റമദാന് 13 – ഖല്‍ബുന്‍സലീമാവട്ടെ ഈ റമദാന്‍ നമുക്ക് നല്‍കുന്നത്...
റമദാന് 13 – ഖല്‍ബുന്‍സലീമാവട്ടെ ഈ റമദാന്‍ നമുക്ക് നല്‍കുന്നത്...
ഒരിക്കല്‍ പ്രവാചകര്‍(സ്വ) അനുയായികളോട് പറഞ്ഞു, സ്വര്‍ഗ്ഗാവകാശിയായ ഒരാളെ കാണണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി ഇങ്ങോട്ട് കടന്നുവരുന്ന ആളെ നോക്കുക. അധികം കഴിയാതെ സദസ്സിലേക്ക് അന്‍സ്വാറുകളില്‍പെട്ട ഒരു സ്വഹാബി കടന്നുവന്നു. കാഴ്ചക്ക് വളരെ സാധാരണക്കാരനായ ഒരു മനുഷ്യന്‍. കാലില്‍ ധരിച്ചിരുന്ന പഴകിയ ചെരുപ്പ് കൈയ്യില്‍ പിടിച്ചാണ് അദ്ദേഹം പള്ളിയിലേക്ക് കടന്നത്. ശേഷം രണ്ട് റക്അത് നിസ്കരിച്ച് അദ്ദേഹം പോവുകയും ചെയ്തു.
അടുത്ത രണ്ട് ദിവസങ്ങളിലും ഇതേസംഭവം ആവര്‍ത്തിച്ചു. ഇത് കണ്ട അബ്ദുല്ലാഹിബ്നുഅംറ്(റ) അദ്ദേഹത്തെ പിന്തുടര്‍ന്നു. ഇത്രയും വലിയ സ്ഥാനം ലഭിക്കാന്‍ മാത്രം എന്ത് ആരാധനയാണ് അദ്ദേഹം ചെയ്യുന്നത് എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. മൂന്ന് ദിവസം അദ്ദേഹത്തിന്റെ കൂടെ തന്നെ താമസിച്ചു. പക്ഷേ, നിര്‍ബന്ധനിസ്കാരങ്ങളും കര്‍മ്മങ്ങളുമല്ലാതെ മറ്റൊന്നും അദ്ദേഹം ചെയ്യുന്നതായി കണ്ടില്ല, രാത്രി തഹജ്ജുദിന് പോലും അദ്ദേഹത്തിന് എണീക്കുന്നില്ല.
മൂന്നാം ദിവസം അദ്ദേഹത്തോട് നേരിട്ട് തന്നെ കാര്യം പറയുകയും കാരണമന്വേഷിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, ഞാന്‍ പ്രത്യേകമായി അമലുകളൊന്നും ചെയ്യുന്നില്ല, അത് നിങ്ങള്‍ തന്നെ കണ്ടതുമാണല്ലോ. പിന്നെ ഒന്നുള്ളത്, എന്റെ മനസ്സില്‍ ആരോടും യാതൊരു വിധ പകയോ വിദ്വേഷമോ ഒന്നുമില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ലഭിക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്, ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഉണ്ടാകുന്നത് വലിയ സങ്കടവും. ഇത്തരം ഒരു മനസ്സ് ഉണ്ട് എന്നല്ലാതെ വേറെയൊന്നും തന്നെ എടുത്ത് പറയാവുന്നതായി എനിക്കില്ല.
Also Read:റമദാന് 14 – സോറി... ഞാന്‍ നോമ്പുകാരനാണ്....
അബ്ദുല്ലാഹിബ്നുഅംറ്(റ)വിന് കാര്യം വ്യക്തമായി. അപ്പോള്‍ അത് തന്നെയാണ് അദ്ദേഹത്തിന് ഇത്രയും വലിയ സ്ഥാനം നേടിക്കൊടുത്തതെന്ന് സ്വയം പറഞ്ഞ് അദ്ദേഹം യാത്ര പറഞ്ഞിറങ്ങി.
പാരത്രികലോകത്തെകുറിച്ച് പരാമര്‍ശിക്കുന്നിടത്ത്, വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത് കാണാം, അന്നേദിവസം സമ്പാദ്യമോ മക്കളോ ഒന്നും തന്നെ ഉപകാരപ്പെടുകയില്ല, ഖല്‍ബുന്‍സലീമുമായി അല്ലാഹുവിനെ സമീപിച്ചവരൊഴികെ.
ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ഗുണമാണ് സലീം ആയ ഹൃദയം. അസൂയ, വിദ്വേഷം തുടങ്ങിയ മാനസികരോഗങ്ങളില്‍നിന്നെല്ലാം മുക്തമായ മനസ്സാണ് ഇത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ആരോടും പകയോ വിദ്വേഷമോ ഒന്നും ഇല്ലാത്ത, ഇതരരുടെ സന്തോഷങ്ങളില്‍ മനസ്സറിഞ്ഞ് സന്തോഷിക്കുകയും അവരുടെ പ്രയാസങ്ങളില്‍ നൊമ്പരപ്പെടുകയും ചെയ്യുന്ന നല്ല മനസ്സ് എന്നര്‍ത്ഥം.
ഇന്ന് നമുക്ക് പലപ്പോഴും നഷ്മാവുന്നതും ഈ നല്ല മനസ്സാണ്, അഥവാ ഖല്‍ബുന്‍സലീം. അതില്ലാതെ പരലോകമോക്ഷം സാധ്യമല്ല താനും. ഈ റമദാന്‍ നമ്മുടെ മനസ്സുകളെ സലീം ആക്കാന്‍ സഹായകമാവട്ടെ.
Leave A Comment