ഉയിഗൂർ പ്രശ്നം : പരിഹാരം ആഗോള മുസ്‌ലിം ഐക്യം മാത്രം

സിംജിയാംഗ് പ്രദേശത്തെ ഉയ്ഗുർ മുസ്ലിംകൾക്കെതിരെ പതിറ്റാണ്ടുകളായി ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നടത്തിവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ഇസ് ലാം വിരുദ്ധതയും മാറ്റമില്ലാതെ തുടരുകയാണ്.രണ്ട് മില്യനധികം ഉയ്ഗുർ മുസ്ലിംകളെയാണ് 'റീ- എജ്യൂകേഷൻ' കേന്ദ്രങ്ങളിൽ ചൈന പാർപ്പിച്ചിരികുന്നത്.നിർബന്ധിത മാനസിക പരിവർത്തനം, ശാരീരിക പീഢനങ്ങൾ, ലൈംഗികാക്രമണങ്ങൾ ഈ സെൻററുകളിലെ നിത്യസംഭവങ്ങളാണെന്നാണ് റിപ്പോർട്ടു ചെയ്യപെടുന്നത്.

1950 കൾക്കു ശേഷം   ചൈനീസ് സെകുലരിസവും ഹാൻ സാംസ്കാരിക മൂല്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈനയുടെ ശ്രമങ്ങളെ ഇസ് ലാമിക വിശ്വാസം, തുർക്കിക് സ്വത്വം, ഉയ്ഗുർ ഭാഷ എന്നിവ ഉപയോഗിച്ചു ഉയ്ഗുർ മുസ്ലിംകൾ ചെറുത്തു നിന്നത് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ ചൊടിപ്പിച്ചു. ഉയ്ഗുർ മുസ്ലിംകളുടെ സാംസ്‌കാരിക- രാഷ്ട്രീയ കേന്ദ്രങ്ങൾ, മസ്ജിദുകളും സൂഫീസ്ഥാപനങ്ങളും     പ്രതിരോധ കേന്ദ്രങ്ങളായി മാറി.കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ സോഷ്യലിസ്റ്റ് ആശയങ്ങൾക്കൊപ്പം  ചൈനീസ് ഭൂരിപക്ഷ മത- സാംസ്ക്കാരിക രൂപമായ ഹാൻ സംസ്ക്കാരവും ഉയ്ഗുർ പ്രദേശങ്ങളിൽ ശക്തിയുപയോഗിച്ചു നടപ്പിലാക്കാൻ മുമ്പേ തുടങ്ങിയിരുന്നു. ചൈനീസ് കമ്യൂണിസ്റ്റുകളുടെ ഇസ്ലാം - മുസ്‌ലിം ഭീതി വ്യക്തമാക്കുന്ന  രാഷ്ട്രീയനയങ്ങളാണ് ഈ തീരുമാനങ്ങളിലിലുള്ളത്.

ലോകത്തിൻ്റെ ഭാഗങ്ങളിൽ നാടുകടത്തപ്പെട്ട ഉയ്ഗുർ ആക്ടിവിസ്റ്റുകളുടെ കുടുംബങ്ങശക്കെതിരെ ക്രൂരനയങ്ങളാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇസ്ലാം ഉപേക്ഷിച്ചു നിരീശ്വരവാദം സ്വീകരിക്കാൻ നിർബന്ധം ചെലുത്തുകയാണെന്നാണ് കമ്യൂണിസ്റ്റ് ഭരണകൂടം ചെയ്യുന്നതെന്നു ഉയ്ഗുർ ആക്ടിവിസ്റ്റുകൾ പറയുന്നത്.മസ്ജിദുകൾ തകർത്തു പൊതു ശൗചാലയങ്ങൾ സ്ഥാപിക്കുന്ന വാർത്തകൾ പുറത്തു വന്നിരുന്നു.ഉയ്ഗുർ മുസ്‌ലിംകളെ മദ്യസേവക്കു നിർബന്ധിക്കുകയും അതിനെ ചെറുക്കുന്നത് തീവ്രവാദത്തിൻ്റെ അടയാളമായി ചിത്രീകരിച്ചു 'റീ- റാഡികലൈസേഷൻ' വേണ്ടി തയ്യാറാക്കിയ കാൻസൻറ്റ്റേഷൻ ക്യാമ്പുകളിൽ അടക്കപ്പെടാൻ കാരണമാകാറുണ്ട്.മത തീവ്രവാദത്തെ ചെറുക്കുക എന്ന പേരിൽ മസ്ജിദ് ഇമാമുമാരെ നൃത്ത പരിശീലനത്തിനു നിർബന്ധിക്കുന്ന വാർത്തകളും വന്നിട്ടുണ്ട്.തഫ്സീർ ജലാലൈനി ഉയ്ഗുർ ഭാഷയിലേക്കു വിവർത്തനം ചെയ്യുകയും 33 കൃതികൾ രചിക്കുകയും ചെയ്ത കിഴക്കൻ  തുർകിസ്താനിലെ പ്രമുഖ പണ്ഡിതൻ ശൈഖ് അബ്ദുൽ അഹദ് മഖ്ദൂം അഞ്ച് വർഷത്തെ ജയിൽ പീഡനത്തിനൊടുവിൽ രക്തസാക്ഷിയാവുകയും ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ല. ധാരാളം ഇസ് ലാമിക പണ്ഡിതരും പോലീസ് പീഡനത്തിന്നിരയായിട്ടുണ്ട്.

അവയവക്കച്ചവടത്തിന്നായി തടവിലാക്കപ്പെട്ട ഉയ്ഗുർ മുസ്ലിംകളുടെ വധിക്കുന്ന സംഭവങ്ങളും അധികരിക്കുന്നതായി പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ സി.ജെ വെർലിമാൻ ആരോപിച്ചത് വിവാദമായിരുന്നു.ഫുഡ്ബോൾ താരങ്ങളായ  മെസൂത് ഓസിലും അൻ്റോനി ഗ്രീസ്മാനും ഉയ്ഗുർ വിഷയത്തിൽ നടത്തിയ വിമർശനത്തിൻ്റെ പ്രതികരണത്തിൽ തന്നെ യൂറോപ്പിൻ്റെ മുസ്ലിം വിഷയങ്ങളിലുള്ള സമീപനം വ്യക്തമാണ്.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്കൻ രാഷ്ട്രങ്ങളുമായി വ്യാപാര  സംരംഭങ്ങൾക്കായുള്ള ചൈനയുടെ ബെൽറ്റ് റോഡ് ഇനിഷ്യേറ്റീവ് (BRI) പദ്ധതിയിലെ  ഗുണഭോക്താക്കൾ പ്രധാനമായും മുസ്ലിം രാഷ്ട്രങ്ങളാണ്. ഊർജ- വ്യാവസായിക മേഖലകളിൽ ബില്യനുകളുടെ കരാറുകൾ നിലനിൽക്കുന്നതിനാൽ ചൈനയുടെ ഇസ്ലാം ഭീതിയെ പ്രത്യക്ഷമായി എതിർക്കാൻ രാജ്യങ്ങൾക്കു സാധിക്കുന്നില്ല എന്നത് വാസ്തവമാണ്.2019 ൽ ചൈനീസ് അക്രമണ നടപടികളെ മാനവികതക്കു അപമാനമാണെന്നു തുർക്കി വിമർശിച്ചിരുന്നു. എല്ലാ ഉയ്ഗുർ മുസ്‌ലിംകളെയും തീവ്രവാദികളായി മുദ്രകുത്തുന്നത് ശരിയല്ല എന്നു വിദേശകാര്യ മന്ത്രി മെവ് ലൂദ് ചാവൂസോഗ് ലു വിമർശിച്ചിരുന്നു. ഉയ്ഗുർ മുസ്ലിംകൾക്കെതിരെയുള്ള ചൈനീസ് നയങ്ങളെ സൂക്ഷമമായി  വീക്ഷിക്കുന്നുണ്ടെന്നു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ നയതന്ത്ര -രാഷ്ട്രീയ നീക്കങ്ങൾ തുർക്കിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

മുസ്ലിംകൾക്കെതിരെ   കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടം നടത്തി വരുന്ന ക്രൂരതകളെ ലോകത്തിനുമുന്നിൽ പ്രകടമാക്കാൻ ഉയ്ഗുർ ലൈവ്സ് മാറ്റർ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഉയ്ഗുർ ആക്ടിവിസ്റ്റുകൾ പരിശ്രമിക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ സാമ്പത്തിക രാഷ്ട്രീയ ശക്തിയിൽ മുന്നിൽ നിൽക്കുന്ന ചൈനക്കുമേൽ ഫലപ്രദമായ സമ്മർദ്ധം ചെലുത്തുവാൻ ആർക്കും സാധിക്കുന്നില്ല എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണ്.

(മദ്രാസ് യൂണിവേഴ്സിറ്റിയില്‍  ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം അധ്യാപകനാണ് ലേഖകന്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter