പള്ളികള്‍ എങ്ങനെ പരിപാലിക്കണം?
മുഹമ്മദ് നബി(സ്വ) യുടെ കാലത്ത് തന്നെ ഇസ്‌ലാം കേരളത്തില്‍ പ്രചരിച്ചിട്ടുണ്ട്. അക്കാലം മുതല്‍ തന്നെ കേരളത്തിലെന്നല്ല ലോകത്തിലെല്ലായിടത്തും ഇസ്‌ലാമിന്റെ ഓരോ ചുവടിലും പള്ളികള്‍ നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത്. മുസ്‌ലിമിന്റെ ജീവിതത്തിലെല്ലായിടത്തും ഒഴിച്ച് കൂടാനാവാത്ത ഘടകമായി പള്ളികള്‍ നിലകൊള്ളുന്നു. ഓരോ വ്യവഹാരത്തിലും അത് അവനോട് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. തങ്ങളുടെ ഇബാദത്തുകള്‍ നിര്‍വഹിക്കാനുള്ള ഇടം എന്നതിലപ്പുറം സാമൂഹികമായി സാമുദായിക ശാക്തീകരണത്തിന്റെ പ്രഭവ കേന്ദ്രമായി പള്ളികള്‍ വര്‍ത്തിക്കുന്നു. പ്രവാചകന്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തയുടന്‍ ആദ്യമായി ഒരു മസ്ജിദ് സ്ഥാപിച്ചത് പള്ളിയുടെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ആ പള്ളിയാണ് മസ്ജിദുല്‍ഖുബാഅ്. ശേഷം മുസ്‌ലിംകള്‍ അധികരിച്ചപ്പോള്‍, അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനും പ്രസിദ്ധമായ മസ്ജിദുന്നബവി കൂടി നിര്‍മിച്ചു. പിന്നീട്, പ്രവാചകന്റെ കാലത്തും ശേഷം സ്വഹാബത്തിന്റെ കാലത്തും മുസ്‌ലിം സമുദായത്തിന്റെ ചലന നിശ്ചലനങ്ങള്‍ നിയന്ത്രിച്ചിരുന്നത് മസ്ജിദുന്നബവിയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാചകന്റെ അനുചരര്‍ ഇസ്‌ലാമിന്റെ പ്രചാരണം നടത്തിയത് പള്ളി കേന്ദ്രീകരിച്ചാണ്. ഇന്നും വിവിധ നഗരങ്ങളില്‍ സ്വഹാബികളുടെ നാമധേയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പള്ളി കാണാന്‍ സാധിക്കും. മാലിക്ബ്‌നു ദീനാറും കൂട്ടരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ നിര്‍മിച്ചാണ് പ്രബോധനം നിര്‍വഹിച്ചത്. അതിനാല്‍ ഇസ്‌ലാമിന്റെ വ്യാപനം കൂടുതല്‍ പള്ളി കേന്ദ്രീകരിച്ചായിരുന്നുവെന്ന് മനസ്സിലാക്കാം. നമ്മുടെ മുന്‍ഗാമികള്‍ക്ക് പള്ളി അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പഴയ പള്ളികളുടെ നിര്‍മാണരീതി പരിശോധിച്ചാല്‍ അത് അവരുടെ ജീവിതവുമായി എത്രമാത്രം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് മനസ്സിലാവും. അകത്തേ പള്ളി എന്ന് പറയുന്ന പള്ളിയുടെ ഉള്‍ഭാഗം, പിന്നെയൊരു പുറത്തെ പള്ളി,  അതിന്റെ ഇരു ഭാഗങ്ങളിലും ഓരോ ചെരു, മുന്‍ ഭാഗത്ത് വഖഫ് ചെയ്യപ്പെടാത്ത ഒരുകോലായ, പള്ളിക്കുളം, പൊതു ബാത്ത്‌റൂം ഇതായിരുന്നു ഒരു സാധാരണ രീതിയിലുള്ള പള്ളിയുടെ ഘടന. അതിനാല്‍ പാടത്തും പറമ്പത്തും ജോലി ചെയ്തിരുന്ന കര്‍ഷകരും മറ്റും ളുഹ്‌റ് നിസ്‌ക്കാര സമയത്ത് പണി നിര്‍ത്തി പള്ളിക്കുളത്തില്‍ നിന്ന് കുളിച്ച്, നിസ്‌കരിച്ച്, ചെരുവില്‍ അല്‍പം വിശ്രമിച്ച് വീണ്ടും പണിക്കിറങ്ങിയിരുന്ന ഒരു സമൂഹം അന്ന് നിലനിന്നിരുന്നു. മാത്രമല്ല വിവാഹമോചനം, കുടുംബതര്‍ക്കം, സ്വത്ത് തര്‍ക്കം തുടങ്ങി സമൂഹത്തിന്റെ വിവിധപ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന കോടതിയായിരുന്നു പള്ളികള്‍. നാട്ടിലെ പൗരപ്രമാണികളും കാരണവന്‍മാരും കൂടി വഖഫ് ചെയ്യപ്പെടാത്ത കോലായയില്‍ ഇരുന്ന് പ്രശ്‌നത്തിന് തീര്‍പ്പ് കല്‍പ്പിക്കുകയും ഏകദേശം ധാരണയായാല്‍ പള്ളിയില്‍ കയറി ഫാത്തിഹ ഓതി ദുആ ചെയ്ത് സലാം പറഞ്ഞ് പിരിയുന്ന കാഴ്ച സാധാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സാധാരണ നാം ഉപയോഗിക്കാറുള്ള പള്ളിയില്‍ പോയി പറ എന്ന പ്രയോഗം തന്നെ നിലവില്‍ വന്നത്. എന്നാല്‍ വിശാലമായ പള്ളികള്‍ ഉണ്ടാക്കുന്നതില്‍ നാം മത്സരിക്കുമ്പോഴും അസൗകര്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടുകയാണ് നമ്മുടെ പള്ളികള്‍. ഭംഗി മാത്രം ലക്ഷീകരിച്ച് വാതിലുകളും ജനലുകളും ലക്ഷങ്ങള്‍ മുടക്കി പണിയുന്നു. പലപ്പോഴും അടച്ചിടാന്‍ വേണ്ടി മാത്രം നിര്‍മിച്ചവയാണെന്ന് തോന്നും. മുറ്റത്ത് കട്ടവിരിച്ച് തുപ്പാന്‍ സ്ഥലമില്ല. ഫാനിന്റെ സ്വിച്ച് കൂട്ടിനകത്താണ,് ഉറങ്ങാന്‍ നിര്‍വ്വാഹമില്ല. ഗേറ്റിന് പൂട്ടിട്ടു, പാര്‍ക്കിംഗ് പാടില്ല. യാചന കര്‍ശനായി നിരോധിച്ചു, ധര്‍മ്മം നല്‍കാന്‍ വഴിയില്ല. തെണ്ടാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം, ഒരുങ്ങാനൊഴിവില്ല... ഇങ്ങനെ പോകുന്നു നമ്മുടെ തലതിരിഞ്ഞ സമീപനങ്ങള്‍. പഴയ കാലത്തെ പ്രൗഢിയും രീതിയും കാത്തുസൂക്ഷിക്കുന്ന പള്ളികള്‍ വിരളമാണെങ്കിലും ചിലസ്ഥലങ്ങളിലെങ്കിലും കാണാനാവും. അത്തരത്തില്‍ ഒരു പ്രദേശമാണ് അന്തമാനിലെ അമേരിയാന്‍ ദ്വീപ്. നൂറ് ശതമാനം മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈപ്രദേശത്തെ പോലീസ് സ്റ്റേഷനിലേക്ക് സലാം ചെല്ലിയാണ് കയറി ചെല്ലാറ്. പ്രദേശത്ത് ജയില്‍ സ്ഥാപിതമായതിന് ശേഷം ഇത് വരെ ഒരാളും അവിടെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് ജയില്‍ വാര്‍ഡന്‍ സാക്ഷ്യപ്പെടുത്തുന്നു. അബൂബക്ര്‍(റ) ന്റെ പൗത്രനാണ് അമുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുസ്‌ലിംകളാക്കിമാറ്റിയത്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മലബാറില്‍ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി പെരുകുമ്പോള്‍ അമേരിയന്‍ ദ്വീപിലെ പള്ളിയും മഹല്ലും ആ പ്രദേശത്തിന്റെ സ്വത്വരൂപീകരണത്തില്‍ നിര്‍വഹിക്കുന്ന പങ്ക് മാതൃകാപരമാണ്. തുറന്നിടുന്ന പള്ളികള്‍ അടുത്ത കാലത്തായി അവിടെയാണ് കാണാന്‍ കഴിഞ്ഞത്. ആദ്യ കാലങ്ങളില്‍ പള്ളി നിയന്ത്രിച്ചിരുന്നത് ഖാളിയായിരുന്നു. പിന്നീട് ഖാളിയും മുതവല്ലി ഒരുമിച്ചായി. നിലവില്‍ ഇവരെ കൂടാതെ പള്ളിക്കമ്മിറ്റി കൂടി ഭരണം നടത്തുന്നു. അത് പോലെ പണ്ട് കാലങ്ങളില്‍ കാരണവന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിപ്പോന്നിരുന്നു. ഒന്നാം കാരണവര്‍, രണ്ടാം കാരണവര്‍ തുടങ്ങി സ്ഥാനമലങ്കരിച്ചിരുന്ന അവര്‍ക്ക് മേല്‍പറഞ്ഞ വഖഫ് ചെയ്യപ്പെടാത്ത സ്ഥലത്ത് പ്രത്യേക ഇരിപ്പിടം തന്നെ ഉണ്ടായിരുന്നു. സ്വഹാബത്തിന്റെ കാലത്ത് അബൂബക്ര്‍(റ)നും ഉമര്‍(റ)നും പ്രത്യേക ഇരിപ്പിടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കാണാന്‍ സാധിക്കും. എന്നാല്‍ മുസ്‌ലിം ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന പള്ളി നമ്മുടെ ജീവിതത്തില്‍ നിന്ന് അകന്നത് പതിനെട്ടാം നൂറ്റാണ്ടോടെ അറേബ്യയില്‍ രൂപംകൊണ്ട അറബ് പ്രാദേശികവാദത്തോടെയാണ്. ആദ്യമായി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അങ്ങാടിയില്‍ ഓഫീസ് തുറന്നത് പ്രാദേശികവാദത്തിന്റെ വക്താക്കളായിരുന്ന വഹാബികളായിരുന്നു. അതിന്റെ ചുവട് പിടിച്ച് ലോകത്തെല്ലായിടത്തും പള്ളിക്ക് പുറത്ത് ഇസ്‌ലാമിക കേന്ദ്രങ്ങള്‍ രൂപപ്പെടുകയും മസ്ജിദ് വെറും നിസ്‌കാരം നിര്‍വഹിക്കാനുള്ള ഒരിടമായി ചുരുങ്ങുകയും ചെയ്തു. ഇന്ന് ജനങ്ങള്‍ പള്ളിയുമായി പൂര്‍ണമായും അകന്നു. പള്ളിയില്‍ വിലപിടിച്ച ഉച്ചഭാഷിണി പോലുള്ള സമ്പ്രദായം വന്നതോടെ പള്ളികള്‍ അടച്ചിടാന്‍ തുടങ്ങി. ഇതോടെ രാത്രികാലങ്ങളില്‍ ഹൗളിന്‍കരയില്‍ നിന്ന് വരെ നിസ്‌കരിക്കേണ്ട ഗതി വന്നു. പണ്ട് രാത്രികാലങ്ങളില്‍ കിടക്കാന്‍ പള്ളിയില്‍ വരുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇത്തരം പരിഷ്‌കാരങ്ങള്‍ ജനങ്ങളെ പള്ളിയുമായുള്ള അകലം കൂട്ടാനേ സഹായിക്കുന്നുള്ളൂ. മഹല്ല് പ്രശ്‌നങ്ങള്‍ അങ്ങാടിയില്‍ വെച്ച് ചര്‍ച്ച ചെയ്യുന്ന അവസ്ഥ വന്നു. യഥാര്‍ഥത്തില്‍ അതെല്ലാം പള്ളിയില്‍ വെച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടവയാണ്. ജനങ്ങള്‍ പള്ളിയുമായി പൂര്‍ണമായും അകന്നു. മഹല്ല് ഭാരവാഹികള്‍ക്കിടയില്‍ പോലും അകല്‍ച്ച വന്നു. പള്ളിയുടെ സീലും ലെറ്റര്‍പാഡും വീട്ടില്‍ വെച്ച് ഉപയോഗിക്കുന്ന അവസ്ഥ. മറിച്ച് ഞാന്‍ പള്ളിയിലുണ്ടാവും അവിടുന്ന് സീല്‍ ചെയ്തു തരാം എന്ന രീതി വരണം. ജനം പള്ളിയുമായി കൂടുതല്‍ ഇടപെടുന്ന അവസ്ഥ തിരിച്ച് വരണം. മുന്‍ഗാമികളിലേക്കുള്ള തിരിച്ച്‌നടത്തം അനിവാര്യമാണെന്ന് നാം തിരിച്ചറിയണം. യുവാക്കള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. നിരാലംബരായ കുടുംബങ്ങളെ കത്തില്‍ സീലടിച്ച് അനാഥരെന്ന് സാക്ഷ്യപ്പെടുത്തി നാട് തെണ്ടാന്‍ വിടുന്നതിന്ന് പകരം, അത്തരം കുടുംബങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മഹല്ല് ഭാരവാഹികള്‍ ആര്‍ജവം കാണിക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter