ആസാം മദ്റസാ നിയമ ഭേദഗതി- യാഥാര്‍ത്ഥ്യമെന്ത്
ഏറെ കോളിളക്കം സൃഷ്ടിച്ച ആസാം മദ്റസാ നിയമ ഭേദഗതി, ദാറുല്‍ ഹുദാ ആസാം ഓഫ് കാമ്പസ് ലെക്ചറര്‍ ഹാശിര്‍ ഹുദവി വിലയിരുത്തുന്നു.
ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ ഉടലെടുക്കുമ്പോഴെല്ലാം പ്രാഥമിക ഘട്ടത്തില്‍ തന്നെ പ്രഹരമേല്‍ക്കുന്ന ഇടം എന്ന തരത്തില്‍ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞ ആസാം സമീപകാലത്ത് ചര്‍ച്ചാവിഷയമായത് ആസാം ഗവണ്‍മെന്റ് മദ്റസകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. ഏറെ തെറ്റുിദ്ധാരണകള്‍ക്കും അബദ്ധവാദങ്ങള്‍ക്കുമിടയില്‍ കനത്ത വാദപ്രതിവാദങ്ങള്‍ക്ക് വിധേയമായ രാഷ്ട്രീയഭേദഗതിയുടെ വസ്തുത പലപ്പോഴും തിരശ്ലീലക്കു പിന്നിലായിരുന്നു എന്നതാണ് വാസ്തവം.
മദ്രസാ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതിയും സര്‍ക്കാര്‍ പിന്തുണയും വിദ്യാഭ്യാസ നിലവാരവും അനുബന്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ മാത്രമാണ് നിലവിലെ സാമൂഹ്യ രാഷ്രീയ പരിസരങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുക.
ചരിത്രപശ്ചാത്തലം
ബ്രിട്ടീഷ് ഭരണകാലത്തെ ആസാം പ്രവിശ്യയിലെ പ്രധാനമന്ത്രിയായിരുന്ന സര്‍ സയ്യിദ് മുഹമ്മദ് സഅദുല്ലയുടെ കാലത്താണ് സര്‍ക്കാരി മദ്റസകള്‍ക്ക് അംഗീകാരം ലഭിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തത്. അരനുറ്റാണ്ടിലധികമായി ആസാം മുസ്‍ലിംകളുടെ മത-പൊതു വിദ്യാഭ്യാസരംഗങ്ങളെ നിയന്ത്രിച്ച നിര്‍ണ്ണായക സംവിധാനമായി നിലനിന്ന ഇത്, അനിവാര്യമായ ഘട്ടത്തില്‍ ആരംഭിക്കുകയും പില്‍ക്കാലത്ത് കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാകാത്തതിനാല്‍ കാലഹരണപ്പെട്ട് ദുര്‍ബ്ബലമാകുകയും ചെയ്ത സമുദായ പാഠ്യ പദ്ധതിയാണെന്ന വാസ്തവം ആത്മ വിമര്‍ശനമായെങ്കിലും അംഗീകരിക്കാന്‍ ഇന്ന് സമുദായം നിര്‍ബന്ധിതരാണ്.
അംഗുലീപരിമിതമായ സ്ഥാപനങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ കാലത്ത് വിപുലപ്പെടുത്തുകയും 610- ഓളം അംഗീകൃത മദ്റസകളും മുന്നൂറോളം അംഗീകരിക്കപ്പെടേണ്ട മദ്റസകളുമുള്ള സംവിധാനമായി കാലക്രമത്തില്‍ അതു വളരുകയും ചെയ്തു എന്നതാണ് ചരിത്ര വസ്തുത. മൂന്നു തവണ ഭരണത്തിലേറിയ (1937-38, 1939-41, 1942-46) ആസാം പ്രദേശ മുസ്‍ലിം ലീഗിന്റെ പ്രധാന സംഭാവനയാണ് ഈ വിദ്യാഭ്യാസ സംവിധാനം.
മദ്റസാസംവിധാനവും പ്രവര്‍ത്തനരീതിയും
പ്രാഥമികമതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മക്തബ് എന്നും അറബിക് കോളേജ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് മദ്റസകള്‍ എന്നുമാണ് ഉത്തരേന്ത്യയില്‍ പൊതുവെ പറയപ്പെടുന്നത്. ആസാമിലെ സര്‍ക്കാരി മദ്റസകളുടെ പ്രവര്‍ത്തനം മതരംഗം മാത്രം ക്രേന്ദ്രീകരിച്ചുള്ളതാണെന്ന വാസ്തവം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
വെഞ്ചാര്‍ മദ്റസകളെന്ന പേരില്‍ സ്വകാര്യ മദ്റസകള്‍ നടത്തുകയും പിന്നീടത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തവയാണ് നിലവിലെ ഭൂരിഭാഗം സര്‍ക്കാരീ മദ്റസകളും എന്നതു കൊണ്ടു തന്നെ നിലവാരമുള്ള അധ്യാപകരും പഠനസാഹചര്യങ്ങളും പലപ്പോഴും അപ്രാപ്യമാകുന്നു. പൊതു പരീക്ഷകളിലൂടെയുള്ള നിയമനങ്ങളുടെ അഭാവവും വെഞ്ചാര്‍ മദ്റസകളുടെ നടത്തിപ്പുകാര്‍ തുടര്‍ന്ന് സര്‍ക്കാര്‍ അധ്യാപകരാകുന്നതും ഇതിന് പ്രധാന കാരണങ്ങളാണ്.
അറബിക് നിര്‍ബന്ധ വിഷയമായിട്ടുള്ള അപ്പര്‍ പ്രൈമറി സെക്കന്ററി ഹയര്‍ സെക്കന്ററി മദ്റസകള്‍ക്കാണ് ഹൈ-മദ്റസകള്‍ എന്നു പറയുന്നത്. ഇവിടെ ദീനിയ്യാത് എന്ന ഒരു വിഷയവും പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു. പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന ഹൈ-മദ്റസകളെ നിലവിലെ നിയമഭേദഗതി ബാധിക്കുന്നത് ദീനിയ്യാത്ത് ഒഴിവാക്കുന്നു, ഐഛിക വിഷയമായി അറബിയെ മാറ്റുന്നു എന്നിങ്ങനെ രണ്ട് രീതിയിലാണ്. മദ്റസാബോര്‍ഡിനു കീഴിലെ മറ്റൊരു സംവിധാനമാണ് മതപഠനത്തോടു കൂടി ജനറൽ വിഷയങ്ങളും നല്‍കുന്ന മദ്റസകള്‍.
പ്രീ സീനിയര്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപ്പര്‍ പ്രൈമറി യോഗ്യതയും മദ്റസ മെട്രിക്കുലേഷന്‍ അഥവാ സെക്കന്ററി ഘട്ടം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദാഖില്‍ യോഗ്യതയും നല്‍കുന്നു. ശേഷം ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹയര്‍ സെക്കന്ററി ആലിം യോഗ്യതയും തുടര്‍ന്ന് ഡിഗ്രി യോഗ്യതയായ എഫ്. എം അഥവാ ഫാദില്‍ അല്‍ മആരിഫ് പഠിക്കാനും ബിരുദമെടുക്കാനുമുള്ള അവസരമാണ്. അതിനു ശേഷം പോസ്റ്റ് ഗ്രാജ്വേഷന്‍ യോഗ്യതയായ എം.എം അഥവാ മുംതാസ് അല്‍ മുദരിസീന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദാനന്തര ബിരുദ യോഗ്യതയും നല്‍കുന്നു.
എല്ലാ സര്‍ട്ടിഫിക്കറ്റുകളും തുല്യമാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാരി മദ്റസകളില്‍ പഠിച്ചവര്‍ക്ക് ജനറല്‍ വിഷയങ്ങളില്‍ ഉപരിപഠനം ചെയ്യണമെങ്കില്‍ ജനറല്‍ ഹയര്‍ സെക്കണ്ടറി നിര്‍ബന്ധമായി വരുന്നു എന്നതിനാല്‍ ആ രംഗം മദ്റസാ സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് അപ്രാപ്യമാണ്. നിലവാരമില്ലാത്ത വിദ്യാഭ്യാസമാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുമ്പോഴും കൂരിരുട്ടില്‍ മുനിഞ്ഞു കത്തുന്ന ഇത്തിരി വെട്ടം കൂടി ഈതിക്കെടുത്താനുള്ള കുടില തന്ത്രമാണിതിനു പിന്നിലെ പ്രചോദനം എന്ന തിരിച്ചറിവു കൂടിയുണ്ടാകുമ്പോഴേ പ്രശ്നത്തിന്റെ ആഴവും പരപ്പും വ്യക്തമാവുകയുള്ളൂ.
വര്‍ത്തമാന രാഷ്ട്രീയം
മുസ്‍ലിം ലീഗ് നടപ്പിലാക്കിയ പദ്ധതി എന്ന ലേബലില്‍ മദ്റസാസംവിധാനത്തെ സമുദായവല്‍ക്കരിക്കുകയും ഭൂരിപക്ഷമുള്ള ഹിന്ദു സമുദായത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിനായി മുസ്‍ലിം വിരുദ്ധ നീക്കമായി മദ്റസാ ഭേദഗതി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുകയാണ് ആസാം വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ നവമുന്നേറ്റം. മദ്റസാ സംവിധാനത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ മതവിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭൌതികവിദ്യയെ പൂര്‍ണ്ണാര്‍ഥത്തില്‍ അവഗണിക്കുകയും ചെയ്യുകയാണ് എന്ന് നിഗമിക്കുന്ന ഗ്വാഹട്ടി സര്‍വൃകലാശാലയിലെ ഗവേഷണം ഉയര്‍ത്തിക്കാട്ടി മനുഷ്യാവകാശലംഘനമാണെന്ന് കൂടി മദ്റസാസംവിധാനത്തെ വിമര്‍ശിക്കുന്നുണ്ട്.
വര്‍ഗീയതയുടെ പൊതുമുഖം മറച്ചു വെക്കാനായി മദ്റസാസംവിധാനത്തിനു സമാനമായ ഹിന്ദു ഗുരുകുലങ്ങള്‍ സംസ്കൃത സര്‍വ്വകലാശാലക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീരുമാനവും ഇതിനൊപ്പമുണ്ട്.
മുസ്‍ലിം പക്ഷവായനകള്‍
സര്‍ക്കാര്‍ ഉദ്യോഗതലങ്ങളില്‍ പ്രാതിനിധ്യം സൂക്ഷ്മസംഖ്യയില്‍ മാത്രമുള്ള മുസ്‍ലിം സമുദായത്തിന്റെ ഏക ആശ്വാസമായിരുന്നു സര്‍ക്കാരി മദ്റസയും സാധ്യതകളും.
അതു പൂര്‍ണ്ണമായും എടുത്തു മാറ്റപ്പെടുമ്പോള്‍ ഇനി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ല എന്നു മാത്രമല്ല ഇതുവരെയുണ്ടായിരുന്നവര്‍ വഴിയാധാരമാവുക കൂടിയാണ് സംഭവിക്കുന്നത്. ഇതു വരെയുള്ള സര്‍ക്കാര്‍ നയം വിശ്വസിച്ച് ഈ സംവിധാനം ഉപയോഗപ്പെടുത്തിയവരുടെ വിദ്യാഭ്യാസം അസാധുവാക്കുന്നതിലൂടെ ഒരു സമുദായത്തിന്റെ വിശ്വാസത്തെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതു വരെ അഭ്യസ്‌തവിദ്യനായിരുന്നയാള്‍ ഇനി മുതല്‍ നിരക്ഷരനാണെന്നു പറഞ്ഞ് അടിസ്ഥാനവിദ്യാഭ്യാസമെന്ന മനുഷ്യാവകാശം ലംഘിക്കുയാണ് സര്‍ക്കാര്‍ നയം. ജനറല്‍ മദ്റസകളില്‍ തങ്ങളുടെ മക്കളെ പഠിപ്പിക്കില്ല എന്നു തീരുമാനിക്കുന്ന രക്ഷിതാക്കള്‍ സര്‍ക്കാരീ മദ്റസകളിലാണ് അഭയം പ്രാപിച്ചിരുന്നത്. ഈ വിദ്യാഭ്യാസം നിലക്കുന്നതിലൂടെ ഒരു വിഭാഗം തികഞ്ഞ നിരക്ഷരതയിലേക്ക് വലിച്ചെറിയപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
സമുദായ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ ഭക്ഷണവും താമസവും സൌജന്യമായി നല്‍കിയിരുന്നവര്‍ ഒരിക്കലും ജനറല്‍ സ്‌കൂളുകള്‍ക്കത് നല്‍കാന്‍ തയ്യാറാകില്ല എന്നതിനാൽ അനേകം പ്രതിസന്ധികള്‍ അവിടെയും നേരിടേണ്ടി വരും. ഇത്തരം ഒരു പഠനസംവിധാനം സമുദായത്തിന്റെ, -മുഴുപ്പട്ടിണിയെ അരപ്പട്ടിണിയെങ്കിലും ആക്കാനുള്ള- നിലനില്‍പ്പിന്റെ ഭാഗമായിരുന്നു എന്ന തിരിച്ചറിവാണ് നിലവിലെ ചലനങ്ങള്‍ക്ക് കാരണം എന്നും വിലയിരുത്താം.
പറഞ്ഞുവരുന്നത്
അമ്പതു വര്‍ഷം മുമ്പുള്ള പുരാതന സംവിധാനത്തില്‍ നിന്നും മാറാന്‍ തയ്യാറായില്ല എന്ന ധാര്‍ഷ്ട്യമോ കഴിവുകേടോ ആണ് നിലവാരമില്ലാത്ത വിദ്യാഭ്യാസത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വമുള്ള അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയപ്പെടാന്‍ കാരണമായതെന്ന് പറയാതെ വയ്യ. വിദ്യാഭ്യാസപുരോഗതിക്കൊപ്പം അനിവാര്യമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതു തന്നെയാണ് ഇതിനുള്ള ഏക പരിഹാരം. സര്‍ക്കാരീ മദ്റസകളില്‍ നിന്നും മാറി സ്വകാര്യ സംവിധാനങ്ങളായി തന്നെ സമന്വയ സംവിധാനങ്ങളെ മാതൃകയാക്കാന്‍ തയ്യാറായാല്‍ ആമൂലാഗ്രം മാറ്റം സാധ്യമാക്കാന്‍ സാധിക്കും, തീര്‍ച്ച. അത്തരം പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ അവലംബിക്കല്‍ സമുദായത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് തിരിച്ചറിയുന്ന നേതൃത്വം കൂടിയുണ്ടാകുമ്പോള്‍ മാത്രമേ യഥാര്‍ഥ മാറ്റങ്ങള്‍ ഉടലെടുക്കുകയുള്ളു എന്നതാണ് വാസ്തവം.
Leave A Comment