ആത്മീക നിരാസത്തിനും ശാസ്ത്രമാത്രവാദത്തിനും മധ്യേയാണ് ഇസ്ലാം.
കൊറോണ വൈറസ് ഭീതിയിൽ വിവരമുള്ള മനുഷ്യസമൂഹം മുൻകരുതലുകൾ സ്വീകരിക്കുന്നത് സ്വാഭാവികമാണ്. അവിടെ മതവിശ്വാസവും അവിശ്വാസവും രണ്ടഭിപ്രായക്കാരല്ല. എവിടെയും പ്രശ്നമർമ്മമായ ദ്വന്ദം കണ്ടെത്തി മാസാന്ത വരുമാനമുറപ്പിക്കുന്ന ചില നാസ്തിക പ്രഭാഷകർ ഇവിടെയും 'തനിക്കൊണം' മണപ്പിച്ച് പകരുന്നത് വലിയ കോവിഡാവുകയാണ് .
അണുവിമുക്തമാക്കാനായ് ഹറം പള്ളിയും പരിസരവും വിജനമാക്കിയതാണ് ചിത്രം. കൊറോണക്കാലത്തും ഇത്തരം ചിത്രങ്ങൾ കാണിച്ച് ദൈവ വിശ്വാസത്തെ പഴിപറയുന്ന ചില ബ്രാൻഡഡ് നിരീശ്വരവാദികളോട് പറയാനുള്ളതിൽ ചിലത് ഇതാണ്.
ഒന്ന്:
മതവിശ്വാസമനുസരിച്ച് കോവിഡ് 19 കൊണ്ടുവന്നത് അല്ലാഹുവാണ് ,മറ്റൊരാളോ ശക്തിയോ അല്ല. കൊറോണ മറ്റൊരാൾ വ്യാപിപ്പിക്കുകയും അല്ലാഹു നിസ്സഹയനായി സ്വന്തം ഭവനത്തിനകത്ത് ആതിഥ്യം പാലിക്കാനാവാതെ വാതിലടച്ചു കളഞ്ഞു എന്നും കരുതുന്നവർക്ക് എന്താണ് ദൈവ വിശ്വാസം എന്നറിയില്ല. ഇനി , " ശാസ്ത്രം കൊറോണ കൊണ്ട് വന്ന് ദൈവത്തെ കൊന്നു " എന്ന് പണ്ട് നീഷെ പറഞ്ഞതിന്റെ വകഭേദം പറയലാണ് ഉദ്ധേശ്യമെങ്കിൽ " ആ ശാസ്ത്രത്തിന്റെ പേരാണ് ദൈവം , ദൈവത്തിന്റെ പേരാണ് ശാസ്ത്രം " എന്ന് തിരിച്ച് പറയാനാണ് ഉദ്ദേശിക്കുന്നത് .
ഭൂമിയിൽ സുഖവും സമാധാനവും ഉണ്ടാക്കുന്ന പണിക്കാരനോ പണക്കാരനോ അല്ല ദൈവം. ഈ തെറ്റുധാരണ രവിചന്ദ്രന് മാത്രമല്ല ,സാക്ഷാൽ ഇവി പെരിയോർക്ക് വരെ ഉണ്ടായിരുന്നു. താൻ ഇഛിച്ചത് നടപ്പിൽ വരുത്തുന്ന സമ്പൂർണ്ണ സ്വാശ്രയാസ്തിത്വമാണ് ദൈവം . ദൈവം തന്നെ ഇല്ലെന്ന് പറയുന്നവർ ദൈവത്തിന്റെ ന്യൂനത പറയേണ്ടതില്ല. മതവിശ്വാസികൾക്ക് അവർ വിശ്വസിക്കുന്ന തത്വസംഹിതയുടെ സമ്പൂർണ്ണത തെളിയിക്കേണ്ട കടമ ഉള്ളത് പോലെ നിരീശ്വരത്വത്തിന്റെ സമ്പൂർണ്ണത തെളിയിക്കാനുള്ള ബാധ്യത അവർക്കുമുണ്ട് . മനുഷ്യർ നേരിടുന്ന വെല്ലുവിളികൾക്ക് മുമ്പിൽ മതരഹിതമായ പരിഹാരം എന്തുണ്ട് എന്ന ചോദ്യത്തിന് ശാസ്ത്രം എന്ന് പറഞ്ഞ് ഒഴിവാക്കുന്നത് നാണക്കേടാണ് , ആ ശാസ്ത്രത്തെയും കൂടി വ്യവഹരിക്കുന്ന ഫിലോസഫിയാണ് മതം എന്നിരിക്കെ .
ദൈവത്തെ വിശ്വസിച്ച് പ്രാർത്ഥിച്ചാൽ പിന്നെ ഭൗതിക ലോകത്ത് മനുഷ്യൻ കരുതിയത് പോലെ എല്ലാം സംഭവിക്കും / കരുതിയേ സംഭവിക്കുകയുള്ളൂ എന്നാണെങ്കിൽ ഹൈന്ദവ മിത്തുകളിൽ കാണുന്നത് പോലെ, ദൈവത്തെക്കാൾ കഴിവുള്ളവനാക്കണമെന്നും മനുഷ്യന് പ്രാർത്ഥിച്ച് പ്രാപ്തനാവാമല്ലോ , ദൈവങ്ങളുടെ സംഘട്ടനം എന്ന അയുക്തികതയാവും ഫലം. അപ്പോൾ അങ്ങനെയല്ല , സർവ്വപ്രാപ്തനായ ഏക ദൈവതമാണ് യുക്തം . ആ ദൈവം കർമ്മസ്വതന്ത്രനാവണം .
കാലവും സ്ഥലവും പ്രദാനിക്കുന്ന അനുഭവം ,സൗകര്യം ,സാധ്യത എന്നിവയുടെ പരിമിതിയാണ് ദൈവിക വ്യവസ്ഥയിൽ നിന്നും മാനുഷിക വ്യവസ്ഥകൾ എന്ന ധാരണകളെ വേർതിരിക്കുന്നത്. അപ്പോൾ കോവിഡ് 19 ഒരു സമാപനചടങ്ങല്ല .
അത് കഴിഞ്ഞാലും കഴിയാത്തവ പലതുമുണ്ടാവും , അപ്പോഴും മനുഷ്യനെ മുന്നോട്ട് നയിക്കേണ്ട മൂല്യപ്രകാശനമാണ് മതം. പദാർത്ഥ ബന്ധിതമായ സംഭവങ്ങൾ സ്ഥല കാലാധീനമായ ഹൃസ്വങ്ങളാണ് , അതിജയനത്തിന്റെ ആധാരങ്ങൾ സ്ഥായിയാവണം. ശാസ്തത്തെ ഫിലോസഫി തന്റെ ഒരു ശാഖമാത്രമാക്കി വിപുലമാവുന്നത് അവിടെയാണ്.
രണ്ട്:
പ്രാർത്ഥനയുടെ അന്ത:സാരം പരിഹാസകർ പറയുന്നത് പോലെ മനുഷ്യന്റെ ആഗ്രഹ സാക്ഷാൽക്കാരത്തിനുള്ള ഷോർട്ട്കട്ട് മാർഗമല്ല. ഗവൺമെന്റ് ഓഫീസറുടെ മേശപ്പുറത്ത് കുറെ ആവശ്യങ്ങൾ ഫയലാക്കി സമർപ്പിക്കുന്നത് പോലെയുള്ള ഏർപ്പാടല്ല പ്രാർത്ഥന. പ്രാർത്ഥിച്ചിട്ടില്ലെങ്കിലും - നിവേദനം നൽകിയിട്ടില്ലെങ്കിലും മനുഷ്യന്റെ ആവശ്യം അറിയുന്നവനാണ് അല്ലാഹു. മനുഷ്യനെ മാത്രമല്ല അവന്റെ ആവശ്യങ്ങളെയും അവൻ തന്നെയാണ് സൃഷ്ടിച്ചത്. മനുഷ്യന്റെ പ്രാർത്ഥനയെപ്പോലും സൃഷ്ടിച്ചത് മറ്റൊരാളല്ല .അപ്പോൾപ്പിന്നെ മനുഷ്യന്റെ ആപ്ലിക്കേഷനല്ല സ്രഷ്ടാവിന്റെ അജണ്ടകൾ .
ചിലപ്പോൾ പ്രാർത്ഥിച്ചവന് താൽക്കാലികമായി കൂടുതൽ വിഷമങ്ങളും പ്രാർത്ഥിക്കാത്തവന് താൽക്കാലിക സൗഖ്യവും ലഭിച്ചേക്കാം. പരലോകമെന്ന പിൽക്കാലം മറിച്ചാവും. പരലോക ബന്ധിതമായ വിശ്വാസത്തെ വായിക്കുമ്പോൾ ഗവൺമെന്റ് സംവിധാനത്തെയല്ല താരതമ്യമൂലമാക്കേണ്ടത്.
പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും അവൻ കരുതിയത് കരുതിയേടത്ത് നൽകും എന്നതാണ് ഇസ്ലാം വിശ്വസിക്കുന്ന അല്ലാഹുവിന്റെ രീതി . മറ്റേതെങ്കിലും ദൈവസങ്കൽപ്പത്തിന്റെ അപൂർണ്ണതക്ക് മുസ്ലിംകൾ മറുപടി പറയേണ്ടതില്ല.
അപ്പോൾപ്പിന്നെ എന്തിനാണ് പ്രാർത്ഥന ?
പ്രാർത്ഥന ഉത്തരം കിട്ടാനുള്ള ആവശ്യം എന്നതിനേക്കാൾ നിരുപാധികമായ ഒരാധനയാണ് ,ഉപാസന . പ്രത്യക്ഷത്തിൽ അനുഗ്രഹങ്ങൾ വരുമ്പോഴും നിഗ്രഹങ്ങൾ ബാധിക്കുമ്പോഴും ആത്യന്തികമായ മാനസികസമർപ്പണം അല്ലാഹുവിനാണ് എന്ന മനുഷ്യന്റെ ആത്മസമ്മതമാണ് പ്രാർത്ഥന. ഏറ്റവും ഉചിതമായത് തനിക്ക് അല്ലാഹു തരും എന്നാണ് വിശ്വാസിയുടെ കരുതൽ . മനുഷ്യബുദ്ധി അനുഭവങ്ങളെ അടിസ്ഥാനമാക്കുന്നതായതിനാൽ പ്രത്യക്ഷത്തിൽ നിഗ്രഹമായത് നീക്കം ചെയ്യുക എന്നതാവും ആവശ്യം .അപ്പോൾ പ്രാർത്ഥനാ വാചകങ്ങൾ അതിനനുസരിച്ചാവും .പക്ഷെ അവൻ കാണുന്നതിനേക്കാൾ അപ്പുറത്തുള്ള വരുംകാലം തയ്യാറാക്കുന്ന അല്ലാഹുവിന്റെ പക്കൽ ഉചിതം മറ്റൊന്നാവും. വിശ്വാസി തന്റെ ജ്ഞാനപരിമിതി ഉൾക്കൊള്ളുകയും അല്ലാഹു നൽകുന്നതത്രയും തനിക്ക് ഉത്തമമായതാണ് എന്ന് കരുതുകയും ചെയ്യുന്നു. അവൻ ക്ഷാമത്തിലും ക്ഷേമത്തിലും സംതൃപ്തനാണ്. സുഖത്തിലും അസുഖത്തിലും ദൈവിക സ്മരണയിലാണ്.
ഇസ്ലാമിക വിശ്വാസം യുക്തിവാദികൾ മനസിലാക്കിയതിന് നേർ വിപരീതമാണ്. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവനെ ഒരുപക്ഷേ ഏറ്റവും സഹന സാഹസങ്ങൾക്ക് വിധേയമാക്കും. അവന്റെ പ്രവാചകന്മാരാണ് പ്രത്യക്ഷത്തിൽ ഏറ്റവും കഷ്ടപ്പെട്ട മനുഷ്യർ .ചില ഉത്തമമനുഷ്യർ പ്രത്യക്ഷത്തിൽ സങ്കടപ്പാടുകളൊന്നും ഇല്ലാത്തവരാവാമെങ്കിലും അകമേ നൊമ്പരത്തീ പേറുന്നവരാവാം. ഇത് മറിച്ചും വായിക്കാം , സഹിക്കുന്ന ത്യാഗങ്ങളെ ദൈവികമാർഗത്തിൽ കരുതൽ വെക്കുന്നവർ മതപരമായി മഹാന്മാരാവുന്നു എന്നതാണത്. അല്ലാതെ , വിശ്വസിച്ചാൽ പ്രശ്ന പരിഹാരങ്ങളും സ്വപ്ന സാക്ഷാൽക്കാരങ്ങളും ഓഫർ ചെയ്യുന്ന ബ്ലാക്ക് മാജിക്കല്ല മതം .എന്നാൽ , വിശ്വസിച്ചാൽ ഏത് പ്രതിസന്ധികളും മറികടക്കാനുള്ള മനോബലവും മാനസികസ്വർഗാവസ്ഥയും മതം പ്രദാനിക്കും.
പ്രശ്ന നിമിത്തങ്ങളെ കേവലം പദാർത്ഥ ബന്ധിതമായി കാണാതെ അലൗകിക പ്രതീക്ഷകൾ വെച്ച് പുലർത്തുന്നവരിൽ ജനിക്കുന്ന ആത്മവിശ്വാസവും സഹനബലവും ലോകം അംഗീകരിച്ചതാണ്.
മൂന്ന് :
കൊറോണ വന്നപ്പോൾ കഅബയും സംസവുമൊക്കെ ഉപേക്ഷിച്ച് അവർ ശാസ്ത്രത്തിലഭയം തേടി എന്ന് ഇന്നലെ സി രവിചന്ദ്രൻ തന്നെ എഴുതിക്കണ്ടു. പ്രപഞ്ചത്തെ സംബന്ധിച്ച് മനസിലാക്കാൻ മനുഷ്യൻ വികസിപ്പിച്ച ജ്ഞാന മാധ്യമമായ ദൗതിക ശാസ്ത്രത്തെ എത് അർഹതയനുസരിച്ചാണ് നിരീശ്വരർ അവരുടെ മൂലധനമാക്കുന്നത്. ?
അത് മാത്രമല്ല ,പറയുന്നത് കേട്ടാൽ തോന്നുക - കൊറോണയെ പ്രതിരോധിക്കുന്ന രീതിമാത്രമാണ് ശാസ്ത്രീയം / ശാസ്ത്രം എന്നാണ്. കോവിസ് 19 രൂപപ്പെട്ട വഴിയും ശാസ്ത്രീയമാണ് / ശാസ്ത്രമാണ്. Any occuring of this cosmos has its own scientific naration .
കഅബാലയത്തെ ഒരാളും ഒരളവിലും കൈവെടിഞ്ഞിട്ടില്ല എന്ന് പറയുന്നത് തന്നെ അനൗചിത്യമാണ്. നമസ്ക്കാരങ്ങളുടെ ഉന്നമായ വിശുദ്ധമന്ദിരം ദൈവിക ഭക്തിയുടെ പ്രതീകമാണ്. കഅബാലയം തകർന്നാലും കഅബാലയത്തിന്റെ നാഥനെ വിശ്വസിക്കുന്നവർക്ക് അത് എങ്ങനെ മനസ്സിലാക്കണമെന്ന ധാരണയുണ്ട്. ഭാവിയിൽ ആ മന്ദിരം തകർക്കപ്പെടുമെന്നും വിജന പ്രദേശമായി മാറി മൃഗങ്ങൾ വിഹരിക്കുമെന്നും വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ .കൊറോണ അതിലേക്കുള്ള വഴി ആവുമോ എന്ന ചർച്ച അറബ് മാധ്യമങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. അതായത്, രവിചന്ദ്രൻ ആക്ഷേപിക്കുന്നത് പോലെ ഹറം വിജനമാവുക എന്നത് ഇസ്ലാം ക്ഷീണിക്കുന്നു എന്നതിന്റെ സൂചനയല്ല. ഇസ്ലാം വിശ്വാസപരമായി ശരിയാണ് എന്നതിന്റെ തെളിവാണ്.
നാല് :
അണുവിമുക്തമാക്കാൻ വേണ്ടി പ്രദിക്ഷണപഥം ആളൊഴിപ്പിച്ച സൗദി ഭരണകൂടം നിരീശ്വരവാദികളുടെ ജേർണൽ വായിച്ച് ശാസ്ത്രബോധം ഉണ്ടായവരല്ല . പ്രവാചക തിരുമേനി സ്വയുടെ ധാരാളം വചനങ്ങളടെ അന്ത:സത്ത മനസ്സിലാക്കി ചെയ്തതാണത്. ഇസ്ലാമിക വിശ്വസമനുസരിച്ച് രോഗം / സാംക്രമികാണുക്കൾ സ്വയം പകരുകയോ പകരാതിരിക്കുകയോ ചെയ്യില്ല. Note it , പകരാതിരിക്കുകയോ ചെയ്യില്ല. അല്ലാഹുവിന്റെ ഉദ്ദേശ്യമാണ് ആധാരം . സ്വയം പകരില്ല എന്നല്ല ഉണ്ടാവില്ല എന്നതാണ് കൂടുതൽ ശരി. ഒന്നാമത്തെ മനുഷ്യന് ,ജീവിക്ക് ആ രോഗം എങ്ങനെ കിട്ടി എന്ന ആലോചനയാണ് ഈ വിഷയത്തിലെ അടിസ്ഥാന ചിന്ത.
നിരുപാധികം രോഗം പകരും എന്ന ധാരണക്കാരോട് രോഗം പകരില്ല എന്നും മഹാമാരിക്ക് മുമ്പിൽ കാര്യ ഗൗരവം കാണിക്കാതിരുന്നവരോട് രോഗം പകരും എന്നും പറഞ്ഞ പ്രവാചകനാണ് കൃത്യം .
ഒട്ടകത്തെ ആദ്യം മുറുക്കുറപ്പോടെ കെട്ടിയിടൂ ,എന്നിട്ട് പ്രാർത്ഥിക്കൂ എന്ന നിലപാടായിരുന്നു നബി സ്വയുടേത്. പ്രതിരോധ കുത്തിവെപ്പില്ലാതെ പ്രാർത്ഥിച്ച് 9000 പേരെ എളുപ്പത്തിൽ മരിക്കാൻ വിട്ട പാസ്റ്ററോടും ചുറ്റുപാട് തിരിച്ചറിയാതെ ആറ്റുകാലിൽ പൊങ്കാലയിടുന്ന ഭക്തരോടും ഇസ്ലാം വിയോജിക്കുന്ന പ്രതലം അതാണ്.
ജീവിതത്തിൽ മുഴുവൻ ഹൈജനിക്കായ വൃത്തിവൃത്തന്മാരാവാനുള്ള പ്രവാചകനിഷ്ഠയുടെ പേരല്ലേ ഈ ശാസ്ത്രബോധം .ശാസ്ത്രമാത്രബോധം ഇത്തരം ദുരന്ത മുഖങ്ങളിൽ ബിഗ്സീറോ ആണ്. ഭൂമികുലുക്കമായാലും പ്രളയമായാലും കൊറോണ ആയാലും മറുപടി പറയേണ്ടത് മതവിശ്വാസികളാണ് എന്ന ആ ധാരണ വലിയ തമാശയാണ്. " എന്നാപ്പിന്നെ ഈ പറഞ്ഞതൊക്കെ നിങ്ങടെ ശാസ്ത്രം കൊണ്ടങ്ങ് തടുക്ക് " എന്ന് മതവിശ്വാസികൾ നാസ്തികരോട് പറയാത്തത് യുക്തിവാദികൾക്കില്ലാത്ത യുക്തി മതവിശ്വാസികൾക്കുള്ളത് കൊണ്ടാണ് .
Leave A Comment