ലക്ഷങ്ങള്‍ പലായനം ചെയ്തിട്ടും റോഹിംഗ്യ എന്തുകൊണ്ട് ഒരു അന്തര്‍ദേശീയ പ്രശ്‌നമല്ല?
മ്യാന്മറില്‍നിന്നും ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകളും ദയനീയ ചിത്രങ്ങളും അക്രമകാരികള്‍ക്കെതിരെ ശക്തമായ ആക്ഷന്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ലോക രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചില്ലായെന്നത് ഏറെ ഖേദകരമാണ്. സ്റ്റേറ്റ് ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മ്യാന്മറില്‍നിന്നും ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പടിഞ്ഞാറും മ്യാന്‍മറിന്റെ അയല്‍ രാജ്യങ്ങളും ഇന്നുവരെ ആവശ്യമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല.
ആരെയാണ് ലോക രാജ്യങ്ങളുടെ നേതാക്കള്‍ കാത്തിരിക്കുന്നത്? ഈ പാവം ജനവിഭാഗത്തിനെതിരെ ഭരണകൂട ഭീകരത സ്ഥാപിക്കാന്‍ ഇനിയും മറ്റൊരു തെളിവിന്റെ ആവശ്യമുണ്ടോ? എവിടെപ്പോയി സ്വയം പ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം? അവരെന്താണ് ഇവ്വിഷയകമായി ഒരക്ഷരംപോലും ഉരിയാടാത്തത്? സത്യംപറഞ്ഞാല്‍, അവരെല്ലാം ഇപ്പോഴും മ്യാന്മറിലെ ജനാധിപത്യത്തിന്റെ ഐക്കണായ ആങ് സാന്‍ സൂകിയില്‍ വിശ്വസിച്ചിരിക്കുകയാണ്.
ബിബിസി മാധ്യമപ്രവര്‍ത്തകന്‍ മ്യാന്മറിലെ കൂട്ടപ്പലായനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സൂകി നല്‍കിയ മറുപടി ആരെയും ഞെട്ടിക്കുന്നതാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന വംശീയ ഉന്മൂലനത്തിനെതിരെ ഒരക്ഷരം മിണ്ടാത്ത താങ്കള്‍ പരാജയപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകയാണെന്ന് അറിയപ്പെടുന്നതില്‍ ദു:ഖിക്കുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. ഒരിക്കലുമില്ല, അവിടെ വംശീയ ഉന്മൂലനം തന്നെ നടക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല, എന്നായിരുന്നു സൂകിയുടെ പ്രതികരണം.
അങ്ങനെയെങ്കില്‍, എന്തായിരിക്കും റോഹിംഗ്യകളുടെ വിധി? ഒരാള്‍ക്കും ഇതിനെക്കുറിച്ച് യാതൊന്നും അറിയില്ല. ലോകത്തെ ഏറ്റവും വലിയ പീഡിത സമൂഹമെന്ന് യു.എന്‍ വിശേഷിപ്പിച്ച ഇവര്‍ പ്രശ്‌നങ്ങളെല്ലാം പര്യവസാനിക്കാനുള്ള ഒരു അല്‍ഭുതം പ്രതീക്ഷിച്ചിരിക്കുകയാണ്.
മ്യാന്‍മറില്‍ വംശീയ ഉന്മൂലനം നടക്കുന്നുവെന്നത് തെളിവുകള്‍ ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. അല്‍ ജസീറ ഇത് വളരെ വ്യക്തമായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. കുട്ടികളും യുവാക്കളും വൃദ്ധന്മാരുമായി പതിനായിരങ്ങളാണ് അവിടെനിന്നും അഭയം തേടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യുന്നത്. സ്വന്തം ജന്മനാട്ടില്‍ അവര്‍ക്ക് പൗരാവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു.
ബോസ്‌നിയന്‍ മുസ്‌ലിംകളുടെ കൂട്ടക്കൊലക്കു ശേഷം സമാനമായ മറ്റൊന്ന് ലോകത്ത് ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിച്ചവര്‍ക്കുള്ള തിരുത്താണിത്. യു.എന്‍ ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ. അല്ലാത്ത പക്ഷം മനുഷ്യാവകാശങ്ങള്‍ ലോകത്തിനു മുമ്പില്‍ പിച്ചിച്ചീന്തപ്പെടുന്നതാണ്.
പടിഞ്ഞാറില്‍ ഏറെ സ്വാധീനമുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പോലുള്ള ചിര്‍ മ്യാന്മര്‍ വിഷയത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയെങ്കിലും പടിഞ്ഞാര്‍ ഇപ്പോഴും ഈ കാര്യത്തില്‍ വേണ്ട പോലെ പ്രതികരിച്ചിട്ടില്ലായെന്നതാണ് സത്യം. പല അന്തര്‍ദേശീയ രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തില്‍ മ്യാന്മറിനെ പിന്തുണക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലുള്ളവര്‍ മുസ്‌ലിം റബലുകളുടെ പേരു പറഞ്ഞ് മ്യാന്മറിനെ സപ്പോര്‍ട്ട് ചെയ്യുകയാണ്.
അഭയാര്‍ത്ഥി പ്രശ്‌നത്തിലപ്പുറം ഇന്ത്യയും ചൈനയും ഈ വിഷയത്തില്‍ വേറെയും പലതും കാണുന്നുണ്ടെന്നതാണ് സത്യം.
ഫലസ്തീന്‍, ചെച്‌നിയ, കശ്മീര്‍ പ്രശ്‌നങ്ങളെപ്പോലെ പരിഹാരമാകാത്തൊരു പ്രശ്‌നമായി റോഹിംഗ്യയും മാറിയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ പൊതു ചര്‍ച്ച. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്?
ലിബിയ, അഫ്ഗാനിസ്ഥാന്‍ പോലെയുള്ള രാജ്യങ്ങളില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും എടുത്തുകാട്ടി എടുത്തുചാടിയ പടിഞ്ഞാര്‍ റോഹിംഗ്യ വിഷയത്തില്‍ മൗനമവലംബിച്ചിരിക്കുന്നത് തീര്‍ത്തും ദുരുപതിഷ്ടമാണ്. അജണ്ടകളാണ് ഇവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത്.
ഭീകരവാദം ലോകത്തെ എല്ലാവര്‍ക്കും ഭീഷണി തന്നെയാണ്. പക്ഷെ, ലോക നേതാക്കള്‍ ഇതിനെ എങ്ങനെയാണ് നിര്‍വചിക്കുന്നത് എന്നതാണ് നോക്കേണ്ടത്. മ്യാന്മറില്‍ നടക്കുന്നതിനെ ഭീകരവാദമായി കാണാന്‍ എന്തുകൊണ്ടാണ് അവര്‍ക്ക് കഴിയാത്തത്? ലോക രാജ്യങ്ങള്‍ യു.എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്ന കാലത്തോളം അവിടെനിന്നാണ് ഇതിനുള്ള പരിഹാരശ്രമങ്ങള്‍ ഉണ്ടാകേണ്ടത്. മ്യാന്മറിന്റെ വംശ ഹത്യ അവസാനിച്ചേ മതിയാവൂ.
Leave A Comment