ഇന്ത്യയിലെ മുസ്‌ലിം വസന്തം: വായിക്കപ്പെടാത്ത ഏടുകള്‍
SPRINGലണ്ടനിലെ അനുഭവ സമ്പന്നനായ പത്രപ്രവര്‍ത്തകനാണ് ഹസന്‍ സുറൂര്‍. ദ സ്റ്റേറ്റ്‌സ് മാന്‍ പത്രത്തില്‍ തുടങ്ങി ദ ഹിന്ദുവിന്റെ യു.കെ ലേഖകനായി ഒരു ദശകത്തിലേറെയായി ജോലി ചെയ്യുന്ന സുറൂര്‍ മാധ്യമ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാം, വര്‍ഗീയത, മതേതരത്വം, മുസ്‌ലം സ്വത്വം തുടങ്ങിയ ഒട്ടേറെ വാര്‍ത്താ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. വിഭജനാനന്തരം ദേശീയ തലസ്ഥാന നഗരിയിലേക്ക് ലക്‌നൗവില്‍ നിന്ന് കുടുംബ സമേതം കുടിയേറിയ സുറൂര്‍, പഠനവും ഡല്‍ഹിയിലാണ് പൂര്‍ത്തീകരിച്ചത്. പുതിയ തട്ടകത്തില്‍ വിഭജനത്തിന്റെ തീക്ഷ്ണ അനുഭവങ്ങളാണ് അവരെ കാത്തിരുന്നത്; മുസ്‌ലിം ഐഡന്റിറ്റി കാരണം അവര്‍ക്ക് ഫ്‌ളാറ്റുകള്‍ നിഷേധിക്കപ്പെട്ടു. അവസാനം, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ബല്ലിമാരണയിലാണ് അവര്‍ അഭയം തേടിയത്. മുസ്‌ലിംകള്‍ക്കിടയിലെ പുരോഗമന, നവീകരണ ശബ്ദമായി മാറിയ സുറൂര്‍ ഈ അടുത്തായി ഇന്ത്യന്‍ മുസ്‌ലിംകളുടെ സ്വത്വരൂപീകരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകവുമായി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. India's Muslim Spring: Why Nobody Is Talking About It? (ഇന്ത്യന്‍ മുസ്‌ലിം വസന്തം: ആരും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാത്തതെന്ത്?) എന്ന പുസ്തകം ഇതിനകം തന്നെ മാധ്യമ ശ്രദ്ധ നേടുകയും ബൗദ്ധിക മണ്ഡലങ്ങളില്‍ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തില്‍ വലിയൊരു മാറ്റത്തിന് നാന്ദികുറിച്ചത് ആയിരത്തി തൊള്ളായിരത്തി എഴുപതുകള്‍ക്ക് ശേഷം പുതിയ തലമുറയില്‍ ഉയര്‍ന്നു വന്ന''പുരോഗമന വസന്തം'' കൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സുറൂറിനെ സംബന്ധിച്ചിടത്തോളം പഴയ മുസ്‌ലിംകള്‍ മതമൗലികവാദികളും, വൈകാരികോന്മത്തരും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അസഹിഷ്ണുതയോടെ സമീപിപ്പിക്കുന്നവരും സാംസ്‌കാരിക സ്വത്വസംബന്ധിയായ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരും സ്ത്രീത്വത്തെ അവജ്ഞതയോടെ കാണുന്നവരുമാണ്. മുസ്‌ലിം സമുദായത്തിന്റെ പ്രതിസന്ധികള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് അവര്‍ സ്വയം കൈ കഴുകുന്നു. നേരെമറിച്ച്, പുതു തലമുറ ഇവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരാണ്. അവര്‍ സഹിഷ്ണുക്കളും, പ്രായോഗികവാദികളും, മിതവാദികളും, മതേതരത്വവക്താക്കളും, സാര്‍വ്വദേശാഭിമാനികളും ശുഭാപ്തി വിശ്വാസമുള്ളവരുമാണ്. പുരോഗമന മനോഭാവക്കാരായ ഇവര്‍ തികഞ്ഞ ദേശസ്‌നേഹികളും കര്‍മോത്സുകരുമാണ്. ഇവിടെ മുസ്‌ലിം സമുദായത്തിലെ മതമൗലികവാദികളായ പഴയ തലമുറയെയും പുരോഗമനവാദികളായ പുതിയ തലമുറയെയും അടയാളപ്പെടുത്തുകയാണ് സുറൂര്‍ ചെയ്യുന്നത്. പുതിയ തലമുറക്ക് ആധുനികതയുടെയും, പുരോഗമനാത്മകതയുടെയും, മതേതരത്വത്തിന്റെയും മുഖം നല്‍കുന്ന സുറൂര്‍ അവരെ മതനിഷ്ഠയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുന്നവരായാണ് ചിത്രീകരിക്കുന്നത്. മതേതര അഭിസംബോധന രീതികള്‍ മാറ്റിവെച്ച് തന്റെ സഹോദരനോട് സലാം പറഞ്ഞും, സമയ ബന്ധിതമായി നിസ്‌കാരങ്ങള്‍ നിര്‍വ്വഹിച്ചും, നോമ്പനുഷ്ഠിച്ചും, താടിവളര്‍ത്തിയും നിരോധിത വസ്തുക്കളെ വര്‍ജിച്ചും മത മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പുതു തലമുറ ശ്രദ്ധിക്കുന്നുണ്ട്. ഇവിടെ പുതു തലമുറയെ ഒരേസമയം മതേതരവാദികളായും തികഞ്ഞ മതവിശ്വാസികളായും അവതരിപ്പിക്കുന്നതില്‍ സുറൂര്‍ വൈരുധ്യാത്മകത കാണുന്നില്ല. മറിച്ച്, ഒരേസമയം അവര്‍ വൈരുധ്യമായ മൂല്യങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തി തങ്ങളുടേതായ ഒരു അസ്തിത്വ രൂപീകരണം നിര്‍വ്വഹിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഒരു ബോധം മുസ്‌ലിം മനസ്സുകളിലേക്ക് എത്തുന്നത് 9/11 ന് ശേഷമുള്ള ഇസ്‌ലാമോഫോബിയയുടെ അനന്തരഫലമായിട്ടാണ്. പുതിയ തലമുറയെ കുറിച്ച് സുറൂര്‍ പറയുന്നു: ''മുസ്‌ലിംകളിലെ യുവതലമുറ പിതൃതലമുറയേക്കാള്‍ സാര്‍വ്വദേശീയരും പുരോഗമനവാദികളുമാണ്. താടിയും ഹിജാബും മാത്രം അളന്നുകൊണ്ട് അവരെ വിധിയെഴുതിത്തള്ളാനാവില്ല. ഞാന്‍ പറഞ്ഞതുപോലെ അവരോടു പോയി നിങ്ങള്‍ സംവദിക്കണം. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ യുവ മുസ്‌ലിംകളുടെ ദേശീയവാദവും, ശുഭാപ്തി വിശ്വാസവും, വ്യവസ്ഥാപിത മൂല്യങ്ങളും കണ്ട് നിങ്ങള്‍ അമ്പരന്നു പോകും''. (പേ: 12). വിശാലമായി പറഞ്ഞാല്‍ 1947നു ശേഷമുണ്ടായ അതിഭക്തിക്കിടയിലെ ഈ മുസ്‌ലിം വസന്തം പ്രാകൃത മൗലികവാദികളെക്കാള്‍ ശക്തവും സ്വാധീനമുള്ളവയുമായി മാറിക്കഴിഞ്ഞു. പക്ഷെ, ഹസന്‍ സുറൂറിന്റെ മുസ്‌ലിം വസന്തത്തെ കുറിച്ചുള്ള ഈ സാമാന്യവല്‍കരണം പ്രായോഗിക തലത്തില്‍ ഉയര്‍ന്നു വരുന്നില്ല. മാത്രമല്ല, മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പലതും നിരര്‍ഥകവും അടിസ്ഥാനരഹിതവുമാണ്. 'മുസ്‌ലിം വസന്തത്തി'നൊരു വിമര്‍ശം മൗലികവാദികളായ പഴയ മുസ്‌ലിംകളും വിശാല വീക്ഷണമുള്ള പുതിയ തലമുറയിലെ മുസ്‌ലിംകളും തമ്മില്‍ സിദ്ധാന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള അവര്‍ണനീയമായൊരു വിഭജനമാണ് സുറൂര്‍ നടത്തിയിരിക്കുന്നത്. പഴയ മുസ്‌ലിംകള്‍ യഥാര്‍ഥ മൗലികവാദികളാണെന്ന് വായനക്കാരെ തെര്യപ്പെടുത്താനുതകുന്ന തെളിവുകളും സമര്‍ഥനങ്ങളും നല്‍കാന്‍ ഗ്രന്ഥകാരന് കഴിയുന്നില്ല. എങ്കിലും, എന്തുകൊണ്ടാണ് സുറൂറിനെപ്പോലെ ഉല്‍ബുദ്ധനായ ഒരാള്‍ പഴയ മുസ്‌ലിംകളെ കുറിച്ച് വിശാല വീക്ഷണമില്ലാത്തവരെന്ന് ആക്രോശിക്കുന്നത് എന്നതാണ് മനസ്സിലാകാത്തത്. നരവംശ ശാസ്ത്രജ്ഞനായ തലാല്‍ അസദിന്റെ എീൃാമശേീി ീള വേല ടലരൗഹമൃ(2003)എന്ന കൃതി ഈ ചോദ്യത്തിന് ന്യായമായ ഉത്തരം കണ്ടെത്തുന്നുണ്ട്. മതേതരത്വത്തിന്റെ അതിക്രമങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന അസദ്, എങ്ങനെയാണ് ഒരു മതേതരവാദി -ഇന്ത്യയില്‍ സുറൂറിനെപ്പോലെ- പാരമ്പര്യ, മതകീയ, സാമുദായിക ചുറ്റുപാടില്‍ നിന്നും സ്വതന്ത്രമായ ബൗദ്ധിക മതേതര കാഴ്ച്ചപ്പാടിലേക്കുള്ള കൂടുമാറ്റത്തെ വീക്ഷിക്കുന്നത് എന്ന് കാണിക്കുന്നു. അതുകൊണ്ടുതന്നെയാണ് മതേതരവാദിയായ സുറൂര്‍ മുസ്‌ലിം സംഘടനകളോടും, സാമുദായിക നേതൃത്വത്തോടും ഉലമാക്കളോടും സ്വരച്ചേര്‍ച്ചയില്ലാതെ പോകുന്നതും മുല്ലമാരെ വില്ലന്മാരെന്നു പറഞ്ഞ് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതും. യഥാര്‍ഥത്തില്‍, സുറൂര്‍ മൗലികവാദികളെന്ന് വിളിക്കുന്ന ഈ മുസ്‌ലിം സംഘടനകളും സാമുദായിക നേതൃത്വവുമാണ് മതേതരവാദികളെക്കാള്‍ മുസ്‌ലിം സമുദായത്തിന് ശക്തി പകരുന്നത്. ഇത്തരം മുസ്‌ലിം സംഘടനകളും, സാമുദായിക നേതൃത്വവും മുസ്‌ലിം സമുദായത്തില്‍ എങ്ങനെ സ്വാധീന ശക്തിയായി ഉയര്‍ന്നു വരുന്നു എന്നതിനെ കുറിച്ചുള്ള പഠനമായിരുന്നു സുറൂറിന് കൂടുതല്‍ ഉചിതം. പഴയ മുസ്‌ലിംകള്‍ യാഥാസ്ഥികരും മൗലികവാദികളുമാണെന്ന് പരിതപിച്ച് മുസ്‌ലിം യുവാക്കള്‍ക്കിടയിലുള്ള ലിബറല്‍ വസന്തം ആഘോശിക്കുമ്പോഴും അതിനെ ന്യായീകരിക്കത്തക്ക തെളിവുകള്‍ നിരത്താന്‍ സുറൂര്‍ പരാജയപ്പെടുന്നു. മുസ്‌ലിംകള്‍ അപ്രമാദിത്വം കല്‍പ്പിക്കപ്പെട്ട ഒരു സമുദായമല്ല, അവര്‍ വര്‍ഗങ്ങളായും വിഭാഗങ്ങളായും ഗോത്രങ്ങളായും പ്രാദേശികമായും കൃത്യമായി വിഭജിക്കപ്പെട്ടിട്ടുണ്ട് എന്ന് സുറൂര്‍ സമ്മതിക്കുന്നു. എന്നിട്ടും കേവലം ചില അഭിമുഖങ്ങള്‍ മാത്രം അവലംബിച്ചുകൊണ്ട് എങ്ങനെയാണ് ഇത്തരം ഒരു പഠനം നടത്തുക?! ഇതിനു വേണ്ടി അദ്ദേഹം 'കുറ്റമറ്റ സാമ്പ്രദായിക ജേണലിസ'മാണ് ഉപയോഗിച്ചത്. ലക്‌നോ, അലീഗഡ്, മീററ്റ്, ഡല്‍ഹി തുടങ്ങിയ നഗരപ്രദേശങ്ങളിലെ ബിസ്‌നസ്സ് മാന്‍, ഹോട്ടല്‍ എക്‌സിക്യൂട്ടീവ്, യുവ നടന്‍, കാര്‍ വില്‍പ്പനക്കാരന്‍, ഗ്രാഫിക് ഡിസൈനര്‍, മാസ് കമ്മൂണിക്കേഷന്‍ വിദ്യാര്‍ഥി എന്നിവരടങ്ങുന്ന ഇടത്തരക്കാരായ ഒരു ഡസനോളം മുസ്‌ലിംകളുമായി അദ്ദേഹം സംവദിച്ചു. എന്നാല്‍ ഇവരൊക്കെയാണോ പതിനാല് കോടിവരുന്ന ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നത്? സുറൂറിന്റെ അഭിസംബോധകര്‍ അധികവും മോശമായ സാമൂഹിക പരിസരത്തുനിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ മറുപടികള്‍ സാമൂഹിക പരിസരം വരുത്തിത്തീര്‍ത്ത ബോധങ്ങള്‍ നിഴലിച്ചതായിരുന്നു. ഇവിടെ സമുദായത്തിന്റെ മുഴുവന്‍ കാഴ്ച്ചപ്പാടുകളും ഈ ചുരുങ്ങിയ സാമൂഹിക ചുറ്റുപാടുകളോട് തുലനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ല അഭിപ്രായങ്ങള്‍ വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളാന്‍ പോലും സുറൂറിന് സാധിക്കുന്നില്ല. അതിലുപരിയായി മുസ്‌ലിം സമുദായത്തെ കുറിച്ച് അപകടകരമായ പല പ്രസ്താവനകളും അനുമാനങ്ങളും അഭിപ്രായ പ്രകടനങ്ങളും സുറൂര്‍ നടത്തുന്നുണ്ട്. ഇവയില്‍ പലതും അദ്ദേഹത്തിന്റെ ഇന്റര്‍വ്യുകളില്‍ നിന്ന് രൂപപ്പെട്ടു വന്നതാണ്. അദ്ദേഹം നടത്തിയ ചില അഭിമുഖങ്ങളിലെ നിരീക്ഷണങ്ങള്‍ വളരെ രസകരമാണ്. 1- ഇരുപത്തിയെട്ടുകാരിയായ റസിയ സിദ്ദീഖി ഒരു മള്‍ട്ടിനാഷനല്‍ കോര്‍പറേഷനില്‍ ജോലിചെയ്യുന്നു. മാര്‍ക്കറ്റ് ഒരു വലിയ വിഭാഗം ജനങ്ങളെ പുറംതള്ളുന്നു എന്ന തത്വത്തെ പൂര്‍ണമായും നിരാകരിക്കുന്ന അവര്‍ യോഗ്യരായ ആളുകളെ പരിപൂര്‍ണമായും ഉള്‍ക്കൊള്ളുന്നു എന്ന വാദത്തെ ഉയര്‍ത്തിക്കാട്ടുന്നു. ആഗോളീകരണത്തിനു ശേഷം ലോകത്ത് നാനോന്മുഖമായ അവസരങ്ങള്‍ വര്‍ധിച്ചുവന്നിട്ടുണ്ട്. ഇവിടെ കഴിവും പ്രാപ്തിയുമനുസരിച്ച് സ്ഥാപനങ്ങള്‍ അവസരം നല്‍കിയിരുന്നു. ഇവിടെ വിവേചനമല്ല പ്രശ്‌നം. മറിച്ച് കര്‍മോത്സുകതയും കര്‍മ നൈരന്തര്യവും ഋണാത്മക സമീപനം ഒഴിവാക്കലുമാണ് പ്രധാനം. നിര്‍ഭാഗ്യവശാല്‍ പല മുസ്‌ലിം സുഹൃത്തുക്കളും പഴഞ്ചന്‍ സമീപനങ്ങളുമായി അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് (പേ: 138). മറ്റൊരു അവസരത്തില്‍ സിദ്ദീഖി, പരിമിതമായി സാഹചര്യത്തില്‍ നിന്നും വിശ്വത്തോളമുയര്‍ന്ന മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജീവിതത്തെ ഒരു റോള്‍മോഡലായി ഉയര്‍ത്തിക്കാണിക്കുന്നു. ഇവിടെ പ്രശ്‌നങ്ങള്‍ വൈയക്തിക തലങ്ങളില്‍ മാത്രം പരിഹരിക്കപ്പെടുകയും അസുന്തലിതമായി സാമൂഹിക ബന്ധങ്ങള്‍ അതേ പടി തുടര്‍ന്നു പോവുകയും ചെയ്യുന്നു. ഇടക്കിടെ, മുസ്‌ലിം സമുദായം വിവേചനം നേരിടുന്നു എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന പലപ്പോഴും പരിമിത വിവരങ്ങളാല്‍ രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ വാദമുഖങ്ങളോട് തന്നെ എതിരായി വരുന്നു. അതേ സമയം ഇടതു സഹചാരിയായിട്ടു കൂടി സുറൂര്‍ കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ഇന്ത്യന്‍ വളര്‍ച്ചയെ ആശാവഹമായിക്കാണുന്നു. മുസ്‌ലിം സ്ത്രീയുടെ ഉന്നത വിദ്യാഭ്യാസമാണ് ഇതില്‍ എടുത്തു പറയേണ്ടത്. പക്ഷെ, മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത് പോലെ ഈ കാലയളവില്‍ സാമൂഹിക മേഖലയിലേക്കുള്ള സര്‍ക്കാര്‍ ശ്രദ്ധ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ അവലോകനം ചെയ്യുന്ന സച്ചാര്‍ കമ്മറ്റിയും മിശ്രാകമ്മീഷനും കാണിക്കുന്നത് പോലെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി രാജ്യം അടിയന്തിരമായ നടപടികള്‍ കൈക്കൊള്ളണമെന്ന സുറൂറിന്റെ വിശാല മനസ്‌കത സാമുദായിക പ്രശ്‌നങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ്. 2 - മുസ്‌ലിംകള്‍ക്ക് ലോകത്ത് ഏറ്റവും സുരക്ഷിതയിടം ഇന്ത്യയാണെന്ന തികച്ചും ബാലിശമായ വാദവുമായാണ് സുറൂര്‍ മുന്നോട്ട് പോകുന്നത്. സ്വാതന്ത്ര്യാനന്തര വര്‍ഗീയ കലാപങ്ങള്‍ക്കിരയായ മില്യന്‍ കണക്കിന് മുസ്‌ലിംകളുടെ ആര്‍ത്തനാദങ്ങളെ ഒറ്റയടിക്ക് നിശബ്ദമാക്കിക്കളയുന്ന പ്രസ്താവനയാണിത്. ഉദാഹരണമായി, ഈയടുത്ത് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ നിന്നും നൂറു കിലോമീറ്ററിനുള്ളില്‍ തന്നെ അമ്പതിനായിരക്കണിക്കിന് മുസ്‌ലിംകള്‍ മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തിന്റെ ഇരകളായി കുടിയൊഴിപ്പിക്കപ്പെടുകയുണ്ടായി. കലാപം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും അധിക പേരും ഭീതിതമായ സാമുഹികാന്തരീക്ഷം ഭയന്ന് അഭയാര്‍ഥി ക്യാമ്പില്‍ നരകിച്ച് കഴിയുകയാണ്. സുറൂര്‍ ഈ ക്യാമ്പ് സന്ദര്‍ശിച്ചിട്ടുണ്ടോ? ഇന്ത്യയാണോ മുസ്‌ലിംകള്‍ക്ക് ഏറ്റവും സുരക്ഷിതയിടമെന്ന് അവരോട് അന്വേഷിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ചിത്രം നേരെ മറിച്ചാകുമായിരുന്നു. സമുദായത്തിന്റെ മുഖ്യധാരയില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ട് അഭയാര്‍ഥികളായിക്കഴിയുന്ന യുവതി യുവാക്കള്‍ സുറൂറിന്റെ യുവ മുസ്‌ലിം മുഖ്യധാരാ സങ്കല്‍പത്തിന് നേരെ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. 3- യുവ തലമുറ അവരുടെ പ്രപിതാക്കളില്‍ നിന്നും വിഭിന്നമായി പ്രായോഗികവാദികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സുറൂര്‍ ശ്രമിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇവിടെ പ്രായോഗികത വാദം കൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്? ഒരവസരത്തില്‍ സുറൂര്‍ മുസ്‌ലിംകളുടെ ഈ പ്രായോഗികവാദത്തെ വിശദീകരിക്കുന്നത് ബി.ജെ.പിക്കോ മോഡിക്കോ വേണ്ടി പിന്തുണയറിക്കാനോ വോട്ട് ചെയ്യാനോ ഉള്ള അവരുടെ താല്‍പര്യത്തെയാണ്. അതുകൊണ്ട് തന്നെയാണ് മുസ്‌ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന ഒരു നിര്‍ദേശം അദ്ദേഹം മുന്നോട്ട് വെക്കുന്നത്. യഥാര്‍ഥത്തില്‍ ഹൈന്ദവവര്‍ഗീയതയെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരുന്ന സുറൂര്‍ അതുമായി സമരസപ്പെട്ട് പോകാന്‍ ആഹ്വാനം ചെയ്യുന്നത് തികച്ചും വിരോധാഭാസമാണ്. മോഡിയെ പിന്തുണക്കുന്ന ഒരു മുസ്‌ലിമിനെയാണ് പ്രായോഗികവാദിയായി അദ്ദേഹം അവതരിപ്പിക്കുന്നതെങ്കില്‍ വര്‍ഗീയ ഫാഷിസത്തോട് സന്ധിയില്ലാ സമരം ചെയ്യുന്ന ലക്ഷോപലക്ഷം ജനങ്ങളിവിടെ അദ്ദേഹത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. 4- മീററ്റിലെ ബിസിനസ്മാനും ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥിയും മുന്നോട്ട് വെക്കുന്ന 'മുസ്‌ലിം സമുദായം വിദ്യഭ്യാസത്തെ അവഗണിക്കുന്നുവെന്നും അവര്‍ മറ്റൊരു ന്യൂനപക്ഷ സമുദായമായ പാര്‍സികളുടെ പുസ്തകങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളേണ്ടതുണ്ടെന്നുമുള്ള' വാദത്തെ സുറൂര്‍ അംഗീകരിക്കുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ നിന്നുള്ള ഒരാത്മവിചിന്തനം എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാദം സ്വാഗതാര്‍ഹമാണെങ്കിലും മുസ്‌ലിംകളെ പാര്‍സികളോട് ഉപമിക്കുന്നതിനോട് നമുക്ക് യോജിക്കാനാവില്ല. കാരണം, മുസ്‌ലിംകളുടെയും പാര്‍സികളുടെയും സാമ്പത്തികവും സാമൂഹികവും ചരിത്രപരവുമായ സ്ഥിതിവിശേഷങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. സമൂഹത്തില്‍ മതവിരുദ്ധ നിലപാടുകളും മുന്‍ധാരണകളും പാര്‍സികളെക്കാള്‍ കൂടുതല്‍ മുസ്‌ലികംള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലാപ ഭൂമികകളില്‍ പാര്‍സികളെക്കാളുപരി അവര്‍ വേട്ടയാടപ്പെടുന്നു. 5- മതേതര-ദേശീയവാദത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സുറൂര്‍ ഒരു നിഷ്പക്ഷമായ ചരിത്രവായന മറന്നുപോകുന്നു. വിഭജനത്തിന്റെ ഉത്തരവാദിത്വം മുസ്‌ലിം ലീഗിന്റെയും ജിന്നയുടെയും തലയില്‍ കെട്ടിവെച്ച് ബോധപൂര്‍വ്വം കോണ്‍ഗ്രസിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം മൗനിയാകുന്നു. സ്വാര്‍ഥ താല്‍പര്യസംരക്ഷണാര്‍ഥം പാകിസ്ഥാന്‍വാദവുമായി മുന്നോട്ടുവന്ന മുസ്‌ലിം വരേണ്യ വര്‍ഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിഭജനത്തിനെതിരെ ശക്തമായൊരു നിലപാടെടുക്കാന്‍ പരാജയപ്പെട്ട കാര്യം അദ്ദേഹം മറച്ചു പിടിക്കുന്നു. ദേശീയവാദത്തിന്റെ മൂടുപടമണിഞ്ഞ ഹിന്ദു വര്‍ഗീയവാദികളാല്‍ സമ്പന്നമായ കോണ്‍ഗ്രസിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളാണ് വിഭജനത്തിന് ആക്കം കൂട്ടിയതെന്ന് ചരിത്രകാരന്മാര്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ പല വാദങ്ങളോടും ഞാന്‍ അതൃപ്തി പ്രകടിപ്പിക്കുമ്പോഴും പുസ്തകത്തില്‍ പല വസ്തുതാപിശകുകള്‍ അടങ്ങിയിരിക്കുന്നു. മുസ്‌ലിം പ്രശ്‌നങ്ങളെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും എഴുതുന്ന ഒരാള്‍ എന്ന നിലക്ക് 'അസ്സലാമു അലൈക്കും'(അല്ലാഹുവിന്റെ രക്ഷ നിന്റെമേല്‍ ഉണ്ടായിരിക്കട്ടെ) എന്നതിന്റെ അര്‍ത്ഥം അല്ലാഹു വലിയവനാണ് എന്നെഴുതിയത് ഇത്തരത്തില്‍ പെട്ട ഒന്നാണ്. സുറൂറിന്റെ വീക്ഷണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, പ്രത്യേകിച്ച് യുവാക്കള്‍ ഇന്ന് രാജ്യത്തും സാമൂഹികാന്തരീക്ഷത്തിലും ഗുരുതരമായ വിവേചനങ്ങള്‍ക്കും തൊഴിലില്ലായ്മക്കും വിധേയമായിക്കൊണ്ടിരിക്കുന്നതിനെ അടയാളപ്പെടുത്തുന്നതില്‍ സുറൂര്‍ പരാജയപ്പെടുന്നു. എന്നല്ല, പലപ്പോഴും വേതനത്തിനും തൊഴിലിനും പ്രതാപത്തിനും പൗരാവകാശത്തിനും വേണ്ടി പോരാടുന്ന മുസ്‌ലിം യുവാക്കളെ ദേശീയവാദികള്‍ പുരോഗമനവാദികള്‍ എന്നീ ലേബലുകള്‍ പതിച്ച് തന്റെ വാദത്തെ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. സുറൂറിനെതിരെയുള്ള ഈ വിമര്‍ശനം മുസ്‌ലിംകള്‍ മൗലികവാദികളും ദേശവിരുദ്ധരുമാണെന്ന് അര്‍ഥമാക്കുന്നില്ല. മറിച്ച്, മുസ്‌ലിം വസന്തത്തെക്കുറിച്ച് സുറൂര്‍ മുന്നോട്ടുവെക്കുന്ന വാദഗതികള്‍ സമകാലിക മുസ്‌ലിം ജീവിതത്തിന്റെ സങ്കീര്‍ണതകളെ പിടിച്ചു കെട്ടാന്‍ പര്യാപ്തമല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter