പലപ്പോഴും നാം ചെരുപ്പിനൊത്ത് കാല്‍ മുറിക്കുകയല്ലേ

സ്വുഹൈബ് ബിൻ സിനാൻ റൂമി (റ) ജന്മനാ അറബിയായിരുന്നെങ്കിലും അടിമത്തത്തിന്റെ കാൽച്ചങ്ങലകളും ഒളിച്ചോട്ടങ്ങളുടെ കയ്‌പേറിയ അനുഭവങ്ങളും സഹിച്ച ബാല്യമായിരുന്നു. റോമിൽ എത്തിപ്പെട്ട അദ്ദേഹം മക്കയിൽ സത്യദൂതൻ ആഗതമാവനടുത്തിട്ടുണ്ടെന്ന വാർത്ത പുരോഹിതന്മാരിൽനിന്ന് കേട്ടറിഞ്ഞ പശ്ചാത്തലത്തിലാണ് ത്യാഗനിർഭരമായ യാത്രക്കൊടുവിൽ മക്കയിലെത്തിപ്പെടുന്നത്. അമ്മാറുബിൻ യാസിറിന്റെ കൂടെ ദാറുൽഅർഖമിൽ ഇസ്‌ലാം സ്വീകരിക്കാൻ സ്വുഹൈബുമുണ്ടായിരുന്നു. ആദ്യകാലക്കാരായ പ്രമുഖ സ്വഹാബിമാരെപ്പോലെ ഖുറൈശികളുടെ  ക്രൂരപീഢനങ്ങളേറ്റുവാങ്ങിയാണ് പുണ്യനബിയോടുള്ള സഹവാസം അവർ തുടർന്നത്. അതുകൊണ്ടുതന്നെ എന്തെന്ത് ത്യാഗങ്ങൾ സഹിക്കേണ്ടിവന്നാലും പുണ്യനബിയെ കണ്ടും കേട്ടുമിരിക്കുന്നതിൽ വിട്ടുവീഴ്ചചെയ്യൽ അവർക്ക് അചിന്തനീയമായിരുന്നു.

മദീനയിലേക്ക് ഹിജ്റ പോകാൻ അല്ലാഹുവിന്റെ കൽപന വന്നപ്പോൾ നബി(സ്വ)യെയും അബൂബക്ർ (റ)വിനേയും അനുഗമിക്കാൻ കൊതിച്ച് യാത്ര വൈകിപ്പിച്ചവരായിരുന്നു സ്വുഹൈബ്(റ). പക്ഷേ, നിന്ന് തിരിയാൻ പറ്റാത്തവിധം ശത്രുക്കൾ നിരീക്ഷകരെ നിയമിച്ചിരുന്നതിനാൽ നബി(സ്വ)യും അബൂബക്ർ(റ)വും പോയിക്കഴിഞ്ഞും അദ്ദേഹത്തിന് പോകാനായില്ല. കച്ചവടത്തിലൂടെ ധാരാളം സമ്പത്തിനുടമയായിത്തീർന്നിരുന്ന അദ്ദേഹത്തെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന നിശ്ചയദാർഢ്യത്തിലായിരുന്നു ശത്രുക്കൾ. 

അവരുടെ കണ്ണുവെട്ടിച്ച് ഒരു രാത്രി ഇരുളിന്റെ മറവിൽ  അതീവരഹസ്യമായി സ്വുഹൈബും തന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങി.  പക്ഷേ, വഴിയിൽ ശത്രുക്കൾ സ്വുഹൈബിനെ തടഞ്ഞു. ഉടനെ തന്റെ ആവനാഴിയിലെ അമ്പ് പുറത്തെടുത്ത് സ്വുഹൈബ് ഗർജ്ജിച്ചു: 'ഓ ഖുറൈശി സമൂഹമേ! ഞാൻ നിങ്ങളിലെ മികച്ച അമ്പയ്ത്ത്കാരനാണെന്ന് നിങ്ങൾക്കറിയാമല്ലോ. എന്റെ കരങ്ങളിലുള്ള അവസാന അമ്പും കഴിയുന്നത് വരെ ഞാൻ പൊരുതും. എന്റെ കയ്യിലുള്ള വാൾ കൊണ്ട് മരണം വരെ ഞാൻ പോരാടും".

ഖുറൈശികൾ പറഞ്ഞു: "ഞങ്ങളുടെയടുക്കല്‍ ദരിദ്രനും നിസ്സാരനുമായി വന്ന നീ ഈ കാണുന്ന ധനമെല്ലാം സമ്പാദിച്ചത് ഇവിടെ നിന്നാണ്. ഇപ്പോള്‍ ആ ധനവുമായി കടന്നുകളയാനാണോ നിന്റെ ഭാവം? അല്ലാഹുവാണെ, അതിനൊരിക്കലും ഞങ്ങള്‍ അനുവദിക്കില്ല”.
"എന്റെ സമ്പത്താണോ  നിങ്ങൾക്ക് പ്രശ്‌നം? അത് ഇവിടെ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമാണ്. അത് നൽകിയാൽ എന്നെ പോകാൻ അനുവദിക്കുമോ?"
"അതെ, നിന്റെ ഇഷ്ടം തെരഞ്ഞെടുക്കാം" അവർ മറുപടിപറഞ്ഞു.
മക്കയിൽ ഒളിപ്പിച്ച് വെച്ച തന്റെ സമ്പത്തിന്റെ സ്ഥലം  അറിയിച്ച് കൊണ്ട് സ്വുഹൈബ് മദീനയിലേക്ക് പുറപ്പെട്ടു. മദീനയിൽ വെച്ച് സ്വുഹൈബിനെ കണ്ട പ്രവാചകർ പറയുകയുണ്ടായി: "അബൂ യഹ്‌യ,  നിങ്ങളുടെ കച്ചവടം ലാഭം കൊയ്തിരിക്കുന്നു".

വർഷങ്ങളുടെ അധ്വാനഫലമെന്നോ ജീവിതത്തിന്റെ ആകെത്തുകയെന്നോ കണ്ട് പണത്തെ അവർ പരിണയിച്ചില്ല. പ്രവാചക സ്നേഹമെന്നാൽ സമർപ്പണത്തിന്റെ സാകല്യമാണെന്നതിന്റെ സാക്ഷ്യമായിരുന്നു  സ്വഹാബികളുടെ ജീവിതം. ജീവിതം കൊണ്ട് അവർ പണിതുയർത്തിയ സ്നേഹ സാമ്രാജ്യം ചരിത്രത്തിലെ അദ്‌ഭുതമാണ്. ഇസ്‍ലാമിന്റെ വഴിയിൽ എന്തും ത്യജിക്കാൻ അവർക്ക് ഒട്ടും വൈമനസ്യമുണ്ടായില്ല. ഞാൻ സമ്പാദിച്ചതെന്തും നിങ്ങളെടുത്തോളൂ, എനിക്ക് അല്ലാഹു മതി, അവന്റെ റസൂൽ മതി എന്ന് പ്രഖ്യാപിക്കാൻ ആലോചനയുടെ ആവശ്യമുണ്ടായിരുന്നില്ല. അഥവാ അവർ നന്നായി  ബിസിനിസ് ചെയ്യാറുണ്ടായിരുന്നെങ്കിലും ധനത്തോടുള്ള താൽപര്യവും ആർത്തിയും ഹൃദയത്തിലേക്ക് ഇറങ്ങിയിരുന്നേ ഇല്ല എന്നര്‍ത്ഥം. 

അല്ലാഹു വേണം, റസൂൽ വേണം. പക്ഷേ, അത് ബിസിനസിനെ ബാധിക്കാനിടവരരുതെന്ന നിർബന്ധമാണ് നമുക്ക്. സമയ ബന്ധിത നിർബന്ധ നിസ്കാരങ്ങൾ  പോലും എല്ലാ  തിരക്കുകളും ഒഴിഞ്ഞ ശേഷമാണ് നമ്മില്‍ പലരും നിര്‍വ്വഹിക്കുന്നത്. ബിസിനസ് സൗഹൃദങ്ങൾക്ക് വേണ്ടി മത വിഷയങ്ങളിൽ പോലും അഡ്ജസ്റ്റ്‌മെന്റ് ചെയ്യും. അവരാണ് ചെരുപ്പിനൊത്ത് കാൽ മുറിക്കുന്നവർ. അവർ മതം മുറിച്ച് വിൽക്കുകയാണ്. ഭൗതിക താൽപര്യങ്ങൾക്കു വേണ്ടി ആത്മീയതയെ ബലി നൽകുകയാണ്. 

യഥാര്‍ത്ഥ മുസ്‍ലിം മതത്തിനു വേണ്ടി ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്യുന്നവനാണ്. മത താല്പര്യത്തിനു വേണ്ടി ഭൗതിക താല്പര്യങ്ങൾ തൃണവൽഗണിക്കുന്നവനാണ്. നല്ലൊരു മുസ്‍ലിം, മനസ്സറിഞ്ഞ് ജീവിക്കുന്നവനും ജീവിതം തന്നെ അതിന്റെ പ്രഖ്യാപനമാക്കിയവനുമാണ്. അല്ലാഹുവിന്റെ ചോദ്യം ഉൾകൊണ്ട് കർമ്മം കൊണ്ട്  മറുപടി തീർക്കുന്നവനാണ്. അല്ലാഹുവിന്റെ ചോദ്യമിതാണ്. 'സദ്‌വൃത്തനായി സർവാത്മനാ അല്ലാഹുവിന് കീഴ്പ്പെട്ടവനേക്കാൾ ഉത്തമമായ ജീവിതരീതി സ്വീകരിച്ച ആരാണുള്ളത്?' (അന്നിസ്സാ 125)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter