ബീ അമ്മാന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ പര്‍ദ്ദധാരി

ബ്രിട്ടീഷ് രാജ് ഇന്ത്യ അടക്കി വാഴുന്ന കാലഘട്ടം, ഖിലാഫത്ത് സമ്മേളനത്തിനിടെ ദേശ വിരുദ്ധ പ്രസംഗം നടത്തിയെന്ന കുറ്റമാരോപിച്ച് അലി സഹോദരങ്ങളെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് കറാച്ചി സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുപോയി. ജയിലില്‍ വെച്ച് മൗലാനാ മുഹമ്മദലി ജൗഹറും മാതാവ് ആബാദി ബാനു ബീഗവും പരസ്പരം എഴുതിയിരുന്ന കത്തുകളിലെ വരികള്‍ ഏറെ ചിന്തനീയവും ഹൃദയസ്പര്‍ശിയുമായിരുന്നു.
 
'ഏറെ ത്യാഗം സഹിച്ച് എന്നെ വളര്‍ത്തി വലുതാക്കി, തന്റെ പക്കലുള്ള ആഭരണങ്ങള്‍ പോലും വിറ്റ് സകല സൗകര്യങ്ങളുമൊരുക്കി എന്നെ വിദേശത്തു പഠിക്കാനയച്ച എന്റെ പ്രിയപ്പെട്ട ഉമ്മാ... നിങ്ങള്‍ക്ക് കരുതലേകേണ്ട ഈ പ്രായത്തില്‍ അതിനു കഴിയാത്ത വിധം ഞാന്‍ ശത്രുവിന്റെ ജയിലറയിലാണല്ലോ... ഒരു പക്ഷെ, ഞാന്‍ കഴുമരത്തിലേറ്റപ്പെട്ടേക്കാം. അതോര്‍ത്തു എനിക്ക് ഭയമില്ല. പക്ഷേ, നാളെ ദൈവ സന്നിധിയില്‍ വിചാരണ വേളയില്‍ നിന്റെ ഉമ്മാക്ക് വേണ്ടി നീ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഞാന്‍ എന്ത് മറുപടി പറയും എന്ന കാര്യമോര്‍ത്ത് എനിക്ക് ഭയം തോന്നുന്നു', മുഹമ്മദലി കത്തില്‍ കുറിച്ചു.

'ഞാന്‍ മക്കളെ പ്രസവിച്ചതും, പഠിപ്പിച്ച് വളര്‍ത്തിയതും നാടിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് വേണ്ടി ശബ്ദിക്കാനും അതിനു വേണ്ടി പോരാടാനും തന്നെയാണ്. അത് നീ നിറവേറ്റിയിരിക്കുന്നു. ഒരു പോരാളിയുടെ മാതാവ് എന്ന പദവി നീ എനിക്ക് സമ്മാനിച്ചിരിക്കുന്നു. കഴുമരം വിധിക്കപ്പെട്ടാല്‍ ആ ശിക്ഷ ഏറ്റുവാങ്ങാന്‍ പോകുമ്പോള്‍ നിന്റെ പാദങ്ങള്‍ പതറാതിരിക്കട്ടെ, ഹൃദയം പിടയാതിരിക്കട്ടെ.', മറുപടി കത്തില്‍ മാതാവ് ആബാദി ബാനു ബീഗം കുറിച്ചു.

രാഷ്ട്ര സ്വാതന്ത്ര്യത്തിന്റെ അണിയറയില്‍ പ്രധാന കര്‍മങ്ങള്‍ വഹിച്ച പോരാളികളുടെ മാതാവ് എന്നതിനപ്പുറം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മഹിളാ ശൃംഖലയിലെ പ്രധാന കണ്ണിയായിരുന്നു 'ബീ അമ്മാന്‍' എന്ന് വിളിപ്പേരുള്ള ആബാദി ബാനു ബീഗം. 1850 ല്‍ ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയിലെ അരോംഹ ഗ്രാമത്തില്‍ ഒരു മുഗള്‍ കുടുംബത്തിലാണ് സാഹിബ ആബാദി ബാനു ബീഗം ജനിക്കുന്നത്. അന്നത്തെ രാംപൂര്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അബ്ദുല്‍ അലി ഖാനെ അവര്‍ വിവാഹം കഴിച്ചു. അവര്‍ക്കുണ്ടായ ആറുമക്കളില്‍ ഏറ്റവും പ്രധാനികളാണ് മൗലാനാ ഷൗക്കത്തലിയും മൗലാന മുഹമ്മദലി ജൗഹറും. നന്നേ ചെറുപ്പത്തില്‍ തന്നെ പിതാവ് അലി ഖാന്‍ കോളറ ബാധിച്ചു മരിച്ചു. പിന്നീട് ആബാദി മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചതേയില്ല. വലിയ കാന്തദര്‍ശിനിയായ ആ മാതാവ് മക്കള്‍ക്ക് ലാളിത്യം പകര്‍ന്ന് നല്‍കി ദീനിന്റെ വെളിച്ചത്തില്‍ വഴി നടത്തി. ആ യുവ വിധവ തന്റെ മക്കള്‍ക്ക് ലളിതമായ വസ്ത്രങ്ങളും ഭക്ഷണങ്ങളും നല്‍കി, പ്രവാചക വചനങ്ങള്‍ പകര്‍ന്നു കൊടുത്ത് വിദ്യാലയത്തിലയച്ച് പഠിപ്പിച്ചു വളര്‍ത്തിയതെങ്ങനെ എന്ന് ഗാന്ധിയുടെ പേരമകന്‍ രാജ് മോഹന്‍ ഗാന്ധി അദ്ദേഹത്തിന്റെ 'ഏയ്റ്റ് ലൈവ്‌സ്' എന്ന പുസ്തകത്തില്‍ 'എ സ്റ്റഡി ഓഫ് ദി ഹിന്ദു മുസ്‍ലിം എന്‍കൗണ്ടര്‍' എന്ന അധ്യാത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇംഗ്ലീഷുകാരെ നേരിടാന്‍ മക്കളെ ഇംഗ്ലീഷ് തന്നെ പഠിപ്പിക്കണമെന്ന നിര്‍ബന്ധം നിരക്ഷരയായ ആബാദിക്കുണ്ടായിരുന്നു. മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അയക്കാനിരുന്നപ്പോള്‍, അവരുടെ അമ്മാവന്‍ ഇംഗ്ലീഷ് പഠിപ്പിച്ചു മക്കളെ അവിശ്വാസികളാക്കാന്‍ താന്‍ കൂട്ടു നില്‍ക്കില്ല എന്ന കാരണം പറഞ്ഞ് പഠനത്തിനുള്ള പണം മുടക്കിയ വേളയില്‍, തന്റെ ആഭരണങ്ങള്‍ പണയപ്പെടുത്തിയാണ് ആബാദി തന്റെ മക്കളെ പഠിപ്പിച്ചത്. അലിഗഡ് മുസ്‍ലിം യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദധാരിയായി ഇറങ്ങിയ മുഹമ്മദലി പിന്നീട് 1898 ല്‍ മോഡേണ്‍ ഹിസ്റ്ററിയില്‍ ഗവേഷണം നടത്തുന്നതിന് ഇംഗ്ലണ്ടിലെ ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടി. ഓക്‌സ്ഫോര്‍ഡിലെ വിദ്യാഭ്യാസത്തിനു ശേഷം ഇംഗ്ലീഷ്-ഉറുദു എഴുത്ത് രംഗത്തും പത്ര പ്രവര്‍ത്തന മേഖലയിലും സജീവമാവുകയും അഖിലേന്ത്യ മുസ്‍ലിം ലീഗിന്റെ സ്ഥാപകരിലൊരാളാവുകയും ചെയ്തു. ഇക്കാലത്ത് മൗലാനാ ഷൗകത്തലിയും രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള നേതാവായി മാറിയിരുന്നു.

ഒന്നാം ലോക മഹായുദ്ധ സമയത്ത് ഇന്ത്യ ഭരിക്കുന്ന ബ്രിട്ടനും ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന തുര്‍ക്കിയും വിരുദ്ധ ക്യാമ്പുകളിലായിരുന്നതിനാല്‍, ഇന്ത്യയിലെ ഭൂരിഭാഗം മുസ്‍ലിംകളും തുര്‍ക്കിയിലെ തങ്ങളുടെ മുസ്‍ലിം സഹോദരങ്ങളുമായി യുദ്ധത്തിലേര്‍പ്പെടുന്നത് എതിര്‍ത്തു. ഇക്കാലത്ത് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം നയിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി അലി സഹോദരന്മാര്‍ സഖ്യമുണ്ടാക്കി, തുര്‍ക്കിയിലെ ഖിലാഫത്തിനെ പിന്തുണച്ചു കൊണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തിന്ന് തുടക്കം കുറിക്കുകയും ചെയ്തു. 

1857 ല്‍ ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ ശക്തിയാര്‍ജ്ജിച്ച സമയത്ത് ആബാദിക്ക് വെറും ഏഴ് വയസായിരുന്നു. കലുഷിതമായ ആ സാഹചര്യം വ്രണപ്പെടുത്തിയ പിഞ്ചു ഹൃദയത്തിന്റെ ജീവിതാഭിലാഷമായിരുന്നു രാഷ്ട്രസ്വാതന്ത്ര്യവും അതിനായുള്ള പോരാട്ടങ്ങളും. ആനി ബസന്റിന്റെ ഹോംറൂള്‍ മൂവ്‌മെന്റിലൂടെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആബാദി ആദ്യമായി ഇടപെട്ട് തുടങ്ങിയത്. അലി സഹോദരങ്ങളും ആനി ബസന്റും മറ്റു നിരവധി നേതാക്കളും തുറുങ്കിലടക്കപ്പെട്ട കാലം, അവര്‍ക്ക് വേണ്ടി ആബാദി വിവിധ സ്വാതന്ത്ര്യ സമര സമ്മേളനങ്ങളില്‍ ഹൃദയ സ്പര്‍ശിയായ പ്രസംഗങ്ങളുമായി പ്രത്യക്ഷപ്പെട്ടു. അത്തരത്തില്‍ ഒരു രാഷ്ട്രീയ സമൂഹത്തെ പര്‍ദ്ദയും ബുര്‍ഖയും ധരിച്ച് അഭിസംബോധന ചെയ്ത ആദ്യ വനിതയായിരുന്നു ആബാദി ബാനു ബീഗം എന്ന് പറയാം.

1917ലാണ് ആബാദി ഗാന്ധിയുമായുള്ള സഹവാസം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് മഹാത്മജി അവരെ 'അമ്മി ജാന്‍' എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. അക്കാലത്ത് ഏറെ പ്രചാരം ലഭിച്ച ഗാന്ധി തൊപ്പി രൂപകല്‍പ്പന ചെയ്തത് ഇവരാണ്. സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളിലേക്ക് മറ്റു സ്ത്രീകളെ ക്ഷണിക്കാനും അവര്‍ക്ക് മാതൃകയാകും വിധം പ്രവര്‍ത്തിക്കാനും ഗാന്ധിയുടെ പ്രത്യേക ആശീര്‍വാദം ആബാദിക്കുണ്ടായിരുന്നു. 1917 ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെയും ആള്‍ ഇന്ത്യ മുസ്‍ലിം ലീഗ് സമ്മേളനത്തിന്റെയും പ്രധാന ഭാഗമായി. ഇതര മതസ്ഥര്‍ തമ്മിലുള്ള ഐക്യത്തിലൂടെ സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കാനാവുമെന്ന് ഊന്നിപ്പറഞ്ഞ് പ്രസംഗങ്ങള്‍ നടത്തിയ ആബാദി ഹിന്ദു മുസ്‍ലിം മൈത്രിയുടെ അംബാസിഡറായി വര്‍ത്തിച്ചു. 1919 ലെ ഖിലാഫത് സമരത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും ആബാദി തന്റേതായ രീതിയില്‍ ക്രിയാത്മക പങ്കു വഹിച്ചു. രാജ്യത്തെ പട്ടിയും പൂച്ചയും പോലും ബ്രിട്ടീഷുകാരുടെ അടിമകളാകരുതെന്നത് തന്റെ ജീവിതാഭിലാഷമാണെന്ന് വിവിധ വേദികളില്‍ പ്രസംഗിച്ചു. ഖിലാഫത് സമരത്തിന്റെ ഭാഗമായി 1922 ല്‍ തലശ്ശേരിയില്‍ നടന്ന സമ്മേളനത്തിന്റെ ഭാഗമാകാന്‍ കേരളത്തിലെത്തി. ഖിലാഫത് പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധനസമാഹരണത്തിലും ആബാദി സുപ്രധാന പങ്കു വഹിച്ചു. സ്വാതന്ത്ര്യ സമര ചെലവുകളുടെ മുഖ്യ ഉറവിടമായിരുന്ന ബാല ഗംഗാതര തിലകിന്റെ സ്വരാജ് ഫണ്ടിന്റെ പ്രധാന പ്രചാരകരിലൊരാളായിരുന്നു ഇവര്‍. 1922 ല്‍ ബീഹാറിലെ ധര്‍ഭംഗ പ്രവിശ്യയില്‍നിന്ന് മാത്രം അറുപതിനായിരം രൂപയാണ് ആബാദിയുടെ നേതൃത്വത്തില്‍ ഖിലാഫത് പ്രസ്ഥാനത്തിനായി സമാഹരിച്ചത്.

ഖിലാഫത്, നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ബി അമ്മാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് സ്ത്രീകളെ സ്വാഗതം ചെയ്ത് കൊണ്ടും, സ്വദേശി മൂവ്‌മെന്റിന്റെ ഭാഗമായി വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിക്കുന്നതിന്റെ സന്ദേശം കൈ മാറുന്നതിനും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. നിരവധി വനിതാ സംഘടനകളുടെയും നേതൃസ്ഥാനം ആബാദി വഹിച്ചിട്ടുണ്ട്. ഹസ്റത് മൊഹാനിയുടെ പത്‌നി ബീഗം ഹസ്റത് മൊഹാനി, സരള ദേവി ചൗദു റാണി, ബസന്തീ ദേവി, സരോജിനി നായിഡു എന്നിവരായിരുന്നു ആബാദിയുടെ സഹപ്രവര്‍ത്തകരില്‍ പ്രമുഖര്‍.

മൗലാനാ മുഹമ്മദലി ജൗഹര്‍ തുറുങ്കിലടക്കപ്പെട്ട വേളയിലാണ് തന്റെ മകള്‍ക്ക് ഗുരുതരരോഗം ബാധിച്ച വിവരം അറിയുന്നത്. തദവസരത്തിലാണ് സര്‍ക്കാരിനെതിരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാമെന്ന ഉപാധിയോടെ മാപ്പ് ചോദിച്ചാല്‍ മുഹമ്മദലിക്ക് ജയില്‍ മോചനം നല്‍കാം എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. പ്രസ്തുത പ്രസ്താവനയറിഞ്ഞ ആബാദി ബാനു ബീഗം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: 'ഇന്ത്യയെ കോളനിയാക്കി വെച്ചിരിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആവശ്യം അനുസരിക്കാന്‍ എന്റെ മക്കള്‍ തയ്യാറായാല്‍ അവരുടെ കഴുത്ത് ഞെരിക്കാന്‍ എന്റെ വൃദ്ധ കരങ്ങള്‍ക്ക് അല്ലാഹു ശക്തി പകരട്ടെ.'

ഒരിക്കല്‍ ആബാദി അന്നത്തെ സി.ഐ.ഡി ഡയറക്ടര്‍ ചാള്‍സിന്റെ മുഖത്ത് നോക്കി വെള്ളക്കാരെ കരിങ്കൊള്ളക്കാര്‍ എന്ന് വിശേഷിപ്പിച്ച് സധൈര്യം സംസാരിച്ചു. മാതാവില്‍ നിന്നുമാര്‍ജ്ജിച്ച ആ ധൈര്യവും സ്ഥൈര്യവുമായിരുന്നു, പിന്നീട് 1931 ലെ ഒന്നാം റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍, എണ്‍പത് രാജ്യങ്ങള്‍ അടക്കി വാഴുന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപനായ ജോര്‍ജ് അഞ്ചാമന് നേരെ വിരല്‍ ചൂണ്ടി തുര്‍ക്കിത്തൊപ്പി ധരിച്ച ആ പോരാളിയെ ബക്കിങ് ഹാം കൊട്ടാരത്തില്‍ ഗര്‍ജ്ജിക്കാന്‍ പ്രാപ്തനാക്കിയത്. 
രാഖഹാരി ചാറ്റര്‍ജിയുടെ 'ഗാന്ധി ആന്‍ഡ് അലി ബ്രദേഴ്സ്: ബയോഗ്രാഫി ഓഫ് ഫ്രണ്ട്ഷിപ്' എന്ന പുസ്തകത്തില്‍ ബി അമ്മാനെ കുറിച്ച് മൗലാനാ മുഹമ്മദലി ജൗഹര്‍ സ്മരിക്കുന്നത് ഇങ്ങനെയാണ്; 'പ്രായോഗികമായി അവര്‍ ഒരു നിരക്ഷരായാണങ്കില്‍ കൂടി, അവരേക്കാള്‍ വിവേകിയായ, വിശ്വാസിയായ മറ്റൊരു വ്യക്തിയെ, വിവിധ മേഖലകളിലെ പലതരം ആളുകളെയും പരിചയിച്ചറിഞ്ഞ ഞാന്‍ കണ്ടു മുട്ടിയിട്ടില്ല.'

ബി അമ്മാന്റെ സംഭാവനകള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇത്രയും കാലം അവഗണിച്ചു എന്നത് വേദനാജനകമാണ്. ഇവരെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നമ്മുടെ സിലബസുകളിലേക്ക് ചേര്‍ക്കപ്പെടുകയും അവ സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കപ്പെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന കുല്‍ദീപ് നെയ്യാര്‍ ഒരിക്കല്‍ ആബാദിയുടെ സംഭാവനകളെ കുറിച്ച് പറയുകയുണ്ടായി. 

മക്കളെ കൊണ്ട് അഭിമാനിയായ ആ ധീര മഹിളാരത്‌നം 1924 നവംബര്‍ പതിമൂന്നിന്ന് ഈ ലോകത്തോട് വിട പറഞ്ഞു. തന്റെ മകന്‍ മുഹമ്മദലി സ്ഥാപകരിലൊരാളായ ജാമിഅ മില്ലിയ ഇസ്‍ലാമിയയുടെ ഗേള്‍സ് ഹോസ്റ്റല്‍ കെട്ടിടം ആബാദിയുടെ സ്മരണയിലാണ് നിലകൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter