ഇമാമുല്‍ ഹറമൈനി(റ): അഞ്ചാം നൂറ്റാണ്ടിന്റെ അനുഗ്രഹം

ശാഫിഈ കര്‍മ്മശാസ്ത്രത്തെ വികസിപ്പിക്കാനും പ്രതിരോധിക്കാനും ഓരോ കാലത്തും കരുത്തുള്ള നേതൃത്വത്തിന്റെ അനുഗ്രഹമുണ്ടായിട്ടുണ്ട്. ഇമാം ശാഫിഈ(റ) തന്നുപോയ ഫിഖ്ഹിന്റെ നിദാനങ്ങളും മൗലികമായ ഉള്ളടക്കങ്ങളും അടിസ്ഥാനപ്പെടുത്തി കാലാന്തരങ്ങളില്‍ ശാഫിഈ ഫിഖ്ഹിനെ ഒരുപാട് വികസിപ്പിക്കേണ്ടിവന്നു. ഈ അനിവാര്യമായ ദൗത്യമാണ് തലയെടുപ്പുള്ള പണ്ഡിതനേതൃത്വം അതാതു കാലങ്ങളില്‍ ഏറ്റെടുത്തത്.

ഇമാം ശാഫിഈ(റ)വിന് ശേഷം പ്രധാനമായും തന്റെ ഖൗലുകളെ സമാഹരിച്ചും കിതാബുകളെ രിവായത്ത് ചെയ്തുമാണ് രണ്ടു നൂറ്റാണ്ടോളം കാലം അസ്വ്ഹാബുകള്‍ കര്‍മശാസ്ത്രത്തെ ത്വരിതപ്പെടുത്തിയത്. പിന്നീട് ഹിജ്‌റ അഞ്ചാം നൂറ്റാണ്ടോടു കൂടി ശാഫിഈ ഫിഖ്ഹിന്റെ ആശയപരവും രചനാപരവുമായ വളര്‍ച്ചയില്‍ ഏറെ സജീവത കൈവന്നു. ഫിഖ്ഹിന്റെ വികാസപരിണാമത്തില്‍ പുതിയ വഴിത്തിരിവുകള്‍ നല്‍കിയ വലിയ പ്രാധാന്യമുള്ള ഘട്ടമാണ് ഹിജ്‌റ അഞ്ചാം നൂറ്റാണ്ട്. ഇസ്‌ലാമിലെ എല്ലാ ജ്ഞാനശാഖകളിലും പ്രഗത്ഭരായ പണ്ഡിതന്മാരുണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഇമാമുല്‍ ഹറമൈനി(റ)യും അബൂ ഇസ്ഹാഖ് ശീറാസി(റ)യും അബൂ ഹാമിദ് ഗസ്സാലി(റ)യും ഈ കാലയളവില്‍ ശാഫിഈ കര്‍മ്മ ശാസ്ത്രത്തിന് സ്വന്തമായ സ്വത്വവും നിലനില്‍പ്പും നല്‍കി.

ഫിഖ്ഹിന് പുതിയ ഭാവവും ശൈലിയും നല്‍കി അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് ഇമാമുല്‍ ഹറമൈനി(റ) (ഹി. 419-478) കടന്നുവരുന്നത്. ശാഫിഈ(റ)വിന്റെ ഉമ്മ്, ഇംലാഅ്, ബുവൈത്വി, മുഖ്തസ്വറുല്‍ മുസ്‌നി എന്നീ നാലു ഗ്രന്ഥങ്ങളെ ചുരുക്കി ഒറ്റ ഗ്രന്ഥത്തിലവതരിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇമാമുല്‍ ഹറമൈനി(റ) ഏറ്റെടുത്തത്. അങ്ങനെയാണ് നിഹായ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നിഹായത്തുല്‍ മത്വലബ് ഫീ ദിറായത്തില്‍ മദ്ഹബ് എന്ന തന്റെ ഗ്രന്ഥം വിരചിതമാകുന്നത്. ശാഫിഈ(റ)വിന്റെ ഗ്രന്ഥങ്ങളെ നേരിട്ട് സമീപിച്ച് രചന നടത്തിയ ഗ്രന്ഥശ്രേണിയിലെ പ്രഥമ ഗ്രന്ഥമാണിത്. കര്‍മശാസ്ത്ര ഗ്രന്ഥ ശ്രേണിയില്‍ പില്‍ക്കാലത്തുണ്ടായ എല്ലാ ഗ്രന്ഥങ്ങളുടെയും പ്രഭവബിന്ദു എന്ന രീതിയില്‍ നിഹായ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

ഖുറാസാനിലെ നൈസാബൂര്‍ (ഇറാന്‍) എന്ന സ്ഥലത്താണ് ഇമാമുല്‍ ഹറമൈനി(റ) ജനിച്ചത്. അബുല്‍ മആലി അബ്ദുല്‍ മാലിക് ബ്‌നു അബ്ദില്ല അല്‍ ജുവൈനി നൈസാബൂരി എന്നാണ് മുഴുവന്‍ പേര്. ഇമാമുല്‍ ഹറമൈനി (രണ്ടു ഹറമുകളുടെ ഇമാം) എന്ന പേരിലാണ് ഇമാം(റ) പ്രസിദ്ധിയാര്‍ജ്ജിച്ചത്. നാലു വര്‍ഷത്തിലേറെ മക്കയിലും മദീനയിലും കഴിച്ചുകൂട്ടിയതുകൊണ്ടാണ് ഇമാമുല്‍ ഹറമൈനി(റ)ക്ക് അങ്ങനെ പേര് വന്നത്. 34

പിതാവ് അബൂ മുഹമ്മദ് അബ്ദുല്ല ബ്‌നു  യൂസുഫ് അല്‍ ജുവൈനി(റ) ഇമാമുല്‍ ഹറമൈനി(റ)യുടെ വൈജ്ഞാനിക വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തന്റെ ഗുരുവര്യരില്‍ പ്രധാനിയാണ് പിതാവ് അബൂമുഹമ്മദ് ജുവൈനി(റ). ഇമാമിന്റെ ജീവിതം ചെറുപ്പം മുതലേ സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു പിതാവിന്. അനുവദനീയമല്ലാത്ത ഒന്നും ആ ജീവിതം അനുഭവിക്കരുതേ എന്ന് പിതാവ് അബൂമുഹമ്മദ് ജുവൈനി(റ)യുടെ പ്രാര്‍ത്ഥനയായിരുന്നു. അതിനുവേണ്ടി പിതാവ് ഇമാം ജനിക്കുന്നതിനു മുമ്പേ ഒരുക്കങ്ങള്‍ ആരംഭിച്ചു.

സ്വന്തമായി ജോലി ചെയ്ത് സംശുദ്ധമായ മുതല്‍ മാത്രം സമ്പാദിച്ചിരുന്ന പിതാവ് മകന്‍ ഇമാമുല്‍ ഹറമൈനി(റ) ജനിച്ചപ്പോള്‍ ഹലാലേ ഭക്ഷിക്കാന്‍ നല്‍കാവൂ എന്ന് നിശ്ചയിച്ചു. ഒരിക്കല്‍ ഇമാമിന്റെ ഉമ്മ പിതാവിന് വേണ്ടി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇമാം മുല കുടിക്കുന്ന കുഞ്ഞും. ഇമാം കരഞ്ഞു. അയല്‍വാസികള്‍ക്ക് മുലകൊടുക്കുന്ന ഒരടിമസ്ത്രീ അവിടെയുണ്ടായിരുന്നു. അവര്‍ ഇമാമിനെയെടുത്ത് ഒന്നോ രണ്ടോ കവിള്‍ പാല് നല്‍കി. ഈ സമയത്താണ് പിതാവ് ജുവൈനി(റ) കടന്നുവരുന്നത്. ഉടനെ ജുവൈനി(റ) അതു തടഞ്ഞ് ഈ അടിമ സ്ത്രീ നമ്മുടേതല്ല എന്ന് പറഞ്ഞ് ഇമാമിനെ പിടിച്ചു വയറ്റിലുള്ളതെല്ലാം ഛര്‍ദിപ്പിച്ചു. ഒരു സംവാദസദസ്സില്‍ തന്റെ വാക്കിന് ഇടര്‍ച്ച വന്നതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ഇമാം തന്നെ പറഞ്ഞുകൊടുത്ത സംഭവമാണിത്. അബൂമുഹമ്മദ് ജുവൈനി(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ ഇബ്രാഹീം നബി(അ)യെ സ്വപ്നത്തില്‍ കണ്ടു. ഞാന്‍ നബിയുടെ കാല്‍ മുത്താന്‍ ആഗ്രഹിച്ചു. പക്ഷേ, എന്നെ ബഹുമാനിച്ച് ഇബ്‌റാഹീം(അ) എന്നെ തടഞ്ഞു. ഞാന്‍ പിന്നെ പിറകില്‍ ചെന്ന് നബിയുടെ മടമ്പ് ചുംബിച്ചു. ഉയര്‍ച്ചയും ബര്‍ക്കത്തും എനിക്ക് ശേഷം നിലനില്‍ക്കുമെന്ന് ഇതു വ്യാഖ്യാനിക്കപ്പെട്ടു. ഭൂമിയുടെ കിഴക്കും പടിഞ്ഞാറും പ്രസിദ്ധിയാര്‍ജ്ജിച്ച ഈ ഇമാമിനേക്കാള്‍ വലിയ എന്ത് ഉയര്‍ച്ചയും ബറക്കത്താണുമുണ്ടാവുക.

പിതാവില്‍നിന്ന് തന്നെയാണ് ഇമാം(റ) ഫിഖ്ഹ് പഠിച്ചത്. മകന്റെ നല്ല വൈദഗ്ധ്യവും കഴിവും കണ്ട് പിതാവ് സന്തോഷിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുമായിരുന്നു. ഇമാമിന് ഏതാണ്ട് ഇരുപത് വയസ്സ് പ്രായമായപ്പോള്‍ പിതാവ് വഫാത്തായി. അധ്യാപനത്തിനായ് പിതാവിന്റെ സ്ഥാനം ഇമാം ഏറ്റെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട വിജ്ഞാനങ്ങള്‍ പകര്‍ന്നുനല്‍കുകയും ചെയ്തു. ഇതിനിടെ അദ്ദേഹം മദ്‌റസത്തുല്‍ ബൈഹഖിയിലേക്ക് പോയി. അബുല്‍ ഖാസിം ഇസ്ഫറായിനി(റ) യില്‍ നിന്നും ഉസ്വൂലും ഉസ്വൂലുല്‍ ഫിഖ്ഹും പഠിച്ചു.

പിന്നീട് നാട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ സ്വദേശം വിടേണ്ടിവന്നു, ബഗ്ദാദിലേക്ക് പോയി. മക്കയില്‍ വന്ന് നാല് വര്‍ഷത്തോളം അധ്യാപനം നടത്തിയും ഫത്‌വകള്‍ നല്‍കിയും കര്‍മ്മശാസ്ത്രത്തെ സജ്ജീവമാക്കി. ശേഷം പ്രശ്‌നങ്ങളടങ്ങിയപ്പോള്‍ നൈസാബൂരിലേക്ക് തന്നെ തിരിച്ചുവന്നു. ഭരണാധികാരിയായിരുന്ന നിളാമുല്‍ മലിക്(റ) ലോക പ്രശസ്തമായ മദ്‌റസത്തുല്‍നിളാമിയ്യ എന്ന വൈജ്ഞാനികഗേഹം പണിയുകയും ഇമാം ഹറമൈനി(റ)യെ അതില്‍ അദ്ധ്യാപനത്തിനു നേതൃത്വം നല്‍കാന്‍ നിയമിക്കുകയും ചെയ്തു. മുപ്പത് വര്‍ഷത്തോളം നിളാമിയ്യ മദ്‌റസയില്‍ അധ്യാപനം നടത്തുകയും പണ്ഡിതന്മാരും വിദ്യാര്‍ത്ഥികളുമടക്കം മുന്നൂറിലേറെ പേര് ഇമാമിന്റെ മുന്നിലിരുന്ന് ജ്ഞാനം സ്വീകരിച്ചു.

ഇമാം ഗസ്സാലി(റ), ഇല്‍കിയാ ഹറാസി(റ), ഇമാം ഖവ്വാത്, ഇമാം ഖുശൈരി(റ)യുടെ പുത്രന്‍ അബുന്നസ്വര്‍ എന്നിവര്‍ പ്രമുഖന്മാരാണ്. തഹ്ഖീഖ് ഖവ്വാഫിക്കാണ്, ജൂസ് ഗസ്സാലിക്കാണ്, ബയാന്‍ ഇല്‍കിയാക്കും എന്ന് ഇമാം പറയാറുണ്ടായിരുന്നു. 35

പില്‍ക്കാലത്ത് ശാഫിഈ കര്‍മ്മശാസ്ത്രം നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ഇമാമുല്‍ ഹറമൈനി നല്‍കിയ സംഭാവനകള്‍ വലുതാണ്. ബൃഹത്തായ പത്തോളം ഗ്രന്ഥങ്ങള്‍ തന്നെ അദ്ദേഹം അക്കാലത്തു രചിച്ചു. നിഹായ, മുഖ്തസ്വറുന്നിഹായ, അശ്ശാവില്‍ ഫീ ഉസ്വൂലിദ്ദീന്‍, അല്‍ ബുര്‍ഹാന്‍ ഫീ ഉസൂലിദ്ദീന്‍, അല്‍ ഇര്‍ഷാദ് ഫീ ഉസൂലുദ്ദീന്‍, തല്‍ഖീസ്, ഗിയാസുല്‍ ഉമം ഫിത്തിയാസി ജലം (ഗിയാസി), മുശീസുല്‍ ഖല്‍ബ്, രിസാലത്തുന്നിളാമിയ്യ ഫില്‍ അര്‍കാനില്‍ ഇസ്‌ലാമിയ്യ (നിളാമി), മദാരികുല്‍ ഉഖൂല്‍ തുടങ്ങിയവ കര്‍മ്മശാസ്ത്രത്തിലും നിദാന ശാസ്ത്രത്തിലും വലിയ സ്വാധീനങ്ങള്‍ ചെലുത്തിയ ഗ്രന്ഥങ്ങളാണ്.

ഇമാമുല്‍ ഹറമൈനി(റ)യുടെ ഏറ്റവും പ്രസിദ്ധമായ നിഹായത്തുല്‍ മത്വലബിന്റെ രചന മുഖ്തസ്വറുല്‍ മുസ്‌നിയുടെ രചനാക്രമത്തിലാണ് മുന്നേറുന്നത്. മുഖ്തസ്വറിന്റെ ശര്‍ഹ് പോലെ തോന്നിപ്പിക്കുന്നതാണ് അതിലെ വിശദീകരണം. ശാഫിഈ(റ)വിന്റെ നാലു ഗ്രന്ഥങ്ങളെ ചുരുക്കിയാണ് ഇമാം(റ) നിഹായ രചിക്കുന്നത്. നിഹായയുടെ പ്രാധാന്യം അതിന്റെ മുഖദ്ദിമയില്‍ തന്നെ ഇമാം(റ) പറയുന്നുണ്ട്: ''യഥാര്‍ത്ഥ്യത്തില്‍ അത് നിഹായ എന്റെ ആയൂഷ്‌കാല അദ്ധ്വാനവും ചിന്താഫലവുമാണ്. അല്ലാഹുവിന്റെ സഹായത്താല്‍ ഞാനതില്‍ ചര്‍ച്ച ചെയ്യാതെ ഒരസ്വലും ഫസ്വലും ഒഴിവാക്കിയിട്ടില്ല. നിഹായ പോലെ ഇസ്‌ലാമില്‍ ഒരു ഗ്രന്ഥവും രചിക്കപ്പെട്ടിട്ടില്ലെന്ന് ഇമാമിന്റെ പ്രധാന ജീവചരിത്രകാരനായ അബ്ദുല്‍ ഗാഫിര്‍ ഫാരിസി(റ) പറയുന്നുണ്ട്. ഈ നിഹായയെ ഇഖ്തിസ്വാര്‍ ചെയ്താണ് തന്റെ ശിഷ്യന്‍ കൂടിയായ ഇമാം ഗസ്സാലി(റ) ബസ്വീത്വ രചിക്കുന്നത്.

നിളാം മലികിന് വേണ്ടി ഇമാം എഴുതിയ ഗ്രന്ഥമാണ് രിസാലത്തുന്നിളാമിയ്യ. നിളാം മാലികിലേക്ക് ചേര്‍ത്തി  അതിനെ നിളാമി എന്നും പറയപ്പെടുന്നു. ഈ ഗ്രന്ഥത്തിനു ശേഷമാണ് തന്റെ പ്രസിദ്ധമായ മറ്റൊരു ഗ്രന്ഥം ഗിയാസുല്‍ ഉമം എഴുതുന്നത്. നിളാമിലേക്ക് ചേര്‍ത്തി തന്നെയാണ് ഇതും ഗിയാസി എന്ന പേരിലറിയപ്പെടുന്നത്. കാരണം, ഗിയാസു ദൗല  എന്നത് അദ്ദേഹത്തിന്റെ മറ്റൊരു പേരാണ്. ഇവ രണ്ടും അടുത്തകാലത്ത് വിരചിതമായതാണെങ്കിലും അവക്കിടയില്‍ എത്രകാലമുണ്ടെന്ന് വ്യക്തമല്ല. ഗിയാസി ഇസ്‌ലാമിക ഭരണകൂടത്തെയും ഭരണാധിപനെയും കുറിച്ചുള്ളതാണ് മുഖ്യമായി ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ ഗ്രന്ഥത്തിന്റെ മൂന്നിലൊരു ഭാഗവും ഫിഖ്ഹീ അഹ്കാമുകളും ഫുറൂഉകളും തന്നെയാണ്.

വചനശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥമാണ് ഇമാമിന്റെ ബുര്‍ഹാന്‍. ഉമ്മത്തിന്റെ മാളം എന്നാണ് ഇബ്‌നു സുബ്കി(റ) തന്റെ ത്വബഖാത്തില്‍ ബുര്‍ഹാനെ വിശേഷിപ്പിച്ചത്. നാലു പ്രധാന ഗ്രന്ഥങ്ങളിലൊന്നായി ഇബ്‌നുഖല്‍ദൂന്‍ ബുര്‍ഹാനെ എണ്ണുന്നുണ്ട്. 1. ബുര്‍ഹാന്‍ 2. മുസ്തസ്വഫാ ഇമാം ഗസ്സാലി(റ) 3. അഹ്മദ് ഖാളി അബ്ദുല്‍ ജബ്ബാര്‍(റ) 4. മുഅ്തമദ്/ അബുല്‍ ഹുസൈന്‍ ബസ്വരി(റ).

ഇമാമുല്‍ ഹറമൈനി(റ) രാപകല്‍ ഭേദമന്യെ കഠിനാദ്ധ്വാനിയായിരുന്നു. അറിവ് നേടുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്ന മഹാന്റെ ഊര്‍ജ്ജസ്വലത ഇമാമി(റ)ന്റെ വാക്കുകളില്‍നിന്ന് തന്നെ മനസ്സിലാകും. ഇമാം(റ) പറയുന്നു: ''ഞാന്‍ സാധാരണപോലെ ഉറങ്ങുകയോ തിന്നുകയോ ചെയ്യാറില്ല. ഉറക്കം ശക്തമാകുമ്പോള്‍ മാത്രമേ രാത്രിയായാലും പകലിലായാലും ഞാന്‍ ഉറങ്ങുകയുള്ളൂ. ഏതു സമയത്തായാലും ഭക്ഷണം ആവശ്യമാകുമ്പോള്‍ മാത്രമേ ഞാന്‍ കഴിക്കുകയുള്ളൂ.

താഴ്മയുടെ പ്രതീകമായിരുന്ന ഇമാം അറിവാണെങ്കില്‍ എത്ര ചെറിയ ആളുകളില്‍നിന്നും കാര്യങ്ങള്‍ മനസ്സിലാക്കും. കണ്ടെത്തിയ അപൂര്‍വ്വ പോയിന്റുകള്‍ അതു പറഞ്ഞ ആളിലേക്ക് ചേര്‍ത്തിപ്പറയാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ബൈത്ത് കേട്ടാല്‍ കരയുകയും സ്വയം ചിന്തിക്കുകയും ചെയ്യും. തന്റെ സമകാലികരായ അബൂ ഇസ്ഹാഖ് ശീറാസി(റ)യും ഇമാം ഖുശൈരി(റ)യും ഇമാമിനെ ബഹുമാനിച്ചിരുന്നു. ശീറാസി(റ)യും ഇമാമുല്‍ ഹറമൈനി(റ)യും തമ്മില്‍ നിരവധി കര്‍മശാസ്ത്ര സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. ശീറാസി(റ) പറയുന്നു: ''നിങ്ങള്‍ ഈ ഇമാമിനെ ആസ്വദിക്കുക. അദ്ദേഹം വര്‍ത്തമാനകാലത്തിന്റെ പരിശുദ്ധിയാണ്.'' ഇമാം ഖുശൈരി(റ) പറയുന്നു: ''അദ്ദേഹം നുബുവ്വത്തിനെ വാദിക്കുകയാണെങ്കില്‍ (സാങ്കല്‍പിച്ചു പറയുന്നത്) മുഅ്ജിസത്ത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ കലാമ് മതി.''

തികഞ്ഞ ശാഫിഈയ്യായിരുന്നുവെങ്കിലും ഇമാം വലിയ മുജ്തഹിദായിരുന്ന ഗിയാസിയിലും നിഹായയിലും സ്വന്തമായ ചില അഭിപ്രായങ്ങള്‍ ഇമാം പറയുന്നുണ്ട്. ഗിയാസില്‍ വെള്ളം നജസാകുന്ന  വിഷയത്തില്‍ മാലിക്(റ), ശാഫിഈ(റ), അബൂ ഹനീഫ(റ) എന്നിവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞ് തന്റെ ഇജ്തിഹാദ് സ്ഥിരപ്പെടുന്നുണ്ട്. മാലിക്(റ) വെള്ളം പകര്‍ച്ചയായാലേ നജസാകൂ എന്ന് അഭിപ്രായപ്പെട്ടു. ഇമാം ശാഫിഈ(റ) പകര്‍ച്ചയായാലും ഇല്ലെങ്കിലും രണ്ടു ഖുല്ലെത്തില്ലെങ്കില്‍ നജസാകുമെന്ന് പറഞ്ഞു. അബൂ ഹനീഫ(റ)വില്‍ നിന്നുള്ള രിവായത്തില്‍ ഇജ്തിറാബുമുണ്ട്. ഇങ്ങനെ പറഞ്ഞ് ഇമാം പറയുന്നു: ഈ സാഹചര്യം നേടുന്നത് ഇതാണ്. നജസുണ്ടെന്ന് ഉറപ്പുള്ളവന്‍ അതൊഴിവാക്കണം. വെള്ളത്തില്‍ നജസില്ലെന്ന് ഉറപ്പുള്ളവന് അതുപയോഗിക്കുന്നതില്‍ പ്രശ്‌നവുമില്ല.36

സ്വന്തമായ അഭിപ്രായങ്ങള്‍ നിലനിര്‍ത്തുമ്പോഴും ശാഫിഈ മദ്ഹബിന് വേണ്ടി നിലകൊണ്ട പിതാവിന്റെ വഴി തന്നെയായിരുന്നു ഇമാമുല്‍ ഹറമൈനി(റ)ക്കും. അതുകൊണ്ടാണ് തന്റെ പിതാവിന്റെ സ്ഥാനം അദ്ദേഹം -ഇമാമുല്‍ ഹറമൈനി(റ)- നികത്തിയിരുന്നില്ലെങ്കില്‍ ശാഫിഈ മദ്ഹബ് -മദ്ഹബുല്‍ ഹമദീസ് എന്നാണ് ഖുറാസാനികളുടെ സാങ്കേതിക പ്രയോഗം- വൃഥാവിലാകുമായിരുന്നു.

ഇമാമിന്റെ ജീവിതം പോലെ മരണവും സംഭവബഹുലമായിരുന്നു. ഹിജ്‌റ 478 റബീഉല്‍ ആഖര്‍ 25ന് ബുധനാഴ്ച രാവിനാണ് ഇമാം ഈ ലോകത്തോട് വിടപറഞ്ഞത്. ഇമാമിന്റെ വേര്‍പാട് കേട്ട് നാനൂറോളം ശിഷ്യന്മാര്‍ നാട്ടിലൂടെ കരഞ്ഞ് നടന്നു. പേനകളെല്ലാം പൊട്ടിച്ചെറിഞ്ഞു. എല്ലാ വാതിലുകളും അടഞ്ഞുകിടന്നു. ഇമാമിന്റെ ജനാസ ഹുസൈന്‍ മൈതാനിയില്‍ കൊണ്ടുപോയി വെച്ചു. മകന്‍ ഇമാം അബുല്‍ ഖാസിം എല്ലാം അടക്കിപ്പിടിച്ചു നിസ്‌കരിച്ചു. ആളുകളുടെ ശക്തമായ തിരക്ക് കാരണം വീട്ടിലേക്ക് കൊണ്ടുപോയി അവിടെ മറവ് ചെയ്തു. 37

അമ്പത്തിയൊമ്പത് വര്‍ഷത്തെ ജീവിതം അവിടെ അവസാനിച്ചുവെങ്കിലും ഇമാമുല്‍ ഹറമൈനി(റ) ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഇമാം ഫിഖ്ഹിനു ചെയ്ത സേവനം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രസക്തിയുണ്ട്. അതുകൊണ്ടാണ് ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അല്‍ ഇമാം എന്ന് കാണുമ്പോഴേക്ക് ഇമാമുല്‍ ഹറമൈനിയെന്ന് നാം അറിയാതെ വായിച്ചുപോകുന്നത്. തന്റെ ശിഷ്യനായ ഗസ്സാലി(റ)വിന്റെ ഇന്നും പ്രശസ്തമായ ഗസ്സാലിയന്‍ ചിന്തകള്‍ സ്വാംശീകരിച്ചെടുക്കപ്പെടുന്നത് ഈ ഗുരുമുഖത്ത് നിന്നായിരുന്നു. ഇമാമുല്‍ ഹറമൈനി(റ) ഗസ്സാലി(റ)യെ പോലെ അറിയപ്പെടുകയും ഗ്രന്ഥങ്ങള്‍ പ്രചരിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ ഗസ്സാലി(റ)യുടേതെന്ന് പറയുന്ന പല അഭിപ്രായങ്ങളും ഇമാമിലേക്ക് ചേര്‍ക്കപ്പെടുമായിരുന്നു.38

റഫറന്‍സ് 34. വഫായത്തുല്‍ അഅ്‌യാന്‍ -ഇബ്‌നു ഖല്ലികാന്‍ (ഹി.608-681), പേജ് 341 വാള്യം 2 35. ഫിഖ്ഹു ഇമാമില്‍ ഹറമൈനി ഖസ്വാഇസുമ്മ, അസറുഹു മന്‍സിലത്തുഹു -ഡോ.. അബ്ദുല്‍ അളീം, പേജ് 582, 583 36. അല്‍ ഗിയാസി / ഇമാമുല്‍ ഹറമൈനി(റ) 654-658 ഖണ്ഡികകള്‍ 37. ത്വബഖാത്തുശ്ശാഫിഇയ്യത്തില്‍ കുബ്‌റാ / താജുദ്ദീന്‍ബ്‌നു സുബ്കി(റ), പേജ് 167, വാള്യം 3 38. ഫിഖ്ഹു ഇമാമില്‍ ഹറമൈനി / ഡോ. അബ്ദുല്‍ അളീം, പേജ് 560, 561

 

Related Posts

Leave A Comment

Voting Poll

Get Newsletter

Success

Your question successfully uploaded!