ഹജ്ജും വ്യാപാരവല്‍കരിക്കപ്പെടുന്നു

ആരാധനകളുടെ മൗലികത തന്നെ വിശുദ്ധിയാണ്. നിഷ്‌കളങ്കായി അല്ലാഹുവിന് കീഴ്‌പ്പെടുക. പരലോക രക്ഷയും പ്രതിഫലവുമാണ് ലക്ഷ്യം. ഈ വീക്ഷണം പലപ്പോഴും പലരും നിരാകരിക്കുന്നു.

ഹജ്ജ് താരതമ്യേനെ ലളിതമായ ഇബാദത്താണ്. കേവലം ആറ് ഫര്‍ളുകളുള്ള ഇബാദത്ത്. നിശ്ചിത സമയത്ത് നിശ്ചിത സ്ഥലങ്ങളില്‍ വെച്ച് എന്നതാണ് ഹജ്ജിന്റെ വേറിട്ട വിശേഷത. എന്നാല്‍ അന്തര്‍ദേശീയമായി തന്നെ ഹജ്ജും കച്ചവട ഉപകരണമായി ഉപയോഗപ്പെടുത്താനാണ് ലാഭമാഗ്രഹിക്കുന്നവര്‍ ശ്രമിക്കുന്നത്.

അപരിചിതരും ആനാരോഗ്യമുള്ളവരും ഭാഷാ പരിമിതിയുള്ളവരും അങ്ങനെ പലവിധ സഹായങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് സേവനമെന്ന നിലക്ക് ഹജ്ജ് സര്‍വീസുകള്‍ ചെയ്തുവരുന്ന സുമനസ്സുകള്‍ ധാരാളം അന്നും ഇന്നുമുണ്ട്.

ഖുദ്ദാമുല്‍ ഹജ്ജാജ് എന്ന പേരിലൊക്കെ അറിയപ്പെട്ടിരുന്നവര്‍ വംശനാശം സംഭവിച്ചിട്ടില്ല. വിശുദ്ധ സ്ഥലങ്ങളില്‍ അപരിചിതരായവര്‍ക്ക് അനുഭവപ്പെടാനിടയുള്ള പ്രയാസങ്ങള്‍ ലഘൂകരിക്കുക എന്ന മഹത്തായ സേവനലക്ഷ്യം ശ്ലാഖനീയവും പുണ്യമുള്ള കാര്യവുമാണ്. എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് ഗൈഡ് എന്ന പോലെ ഒരു തൊഴിലോ ധനലക്ഷ്യമോ വെച്ച് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആരാധനകളും വില്‍പന നടത്തി ലാഭമുണ്ടാക്കാനാവുമോ എന്ന് ചിന്തിക്കുന്നവരാണ്. അതിനാല്‍ അത് തെറ്റായ കാര്യവുമാണ്.

ഹജ്ജ് സീസണ്‍ കച്ചവടത്തിന് ഉപയോഗിക്കാനാവുമോ എന്ന ചിന്തയും ചിലര്‍ക്കുണ്ട്. ഷോപ്പിംഗ് നടത്തി മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍, വിലയേറിയ ഉപഭോഗ വസ്തുക്കള്‍ മിതമായ വിലക്ക് ലഭിക്കുന്ന വിപണി തേടിപ്പോകുന്നവര്‍ അങ്ങനെ പലവിധ പോരായ്മകള്‍ കടന്നുകൂടുന്നത് വിശുദ്ധ ഹജ്ജിന്റെ ഉന്നതമൂല്യം കളങ്കപ്പെടുത്തലാണ്.

ഹസ്‌റത്ത് ഇബ്രാഹീ(അ)മിന്റെ ചരിത്രപാഠത്തില്‍ നിന്നാണ് ഹജ്ജിന്റെ പ്രഥമ പാഠങ്ങള്‍ ലോകം പഠിച്ചുതുടങ്ങുന്നത്. അതിന് മുമ്പ് പ്രഥമ മനുഷ്യന്‍ ഹസ്‌റത്ത് ആദം(അ)മില്‍ നിന്നും തുടര്‍ന്നുവന്ന പ്രവാചകന്‍മാരില്‍ നിന്നും ഹജ്ജിന്റെ ഗുണാപാഠങ്ങള്‍ ലോകം അറിഞ്ഞിട്ടുണ്ട്. ഇവയെല്ലാം വായനക്ക് വെക്കുന്നത് നിഷ്‌കളങ്കതയുടെ ആഴങ്ങളാണ്.

കാല്‍നടയായും കാളവണ്ടികളിലും ത്യാഗമേറെ അനുഭവിച്ചു മഹാന്മാരായ എത്രയോ പൂര്‍വ്വീകര്‍  കടന്നുപോയ മക്കയിലെയും മദീനയിലെയും നാട്ടുപാതകള്‍ക്ക് വിശുദ്ധിയുടെ നൂറ് നൂറായിരം കഥകള്‍ പറഞ്ഞു തരാനാവും. ഇന്ന് രാജവീഥികളായിത്തീര്‍ന്ന വിശുദ്ധ നഗരങ്ങളിലൂടെ ഒഴുകിയൊലിക്കുന്ന ലക്ഷ്വറി വാഹനങ്ങളിരുന്നാലും കഴിഞ്ഞുപോയ കാര്യങ്ങളോര്‍ത്തുവേണം ഹാജിമാര്‍ ആരാധനകളെ സമീപിക്കേണ്ടത്.

ഭാരതത്തിന്റെ മഹാനായ പൗരന്‍, കേരള മുസ്‌ലിം ഉമ്മത്തിന്റെ ആത്മാഭിമാനത്തിന്റെ ഗ്രാഫുയര്‍ത്തിയ വിശ്വപണ്ഡിതന്‍ മര്‍ഹൂം കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ(ന:മ) ഹജ്ജ് യാത്ര സാന്ദര്‍ഭികമായി അനുസ്മരിക്കാം. രണ്ട് തവണയാണ് ഉസ്താദ് ഹജ്ജ് നിര്‍വഹിച്ചത്. രണ്ട് തവണയും മുംബൈ വഴി അക്കാലത്ത് കരിപ്പൂര്‍ എയര്‍പോര്‍ട്ടോ വിമാന സര്‍വീസുകളോ  ഉണ്ടായിരുന്നില്ലല്ലോ.?

അക്കാലങ്ങളിലും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റും കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റും ഉണ്ടെങ്കിലും കസ്റ്റംസ് മാത്രമാണ് സജീവം. ഹജ്ജ് കഴിഞ്ഞുവരുന്നവര്‍ക്ക് അനുവദിക്കപ്പെട്ട ലഗേജിനെക്കാളധികം കൊണ്ടുവരുന്നത് പരിശോധിച്ചാണ് പുറത്തു വിട്ടിരുന്നത്. ആഗോളവല്‍ക്കരണമോ ഗാട്ട്കരാറോ നിലവിലില്ലാത്ത ആ കാലഘട്ടങ്ങളില്‍ പലവിദേശ ഉല്‍പന്നങ്ങളും ഇന്ത്യയില്‍ ലഭിക്കുമായിരുന്നില്ല. ഇവിടെ തുറന്ന വിപണി ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ഉത്പന്നങ്ങളാണെങ്കില്‍ മികച്ചതോ അഴകാര്‍ന്നതോ ആയിരുന്നിമില്ല. പ്രത്യേകിച്ചും സ്വര്‍ണ ലോഹത്തിന് വമ്പിച്ച വിലവ്യത്യാസം ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ ടേപ്പ്‌റിക്കാര്‍ഡുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, സ്റ്റൗ അടുപ്പുകള്‍ അങ്ങനെ പലതും അക്കാലങ്ങളില്‍ പല ഹാജിമാരുടെയും സ്വന്തമാവശ്യത്തിനും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനും കൊണ്ടുവരിക പതിവാണ്. വളരെ വിലക്കുറവില്‍ മക്ക മാര്‍ക്കറ്റില്‍നിന്നും ലഭിക്കുന്ന തസ്ബീഹ്മാല, മുസ്വല്ലകള്‍, മുസ്ഹഫുകള്‍ എന്നിവ ഹാജിമാര്‍ കൊണ്ടുവരും. ഇതൊക്കെ ബോംബെ കസ്റ്റംസില്‍ പരിശോധിച്ചാണ് പുറത്തുവിടുക.

മഹാനായ കണ്ണിയത്ത് ഉസ്താദിന് രണ്ടുതവണയും കസ്റ്റംസ് ചെക്കിംഗ് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഒന്നും കാണിക്കാനുമുണ്ടായിരുന്നില്ല. മഹാനായ ആ സൂക്ഷ്മശാലി വിശുദ്ധ മക്കയിലെയം മദീനയിലെയും വിശുദ്ധ സ്ഥലങ്ങളാണ് കണ്ടത്. പളപളപ്പുള്ള മാര്‍ക്കറ്റുകളോ ജ്വല്ലറികളോ അദ്ദേഹം കണ്ടിരുന്നില്ല. ചിന്തിച്ചിരുന്നുമില്ല. തന്റെ വസ്ത്രവും ഇഹ്‌റാമിന്റെ വസ്ത്രവും പാരായണം ചെയ്യുന്ന ഒരു മുസ്ഹഫും പല്ലുതേക്കുന്ന മിസ്‌വാക്കും അടങ്ങിയ ഒരു സഞ്ചിയുമായാണ് അദ്ദേഹം പോയതും മടങ്ങിയതും. ബോംബെ കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തുകയും അവരുടെ ആദരം നേടുകയും ചെയ്ത ശൈഖുനാ കസ്റ്റംസ് രേഖയില്‍ കസ്റ്റംസ് ക്ലിയറന്‍സാവശ്യമില്ലാത്ത  കേരളത്തിലെ ഏക മഹാനെന്ന സ്ഥാനം നേടി. ഇബാദത്തിനപ്പുറത്ത് ഒരു മാനവും ഹജ്ജിനെന്നല്ല ഒരു ഇബാദത്തിനും വന്നുചേരരുത്.

പള്ളി നിര്‍മാണം, സംഭാവനകള്‍, അങ്ങനെ എന്തിലും മറ്റു പലതും കടന്നുകൂടുകയാണ്. ഫലമോ പ്രതിഫലം നഷ്ടമാവുന്നു. മഹാന്മാരായ  മുഹമ്മദലി ശിഹാബ് തങ്ങളും ഉമര്‍ അലി ശിഹാബ് തങ്ങളും കൈമറന്ന് സഹായിക്കുന്നവരായിരുന്നു. നിരവധി സംഘടനാ ബന്ധുക്കളെയും സാധുക്കളെയും അവര്‍ സഹായിച്ചത് എനിക്ക് നന്നായി അറിയാം. പക്ഷെ, അത് അതീവ സ്വകാര്യവും മറ്റാരും അറിയരുതെന്ന ഉന്നതഗുണവിശേഷത്തോടെയുമായിരുന്നു.

മര്‍ഹൂം ശംസുല്‍ ഉലമാക്ക് ഇശാമഗ്‌രിബിന്നിടയില്‍ സംസാരിക്കുന്നതു പോലും ഇഷ്ടമായിരുന്നില്ല. അതീവ സ്വകാര്യമായി അദ്ദേഹം അദ്കാറിലായിരുന്നു. നാം അറിയപ്പെട്ടതും അല്ലാത്തതുമായ നിരവധി മസാറുകളില്‍ ആ മഹാന്‍ പലപ്പോഴും സിയാറത്ത് ചെയ്തിരുന്നു. നാലളറിയാനോ എന്തെങ്കിലും ദുന്‍യാവിയായ നേട്ടത്തിനോ ലാഭത്തിനോ ഒരു ചെറുനീക്കം പോലും അല്ലാഹുവിനെ ഭയന്നവര്‍ ചെയ്തിരുന്നില്ല.

മര്‍ഹൂം കോട്ടുമല ഉസ്താദ് കോട്ടക്കല്‍ ചങ്കുവെട്ടിയുള്ള നിസ്‌കാര പള്ളിയില്‍ പുലരുവോളം കൊതുക് കടിയേറ്റ് കിടന്നത് വിദ്യാഭ്യാസ ബോര്‍ഡിന്റെ ഒരു പിരിവ് കഴിഞ്ഞ് വാഹനമിറങ്ങിയാണ്. പിരിവെടുത്ത തുകയില്‍ നിന്ന് ടാക്‌സി കാറ് വിളിച്ച് കാളമ്പാടിയിലേക്ക് പോയാല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ കോട്ടുമല ഉസ്താദിനെ ആരെങ്കിലും ചോദ്യം ചെയ്യുമായിരുന്നോ?

ഉള്ള കുട്ടികളുടെ എണ്ണം മാത്രം പറഞ്ഞു കിട്ടുന്ന സംഭാവന മാത്രം മതിയെന്ന് വളച്ചുകെട്ടില്ലാതെ ഗള്‍ഫില്‍ നിന്ന് പറഞ്ഞ കെ.ടി മാനു മുസ്‌ലിയാര്‍ എന്റെ അനുഭവത്തിലുണ്ട്. പാതിരാ വയള് പറഞ്ഞ് പിറ്റേദിവസം ദര്‍സിലെത്താന്‍ വേണ്ടി റോഡ് വക്കില്‍ കാത്തുനിന്ന് ലോറികള്‍ക്ക് കൈകാണിച്ചു കയറിപ്പോയ മഹാനായ മുദര്‍രിസ് സി.എച്ച്. എൈദ്‌റൂസ് മുസ്‌ലിയാര്‍ അങ്ങനെ ഓര്‍ത്തുവെക്കാനും ഓമനിക്കാനും എത്രയെത്രെ പേര്‍.

ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി എന്നാല്‍ എന്താണെന്ന് ഒരിക്കല്‍ മര്‍ഹൂം ഡോ. യു.ബാപ്പുട്ടി ഹാജി വിശദീകരിച്ചു. 'അക്കാദമി'യെന്നാല്‍ ഹഖ്ഖുല്‍ ആദമിയാവണം. ഒരു വെറും ചായപോലും സ്ഥാപനവകയില്‍ കഴിക്കാതെ പണിയെടുത്ത ആ മഹാമനുഷ്യന്റെ നിഷ്‌കളങ്കതയുടെ അംഗീകരമാവാം കേരളത്തിലെ പ്രഥമ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയായി ആ സ്ഥാപനം സ്വപന വേഗതയില്‍ വളര്‍ന്നത്. മഹാനായ ഇഎം.സാര്‍ എല്ലാ അര്‍ത്ഥത്തിലും അകളങ്കമായി ദീനീസേവനത്തിലേര്‍പ്പെട്ടു.

ഹജ്ജ് പുണ്യമായ ഇബാദത്താണ്.  ഹജ്ജ് മഖ്ബൂലായാല്‍ ദുന്‍യാവും ആഖിറവും മെച്ചപ്പെടുമെന്നറിയുന്നവര്‍ നിഷ്‌കളങ്കമായി അതിനെ സമീപിക്കണം. പരലോകത്തേക്കൊരു പാഥേയമാണ് വിശ്വാസിക്കാവശ്യം. അതിനാവണം ഹജ്ജും സിയാറത്തുമെല്ലാം. അല്ലാതെ ഇഹലോകത്തൊരു വാല് ലാഭമാവരുത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter