര്‍ക്കുു പിന്നില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നായിരുന്നു. സമസ്തയുടെ വൈസ് പ്രസിഡണ്ടായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളെ സ്മരിക്കുമ്പോള്‍ ഉസ്താദിന്‍റെ കണ്ണുകള്‍ എപ്പോഴും നിറയുമായിരുന്നു. ഉസ്താദ് പറയുന്ന ഒരു സംഭവമുണ്ട്. ശരീഅത്ത് വിവാദ കാലം. തൃശൂര്‍ ജില്ലയിലെ മാളക്കടുത്ത സ്ഥലത്ത് ശരീഅത്ത് വിശദീകരണം നടക്കുന്നു. ശംസുല്‍ ഉലമയാണ് വിഷയാവതരണം. കോയമ്മ തങ്ങളും പരിപാടില്‍ പങ്കെടുക്കുന്നുണ്ട്. യോഗ നടപടികള്‍ തുടങ്ങാറായി. ശംസുല്‍ ഉലമാ ഇ.കെ ഉസ്താദ് സമീപത്തുള്ള പളളിയില്‍ വിശ്രമിക്കുകയാണ്. സംഘാടകര്‍ പരിപാടി തുടങ്ങാമെന്ന അറിയിപ്പുമായി ശംസുല്‍ ഉലമയുടെ അടുത്തെത്തി. ഉടനെ ശംസുല്‍ ഉലമ തങ്ങളെത്തിയോ എന്നന്വേഷിച്ചു. ഇല്ലെന്നു മറുപടി. എന്നാല്‍, തങ്ങള്‍ വരട്ടെ എന്നായി ഉസ്താദ്. സംഘാടകര്‍ക്ക് ആളുകള്‍ പിരിഞ്ഞു പോകുമോ എന്ന പേടി. തങ്ങളെ ഇവര്‍െക്കാന്നും അറിയില്ലെന്ന് ശംസുല്‍ ഉലമ അവിടെയുള്ളവരോടായി പറഞ്ഞു. കോയമ്മ തങ്ങളുടെ ജീവിത കാലത്ത് ഉസ്താദ് ഇടക്കിടെ കോയമ്മ തങ്ങളെ കാണാന്‍ ചെല്ലും. നല്ല ഹദ്യയും നല്‍കും. അതുപോലെ തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് മുസ്ലിയാരേയും അടുത്തിടെ വിടപറഞ്ഞ എസ്.എം.കെ തങ്ങളേയും ഇടക്കിടെ സന്ദര്‍ശിക്കാന്‍ ഉസ്താദ് സമയം കണ്ടെത്തിയിരുന്നു.
സംഘടനാ രംഗത്തും നേതൃരംഗത്തും ഏതു സ്ഥാനമാനങ്ങള്‍ തേടിവന്നാലും ഫഖീറായ ഈ സാധുവിനെ അതെക്കെ ഏല്‍പ്പിക്കണോ എന്നായിരിക്കും ഉസ്താദ് ആദ്യം ചോദിക്കുക. അടുത്ത നിമിഷം ചെറിയ കുട്ടിയെ പോലെ ഉസ്താദ് വിതുമ്പുന്നുണ്ടാകും. സമൂഹത്തില്‍ ഉന്നതരായ വ്യക്തത്വങ്ങളോടും പിഞ്ചു കുട്ടികളോടും ഒരേ നിലയില്‍ പെരുമാറിയിരുന്ന ഉസ്താദ് കുട്ടികളോട് കുട്ടിപ്പാട്ടുകള്‍ പാടിയും ഉന്നതരായ വ്യക്തിത്വങ്ങളോട് അവരുടെ ഭാഷയില്‍ സംവദിച്ചും വിസ്മയിപ്പിച്ചു.
ഉസ്താദിന്‍റെ അമ്മാവന്‍ കുളപ്പുറത്ത് കുഞ്ഞഹമ്മദ് മുസ്ലിയാരെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഒരിക്കല്‍ ലേഖകന്‍ ആഗ്രഹിച്ചു ഉസ്താദിനെ സമീപിച്ചു. ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥമായ മഹല്ലിക്ക് വിശദീകരണം നല്‍കിയ കരിങ്കപ്പാറ മുഹമ്മദ് മുഹമ്മദ് മുസ്ലിയാര്‍ തന്‍റെ വിശദീകരണം മുഴുവന്‍ കുളപ്പുറത്ത് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ക്ലാസുകളില്‍ നിന്ന് ആവാഹിച്ചതാണെന്ന് കേരളീയ ദര്‍സുകളില്‍ സാധാരണയായി ഓതിവരുന്ന മഹല്ലിയുടെ പുറം ഭാഗത്ത് എഴുതിയത് കാണിച്ചു തന്നു ഒരിക്കല്‍ ഉസ്താദ്. അത് എന്‍റെ അമ്മാവനാണെന്നും പറഞ്ഞപ്പോള്‍, ആ മഹാനെ കൂടുതല്‍ പഠിക്കാനായി ചെറുപ്പുളശ്ശേരിക്കടുത്ത ഇരുമ്പാലേശ്ശരിയിലേക്കു ഞാന്‍ പോകുന്നുവെന്ന് ഉസ്താദിനെ അറിയിച്ചു. അന്നേരം ഉസ്താദ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ പ്രായമായ മകളെ കുറിച്ചു പറഞ്ഞു തന്നു. കാണുമ്പോള്‍ ഏലംകുളത്തു നിന്ന് ഹൈദര്‍ മുസ്ലിയാര്‍ പറഞ്ഞയച്ചതാണെന്നും പറഞ്ഞു തന്നു. ഉസ്താദ് പറഞ്ഞതനുസരിച്ച് അവിടെ എത്തി വീടു കണ്ടെത്തി. പഴകി ദ്രവിച്ച ഒരു വീട്. ഏകദേശം 1944ല്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ വഫാത്തായിട്ടുണ്ട്. കേവലം 54ാം വയസ്സില്‍. മരണ സമയത്ത് അവര്‍ക്കു രണ്ടു മക്കളുണ്ടായിരുന്നു. ഒരാള്‍ക്ക് ഒന്‍പതു വയസ്സും രണ്ടാമത്തയാള്‍ക്ക് അഞ്ചുവയസ്സും. ഇതില്‍ ഉസ്താദ് പറഞ്ഞ് കുറിപ്പുകാരന്‍ തേടിയെത്തിയത് മൂത്തമകളെയായിരുന്നു. ഏകദേശം എണ്‍പതു വയസ്സായിരുന്നു അന്ന്. ദീര്‍ഘ നേരം ആ പഴയ വീട്ടില്‍ അവരുമായി സംസംരിച്ചു. ആ വീട്ടില്‍ താമസമൊന്നുമില്ലെങ്കിലും പകല്‍ സമയത്ത് അവര്‍ അവിടെ വന്നിരിക്കും. കയ്യില്‍ ഒരു തസ്ബീഹ് മാലയും. ആരാധനാ കര്‍മങ്ങളെല്ലാം അവിടെവച്ചു തന്നെ. ആ പഴയ വീട്ടിലെ കോലായിയില്‍ അല്‍പം വിശാലമായ ഒരു തിണ്ണയുണ്ട്. അവസാന കാലത്ത് അസുഖബാധിതനായപ്പോള്‍ അദ്ദേഹം ആ തിണ്ണയിലിരുന്നായിരുന്നു ദര്‍സ് നടത്തിയിരുന്നത്. മഹതി പറഞ്ഞതനുസരിച്ച് ഇ.കെ അടക്കമുള്ള മഹാ പണ്ഡിതര്‍ അവിടെ വന്നു കിതാബോതിയിട്ടുണ്ട്. അവര്‍ സംസാരത്തിനിടയില്‍ പറഞ്ഞു: എന്‍റെ ഉപ്പയും പാങ്ങില്‍ കാരനും(പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരും) വെട്ടിക്കാട്ടിരി ഇമ്പിച്ചി മുസ്ലിയാരും ഒരേ വീട്ടില്‍ നിന്നാണ് കല്യാണം കഴിച്ചത്. നെല്ലായയിലെ ഒരു വീട്ടില്‍ നിന്ന്. അക്കാലത്ത് കേരളത്തില്‍ ജീവിച്ചിരിക്കുന്ന സമസ്തയുടെ നേതൃനിരയിലുള്ള തലയെടുപ്പുള്ള മൂന്നു മഹാപണ്ഡിതന്‍മാര്‍ ഒരേ വീട്ടില്‍ നിന്ന് വിവാഹം ചെയ്തെന്ന വിവരം ലേഖകനെ വല്ലാതെ ആകര്‍ഷിച്ചു.
ഉസ്താദിന്‍റെ ശേഖരത്തില്‍ നിരവധി അമൂല്യ രേഖകള്‍ കാണാം. കുളപ്പുറത്ത് കുഞ്ഞഹമ്മദ് മുസ്ലിയാര്‍ക്ക് പാണാക്കാട് പൂക്കോയ തങ്ങളുടെ പിതാവായ പൂക്കുഞ്ഞിക്കോയ തങ്ങള്‍ ഇജാസത്ത് നല്‍കിയ സ്വലാത്തിന്‍റെ കൈപ്പടയിലുള്ള ഏട് അവസാന കാലത്ത് ഉസ്താദ് ലേഖകനെ വിളിച്ചു കാണിച്ചു തന്നു. അതുപോലെ നിരവധി കുറിപ്പുകള്‍ ഇവിടെയുണ്ടെന്നും നമുക്കതെല്ലാം ഒന്നുമറിച്ചു നോക്കണമെന്നും ഉസ്താദ് കാണുമ്പോഴെല്ലാം പറയാറുണ്ടായിരുന്നു.
ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ ജാമിഅ:യിലെ സഹപാഠിയാണ് ഉസ്താദ്. വിശേഷ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥി സംഘനയായ നൂറുല്‍ ഉലമക്കു കീഴില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചില ചടങ്ങുകള്‍ സംഘടിപ്പിക്കും. അതിനായി പിരിവു നടത്തുമ്പോള്‍ ഉസ്താദ് നല്ല സംഖ്യതന്നെ സംഭാവന നല്‍കും. അന്നൊക്കെ തമാശ രൂപത്തില്‍ ഹൈദരലി തങ്ങള്‍ പറയുമത്രെ: നമുക്ക് ഏലംകുളത്തിനുടത്തു പോകാം. നല്ല പിരിവു കിട്ടും. ജീവിത കാലത്ത് ഉസ്താദ് തങ്ങള്‍ അന്നു പറഞ്ഞ ആ വാക്കുകള്‍ ഇടക്കിടെ ആവര്‍ത്തിക്കാറുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലെല്ലാം ഉസ്താദ് ഇടക്കിടെ ഭക്ഷണം നല്‍കാനെത്തും. താന്‍ മരണപ്പെട്ടാല്‍ അവിടെയുളള കുഞ്ഞിമക്കളെല്ലാം തനിക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുമേല്ലാ എന്നായിരുന്നു ഉസ്താദിന്‍റെ ആഗ്രഹം. സ്ഥാപനത്തില്‍ ഭക്ഷണം ദാനം ചെയ്ത് ഉസ്താദ് അവിടെയെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ സ്ഥാപനത്തിലെ ഉസ്താദുമാര്‍ക്കെല്ലാം കൈമടക്കും നല്‍കിയായിരുന്നു അവിടുന്ന് മടങ്ങിയിരുന്നത്.
മികച്ചൊരു വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന ഉസ്താദ്, പാരമ്പര്യധാരയില്‍ ഉറച്ചു നിന്ന് പുതിയ വിദ്യാഭ്യാസ പരീക്ഷണങ്ങളെ ഉള്‍കൊള്ളാന്‍ ഉസ്താദ് എല്ലാ കാലത്തും സന്നദ്ധനായിരുന്നു. എല്ലാ അധ്യായന വര്‍ഷവും തുടക്കത്തില്‍ തന്‍റെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികക്കു മുഴുവന്‍ ധരിക്കാനുളള തലപ്പാവ് കോഴിക്കോടു വരുമ്പോള്‍ ഈ ലേഖകനെകൊണ്ടായിരുന്നു വാങ്ങിപ്പിച്ചിരുന്നത്.
സമസ്തയുടേയോ സമസ്തക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേയോ ചര്‍ച്ചകളും ആലോചനകളും വരുമ്പോള്‍ യോഗത്തില്‍ ചെറുവാളൂര്‍ ഉസ്താദുണ്ടെങ്കില്‍ ആദ്യം സംഭാവന ഉസ്താദ് നല്‍കിയിരിക്കും. അതൊരു ഭീമമായ സംഖ്യതന്നെയായിരിക്കും. മിക്കപ്പോഴും ഖാദിമിനെ വിളിച്ച് ആ ഇടപാട് ഉടനെ തീര്‍ക്കാന്‍ പറയും. അല്ലെങ്കില്‍ അടുത്ത ദിവസം തന്നെ ഓഫര്‍ ചെയ്ത സംഖ്യ ഉസ്താദ് സംഘാടകരെ ഏല്‍പ്പിച്ചിരിക്കും. എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ സമര്‍ഖന്ദില്‍ നടത്തിയ സില്‍വര്‍ ജൂബിലിയുടെ സംഘാടക സമിതി യോഗത്തിലടക്കം ഉസ്താദിന്‍റെ ഫണ്ട് കൊണ്ടായിരുന്നു സംഘാടകര്‍ കളക്ഷന്‍ തുടങ്ങിയിരുന്നത്. ഉസ്താദിനെ കാണാന്‍ വരുന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കണ്ടുമടങ്ങുമ്പോള്‍ ഉസ്താദ് എന്തെങ്കിലും പാരിതോഷികം നല്‍കും. ഹജ്ജു യാത്രക്കു പോയാല്‍ ഭീമമായ സംഖ്യകൊണ്ട് മുന്തിയ തരം ഈത്തപ്പഴവും ഡ്രൈഫ്രൂട്സുകളും വാങ്ങിയയായിരിക്കും ഉസ്താദ് മടങ്ങിയെത്തുക. ഉസ്താദിനെ കാണാന്‍ വരുന്നവര്‍ക്കുു പുറമേ, ഹജ്ജു കഴിഞ്ഞു നടക്കുന്ന ആദ്യ മുശാവറക്കു വരുമ്പോള്‍ മുശാവറാ അംഗങ്ങള്‍ക്കെല്ലാം ഉസ്താദിന്‍റെ കനപ്പെട്ട ഹദ്യയുണ്ടായിരിക്കും.
കുറിപ്പു കാരന്‍ ഉസ്താദിന്‍റെ വിദ്യാര്‍ത്ഥിയാണെന്നു സൂചിപ്പിച്ചല്ലോ. ഉസ്താദിന്‍റെ നിരവധി കുറിപ്പുകള്‍ തയ്യാറാക്കാന്‍ ഉസ്താദ് ദീര്‍ഘകാലമായി എന്നെയാണ് ചുമതലപ്പെടുത്താറുളളത്. കോഴിക്കോട് മുശാവറ യോഗത്തിനു വരുമ്പോള്‍, ഖാദിമിനെകൊണ്ട് പ്രത്യേകം വിളിപ്പിക്കും. കണ്ടാല്‍ ഉടന്‍ ലേഖനം തയ്യാറാക്കിയ വേതനം തരും. ഇതൊരു പ്രോല്‍സാഹനമാണ്ട്ടോ എന്നു പറെഞ്ഞാരു പുഞ്ചിരിയുമുണ്ടാകും. ഉസ്താദ് എഴുതിക്കുന്നതു തന്നെ വലിയ അംഗീകാരമായി കാണുമ്പോള്‍, അതിനുള്ള പ്രോല്‍സഹനം കൂടി നല്‍കുമ്പോള്‍ ആ വലിയ മനുഷ്യന്‍റെ ഹൃദയ വിശാലതയാണ് നമ്മെ അത്ഭുതപ്പെടുത്തുക.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡണ്ട്, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, സി.ഐ.സി അസിസ്റ്റന്‍റ് റെക്ടര്‍, ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡണ്ട്, മഹല്ല് ഫെഡറേഷന്‍, ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്. പാലപ്പിള്ളി ദാറുതഖ്വാ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍, പാലത്തോല്‍ മഹല്ല് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ ഉത്തരവാദിത്വ ബോധത്തോടെയും കര്‍ത്തവ്യ ബോധത്തോടെയും നിര്‍വഹിച്ചാണ് ആ വലിയ ജീവിതം കടന്നു പോയത്. പെരുമാറ്റത്തിലെ സൗമ്യതയും ഇടപെടലുകളിലെ ലാളിത്യവുമായിരുന്നു ഉസ്താദിന്‍റെ മുഖമുദ്ര. തന്‍റെ അവസാനം അടുത്തിട്ടുണ്ടെന്ന പൂര്‍ണ ബോധ്യത്തോടെ മാസങ്ങള്‍ക്കു മുമ്പ് താന്‍തന്നെ വളര്‍ത്തി വലുതാക്കിയ സ്ഥാപനത്തില്‍ തന്നെ തനിക്ക് അന്തിയുറങ്ങണമെന്ന ആഗ്രഹം ഉസ്താദ് നേരത്തെ അടുപ്പക്കാരോടു പങ്കുവച്ചു. കൂടാതെ കോളേജ് അവധി സമയത്ത് അധികമാരുമറിയാതെ തനിക്കുള്ള ഖബറും മൂടുകല്ലുമടക്കം ഒരുക്കിവച്ചു. ശേഷം അതിനുമുകളിലാണ് മുറ്റത്തെ ഇന്‍റര്‍ ലോക്ക് ചെയ്യിച്ചത്. അത് അധികമാരും അറിയരുതെന്നും ഉസ്താദ് ആഗ്രഹിച്ചിരുന്നു. പാരമ്പര്യ നേതൃനിരയില്‍ തര്‍ബിയ്യത്തിന്‍റെ താളം ആവാഹിച്ചു പ്രസരിപ്പിച്ച ഒരു ജീവിതം കൂടി വിടപറഞ്ഞിരിക്കുന്നു. സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തെ ജീവനുതുല്യം സ്നേഹിച്ച്, മഹാന്‍മാരായ ഗുരുശ്രേഷ്ഠരുടെ ജീവിത വിശുദ്ധി അനുതാവനം ചെയ്ത ആ ജീവിതദര്‍ശനം തലമുറകള്‍ക്കു വെളിച്ചം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കാം
(കടപ്പാട്: സത്യധാര)
,
Leave A Comment