റമദാനില്‍ ചെകുത്താന്‍മാര്‍ ചങ്ങലക്കിടപ്പെടുമോ?

നിന്റെനാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയമായുംമുട്ടിയാല്‍മുഴങ്ങുന്ന, ഗന്ധമുള്ള, കറുത്ത കളിമണ്ണില്‍ നിന്ന് നാം മനുഷ്യനെസൃഷ്ടിക്കാന്‍ പോവുകയാണ്. 29-അങ്ങനെഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അവനിലൂതുകയും ചെയ്താല്‍നിങ്ങളെല്ലാവരും അവന് പ്രണാമമര്‍പ്പിക്കുന്നവരായിത്തീരണം. 30-അങ്ങനെ മലക്കുകളൊക്കെ പ്രണമിച്ചു. 31-ഇബ്ലീസൊഴികെ. പ്രണാമമര്‍പ്പിക്കുന്നവരോടൊപ്പം ചേരാന്‍ അവന്‍ വിസമ്മതിച്ചു. 32-അല്ലാഹു ചോദിച്ചു: "പ്രണാമം ചെയ്തവരോടൊപ്പം ചേരാതിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്? 33-ഇബ്ലീസ് പറഞ്ഞു: "മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കേണ്ടവനല്ല ഞാന്‍. 34-അല്ലാഹു കല്‍പിച്ചു: "എങ്കില്‍ നീ ഇവിടെനിന്നിറങ്ങിപ്പോവുക. നീ ഭ്രഷ്ടനാണ്. 35-"ന്യായവിധിയുടെ നാള്‍വരെ നിനക്കു ശാപമുണ്ടായിരിക്കും. 36-അവന്‍ പറഞ്ഞു: "എന്റെ നാഥാ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാള്‍വരെ എനിക്ക് അവധി തന്നാലും.37-അല്ലാഹു അറിയിച്ചു: "നിനക്ക് അവസരം തന്നിരിക്കുന്നു. 38-"നിശ്ചിതസമയം വന്നെത്തുന്ന ദിനംവരെ. 39-അവന്‍പറഞ്ഞു: "എന്റെ നാഥാ, നീ എന്നെ വഴികേടിലാക്കി. അതേപോലെ ഭൂമിയില്‍ഞാനവര്‍ക്ക് ചീത്തവൃത്തികള്‍ ചേതോഹരമായിത്തോന്നിപ്പിക്കും.അവരെയൊക്കെദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും; തീര്‍ച്ച. 40-"അവരിലെ നിന്റെ ആത്മാര്‍ഥതയുള്ള ദാസന്മാരെയൊഴികെ. 41-അല്ലാഹു പറഞ്ഞു: "ഇതാണ് എന്നിലേക്കെത്താനുള്ള നേര്‍ വഴി. 42-"എന്റെ അടിമകളുടെ മേല്‍ നിനക്കൊരു സ്വാധീനവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലൊഴികെ.”  (അല്-ഹിജ്ര്‍ 28 മുതല്‍ 42 വരെയുള്ള സൂക്തങ്ങള്‍)   ആരാണീ പിശാച്?

ഖുര്‍ആനിലെ സൂറത്ത്‌ അല്-ഹിജ്റിലെ 28 മുതല്‍ 42 വരെയുള്ള സൂക്തങ്ങള്‍ പിശാചിനെകുറിച്ച് വ്യക്തമായ ധാരണ മനുഷ്യന് നല്‍കുന്നു. മനുഷ്യ കുലത്തിന്റെ ശത്രുവാണ് പിശാച്. വിവേകവും വിജ്ഞാനവും നല്‍കി മനുഷ്യനെ കളിമണ്ണില്‍ നിന്ന് അല്ലാഹു സൃഷ്ടിക്കുകയും അവന്റെ മുന്നില്‍ വണങ്ങാന്‍ മലക്കുകകളോട് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അനുസരണക്കേട്‌ കാണിച്ചു മാറിനിന്നവന്‍. തീജ്വാലയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ജിന്ന് വര്‍ഗത്തില്‍പെട്ട ഇബ്‌ലീസ് സ്വര്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് മനുഷ്യ പിതാവിനോട്‌ കാണിച്ച അഹങ്കാരത്തിന്റെ ഫലമായിട്ടാണ്.

അതിനോടുള്ള പ്രതികാരമെന്ന നിലയില്‍ ദൈവദാസന്‍മാരെ വഴിപിഴപ്പിക്കുമെന്ന പ്രതിജ്ഞയുമായിട്ടാണ് അവന്‍ ഭൂമിയിലെക്ക് ഇറങ്ങിയത്‌. അതിനു വേണ്ടി അല്ലാഹുവില്‍ നിന്ന് ഉയിര്ത്തെഴുന്നേല്പ്പ് നാള്‍ വരെ അവധി വാങ്ങിയാണ് അവന്റെ വരവ്. തന്റെ പ്രതിജ്ഞ നടപ്പാക്കാനായി ഇബ്ലീസും സന്തതികളും രാപ്പകല്‍ ഭേദമന്യെ അക്ഷീണം യത്നിക്കുന്നു. ജിന്ന് വര്‍ഗത്തില്‍ വിശ്വാസികളും അവിശ്വാസികളും ഉണ്ട്. മാനുഷ്യ കുലത്തിലുള്ളത് പോലെ.

വിശാസികളായ ജിന്നുകള്‍ വിശ്വാസികളായ മനുഷ്യനെ സഹായിക്കുമ്പോള്‍ അവിശ്വാസികളായ ജിന്നുകള്‍ ഇബ്ലീസിന്റെ കാര്‍മികത്വത്തില്‍ മനുഷ്യകുലത്തോടുള്ള പകയുമായി ഭൂലോകത്ത്‌ തിന്മകള്‍ വിതക്കാന്‍ ശ്രമിക്കുന്നു. മനുഷ്യന്റെ രക്തമോടുന്നയിടങ്ങളിലെല്ലാം പിശാച് പതിയിരുക്കുന്നെവന്ന പുണ്യ റസൂലിന്റെ മുന്നറിയിപ്പ് ശ്രദ്ധേയമാണ്. ഓരോ മനുഷ്യന്റെ കൂടെയും നന്മയിലേക്ക് നയിക്കാന്‍ ഒരു മാലാഖയും തിന്മയിലേക്ക് വിളിക്കാന്‍ ഒരു പിശാചും ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന തിരുവചനം പിശാചുക്കള്‍ മനുഷ്യനില്‍ നടത്തുന്ന ദുര്‍ബോധനത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു. പിശാചിന് കൂടുതല്‍ വഴിപ്പെടുകയും ദൈവികസ്മരണയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്ന വ്യക്തികളില് കൂടെയുള്ള ഈ പിശാച് ശക്തമായ സ്വാധീനം ചെലുത്തുകയും അവന്റെ ഇഷ്ടത്തിനു നനസരിച്ചു വഴിതിരിച്ചു വിടുകയും ചെയ്തു.

ശക്തമായ മന:ക്കരുത്തോടെ ദുര്‍ബോധനങ്ങളെ അതിജയിച്ചു ദൈവികസ്മരണ നിലനിര്‍ത്തുന്ന വ്യക്തികളുടെ കൂടെയുള്ള പിശാച്ചിന്റെ ശക്തി ശയിക്കുകയും അവന്‍ ആ മനുഷ്യന് മേല്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാതെ വരികയും ചെയ്യും. എല്ലാ മനുഷ്യന്റെ കൂടെയും ജിന്നില്‍ നിന്നുള്ള കൂട്ടാളിയുന്ടെന്നും എന്നാല്‍ അല്ലാഹുവിന്റെ സഹായത്താല്‍ എന്റെ കൂടെയുള്ള ജിന്ന് വിശ്വാസം സ്വീകരിച്ചത്‌ കൊണ്ട് നന്മയല്ലാതെ കല്പിക്കുകയില്ലെന്നും തിരുമേനി (സ) പറഞ്ഞത്‌ ഇതോട് നാം ചേര്‍ത്ത വായിക്കണം.

റമദാനും പിശാചും

പുണ്യമാസമായ റമദാനില്‍ പിശാച്ചുകക്കളുടെ ഇത്തരം ആക്രമണങ്ങള്‍ കുറയുമെന്നത് എല്ലാവര്ക്കും ബോധ്യമുള്ളതാണ്. ജനങ്ങള്‍ കൂടുതലായി നന്മയിലേക്ക് വരുന്ന ദിനങ്ങള്‍ ആയത് കൊണ്ട് തന്നെ പിശാചുക്കളുടെ ശക്തി ശയിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.

നബി (സ) പറഞ്ഞുഅബൂ ഹുറൈറയില്‍ നിന്നു നിവേദനം“റമദാനായാല്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കുക്കപ്പെടുകയും ചെയ്യും” (ഇമാം മുസ്‌ലിം). സമാന അര്‍ത്ഥത്തില്‍ വിവിധ ഹദീസുകള്‍ കാണാം. റമദാനില്‍ പിശാചുക്കള്‍ ബന്ധിക്കപ്പെടുന്നുവെങ്കില്‍ എന്ത്കൊണ്ട് പലരും റമദാനിലും തെറ്റിലൂടെ സഞ്ചരിക്കുന്നു വെന്ന ചോദ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ടു വ്യത്യസ്ത വിശദീകരണങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്. ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് മനുഷ്യന്റെ ശത്രു പിശാച് മാത്രമല്ല. മനുഷ്യകുലത്തിന്റെ ശത്രുവായിട്ടാണ് ഇബ്ലീസിന്റെ രംഗപ്രവേശനമെങ്കില്‍ ഓരോ മനുഷ്യന്റെയും ഏറ്റവും വലിയ ശത്രു അവന്റെയുള്ളില്‍ കുടികൊള്ളുന്ന അവന്റെ മനസ്സെന്നോ ഇച്ഛയെന്നോ വിളിക്കാവുന്ന നഫ്സാണ്.

(ഞാനെന്റെ മനസ്സ്കുറ്റമറ്റതാണെന്നവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കുപ്രേരിപ്പിക്കുന്നതു തന്നെ. എന്റെ നാഥന്‍ അനുഗ്രഹിച്ചവരുടേതൊഴികെ. എന്റെനാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്; തീര്‍ച്ച.) സൂറത്ത്‌ യൂസുഫില്‍ ഖുര്‍ആന്‍ ഈ വാക്യം ഉദ്ധരിക്കുന്നു. മനുഷ്യന്റെ പ്രത്യക്ഷ ശത്രുവായ പിശാചിനെ ചങ്ങലക്കിടുകയും പരോക്ഷ ശത്രുവായ നഫ്സിനെ പരിശീലനത്തിലൂടെയും നിയന്ത്രണത്തിലൂടെയും നന്മ മാത്രം കല്പിക്കുന്ന ശാന്തമായ നഫ്സ്‌ (നഫ്സ്‌ മുത്മഇന്ന)യായി മാറ്റിയെടുക്കാനുള്ള അവസരമാണ് റമദാന്. പിശാചിന്റെ ചാതിക്കുഴികളെ ദുര്‍ബലമെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിചിട്ടുള്ളത്. എന്നാല്‍ മനുഷ്യനോട് തിന്മ കല്പിക്കുന്ന ന്ഫ്സിനെ കീഴ്പ്പെടുത്താനുള്ള സമരത്തെ ഏറ്റവും വലിയ ധര്‍മ്മസമരമെന്നു ഹദീസുകളില്‍ പറഞ്ഞതായി കാണാം.

അതായത്‌ ചെറിയ ശത്രു ചങ്ങലക്കിടപ്പെടുമ്പോഴും വലിയ ശത്രുവിനെ ഒതുക്കാന്‍ നിരന്തരമായ സമരം വേണം അതിനുള്ള അവസരം റമദാന്‍ സൃഷ്ടിക്കുന്നു. പിശാചുക്കള്‍ ബന്ധിക്കപ്പെടുന്നുവെന്നത് ആന്തരികാര്‍ഥത്തില്‍ വിശദീകരിച്ച പണ്ഡിതന്‍മാരുണ്ട്. നോമ്പിന്റെ എല്ലാ മര്യാദകളും പാലിച്ചുകൊണ്ട് വ്രതമാനുഷ്ടിചവര്‍ക്ക് പിശാചിന് കാര്യമായി സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന് അനുഭവങ്ങളിലൂടെ വ്യക്തമാണല്ലോ. അവര്‍ ബന്ധിക്കപ്പെടുന്നതിനു സമാനമാണ് ഇതെന്നതിനാലാണ് അങ്ങനെ പ്രയോഗം വന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്മാരും ബാഹ്യാര്‍ത്ഥത്തില്‍ തന്നെ ഈ ഹദീസ്‌ വിശദീകരിക്കുന്നു.

എന്നാല്‍ ഇമാം നസാഇയും തിര്‍മിദിയും റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ ശക്തരായ ജിന്നുകള്‍ (മറദത്തുല്‍ ജിന്ന്)യെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന പിശാചുക്കള്‍ മാത്രമാണ് ബന്ധിക്കപ്പെടുന്നതെന്നു നല്ലൊരു വിഭാഗം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. അതനുസരിച്ച് മനുഷ്യന് ദുര്‍ബോധനം നല്‍കുന്ന കുട്ടിപിശാചുക്കള്‍ റമദാനിലും സജീവമായിരിക്കും. അല്ലാഹു അന്ത്യനാള്‍ വരെ സമയമനുവദിച്ചതിനാല്‍ പിശാചുക്കളുടെ നേതാവായ ഇബ്‌ലീസ് ബന്ധിക്കപ്പെടുകയില്ലെന്നും ബാക്കിയുള്ള പിശാചുക്കള്‍ മാത്രമാണ് ബന്ധിക്കപ്പെടുന്നതെന്നും അഭിപ്രായമുണ്ട്.

പിശാചുക്കള്‍ മുഴുവന്‍ ബന്ധിക്കപ്പെട്ടാലും കഴിഞ്ഞ കാലത്ത്‌ അവര്‍ മനുഷ്യ മനസ്സുകളില്‍ ആഴത്തില്‍ വേരൂന്നിയ ദുര്‍ബോധനങ്ങളുടെ സ്വാധീനം മനുഷ്യനെ വീണ്ടും തെറ്റ് ചെയ്യാന്‍ പ്രേരിപിച്ചു കൊണ്ടിരിക്കും. സ്വതവേ അരുതാത്തത് ചെയ്യാനുള്ള മനുഷ്യ മനസ്സിന്റെ പ്രവണതകൂടി ചേരുമ്പോള്‍ തിന്മയോടുള്ള ആഭിമുഖ്യം വീണ്ടും അവനെ സ്വാധീനിക്കും. അതില്‍ നിന്നുള്ള മുക്തിക്ക് നിരന്തര പരിശീലനമാല്ലാതെ വഴിയില്ല. അതിന്നുള്ള അവസരം റമദാന്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് വ്രതത്തിന്റെ ലക്ഷ്യമായി ദൈവഭക്തിയെ ഖുര്‍ആന്‍ സൂചിപ്പിച്ചത്.

മനുഷ്യപ്പിശാച്ചുക്കള്‍

സജ്ജനങ്ങളുടെ ശത്രുക്കളുടെ മൂന്നാമതൊരു വിഭാഗത്തെകൂടി ഖുര്‍ആനും ഹദീസും പരിചയപ്പയൂട്ത്തുന്നു. മനുഷ്യവര്‍ഗത്തില്‍ പെട്ട പിശാചുക്കള്‍. സൂറത്ത്‌ നാസില്‍ ജിന്ന് വര്‍ഗത്തിലെ പിശാചുക്കളെപ്പോലെ മനുഷ്യവര്‍ഗത്തിലെ പിശാച്ചുക്കളില്‍ നിന്ന് കാവല്‍തേടാന്‍ നാം കല്‍പിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ തിന്മയിലേക്ക് നയിക്കുന്നവരാണിവര്‍. ഇവര്‍ ജിന്ന് വര്‍ഗത്തില്‍പെട്ട പിശാചുക്കളെക്കാള്‍ അപകടകാരികളാണെന്നു നബി (സ) അബൂ ദര്‍ര്‍(റ)വിനോട് പറഞ്ഞതായി ചില ഹദീസുകളില്‍ കാണാം. ജിന്ന് പിശാച് ദുര്‍ബോധനം നടത്തുമ്പോള്‍ മനുഷ്യപ്പിശാച് തിന്മയിലേക്ക് നേരിട്ട് ക്ഷണിക്കും.

തഫ്‌സീര്‍ ഖുര്തുബി ഉദ്ധരിക്കുന്ന താബിഈയായ മാലിക്‌ ബിന്‍ ദീനാറിന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ് ‘ജിന്നുകളില്‍ പെട്ട പിശാചിനെക്കാള്‍ എനിക്ക് പേടി മനുഷ്യപിശാചുക്കളെയാണ്. അല്ലാഹുവിനോട് കാവല്‍ ചോദിച്ചാല്‍ ജിന്ന് പിശാച് ഓടിയകലും എന്നാല്‍ മനുഷ്യപ്പിശാച് എന്റെയടുത്തുവന്നു എന്നെ തെറ്റിലേക്ക് കൂട്ടികൊണ്ടു പോവും’.

ഇത്തരം പിശാചുക്കള്‍ റമദാനിലും സ്വതന്ത്രരായി പ്രവര്‍ത്തിച്ച്ചുകൊണ്ടേയിരിക്കും. അതിനാല്‍ സുഹ്ര്ദ്‌ വലയങ്ങളെ നാം എപ്പോഴും സൂക്ഷിക്കുക്ക. നബി അരുളി ‘മനുഷ്യന്‍ അവന്റെ സുഹ്രുത്തിന്റെ മതത്തിലാണ്. അതിനാല്‍ ആരോടാണ് കൂട്ടുകൂടെണ്ടതെന്നു അവന്‍ ചിന്തിച്ചുകൊള്ളട്ടെ’ (ഇമാം അഹ്മദ്‌)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter