ആയാ സോഫിയ: വീണ്ടെടുപ്പിന്റെ ചരിത്രം
ഇസ്തംബൂളിലെ ആയാ സോഫിയ വീണ്ടും ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. നീണ്ട എട്ടര പതിറ്റാണ്ടിലേറെക്കാലം നിയമാനുസൃതമായല്ലെങ്കിലും, പൈതൃക മ്യൂസിയമായി ഉപയോഗിക്കപ്പെട്ട ആയാ സോഫിയയുടെ മ്യൂസിയാവസ്ഥ രാജ്യത്തിന്റെ പരമോന്നത നീതിപീഠം റദ്ദാക്കുകയും, മുസ്‌ലിംകള്‍ക്ക് ആരാധനക്കായി തുറക്കപ്പെടാനിരിക്കുകയും ചെയ്ത സംഭവമാണ് ലോകവ്യാപകമായി ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു നൂറ്റാണ്ടു മുന്‍പ് തുര്‍ക്കി പ്രസിഡന്റായി അധികാരമേറ്റ മുസ്തഫ കമാല്‍ അതാതുര്‍ക്ക് നിരവധി മസ്ജിദുകളും മദ്‌റസകളും മതകേന്ദ്രങ്ങളും അടച്ചുപൂട്ടുകയോ നശിപ്പിക്കുകയോ ചെയ്യാന്‍ തുടങ്ങിയിരുന്നു. ഈ ഗണത്തില്‍ ആയാ സോഫിയ മസ്ജിദും 1929-ല്‍ സീല്‍വച്ചു.

നാലുവര്‍ഷം കഴിഞ്ഞ് 1934-ല്‍ അത് മ്യൂസിയമായി മാറ്റാന്‍ തീരുമാനിക്കുകയും അടുത്ത വര്‍ഷം മ്യൂസിയമായി തുറന്ന് ടൂറിസം മന്ത്രാലയത്തിനു കൈമാറുകയും ചെയ്തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ സഹധര്‍മിണി യൗവനത്തില്‍ മരിച്ചപ്പോള്‍ അവരുടെ സ്മരണ ശാശ്വതീകരിക്കാനായി നിര്‍മിച്ച ദേവാലയമാണത്. തൊട്ടുപടിഞ്ഞാറുള്ള ഗ്രീസുമായിട്ടായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിളിന്റെ സര്‍വ ആത്മിക-മതകീയ ബന്ധങ്ങളും. അങ്ങനെയാണ് ദേവാലയത്തിന് ഹഗിയ സോഫിയ എന്ന ഗ്രീക്കു പദം നാമമായി ലഭിച്ചത്. ഇസ്‌ലാമികാഗമനത്തോടെ ടര്‍ക്കിഷിലും അറബിയിലും മറ്റുമൊക്കെ പേര് 'ആയാ സോഫിയ' എന്നായി മാറുകയായിരുന്നു. പതിനേഴു വര്‍ഷം മുന്‍പാണ് ലേഖകന്‍ ആദ്യമായി ഇസ്തംബൂള്‍ സന്ദര്‍ശിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ യൂറോപ്പില്‍ നിലനിന്നിരുന്ന മത വിരുദ്ധ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായ അതാതുര്‍ക്ക് ഇസ്‌ലാമിക സാംസ്‌കാരിക ചിഹ്നങ്ങളെയും പൈതൃകങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ചതിനു പിന്നാലെയാണ് ആയാ സോഫിയയെ പുരാവസ്തു വകുപ്പിന് കീഴിലെ മ്യൂസിയമായി പ്രഖ്യാപിച്ചത്. മതം ഒരു പുരാവസ്തുവാണെന്നും ആധുനികവല്‍ക്കരണം സാധ്യമാക്കണമെങ്കില്‍ മതങ്ങള്‍ നിയന്ത്രിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ അതിന്റെ സ്വാധീനം ഇല്ലാതാക്കണമെന്നുമായിരുന്നു കമാലിന്റെ കാഴ്ചപ്പാട്.

ഇസ്‌ലാമിക നിയമസംഹിതകള്‍ക്കനുസരിച്ചുള്ള തുര്‍ക്കിയുടെ ഖിലാഫത്ത് ഭരണവ്യവസ്ഥയെ തന്നെ നിശ്ലേഷം ഉടച്ചുവാര്‍ക്കുക എന്നതായിരുന്നു അതാതുര്‍ക്കിന്റെ പ്രഖ്യാപിത ലക്ഷ്യം. പാശ്ചാത്യ-മതേതര സങ്കല്‍പങ്ങളും സിദ്ധാന്തങ്ങളും അടിസ്ഥാനമാക്കിയായിരുന്നു ഭരണം. ആധ്യാത്മിക മേഖലകളെയും സൂഫി ധാരകളെയും നിരോധിച്ച്‌ പര്‍ണശാലകളും ഖാന്‍ ഖാഹുകളുമെല്ലാം അടച്ചുപൂട്ടി. ഹിജ്‌റ കലണ്ടറിനു പകരം സൗരവര്‍ഷകലണ്ടര്‍ പ്രാബല്യത്തിലാക്കി. പര്‍ദ നിയമംമൂലം നിരോധിച്ചു. വിവാഹം, വിവാഹ മോചനം തുടങ്ങിയവയിലെ ഇസ്‌ലാമിക നിയമങ്ങള്‍ ഭേദഗതി ചെയത് പാശ്ചാത്യനിയമങ്ങള്‍ നടപ്പിലാക്കി. മതപാഠശാലകളെല്ലാം നിര്‍ത്തലാക്കി. അറബിയില്‍ വാങ്ക് വിളിക്കുന്നത് നിരോധിക്കുകവരെ ചെയ്തു. ഭരണഘടനയില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രം എന്ന വാക്ക് തന്നെ നീക്കംചെയ്യാന്‍ ഉത്തരവിട്ടു. അഞ്ച് ശതാബ്ദക്കാലം നിലനിന്നിരുന്ന ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും പഠനത്തിന്റെയും പാരമ്ബര്യത്തിന്റെയും ചരിത്രം തന്നെ നിഷ്‌കാസനം ചെയ്തു. ഇസ്‌ലാമിക സങ്കല്‍പത്തിനു കടകവിരുദ്ധമായ മതേതര ദേശീയവാദത്തെ വാരിപ്പുണര്‍ന്ന മുസ്തഫാ കമാലിന്റെ ഇസ്‌ലാമിക സംസ്‌കാരത്തോടുള്ള ഹീനചെയ്തികളില്‍ ശ്രദ്ധേയമായിരുന്നു ആയാ സോഫിയയെ മ്യൂസിയമാക്കി മാറ്റാനുള്ള തീരുമാനം. അക്കാലത്തെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിശ്വാസവും ജീവിതവുമായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ അവര്‍ നേരിട്ടിരുന്ന പ്രതിസന്ധികളുടെ രൂക്ഷ പശ്ചാത്തലങ്ങളില്‍ ആയാ സോഫിയയുടെ കാര്യം വേണ്ടതുപോലെ ശ്രദ്ധിക്കാന്‍ പറ്റുമായിരുന്നില്ല. ജീവനും വിശ്വാസവും സംരക്ഷിക്കുന്നതിനാണല്ലോ പ്രാഥമ്യവും പ്രാമുഖ്യവും നല്‍കേണ്ടത്.

ആയാ സോഫിയയുടെ പൂര്‍വകാല ചരിത്രവും നിര്‍മാണ പശ്ചാത്തലവും പറഞ്ഞ് അതിനെ മസ്ജിദാക്കിയുള്ള പുനഃപ്രഖ്യാപനത്തെ നിശിതമായി വിമര്‍ശിക്കുകയാണിപ്പോള്‍ പാശ്ചാത്യരാജ്യങ്ങളും ക്രൈസ്തവ മത നേതാക്കളും. തുര്‍ക്കിയുടെ പുതിയ തീരുമാനം വേദനാജനകമാണെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിച്ചത്. ക്രി. 1453-ല്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാത്തിഹ്, റോമാ സാമ്രാജ്യം കീഴടക്കി, കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇസ്തംബൂള്‍) ഉസ്മാനിയാ ഖിലാഫത്തിലേക്ക് ചേര്‍ത്തു. റോമാ സാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായ ഹഗിയാ സോഫിയയും ഇസ്‌ലാമിക കേന്ദ്രമാക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. കേവലമൊരു ദേവാലയം എന്നതിനപ്പുറം റോമന്‍ ചക്രവര്‍ത്തിമാര്‍ തങ്ങളുടെ മതപരവും രാഷ്ട്രീയവുമായ രാജശാസനകള്‍ വരെ പുറപ്പെടുവിച്ചിരുന്നതും അവ വിളംബരം ചെയ്യപ്പെട്ടിരുന്നതും അവിടെ വെച്ചാണ്. യേശുദേവന്റെ സവിശേഷ തിരുനോട്ടം ലഭിക്കുന്ന ദേവാലയമാണതെന്ന വിശ്വാസം യൂറോപ്പിലാകമാനം നിലനിന്നിരുന്നു. അതിനാല്‍ തങ്ങളെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ലെന്ന ധാരണ കോണ്‍സ്റ്റാന്റിനോപ്പിളിലെ ക്രിസ്ത്യാനികള്‍ വെച്ചുപുലര്‍ത്തി. യൂറോപ്പിനുമേല്‍ ആധിപത്യം നേടണമെങ്കില്‍ മുസ്‌ലിംകള്‍ ആത്മവിശ്വാസം സംഭരിക്കണമെന്നു മനസ്സിലാക്കിയ സുല്‍ത്താന്‍ മുഹമ്മദ് ഹഗിയാ സോഫിയ തന്റെ സ്വകാര്യ സ്വത്തായി വിലയ്ക്കുവാങ്ങി ( ജസ്റ്റീനിയന്റെ കാലം മുതല്‍ റോമന്‍ ചക്രവര്‍ത്തിമാരുടെ രാജകീയ സ്വത്തായിരുന്നു അത്). പിന്നീട് മസ്ജിദാക്കി പരിവര്‍ത്തിപ്പിക്കുന്നതിനു മുന്‍പ് സുല്‍ത്താന്‍ മുഹമ്മദ് ഓര്‍ത്തഡോക്‌സ് മതമേലധികാരികളുമായി ചര്‍ച്ചകള്‍ നടത്തിയതായി ചരിത്രത്തിലുണ്ട്.

ക്രിസ്തീയ ദേവാലയങ്ങള്‍ മസ്ജിദാക്കുക എന്ന പ്രക്രിയക്ക് ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. 20, 21 നൂറ്റാണ്ടുകളില്‍ അങ്ങനെ എത്രയോ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. മുസ്‌ലിംകളില്‍നിന്നു വില വാങ്ങിയാണ് ക്രിസ്ത്യാനികള്‍ ദേവാലയങ്ങള്‍ വിറ്റുകൊണ്ടിരിക്കുന്നത്. യു.കെയിലെ ലെസ്റ്ററിനടുത്ത ഓഡ്ബിയിലും ഫിന്‍ലന്റിലെ ഹെല്‍സിങ്കിയിലുംവച്ച്‌ അത്തരം മസ്ജിദുകളില്‍ ജുമുഅയും അല്ലാത്തതും എനിക്ക് നിസ്‌കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക നാള്‍വഴികളുടെ തുടക്കം മുതലേ മസ്ജിദിന്റെ ഉടമത്വമുണ്ടായിരുന്ന വഖ്ഫ് ഫൗണ്ടേഷന്റെ പരാതി പരിഗണിച്ച്‌ തുര്‍ക്കിയിലെ പരമോന്നത നീതിപീഠം ആയാ സോഫിയയെ മ്യൂസിയമായി പരിവര്‍ത്തിപ്പിച്ച നടപടി റദ്ദാക്കുകയും ആരാധനക്കായി തുറന്നുകൊടുക്കാന്‍ വിധിക്കുകയും ചെയ്തതോടെ ജൂലൈ 24 ന് ജുമുഅ നിസ്‌കാരത്തോടുകൂടി പള്ളി പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠം ശരിവച്ചതിനെ പ്രായോഗികമാക്കുകയാണ് ഗവണ്‍മെന്റ്. എന്നാല്‍ മ്യൂസിയമായി പരിവര്‍ത്തിപ്പിച്ചതിന്റെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യാതെ, ആരാധനക്കായി തുറന്നുകൊടുക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുകയുമാണ് ചില ലോകരാഷ്ട്രങ്ങള്‍. മ്യൂസിയമായി നിലനിന്നിരുന്ന ആയാ സോഫിയയെ മുസ്‌ലിം ആരാധനക്കായി തുറന്നുകൊടുക്കണമെന്ന് വിധിക്കുകയായിരുന്നില്ല നീതിപീഠം. മറിച്ച്‌, മുസ്‌ലിംകള്‍ക്കു നഷ്ടപ്പെട്ട പള്ളി നീതിയുക്തമായി തുറന്നുകൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു. എ.ഡി 1600 വരെ ക്രൈസ്തവ ആരാധനയും മുസ്‌ലിം ആരാധനയും ഒരുമിച്ച്‌ നടക്കുയും പിന്നീട് സഭ പുതിയ ആസ്ഥാനം പണിതതോടെ മുസ്‌ലിംകള്‍ക്ക് പൂര്‍ണ ആരാധനാലയമായിത്തീരുകയുമായിരുന്നു ആയാ സോഫിയ. ഈയൊരു ചരിത്രസത്യം ബോധ്യമായിട്ടും ക്രിസ്തീയ മതമേലധ്യക്ഷന്മാര്‍ മൗനികളാകുന്നതും വിധിക്കെതിരേ പ്രസതാവനകള്‍ നടത്തുന്നതുമാണ് ഖേദകരം. ദേവാലയം പള്ളിയാക്കി മാറ്റിയത് തന്നെ അക്ഷന്തവ്യമായ കുറ്റമാണെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ സ്‌പെയിനിലും സിസിലിയിലും യൂഗോസ്ലാവിയയിലും റഷ്യയിലുമെല്ലാം ഒരുപാട് മുസ്‌ലിംപള്ളികള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളാക്കി ഇന്നും ഉപയോഗിക്കുന്നുണ്ടെന്നത് നഗ്നസത്യമാണ്. റഷ്യന്‍ വിപ്ലവ കാലത്ത്, സര്‍ക്കാര്‍ കൈയേറി വൈദ്യുതി ഓഫിസാക്കിയ ഒരു പള്ളി, സ്വാതന്ത്ര്യാനന്തരം തിരിച്ചുപിടിച്ച്‌ പുനര്‍നിര്‍മാണം നടത്തിയതിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാന്‍ പോയവര്‍ഷം ഒക്‌ടോബറില്‍, ലേഖകന് അവസരം ലഭിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഇസ്‌ലാം ശരവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ നിരര്‍ത്ഥകമായ വാദങ്ങളും ആരോപണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് തീവ്ര വലതുപക്ഷക്കാരും ചില ഇസ്‌ലാം വിരുദ്ധ മാധ്യമങ്ങളും. ഐക്യരാഷ്ട്രസഭയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ രാജ്യാന്തര തലത്തില്‍ തുര്‍ക്കിക്കെതിരേ ശക്തമായ വിമര്‍ശനങ്ങളാണുയരുന്നത്. മുസ്‌ലിം ആരാധനാലയമാക്കി മാറ്റിയാലും ആയാ സോഫിയയുടെ നിര്‍മാണവിസ്മയം തനതായ രൂപത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന തുര്‍ക്കിയുടെ പ്രഖ്യാപനം പോലും ഉള്‍കൊള്ളാന്‍ ഇവര്‍ക്കാവുന്നില്ല. ലോകവ്യാപകമായി പടര്‍ന്നുപിടിച്ച ഇസ്‌ലാംവിരുദ്ധ നീക്കങ്ങളെ ആളിക്കത്തിക്കുക മാത്രമാണ് ആയാ സോഫിയ വഴി ഇക്കൂട്ടര്‍ ലക്ഷീകരിക്കുന്നത്. മ്യൂസിയത്തിനു പകരം ആയാ സോഫിയയെ ആരാധനാലയമാക്കാനുള്ള ശ്രമത്തിനു പിന്തുണകൊടുക്കുകയാണ് പുരോഹിതരും മതമേലാധ്യക്ഷരുമൊക്കെ ചെയ്യേണ്ടിയിരുന്നത്. കാരണം ഇനി ദൈവസ്മരണകളും പ്രാര്‍ഥനകളുമാണല്ലോ അവിടെ നടക്കുക.

ഇന്ത്യയിലും ബര്‍മയിലും റഷ്യയിലും ചൈനയിലും അല്‍ബേനിയയിലും മറ്റും നിരവധി മസ്ജിദുകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ഒരുവിധ ധാര്‍മിക രോഷവും പ്രകടിപ്പിക്കാത്തവര്‍ നൂറ്റാണ്ടുകള്‍ മസ്ജിദായി നിലകൊള്ളുകയും ഏകാധിപത്യത്തിലൂടെ അതിക്രമമായി രൂപഭേദം വരുത്തപ്പെടുകയും ചെയ്ത ആയാ സോഫിയയുടെ കാര്യത്തില്‍ മാത്രം മുതലക്കണ്ണീരൊഴിക്കുന്നത് എന്തുകൊണ്ടായിരിക്കും? യാതൊരു ന്യായീകരണവുമില്ലാതെ കൂച്ചുവിലങ്ങിടപ്പെട്ടിരുന്ന ഒരു മസ്ജിദിനെ ക്രിയാത്മകവും സചേതനവുമാക്കുക മാത്രമാണിവിടെ സംഭവിച്ചിരിക്കുന്നത്. മറ്റൊരു ശ്രദ്ധേയ കാര്യം കൂടിയുണ്ട്: ഈ സൗധം സിനിമാശാലയോ കുതിരാലയമോ കാളപ്പോര് മൈതാനമോ അന്താരാഷ്ട്ര ചൂതാട്ട കേന്ദ്രമോ കാബറേ ഹാളോ മറ്റോ ആക്കപ്പെട്ടിരുന്നുവെങ്കില്‍ ആര്‍ക്കും ഒരു ചൊറിച്ചിലും അനുഭവപ്പെടില്ലായിരുന്നു. ഇവിടെയാണ് ഒരു നിഷ്ഠുര വികാരം സജീവമായി തലപൊക്കുന്നത്- അന്ധമായ ഇസ്‌ലാം വിരോധം! 'ചിലയാളുകളെ മറ്റു ചിലരെ കൊണ്ട് അല്ലാഹു പ്രതിരോധിക്കുന്നില്ലായിരുന്നെങ്കില്‍ ഒട്ടേറെ സന്യാസീ മഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ജൂതസിനഗോഗുകളും ദൈവനാമം ധാരാളമായനുസ്മരിക്കപ്പെടുന്ന മസ്ജിദുകളും തകര്‍ക്കപ്പെട്ടിരുന്നേനെ. തന്നെ സഹായിക്കുന്നവരെ നിശ്ചയം അല്ലാഹു സഹായിക്കും; ശക്തനും പ്രതാപിയും തന്നെയത്രേ അവന്‍' (വി.ഖുര്‍ആന്‍ 22:40).

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter