ഉദ്ദേശ്യ സഫലീകരണത്തിനുവേണ്ടി പലരും ജ്യോത്സ്യനെ സമീപിക്കുകയും നിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്യുന്നത് ഇന്നു വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജ്യോത്സ്യനെ സമീപിക്കുന്നതിന്റെയും ജ്യോതിശാസ്ത്രം, ജ്യോതിഷം എന്നിവ പഠിക്കുന്നതിന്റെയും പഠിപ്പിക്കുന്നതിന്റെയും പ്രയോഗവല്‍കരിക്കുന്നതിന്റെയും ഇസ്‌ലാമിക വശം അറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്.
ഗോളങ്ങളുടെ ദിശയും സ്ഥാനവും ചലന വേഗതയും ഉല്‍ഭവവും ഘടനയും സംബന്ധിച്ചു പഠിക്കുന്ന വിജ്ഞാന ശാഖയാണ് ജ്യോതിശാസ്ത്രം. ഇത് പഠിക്കല്‍ അനുവദനീയമായ ഒരു ശാസ്ത്ര ശാഖയില്‍ പെട്ടതാണ്. ഇമാം ഇബ്‌നു ഹജര്‍ ഹൈത്തമി (റ) പറയുന്നു: ഖിബ്‌ലയുടെ ദിശ, നോമ്പ്, നിസ്‌കാരം, ഹജ്ജ് തുടങ്ങിയവയുടെ സമയം, ഉദയാസ്തമയത്തിലെ വ്യത്യാസവും ഏകീകരണവും എന്നിവക്കുവേണ്ടിയുള്ള അറിവു നേടല്‍ ജ്യോതിശാസ്ത്രത്തില്‍നിന്നു അനിവാര്യമായ ഒന്നാണ്. ഒരു സാമൂഹ്യ ബധ്യതയുമാണ്. ചന്ദ്രന്റെ രാശികളും സഞ്ചാരപഥങ്ങളും മനസ്സിലാക്കുക, നാടിന്റെ ദിക്കുകള്‍ തമ്മിലുള്ള അടുപ്പവും അകലവും മനസ്സിലാക്കുക തുടങ്ങിയവ ജ്യോതിശാസത്രത്തില്‍ അനുവദനീയമാണ് (ഫതാവല്‍ ഹദീസിയ്യ: 40, സവാജിര്‍: 2/91).
എന്നാല്‍, ജ്യോതിഷത്തിന്റെ കഥ ഇതല്ല. അതൊരു അന്ധവിശ്വാസമാണ്. ഇന്ന നക്ഷത്രത്തിന്റെ ഫലമായി ഇന്നതെല്ലാം സംഭവിക്കുന്നു, നക്ഷത്രങ്ങള്‍ക്കു ജീവിതത്തിലെ വിജയ പരാജയങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്താന്‍ കഴിയും തുടങ്ങിയ വിശ്വാസങ്ങളും അനുമാനങ്ങളുമാണ് ജ്യോതിഷം. ഇതു കടുത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ടതു പഠിക്കല്‍ നിഷിദ്ധമാണ്. ഇന്ന ദിവസം ഇന്ന സമയത്ത് ജനിച്ചാല്‍ ഇന്നതെല്ലാം ഉണ്ടുകുമെന്നു ജ്യോതിഷത്തില്‍ വിധി കല്‍പിക്കുന്നുണ്ട്. ഇതെല്ലാം അടിസ്ഥാന രഹിതമാണ്.
ജ്യോതിഷ പഠനത്തിനെതരെത്തന്നെ ഹദീസില്‍ പ്രത്യേക താക്കീത് വന്നിട്ടുണ്ട്. പ്രവാചകന്‍ പറഞ്ഞു: വല്ലവനും ജ്യോതിഷത്തില്‍നിന്നൊരു വിദ്യ പഠിച്ചെടുത്താല്‍ അവന്‍ സിഹ്‌റിന്റെ ഒരു ശാഖ പഠിച്ചെടുത്തവനായി. വര്‍ദ്ധിപ്പിക്കുന്നിടത്തോളം അവന്‍ കൂടുതല്‍ സിഹ്‌റ് പഠിക്കുന്നവനായി (അബൂ ദാവൂദ്, ഇബ്‌നു മാജ). ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം: സൈദ് ബിന്‍ ഖാലിദ് (റ) വില്‍നിന്നും നിവേദനം: രാത്രി മഴ പെയ്ത ഒരു ദിവസം പ്രവാചകന്‍ ഞങ്ങളുമായി സുബഹി നമസ്‌കരിച്ചു. നിസ്‌കാരാനന്തരം പ്രവാചകന്‍ ഞങ്ങള്‍ക്കുനേരെ തിരിഞ്ഞിരുന്നു ചോദിച്ചു: നിങ്ങളുടെ രക്ഷിതാവ് എന്താണ് പറയുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? 'ഇല്ല' അവര്‍ കൂട്ടമായി പ്രതികരിച്ചു. പ്രവാചകന്‍ പറഞ്ഞു: അല്ലാഹു പറയുന്നു; എന്റെ അടിമകള്‍ വിശ്വാസികളായും അവിശ്വാസികളായും ഈ പ്രഭാതത്തെ വരവേറ്റിരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നിമിത്തം ഞങ്ങള്‍ക്കു മഴ കിട്ടിയെന്നു പറയുന്നവര്‍ അല്ലാഹുവില്‍ വിശ്വസിച്ചു. നക്ഷത്രത്തില്‍ അവിശ്വസിച്ചു. നേരെമറിച്ച്, ഇന്നാലിന്ന നക്ഷത്രംകൊണ്ടാണ് ഞങ്ങള്‍ക്കു മഴ കിട്ടിയതെന്നു പറഞ്ഞവര്‍ എന്നെ അവിശ്വസിക്കുകയും നക്ഷത്രംകൊണ്ട് വിശ്വസിക്കുകയും ചെയ്തവരാണ് (സവാജിര്‍: 2/91).
ഭാവിയില്‍ വരാനുള്ള കാറ്റ്, മഴ എന്നിവയെക്കുറിച്ചുള്ള അറിവ് ജ്യോതിഷംമൂലം ലഭിച്ചുവെന്നു വാദിക്കുന്നവര്‍ ഫാസിഖാണ്. ഈ അറിവ് ജ്യോതിഷമാണ്. അത് പഠിക്കലും പഠിപ്പിക്കലും പ്രയോഗിക്കലും നിഷിദ്ധമാണ് (ശര്‍വാനി: 9/62, ഫതാവല്‍ ഹദീസിയ്യ: 40, സവാജിര്‍: 2/91). ഇന്നാലിന്ന നക്ഷത്രത്തിന്റെ ചലന ഫലമായാണ് മഴയുണ്ടാകുന്നതെന്നും ആ നക്ഷത്രത്തിന്റെ സൃഷ്ടിയാണ് മഴയെന്നും വിശ്വസിച്ചു പറഞ്ഞയാള്‍ കാഫിറാണെന്നതില്‍ തര്‍ക്കമില്ല. മഴ വര്‍ഷിപ്പിക്കുന്നതും മഴയുടെ സ്രഷ്ടാവും അല്ലാഹുവാണെന്നു വിശ്വസിക്കുന്നയാള്‍ ഇന്ന നക്ഷത്രംകൊണ്ടാണ് മഴ കിട്ടിയത് എന്നു പറഞ്ഞാലും ആ പദപ്രയോഗം തെറ്റാണ്. കാരണം അത് അവിശ്വാസികളുടെ പദപ്രയോഗമാണെന്നു പണ്ഡിതര്‍ പ്രസ്താവിച്ചിട്ടുണ്ട് (സവാജിര്‍: 2/91).
ജ്യോതിഷം അറിയുന്നവനാണ് ജ്യോത്സ്യന്‍. ജ്യോതിഷി, ജ്യോതിഷ പണ്ഡിതന്‍ എന്നിങ്ങനെയും പറയാറുണ്ട്. ഇതിന്റെ അറബി പദം മുനജ്ജിം എന്നാണ്. ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന സമയത്ത് മഴ പെയ്യും, കാറ്റടിക്കും എന്നിങ്ങനെയുള്ള പ്രവചനം ചില സമയങ്ങളെ കുറിച്ച് അത് ശുഭകരമാണ്, അല്ലെങ്കില്‍ ശുഭകരമല്ല എന്നിത്യാദി നിര്‍ണയം നടത്തുന്നവന്‍ മുനജ്ജിം എന്ന പേരില്‍ അറിയപ്പെടുന്നു (സവാജിര്‍: 2/91).
വരാനിരിക്കുന്ന കാര്യങ്ങളെ നക്ഷത്ര രാശി പ്രകാരം അദൃശ്യ രീതിയില്‍ പ്രവചിക്കുന്നവനെ കാഹിന്‍ എന്നും മോഷണം പോയ വസ്തുവിന്റെ സ്ഥല നിര്‍ണയം നക്ഷത്ര രാശിപ്രകാരം നടത്തുന്നവനെ അര്‍റാഫ് എന്നും അറബി ഭാഷയില്‍ പേര്‍ വിളിക്കുന്നു (ശര്‍വാനി: 9/62).
ഈ മൂന്നു അറബി ശബ്ദങ്ങള്‍ക്കും ജ്യോത്സ്യന്‍ എന്നു സാമാന്യമായി പരിഭാഷ പറയാം. ഇന്ന് കണിയന്മാര്‍, മഷിനോട്ടക്കാര്‍ തുടങ്ങി പല പേരുകളിലും ജ്യോത്സ്യന്മാര്‍ വിലസുന്നുണ്ട്. നബിയുടെ ആഗമനകാലത്തും അതിനു മുമ്പും ശേഷവും അറബി സമൂഹത്തില്‍ ഇവരുണ്ടായിരുന്നു. അനുമാനങ്ങളും മതിപ്പും വെച്ചു അദൃശ്യങ്ങള്‍ ഇവര്‍ പറഞ്ഞെന്നു വരും. ചിലയാളുകള്‍ക്കു വരാന്‍ പോകുന്ന കാര്യങ്ങള്‍ അനുമാനിച്ചു പറയാന്‍ അല്ലാഹു ശേഷി നല്‍കും (ഫതഹുല്‍ ബാരി: 10/177).
അനുമാനങ്ങളും കളവുകളും പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയും തട്ടിപ്പുകളും വെട്ടിപ്പുകളുമായി പാമരന്മാരെ ചൂഷണം ചെയ്യുകയുമാണ് ജ്യോത്സ്യന്‍ ചെയ്യുന്നത്. പ്രശ്‌ന പരിഹാരം തേടി ജ്യോത്സ്യന്‍മാരെ സമീപിക്കുന്നതും അവര്‍ക്കു കാശ് കൊടുക്കുന്നതും അവരത് സ്വീകരിക്കുന്നതും കടുത്ത തെറ്റാണ് (ശര്‍വാനി: 9/62). പ്രതിസന്ധി ഘട്ടത്തിലും ജ്യോത്സ്യന്മാരെ സമീപിച്ചുകൂടാ. ഇസ്‌ലാം അതിനെ കര്‍ശനമായി വിലക്കിയിട്ടുണ്ട്.
സിദ്ധീഖ് (റ) വിന്റെ അടിമ ഒരിക്കല്‍ അല്‍പം ഭക്ഷണം കൊണ്ടുവന്നു അദ്ദേഹത്തിനു നല്‍കി. പുറത്തുപോയി അദ്ധ്വാനിച്ച് വരുമാനം കൊണ്ടുവരുന്ന അടിമയായിരുന്നു അത്. സിദ്ധീഖ് (റ) ഭക്ഷണം കഴിച്ചു. ശേഷമാണ് അടിമ അത് എവിടെനിന്നാണ് ലഭിച്ചതെന്ന് തുറന്നു പറഞ്ഞത്. താന്‍ അമുസ്‌ലിമായിരുന്ന കാലത്ത് ജ്യോത്സ്യപ്പണി എടുത്തുകൊടുത്തതിനു പ്രതിഫലമായി ഇപ്പോള്‍ ഒരാള്‍ നല്‍കിയതാണെന്നായിരുന്നു പ്രതികരണം. ഇതുകേട്ട സിദ്ധീഖ് (റ) തൊണ്ടയില്‍ കൈയിട്ടു തിന്നതെല്ലാം ഛര്‍ദ്ദിച്ചു കളഞ്ഞു (ബുഖാരി).
നിഷിദ്ധമായ രീതിയിലൂടെ ലഭിച്ച ഭക്ഷണം അറിയാതെ കഴിച്ചതാണെങ്കിലും സിദ്ധീഖ് (റ) ഛര്‍ദ്ദിച്ചു കളഞ്ഞു. ജ്യോത്സ്യന്മാര്‍ പറയുന്നതില്‍ ചിലപ്പോള്‍ സത്യത്തിന്റെ അംശങ്ങളും ഉണ്ടായെന്നുവരാം. അതിനു കാരണം പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആഇശ (റ) യില്‍നിന്നും നിവേദനം: ഒരു സംഘം ആളുകള്‍ ഒരിക്കല്‍ പ്രവാചകനോട് ജ്യോത്സ്യന്മാരെക്കുറിച്ചു ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: അവര്‍ തരിമ്പും പരിഗണന അര്‍ഹിക്കാത്തവരാണ്. അപ്പോള്‍ അവര്‍ പറഞ്ഞു: അവര്‍ പ്രവചിക്കുന്ന ചില കാര്യങ്ങള്‍ സത്യമായി പുലരാറുണ്ടെല്ലോ. പ്രവാചകന്‍ പറഞ്ഞു: അത്തരം സത്യകാര്യങ്ങള്‍ പിശാച് മലക്കുകളില്‍നിന്നും റാഞ്ചിയെടുക്കുന്നവയാണ്. പ്രസ്തുത പിശാച് ആ വാക്യം തന്റെ ഉറ്റ ചങ്ങാതിയായ ജ്യോത്സ്യന് പറഞ്ഞുകൊടുക്കും. പിന്നീട്, ജ്യോത്സ്യന്‍ ഈ സത്യവാചകത്തോടൊപ്പം നൂറു കള്ളങ്ങള്‍ കൂട്ടിച്ചേര്‍ത്തു ജനങ്ങള്‍ക്കു പറഞ്ഞുകൊടുക്കും (ബുഖാരി).
ചുരുക്കത്തില്‍, പിശാചിനു വേണ്ടി കര്‍മങ്ങളും വഴിപാടുകളും നടത്തി, അതിനെ തൃപ്തിപ്പെടുത്തുന്നതിലൂടെ പിശാച് നല്‍കുന്ന അദൃശ്യ വിവരങ്ങളാണ് ജ്യോത്സ്യന് കൈവരുന്നത്. അതുകൊണ്ടുതന്നെ, അവരെ സമീപിക്കുന്നത് ഒരിക്കലും ശരിയല്ല. പ്രവാചകന്‍ പറയുന്നു: വല്ലവനും ജ്യോത്സ്യനെ സമീപിച്ച് അവന്റെ വാക്കുകള്‍ വാസ്തവമാക്കിയാല്‍ അവന്‍ മുഹമ്മദിന്റെ മേല്‍ ഇറക്കപ്പെട്ടതില്‍നിന്നും ഒഴിവായി. ഇനി വാസ്തവമാക്കാതെ സമീപിച്ചാലും നാല്‍പതു ദിവസത്തെ അവന്റെ നിസ്‌കാരം സ്വീകരിക്കപ്പെടുകയില്ല (ത്വബ്‌റാനി).
വല്ലവനും ജ്യോത്സ്യനെ സമീപിക്കുകയും അയാള്‍ പറയുന്നത് വാസ്തവമായി അംഗീകരിക്കുകയും ചെയ്താല്‍ മുഹമ്മദിന്റെ മേല്‍ ഇറക്കപ്പെട്ട ദീന്‍ കൊണ്ടു അവന്‍ കാഫിറായി (ത്വബ്‌റാനി). ഇങ്ങനെ നിരവധി ഹദീസുകള്‍ ജ്യോത്സ്യനെ സമീപിക്കുന്നതിനെതിരെ വന്നിട്ടുണ്ട്. ഇമാം ഇബ്‌നു ഹജര്‍ ഹൈതമി (റ) തന്റെ സവാജിറില്‍ (2/91) ഇവ്വിഷയകമായി കൂടുതല്‍ ഹദീസുകളും വിശദീകരണങ്ങളും ചേര്‍ത്തിട്ടുണ്ട്.
ടെന്‍ഷനകറ്റാനും രോഗം മാറാനും വിവാഹം ശരിയാവാനുമെല്ലാമായി ജ്യോത്സ്യന്‍മാരെ സമീപിക്കുന്നവര്‍ ഇത്തരം ഹദീസുകളില്‍നിന്നും പാഠമുള്‍കൊള്ളേണ്ടതുണ്ട്. ദൈവികവും അനുവദനീയവുമായ മാര്‍ഗങ്ങളേ ഇതില്‍ മുസ്‌ലിംകള്‍ അവലംബിക്കാവൂ.
Leave A Comment