റഷ്യയില്‍ വീണ്ടും ശീതയുദ്ധത്തിന്റെ ഉഷ്ണക്കാറ്റ് വീശുന്നു
മാര്‍ച്ച് 18 ചൊവ്വാഴ്ച പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍ റഷ്യന്‍ പാര്‍ലമെന്റായ ഡ്യൂമയിലെ പ്രതിനിധികളും ഫെഡറേഷന്‍ കൗണ്‍സില്‍ അംഗങ്ങളും പ്രാദേശിക ഗവര്‍ണര്‍മാരും പൊതു ജന പ്രതിനിധികളുമടങ്ങുന്ന ഫെഡറല്‍ അസംബ്ലിയെ ക്രെംലിന്‍ കൊട്ടാരത്തില്‍ അഭിമുഖീകരിച്ചു കൊണ്ട് ക്രീമിയ റഷ്യയുടെ ഭാഗമായെന്ന് പ്രഖ്യാപിക്കുമ്പോള്‍ യൂറോപ്പിന്റെ ആകാശത്ത് പുതിയൊരു ശീതയുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുകയായിരുന്നു- പാലായനത്തിന്റെയും പീഢനപര്‍വ്വങ്ങളുടെയും പതിറ്റാണ്ടുകള്‍ക്കു ശേഷം സ്വാസ്ഥ്യവും സമാധാനവും രുചിച്ച് തുടങ്ങിയ ക്രീമിയന്‍ ജനതയുടെ മനസ്സില്‍ ഉരുണ്ടു കൂടിയ ആശങ്കയുടെയും ഭയപ്പാടിന്റെയും മേഘപങ്ക്തികള്‍ പോലും മറയ്ക്കാന്‍ മാത്രം തിങ്ങിപ്പരന്നവ.
സ്റ്റാലിന്‍ കൂടം തുറന്നു വിട്ട വംശീയ വേട്ടയുടെ കരിംഭൂതം കുപ്പിയില്‍ കയറാതെ ഓര്‍മ്മയില്‍ കറങ്ങി നടക്കുന്നവര്‍ ക്രീമിയയിലെ താത്താരി മുസ്ലിംകള്‍ക്കിടയില്‍. ഇപ്പോഴുമുണ്ട്. സൈബീരിയയിലും ഉസ്‌ബെക്കിസ്ഥാനിലും കഴിച്ചു കൂട്ടിയ പാലായനത്തിന്റെ നോവു കിനിയുന്ന അനുഭവങ്ങളെ കാലം പണയത്തിനു പോലും സ്വീകരിക്കാന്‍ കൂട്ടാക്കാത്ത ഹതഭാഗ്യവാന്മാരുടെ സംഘം. പതുക്കെയാണെങ്കിലും ഉക്രൈനിയന്‍ ജനതയുടെ മുഖ്യധാരയിലേക്ക് കടന്നുവന്ന് കൊണ്ടിരിക്കുന്ന അവരെ സംബന്ധിച്ചിടത്തോളം ഈ വിഭജനം കടുത്ത ആശങ്കയും സാധാരണ ജീവിതത്തിലേക്കു കടന്നു വരാന്‍ രണ്ടര പതിറ്റാണ്ടോളമായി തങ്ങള്‍ പാടുപെട്ട് നടത്തുന്ന ശ്രമങ്ങള്‍ രാത്രിക്കു രാത്രി നിശ്ഫലമായി കലാശിച്ചു പോയതിന്റെ നിരാശയും മാത്രമാണ് സമ്മാനിക്കുന്നത്. മഹാ ഭൂരിപക്ഷം വരുന്ന റഷ്യന്‍ അനുകൂലികള്‍ക്കിടയില്‍ ഇരുള്‍ നിഴലിട്ടു തുടങ്ങിയ പ്രതീക്ഷയുടെ തുരുത്തുകളില്‍ അവരിപ്പോള്‍ മൗനവും പുതച്ചു കഴിയുകയാണ്.
ക്രീമിയ റഷ്യയോട് ചേരുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ പല വേര്‍പിരിയലുകള്‍ക്കും ബന്ധവിച്ഛേദനങ്ങള്‍ക്കും കൂടിയാണ് അരങ്ങൊരുക്കിയിരിക്കുന്നത്. റഷ്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള കിടമത്സരത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടെത്തിച്ചതില്‍ ക്രീമിയന്‍ ഹിത പരിശോധനക്കും അതിനു മുമ്പും ശേഷവുമായി അരങ്ങേറിയ സംഭവ വികാസങ്ങള്‍ക്കും വ്യക്തമായ പങ്കുണ്ട്. സിറിയന്‍ പ്രശ്‌നത്തിലും ഇറാനും അന്തര്‍ദേശീയ ശക്തികളും തമ്മില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ആണവ ഒത്തു തീര്‍പ്പു ചര്‍ച്ചയിലുമെല്ലാം ഒന്നിച്ചു നിന്നതിന് ശേഷം അലസിപ്പിരിയുന്ന ഇരു ശക്തികളുടെയും ഈ ബന്ധം ലോകത്ത് അമേരിക്കയെ ഒഴിച്ചു നിര്‍ത്തിക്കൊണ്ടുള്ള പുതിയ രാഷ്ട്രീയ ബദലുകള്‍ രൂപപ്പെടുകയാണെന്ന ധാരണയെയാണ് തകിടം മറിച്ചിരിക്കുന്നത്.
റഷ്യ ഒരു ഭാഗത്തും അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടങ്ങുന്ന പാരമ്പര്യ വന്‍ശക്തികള്‍ മറുഭാഗത്തും അണിനിരന്ന് കൊണ്ട് പുതിയ ശീതയുദ്ധത്തിന് അരങ്ങു തെളിയുമ്പോള്‍ ഏതൊക്കെ രാഷ്ട്രങ്ങള്‍ ആര്‍ക്കൊപ്പമെല്ലാം നില്‍ക്കുമെന്ന് കണ്ടറിയുക തന്നെ വേണം. മുമ്പെന്നത്തേക്കാളുമുപരി ലോകം ബഹുദ്രുവമാവുകയും മൂന്നാം ലോക രാജ്യങ്ങള്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തിരിക്കുന്ന അവസ്ഥാ വിശേഷത്തില്‍ ഇത്തരമൊരു ശീതയുദ്ധത്തിന്റെ ആഗോള സാധുത തന്നെ സംശയത്തിന്റെ നിഴലിലാണെന്നതാണ് സത്യം. മദ്ധ്യ പൂര്‍വ്വ ദേശത്ത് പോലും വീശിയടിക്കുന്ന കാറ്റിനനുസരിച്ച് രാഷ്ട്രീയ ചായ്‌വുകള്‍ മാറി മറിഞ്ഞു കൊണ്ടിരിക്കെ തീര്‍ത്തും അവ്യക്തമായൊരു ചിത്രമാണ് മൊത്തത്തില്‍ തെളിഞ്ഞു വരുന്നത്.
ഇറാഖിലും അഫ്ഗാനിസ്ഥാനിലുമേറ്റ തിരിച്ചടികളുടെയും സാമ്പത്തിക മാന്ദ്യമേല്‍പ്പിച്ച പരിക്ഷീണതകളുടെയും ആഘാതത്തില്‍ രണ്ടു പതിറ്റാണ്ടോളം കൈവശം വെച്ച ഏകദ്രുവ ലോകത്തിന്റെ കടിഞ്ഞാണ്‍ അമേരിക്കക്ക് വിനഷ്ടമായതിന് ശേഷം ലോകത്ത് രൂപപ്പെടുന്നുവെന്ന് തോന്നിച്ച രാഷ്ട്രീയ ബദലിന് അകാലത്തില്‍ ചരമമായെങ്കിലും മായ്ച്ചു കളയാനാവാത്ത വിധം ചില സത്യങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടാണ് അത് സംഭവിച്ചിരിക്കുന്നത്. മറ്റൊരു രാഷ്ട്രത്തെക്കൂടി കടന്നാക്രമണം നടത്താനുള്ള ചങ്കൂറ്റമോ ദേശീയവും അന്തര്‍ദേശീയവുമായ പിന്തുണയോ ഒരു പരിധി വരെ സാമ്പത്തിക സുസ്ഥിരതയോ അമേരിക്കയെന്ന കൊലകൊമ്പന് ഇനിയും ശേഷിക്കുന്നില്ലെന്നതാണ് അവയിലൊന്ന്. സിറിയയില്‍ സായുധമായ ഇടപെടല്‍ അനിവാര്യമാണെന്ന ഉറച്ച തീരുമാനത്തില്‍ നിന്നും റഷ്യയുടെ നേതൃത്വത്തിലുണ്ടായ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കു വഴങ്ങി അവര്‍ക്കു പിന്‍വാങ്ങേണ്ടി വന്നതും നജാദിന്റെ സ്ഥാനമാറ്റം മറയാക്കി പ്രതീക്ഷയുടെ കവാടങ്ങളകിലം അടഞ്ഞ് കിടന്നിരുന്ന ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിച്ച് ഉപരോധ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ അവര്‍ തയ്യാറായതും കയ്‌പേറിയതെങ്കിലും കടുത്ത ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറായത് കൊണ്ടു തന്നെയാണ്.
പ്രശ്‌നങ്ങളിലും സംഘര്‍ഷങ്ങളിലും സമാധാനം സൃഷ്ടിക്കാനുതകുന്ന ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകള്‍ക്ക് യുദ്ധങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും ഒരു പരിധി വരെ കടിഞ്ഞാണിടാന്‍ കഴിയുമെന്നതാണ് അവയില്‍ മറ്റൊന്ന്, സിറിയയുടെ വിഷയത്തില്‍ അതിനായി മുന്നിട്ടിറങ്ങിയവരുടെ ലക്ഷ്യം തികച്ചും രാഷ്ട്രീയാധിഷ്ഠിതവും ഒരു പരിധി വരെ സ്വാര്‍ത്ഥ താല്‍പര്യ സംരക്ഷണാര്‍ത്ഥവുമായിരുന്നെങ്കിലും ശരി. ഇനിയും ഒരു യുദ്ധത്തിലേക്കു കൂടി എടുത്തു ചാടി ഇറാഖിലും അഫ്ഗാനിലും സംഭവിച്ചത് പോലെ വേടന്റെ വലയിലകപ്പെടേണ്ട ഗതിയില്‍ നിന്നും അമേരിക്ക രക്ഷപ്പെട്ടു എന്നതും ഇവിടെ എടുത്തു പറയേണ്ട കാര്യമാണ്.
ഏതായാലും, ക്രെംലിനില്‍ നിന്നും വീശിയടിച്ചു തുടങ്ങിയിരിക്കുന്ന ശീതയുദ്ധത്തിന്റെ ഉഷ്ണക്കാറ്റില്‍ സ്വതഭീഷണി നേരിടുന്ന ക്രീമിയന്‍ താത്താരി മുസ്ലിംകളുടെ ഭയാശങ്കകളോ നോവു നിര്‍ത്താതെ പെയ്യുന്ന മൂന്നു വത്സരങ്ങള്‍ക്ക് ദുരന്തസാക്ഷികളാകാന്‍ വിധിക്കപ്പെട്ട സിറിയന്‍ ജനതയുടെ ആര്‍ത്തനാദങ്ങളോ ഒരിക്കലും അവഗണിക്കപ്പെടാന്‍ പാടില്ല. വന്‍ശക്തികളുടെ ഈഗോയിസത്തില്‍ മുക്കിക്കളയാന്‍ മാത്രം നിസ്സാരമല്ലല്ലോ ആശയറ്റവന്റെ വേദനയും കണ്ണീരുമെല്ലാം.



Leave A Comment