ജനറല്‍ അസംബ്ലിയില്‍ ഇടിമുഴക്കം തീര്‍ത്ത ഉര്‍ദുഗാന്‍റെ പ്രസംഗം
തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കശ്മീര്‍, സിറിയ, ഫലസ്തീന്‍ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് കൊണ്ട് 74ാം ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം സര്‍വ്വ ഭീകരവാദികളെയും അടിച്ചമര്‍ത്തിക്കൊണ്ടല്ലാതെ സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നമുക്ക് സാധിക്കില്ല. ഈ ഭീകരവാദ സംഘങ്ങളെല്ലാം ഒരേ നാണയത്തിന്‍റെ വിവിധ വശങ്ങളാണെന്ന സത്യം നാം മനസ്സിലാക്കിയിരിക്കണം. സിറിയയില്‍ ഒരു സേഫ് സോൺ (സുരക്ഷാ മേഖല) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. (തുര്‍ക്കിയുടെ അതിര്‍ത്തിയിലെ ഉദ്ദിഷ്ട സമാധാന മേഖലയുടെ മാപ്പ് ഉയര്‍ത്തിക്കാണിച്ച് കൊണ്ട്) ഇതാ ഇത് ഞങ്ങളുടെ അതിര്‍ത്തിയാണ്. മുപ്പത് കി.മീറ്റര്‍ വീതിയും 380 കി.മീറ്റര്‍ നീളവുമുള്ള ഒരു സമാധാനപൂര്‍ണ്ണമായ ഇടനാഴി സ്ഥാപിക്കലാണ് ഞങ്ങളുടെ ലക്ഷ്യം. ഇങ്ങനെയൊരു സമാധാന ഇടനാഴി സ്ഥാപിക്കാനായാല്‍ 20 ദശലക്ഷം സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനാവും. ലോകരാജ്യങ്ങളോടും അമേരിക്ക, റഷ്യ, ഇറാന്‍ റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്, നമുക്ക് ടെന്‍റുകളില്‍ കഷ്ടപ്പെടുന്ന അഭയാര്‍ഥികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മടക്കി അയക്കാം. അതിനായി നമുക്ക് കൈകോര്‍ക്കാം. യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇവിടെ ഗുണം ചെയ്യുകയുള്ളൂ. (ഐലാന്‍ കുര്‍ദിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച്) അയ്ലാന്‍ കുര്‍ദിയെന്ന കുഞ്ഞിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാവരും മറന്ന് പോയി. ഈ അവസ്ഥ നമുക്കാര്‍ക്കും സംഭവിക്കാം. 1947, ഫലസ്ഥീന്‍ ഇസ്രായേല്‍ മാപ്പ് ഉയര്‍ത്തിപ്പിടിച്ച്. നിങ്ങള്‍ നോക്കൂ ഇത് 1947 ലെ ഫലസ്തീന്‍ മാപ്പാണ്. ഇതില്‍ ഇസ്രായേല്‍ കാണുന്നുപോലുമില്ല. ഇത് മുഴുവന്‍ ഫലസ്തീന്‍ ഭൂമികയായിരുന്നു. 1947 ല്‍ ഇസ്രായേല്‍ ഒരു വിഭജന പദ്ധതി തുടങ്ങി വെച്ചു. അങ്ങനെ പതുക്കെ പതുക്കെ അത് വികസിച്ച് കൊണ്ടിരുന്നു. ഫലസ്തീനാവട്ടെ ചെറുതാവുകയാണുണ്ടായത്. 1967 ലെത്തിയപ്പോഴേക്കും ഇസ്രായേലിന്‍റെ വികാസം ധ്രുതഗതിയിലായി. ഫലസ്തീന്‍ പ്രദേശങ്ങളെല്ലാം ഇസ്രായേലിന്‍റെ ഭാഗമാക്കി കൂട്ടിച്ചേര്‍ത്ത് കൊണ്ടിരുന്നു. ഇന്നത്തെ മാപ്പ് നോക്കൂ (ചിത്രത്തില്‍ ഒരു പൊട്ട് പോലെ ഗാസ മുനമ്പും വെസ്റ്റ് ബാങ്കും, ബാക്കി മുഴുവന്‍ ഇസ്രായേലുമാണ്) ഇവിടെ ഫലസ്തീനെ കാണുന്നുപോലുമില്ല. ഇത്രയധികം പിടിച്ചെടുത്തിട്ടും ഇസ്രായേലിന് മതിയായിട്ടില്ല. ദിനം പ്രതി പുതിയ ഫലസ്തീന്‍ പ്രദേശങ്ങള്‍ അവര്‍ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ത്ത് കൊണ്ടേയിരിക്കുകയാണ്. ഏക്യരാഷ്ട്ര സഭയിലും, ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയിലും ഇസ്രായേലിനെതിരെ നിരവധി തീരുമാനങ്ങള്‍ പാസ്സാക്കപ്പെട്ടിട്ടുണ്ട്. അവ എന്നെങ്കിലും നടപ്പിലായിട്ടുണ്ടോ? ഇല്ല, അവയൊന്നും നടപ്പില്‍ വന്നിട്ടില്ല. ഇതൊന്നും ചെയ്യാതെ പിന്നെ ഐക്യരാഷ്ട്രസഭ എന്തിനുള്ളതാണ്. അന്താരാഷ്ട്ര സമൂഹം നിശബ്ദത പാലിച്ച് കൊണ്ടിരിക്കുന്ന മറ്റൊന്ന് 72 വര്‍ഷങ്ങളായി പരിഹാരം കാത്ത് കിടക്കുന്ന കശ്മീര്‍ പ്രശ്നമാണ്. ദക്ഷിണേഷ്യയുടെ വളര്‍ച്ചയും പുരോഗതിയും കശ്മീര്‍ വിഷയത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത കാര്യമാണ്. ഐക്യരാഷ്ട്ര സഭയും സുരക്ഷാ സമിതിയും നിരന്തരമായി ആവശ്യപ്പെട്ടിട്ടും കശ്മീരില്‍ ഇപ്പോഴും നിരോധനാവസ്ഥ നിലനില്‍ക്കുകയാണ്. ഇത് പ്രകാരം ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ 8 ദശലക്ഷം ജനങ്ങള്‍ പ്രദേശത്ത് മറ്റെവിടെയും പോകാനാവാതെ ബന്ധിതരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter