നിസ്‌കാരത്തിലെ ശാസ്ത്രീയത
ഹാര്‍വേര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ഹാര്‍ബര്‍ട്ട് ബെന്‍സന്‍ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്. ഏകാഗ്രമായ മാനസികാവസ്ഥ നൂറുകണക്കിന് ഗുളികളേക്കാള്‍ ഫലപ്രദമാണ്. മനുഷ്യ ശരീരത്തിലുണ്ടാകുന്ന എല്ലാ രാസമാറ്റങ്ങളും ഭൗതീകമാറ്റങ്ങളും കുറക്കുവാന്‍ ഏകാഗ്രധ്യാനത്തിന് കഴിവുണ്ട്. ബെന്‍സന്റെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് ദിവസം 2 നേരം ഇരുപത് മിനുട്ട് വീതം ഏകാഗ്രമായി ധ്യാനിക്കുവാന്‍ ആവശ്യപ്പെട്ടു. ഈ ധ്യാനത്തിന് ശേഷം അവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ രക്തത്തിലെ ലാക്ടറേറ്റ് നില താണിരിക്കുന്നതായി കണ്ടു. ഇതോടൊപ്പം അവാച്യമായി നിര്‍വൃതിയും അനുഭൂതിയും അനുഭവപ്പെട്ടതായി അവര്‍ പറഞ്ഞു. മാനസിക പിരിമുറുക്കം മൂലം അസ്വസ്ഥമാവുന്നവരുടെ രക്തത്തിലെ ലാക്ടറേറ്റ് നില ഉയര്‍ന്നിരിക്കുമെന്ന് ഈ വക അസ്വാസ്ഥ്യം അനുഭവപ്പെടുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബെന്‍സന്റെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ 3 മാസത്തോളം ധ്യാനമിരുന്ന ആയിരത്തിലധികം ആളുകള്‍ മാനസികോല്ലാസത്തിന് വേണ്ടി അവര്‍ കഴിച്ചിരുന്ന മയക്ക് മരുന്നുകളില്‍ നിന്ന് മോചിതരായി. ബെന്‍സന്റെ തത്വമനുസരിച്ച് നമസ്‌കാരത്തിന്റെ ആരോഗ്യവശം വളരെ വ്യക്തമാണ്. കാരണം ഏകാഗ്രധ്യാനത്തിന്റെ സമ്പൂര്‍ണ്ണ രൂപമാണല്ലോ നിസ്‌കാരം. അല്ലാഹു പറയുന്നു. 'അറിയുക അല്ലാഹുവിനെ സമരിക്കല്‍ കൊണ്ട് മാത്രമാണ് മനസ്സുകള്‍ക്ക് ശാന്തി ലഭിക്കുന്നത്'. വില്യം മുള്‍ട്ടര്‍ മാര്‍സ്റ്റിന്‍ എന്ന മന:ശാസ്ത്രജ്ഞന്‍ 'റിഡേഴ്‌സ് ഡൈജസ്റ്റില്‍' എഴുതുന്നു.
ജീവിതത്തിന്റെ നാനാതുറകളിലും ഏകാഗ്രമായി ചിന്തിക്കാന്‍ കഴിവുനേടിയവരാണ് മഹാന്മാര്‍. ചിതറിപ്പോവാതെ ചിന്തയെ ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ നിരന്തര പ്രയത്‌നം കൊണ്ടേ സാധ്യാമാവൂ. അങ്ങിനെ സാധ്യാമായാല്‍ അത് കിടയറ്റ ഒരു വദ്രായുധമായിത്തീരും. ഉദ്ദേശിക്കുന്ന ഏത് കാര്യത്തിലും ചിന്തയെ യഥേഷ്ടം ഒരുക്കി നിര്‍ത്താനുള്ള പ്രാപ്തി ഇതിലൂടെ നേടാം. നമസ്‌കാരത്തില്‍ വ്യാപൃതമാകുന്ന സമയമത്രയും സര്‍വ്വ കഴിവും ഉപയോഗിച്ച് മനസ്സിനെ നിസ്‌കാരത്തില്‍ മാത്രം പിടിച്ചു നിറുത്തുന്ന വ്യക്തിയില്‍ ഏകാഗ്ര ചിന്താശക്തി വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ജീവിതത്തിന്റെ നാനാതലങ്ങളിലും പ്രയാസവും അസ്വസ്ഥതയും അനുഭവിക്കുന്നവന് നിസ്‌കാരത്തിലൂടെ സമാധാനമടയാന്‍ കഴിയുന്നു. വല്ല കാര്യവും നബി തങ്ങളെ അസ്വസ്ഥനാക്കിയാല്‍ അവിടുന്ന് നിസ്‌കാരത്തിലേക്ക് അഭയം പ്രാപിക്കുമായിരുന്നു. എല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണുണ്ടാവുന്നതെന്നും അതെല്ലാം അല്ലാഹുവിന്റെ മുന്നില്‍ നിസ്സാരമാണെന്നുമുള്ള ബോധം നിസ്‌കാരം നല്‍കുന്നു. മാനസിക പ്രയാസമനുഭവിക്കുന്ന ഒരാള്‍ തന്‍റെ പ്രയാസം നല്ല സുഹൃത്തിനോട് പങ്ക് വെച്ചാല്‍ ആ പ്രയാസം പകുതിയാകും. എന്നാല്‍ എല്ലാത്തിന്റെയും സൃഷ്ടി പരിപാലകനായ അല്ലാഹുവിന്റെ മുന്നിലുള്ള സമര്‍പ്പണം എത്രമാത്രം സമാധാനം നല്‍കുന്നതായിരിക്കും. നിസ്‌കാരത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടവര്‍ക്ക് കണ്‍കുളിര്‍മയും ആനന്ദകരമായ അനുഭൂതിയും ഉണ്ടാകുന്നു.
നബി(സ) പറഞ്ഞു: ഞാന്‍ നിസ്‌കാരത്തില്‍ കണ്‍കുളിര്‍മയാക്കപ്പെടുന്നു. അനുഗ്രഹം ചെയ്തവനോട് നന്ദി ചെയ്യുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായ നിലയിലുള്ള അനുഗ്രഹാനുഭൂതിയും സന്തോഷവും ലഭ്യമാവൂ. മുസ്‌ലിമിന്റെ ജീവവായുവാണ് നിസ്‌കാരം. പ്രഭാതത്തില്‍ അവന്‍ എഴുന്നെല്‍ക്കുന്നു. ഉടന്‍ എല്ലാം അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിച്ചുകൊണ്ട് നമസ്‌കരിക്കുന്നു. സൂര്യന്‍ ഉദിച്ച് അല്‍പം കഴിഞ്ഞ് ളുഹാ നിസ്‌കരിക്കുന്നു. അവന്‍ ജോലിയിലേര്‍പ്പെട്ട് കൊണ്ടിരിക്കേ മധ്യാഹ്നമായാല്‍ (ദുഹ്ര്‍) വീണ്ടും അല്ലാഹുവിന്റെ മുന്നില്‍ സാഷ്ടാം ഗം നമിക്കുന്നു. സായാഹ്നമായാല്‍(അസ്ര്‍) വീണ്ടും അനുഗ്രഹദാതാവിന്റെ മുന്നില്‍ തല കുനിക്കുന്നു. സന്ധ്യ ആയാല്‍ (മഗ്‌രിബ്) വീണ്ടും പടച്ചതമ്പുരാന്റെ മുന്നിലെക്ക്. അല്‍പം കഴിഞ്ഞ് (ഇശാഅ്) വീണ്ടും നിര്‍ബന്ധ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാന്‍ ബെഡിലേക്ക് നീങ്ങുന്നതിന് മുമ്പ് വീണ്ടും ഒരു വിതറ് നമസ്‌കാരം. ഉറങ്ങി രാത്രി പകുതിക്ക് ശേഷം വളരെ രഹസ്യമായി നിശയുടെ നിശബ്ദതയില്‍ (തഹജ്ജുദ) അല്ലാഹുവിന്റെ മുന്നില്‍ വണങ്ങുന്നു. ഇത് ദിനം പ്രതിയുള്ള സമയാധിഷ്ട നിസ്‌കാരങ്ങളാണ്. ഇനി പള്ളിയിലേക്ക് പോയാല്‍ അല്ലാഹുവിന്റെ മുന്നില്‍ കാണിക്കയായി 2 റക്അത്ത് തഹിയ്യത് നമസ്‌കരിക്കുന്നു. ഏതെങ്കിലും കാര്യത്തില്‍ ഗുണവും ദോഷവും തിരിയാതെ അസ്വസ്ഥമാവുമ്പോള്‍ ഖൈറിനെ തേടിയുള്ള ഇസ്തിഖാറതിന്റെ നിസ്‌കാരം നിര്‍വ്വഹിക്കുന്നു.
യാത്രക്ക് പുറപ്പെടുമ്പോള്‍ നിസ്‌കാരം യാത്ര കഴിഞ്ഞ് വന്നാല്‍ നിസ്‌കാരം, രണ്ട് സന്തോഷവേളകളായ 2 പെരുന്നാള്‍ ദിനങ്ങളിലെ സന്തോഷ പ്രകടന നിസ്‌കാരം, ആരെങ്കിലും നമ്മെ വിട്ട് പിരിഞ്ഞാല്‍ ദു:ഖവേളയിലും നിസ്‌കാരം, ആവശ്യങ്ങള്‍ വീടാനുണ്ടെങ്കില്‍ ഖളാതുല്‍ ഹാജതിന്റെ നിസ്‌കാരം, മഴയില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ സ്വലാത്തുല്‍ ഇസ്തിസ്ഖാഅ്, ആരാധനകള്‍ അധികരിക്കപ്പെടേണ്ട റമളാനില്‍ സ്‌പെഷ്യലായി 20 റക്അത്ത് തറാവീഹ് നമസ്‌കാരം. സൂര്യനോ, ചന്ദ്രനോ ഗ്രഹണം ബാധിച്ചാല്‍ ഗ്രഹണ നിസ്‌കാരം. ഇങ്ങനെ മുഅ്മീനിന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും ജീവവായുവെന്നപോലെ നിസ്‌കാരം ശറആക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള നിരന്തര പ്രയത്‌നത്തിലൂടെയും പരിശീലനത്തിലൂടെയും നിസ്‌കാരം അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്തുകയും ജീവിതത്തിന്റെ ഏത് തുറകളിലായാലും ഏത് കൂരിരുട്ടിലും വനമധ്യത്തിലായാലും ഒരു കാര്യവും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിന്ന് മറച്ച് വെക്കാന്‍ സാധ്യമല്ലെന്നുമുള്ള ദൃഢവിശ്വാസം കൈവരുത്തുകയും തന്മൂലം തെറ്റ്കുറ്റങ്ങളില്‍ നിന്നകന്ന് വിശുദ്ധജീവിതം നയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയും ചെയ്യുന്നു.
Leave A Comment