രാജ്യസ്‌നേഹിയായ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി
'കൊല്ലുന്നവരെ കണ്ണ് മൂടിക്കെട്ടുന്ന ഒരു ശീലം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു. എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകളിലെ കെട്ടുകള്‍ അഴിച്ചുമാറ്റണം, ചങ്ങലകള്‍ ഒഴിവാക്കണം, എനിക്ക് നിവര്‍ന്ന് നിന്ന് മരിക്കണം. എന്റെ നെഞ്ചത്ത് തന്നെ നിങ്ങള്‍ വെടിവെക്കണം'' (ഹിച്ച്കോക്ക് മലബാര്‍ റിബല്യന്‍ P:102)
1921 ലെ മലബാര്‍ വിപ്ലവത്തിലെ നായകനും ധീരദേശാഭിമാനിയും ബ്രിട്ടീഷുകാരുടെ പേടിസ്വപ്‌നവുമായ വാരിയന്‍ കുന്നത്ത് കുഞ്ഞഹ്മദ് ഹാജി ബ്രിട്ടീഷുകാരുടെ മുഖത്തുനോക്കി തന്റെ വധശിക്ഷ നടപ്പിലാക്കുന്ന സമയത്ത് വാക്കുകളാണിവ. ചതിയിലൂടെയും വഞ്ചനയിലൂടെയും ഹാജിയെ കീഴടക്കുകയായിരുന്നു, കലക്ടര്‍ ഗേലി,ഡി.എസ്.പി ഹിച്ച്‌കോക്ക്, പട്ടാളത്തലവന്‍ ഹംഫ്രി,ഡിവൈഎസ്പി ആമു,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാരായണമേനോന്‍ എന്നിവരായിരുന്നു വധശിക്ഷ നടപ്പിലാക്കുന്ന വിചരാണ വേളയില്‍ കുഞ്ഞഹ്മദ് ഹാജിയുടെ മുമ്പില്‍ ഉണ്ടായിരുന്നത്.
ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയാല്‍ ശിഷ്ടകാലം മക്കയില്‍ കഴിയാം എന്ന് ഹിച്ച്‌കോക്ക് പറഞ്ഞപ്പോള്‍ കുഞ്ഞഹ്മദ് ഹാജി പറഞ്ഞത് ഇങ്ങനെയാണ് :
'നാല് തവണ മക്കയില്‍ പോവുകയും പലവര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഒരുപാട് തവണ ഹജ്ജ്കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്ത എന്നെയും കുടുംബത്തെയും ചരിത്രപരമായി തന്നെ പഠിച്ചറിഞ്ഞ ബ്രിട്ടീഷുകാരനെന്ന നിലക്ക് താങ്കള്‍ എന്നെ പ്രലോഭിപ്പിക്കാന്‍ വേണ്ടി മക്കയുടെ പേരുപയോഗിച്ചത് വളരെ തരംതാന്നതായിപ്പോയി,ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു, എന്ന് കരുതി മക്കയിലല്ല ഞാന്‍ പിറന്നത്, ഇവിടെ വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്.ഇതാണെന്റെ നാട്, ഈ ദേശത്തെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്.ഇവിടെതന്നെ മരിക്കുകയും ഈ മണ്ണില്‍ ലയിച്ച് ചേരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവനാണ് ഞാന്‍.'
ആരായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹ്മദ് ഹാജിയെന്ന ചോദ്യത്തിന് തന്റെ അന്ത്യഅഭിലാഷമായി ബ്രിട്ടീഷുകാരോട് പറഞ്ഞ വാക്കുകള്‍ തന്നെ ധാരാളമാണ്. 1921 ലെ മലബാര്‍ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീരദേശാഭിമാനിയായവാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജിയെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്, ആലിമുസ്‌ലിയാരും ചെമ്പ്രശ്ശേരി തങ്ങളും സീതിക്കോയ തങ്ങളുടെയും ഒപ്പം ഖിലാഫത്ത് പ്രസ്ഥാനത്തില്‍ നായക സ്ഥാനത്ത് നിന്ന് തന്നെ പോരാടിയ വീരചരിത്രം.
1700 കളില്‍ കച്ചവട താത്പര്യവുമായി വന്ന ബ്രീട്ടീഷുകാര്‍ പിന്നീട് ഇന്ത്യന്‍ മണ്ണില്‍ സ്ഥിരതാമസമാക്കുകയും ഒരുപാട് പ്രദേശങ്ങള്‍ തങ്ങളുടെ അധികാരകേന്ദ്രമായി പ്രഖ്യാപിക്കുകയും കോളോണിയല്‍ വാഴ്ചകള്‍ തുടരുകയും ചെയ്തു, ആളുകള്‍ പൊറുതിമുട്ടി, അതിന്റെ ഭാഗമായി കേരളത്തിന്റെ മണ്ണിലും ബ്രീട്ടീഷുകാര്‍ തങ്ങളുടെ കൊളോണിയല്‍ ഭരണങ്ങള്‍ തുടര്‍ന്നു, ബ്രിട്ടീഷുകാര്‍ക്കെതിരെ 1857 ല്‍ ഇന്ത്യയൊട്ടാകെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്നു, കേരളത്തിലും പ്രത്യേകിച്ച് മലബാറിലും അതിന്റെ അലയൊലികളുണ്ടായി, പറങ്കികളോട് യുദ്ധം ചെയ്ത പാരമ്പര്യം പിന്തുടര്‍ന്ന് മാപ്പിളമാര്‍ ബ്രിട്ടീഷുകാരോടും ചെറുത്ത്‌നില്‍പ്പ് തുടര്‍ന്നു, 1920 ലായിരുന്നു ആ മലബാര്‍ വിപ്ലവത്തിന്റെ മൂര്‍ധന്യ സമയം, ആ വിപ്ലവത്തില്‍ ബ്രിട്ടീഷ് സാമ്ര്യാജ്യത്വത്തിനെതിരെ നെഞ്ചുവിരിച്ച് പോരാടിയ ധീരദേശാഭിമാനിയായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി. ഖിലാഫത്ത് പ്രസ്ഥാനം സജീവമായ 1920കളില്‍ ഹാജി നേതൃനിരയിലെത്തി, അക്കാലത്താണ് ബ്രിട്ടീഷുകാരെ വിറപ്പിച്ച ആറുമാസക്കാലം നീണ്ടുനിന്ന 200ലധികം ഗ്രാമങ്ങള്‍ ഉള്‍കൊള്ളുന്ന തന്റെ മലയാളരാജ്യ റിപ്പബ്ലിക്ക് ഹാജി നടപ്പില്‍ വരുത്തിയത്.അതേ കുറിച്ച് ഹിച്ച്‌കോക്ക് തന്നെ തന്റെ മലബാര്‍ റിബല്യനില്‍ വിവരിക്കുന്നുണ്ട്.
നെല്ലിക്കുത്ത് ചക്കിപ്പറമ്പന്‍ മൊയ്തീന്‍കുട്ടിഹാജിയുടെയും തുവ്വൂര്‍ പറവട്ടില്‍ കുഞ്ഞായിശയുടെയും മകനായി 1873 ലാണ് കുഞ്ഞഹ്മദ് ഹാജി ജനിക്കുന്നത്, 1894 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മണ്ണാര്‍ക്കാട് യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതിന് പിതാവിനെ ബ്രിട്ടീഷ് കോടതി അന്തമാനിലേക്ക് നാടുകടത്തിയിരുന്നു. അതിന് ശേഷം ഉമ്മയുടെ വീട്ടിലാണ് കുഞ്ഞഹ്മദ് ഹാജി വളര്‍ന്നത്, ഇംഗ്ലീഷിലും മലയാളത്തിലും വിദ്യഭ്യാസം നേടി, ബാലകൃഷ്ണനെഴുത്തഛന്‍, വളളുവങ്ങാട് പ്രൈമറി സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്നായിരുന്നു വിദ്യഭ്യാസം. കുന്നുമ്മല്‍ കുഞ്ഞിക്കമ്മുമൊല്ല എന്ന ഗുരുനാഥനില്‍ നിന്ന് നെല്ലികുത്തുള്ള ഒത്തുപ്പള്ളിയില്‍ നിന്ന് ഖുര്‍ആന്‍ പാരായണവും ആലിമുസ്‌ലിയാരുടെ ജേഷ്ഠ സഹോദരനായ മമ്മദ് കൂട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ നിന്ന് മത വിദ്യഭ്യാസവും നേടി.
യുവാവായ സമയത്ത് നെല്ലിക്കുത്തില്‍ പലചരക്ക് വ്യാപരത്തിലേര്‍പ്പെട്ടിരുന്നു, കച്ചവടക്കാരനായ പിതാവിനൊപ്പം അത്തരം ജോലികള്‍ ചെയ്തും സഹായിച്ചുമുള്ള ശീലവും ഹാജിക്ക് ഉണ്ടായിരുന്നു. ഈ സമയത്ത് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്തിരുന്നു.1920 ല്‍ ഖിലാഫത്ത് പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും സജീവമാകുന്ന സമയത്താണ് ആലി മുസ്‌ലിയാരുടെ സന്തത സഹചാരിയായി വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി നേതൃനിരയിലേക്കെത്തുന്നത്. 1920 ജൂലൈ 18 ന് കോഴിക്കോട് ജൂബിലിഹാളില്‍ നടന്ന ഖിലാഫത്ത് കമ്മിറ്റി രൂപീകരണ യോഗം മുതല്‍ ഖിലാഫത്ത് നിസ്സഹരണ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി ഹാജി മാറുകയായിരുന്നു.
ബ്രിട്ടീഷുകാരുടെ വേട്ടയാടല്‍ കാരണം ഹാജിക്ക് മൂന്ന് തവണയാണ് നാട് വിടേണ്ടി വന്നത്. ഈ കൂട്ടത്തില്‍ ബോംബയില്‍ കുറച്ച് കാലം താമസിച്ചു, അക്കാലത്താണ് ഹിന്ദി ഉറുദു അദ്ദേഹം പഠിച്ചത്. 1896 ലെ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ മക്കയിലേക്ക നാടുകടത്തി,1905 ല്‍ മൂന്ന് ഹജ്ജ് കഴിഞ്ഞാണ് കുഞ്ഞഹ്മദ് ഹാജി നെല്ലിക്കുത്തി തിരിച്ചെത്തിയത്. ജന്മനാട്ടില്‍ കയറരുതെന്ന ആദ്യ വിലക്കുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. വിവാഹവും ഇതേ വര്‍ഷത്തില്‍ നടന്നു. ഉണ്ണി മുഹമ്മദിന്റെ മകള്‍ റുഖിയ്യയായിരുന്നു വധു. 1908 ല്‍ ഇവര്‍ മരിച്ചപ്പോള്‍ സൈനബ എന്നവരെയും പിന്നീട് 1920 അമ്മാവന്‍ കോയാമ്മു ഹാജിയുടെ മകന്‍ മാളു ഹജ്ജുമ്മയെയും അദ്ദേഹം വിവാഹം കഴിച്ചിട്ടുണ്ട്.
1914 ല്‍ ഹാജി വീണ്ടും മക്കത്തേക്ക് പോയി. വീണ്ടും അദ്ദേഹം ഹജ്ജ് ചെയ്തു. 1916 ല്‍ കളക്ടര്‍ ഇന്നിസിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് കേസുണ്ടെങ്കിലും തെളിവില്ലെന്ന് കണ്ട് വിട്ടയച്ചു. കലാപത്തിന്റെ മറവില്‍ കൊള്ളനടത്തുന്നവര്‍ക്കും അക്രമം നടത്തുന്നവര്‍ക്കും കുഞ്ഞഹ്മദ് ഹാജി കനത്ത ശിക്ഷ വിധിച്ചു.വാരിയന്‍കുന്നത്തെ മാപ്പിളപ്പടയുടെ നായകന്‍ നാരായണന്‍ നമ്പീശന്‍ ആയിരുന്നു. 1920 കളില്‍ ഓരോ പ്രദേശങ്ങളിലും ഖിലാഫത്ത് കമ്മറ്റികള്‍ രൂപീകരിച്ചു, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും എം.പിനാരായണമേനോനും നെല്ലികുത്തെത്തി അവരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ഖിലാഫത്ത് കമ്മറ്റിയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജിയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു,
ഖിലാഫത്ത് കമ്മറ്റി പ്രസിഡണ്ടായ ശേഷം പാണ്ടിക്കാട് മസ്ജിദില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി പ്രസംഗം കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
'ബ്രിട്ടീഷ് സര്‍ക്കാറിനെ പിന്താങ്ങുന്നവരെ സമുദായമേതെന്ന് നോക്കാതെ കര്‍ശനമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.നിസ്സഹകരണ പ്രസ്ഥാനത്തിന്റെ വിജയത്തിന് വേണ്ടി ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.തുടര്‍ന്ന് മഹാത്മാഗാന്ധിയുടെയും അലി സഹോദരന്മാരുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരുസര്‍ക്കാര്‍ ആസന്നഭാവിയില്‍ അധികാരത്തില്‍ വരും.'
1921 ആഗസത് 21 നാണ് കിഴക്കന്‍ ഏറെനാടിന്റെ ഉരുക്കുമനുഷ്യനായ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി ബ്രിട്ടീഷുകാരോട് നേരിട്ടുള്ള ഏററുമുട്ടലിന് ആഹ്യാനം ചെയ്യുന്നത്. പോരാട്ടങ്ങള്‍ ഹിന്ദു-മുസ്‌ലിം ലഹളയായി മാറാതിരിക്കാന്‍ കുഞ്ഞഹ്മദ് ഹാജി പ്രത്യേകം ശ്രദ്ദിച്ചു.
ഹിന്ദുക്കളുടെ രാജാവായും മുസ്‌ലിംകളുടെ അമീറായും ഖിലാഫത്ത് പട്ടാളത്തിന്റെ കേണലായുമാണ് മലയാളരാജ്യത്ത് ഹാജി തന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ചത്.
1921 ആഗസ്ത് 24 ന് ഏതാനും അക്രമികള്‍ മഞ്ചേരിയിലെ പുല്ലൂര്‍ നമ്പൂതിരി ബാങ്ക് കൊള്ള ചെയ്യാനും നിലമ്പൂര്‍ കോവിലകത്തേക്ക് അതിക്രമിച്ച് കടക്കാനും മഞ്ചേരി ഖജനാവ് നശിപ്പിക്കാനുമൊക്കെയുളള ശ്രമങ്ങളെ അദ്ദേഹം എതിര്‍ത്തു.കവര്‍ച്ച തടയുന്നതിന് പ്രത്യേകം കാവല്‍ ഏര്‍പ്പെടുത്തി, അക്രമസാധ്യതയുള്ള ഹിന്ദു വീടുകള്‍ക്ക് മാപ്പിളമാരെ കാവല്‍ലേര്‍പ്പെടുത്തുകയെന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. ബ്രിട്ടീഷുകാര്‍ തോറ്റോടിയ തിരൂരങ്ങാടി പോരാട്ടത്തിലേക്ക് കുഞ്ഞഹ്മദ് ഹാജി 6000ത്തോളം ഖിലാഫത്ത് സൈനികരുമായാണെത്തിയത്.
അക്കാലത്ത് അപ്പുനായര്‍ എന്നൊരാള്‍ മാപ്പിളമാര്‍ തന്നെ ആക്രമിച്ചു പരിക്കേല്‍പിച്ചതായി ഹാജിയോട് പരാതിപ്പെട്ടു,പരാതിന്മേല്‍ അന്വേഷണം നടത്തുകയും കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പിടികൂടി ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്തിരുന്നുവെന്ന് 1921 ഒക്ടോബര്‍ 29 ന് കേരളപത്രിക എന്ന വര്‍ത്തമാന പത്രം റിപ്പോര്‍ട്ട് ചെയ്തത് മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
Also Read:ചോരപുരണ്ട തിരൂരങ്ങാടി
ഡോ. എ.പി ഇബ്രാഹിം കുഞ്ഞ് തന്റെ മാപ്പിള മുസ്‌ലിംസ് ഓഫ് കേരള എന്ന് പുസ്തകത്തില്‍ ഹാജിയുടെ നിയമനടപടികളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. 'മോഷണമോ നിര്‍ബന്ധിത മതപരിവര്‍ത്തനമോ ഒരുതരത്തിലും അവിടെ അനുവദിച്ചിരുന്നില്ല.പാസ്സില്ലാതെ അവിടേക്ക പ്രവേശിപ്പിക്കുകയോ അവിടെ നിന്ന് പുറത്തേക്ക് വിടുകയോ ചെയ്തിരുന്നില്ല'
ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ വിരിമാറ് കാട്ടി ധീരതയോടെ പൊരുതിയ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജിയെ കെണിയൊരുക്കി കാത്ത നിന്ന് ചതിയിലൂടെ കീഴ്‌പെടുത്തി 1920 ജനുവരി 20 ന് കോട്ടക്കുന്ന് ചെരുവില്‍ വെച്ച് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കി. മൃതദേഹം കത്തിച്ചു, ഭയന്ന് ചാരത്തില്‍ നിന്ന് എല്ലുകള്‍ പെറുക്കിയെടത്ത് ബാഗിലാക്കി ബ്രിട്ടീഷുകാര്‍ കൊണ്ടുപോയി. ബ്രിട്ടീഷുകാരുടെ പിന്മുറക്കാര്‍ കുഞ്ഞഹ്മദ് ഹാജിയുടെ ഓര്‍മ്മകളെ പോലും ഭയക്കുന്നുവെന്നാണ് സമീപകാല പ്രതികരണങ്ങളില്‍ നിന്ന് ബോധ്യമാവുന്നത്. ആ ധീരദേശാഭിമാനിയെയും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളും മലയാളരാജ്യത്തെയും എക്കാലവും ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും.
അബ്ദുല്‍ ഹഖ് എ.പി മുളയങ്കാവ്.
Leave A Comment