ഫിത്വ് ര്‍ സകാത്ത്

ശരീരത്തിന്റെ സകാത്താണ് ഫിത്വ് ര്‍ സകാത്ത്. ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിനില്ല. ചില നിബന്ധനകള്‍ക്ക് വിധേയമായി എല്ലാ ശരീരത്തിനും ഇതു ബാധകമാണ്. കുട്ടികളും അടിമകളും വരെ ഇതില്‍നിന്ന് ഒഴിവാകില്ല.

ദാരിദ്ര്യവും നിര്‍ധനതയും ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥയേ അല്ല ഫിത്വ്്ര്‍ സകാത്ത്. ബാധ്യതപ്പെട്ടവര്‍ തന്നെ ഇതിന്റെ അവകാശികളുമാകും. റമളാന്‍ നോമ്പ് കഴിഞ്ഞു പെരുന്നാള്‍ ആഘോഷത്തോട് ബന്ധപ്പെടുത്തിയാണ് ഇതു വ്യവസ്ഥചെയ്തിട്ടുള്ളത്. പെരുന്നാള്‍ ആഘോഷത്തിന്റെ പേരില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നു രണ്ടു ദിവസത്തെ അവധി ദിനങ്ങളില്‍ നാട്ടില്‍ പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തില്‍ ഒരു തൊഴിലാളിയും ബുദ്ധിമുട്ടരുതെന്ന ലക്ഷ്യമാണ് ഈ സകാത്തിന്റെ പിന്നില്‍. പരസ്പര സഹകരണത്തിന്റെ പേരില്‍ മിച്ചമുള്ള മുഖ്യാഹാരം എല്ലാ വീടുകളില്‍നിന്നും പുറത്തിറക്കി ലക്ഷ്യം സാധിക്കുന്ന സംവിധാനമാണ് ഇസ്‌ലാം ഇതിന് ഒരുക്കിയിട്ടുള്ളത്. ഈ ഉദ്ദേശ്യം വേണ്ടതു പോലെ ഗ്രഹിക്കാതെ ഫിത്വര്‍ സകാത്തിനെ ഇസ്‌ലാമിന്റെ ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായി എടുത്തുകാണിക്കുന്നതു ബുദ്ധിയല്ല. മതവൈരികള്‍ പരിഹസിക്കാനും ഇസ്‌ലാമിനെ തെറ്റുദ്ധരിപ്പിക്കാനും ഇതു വഴിവെക്കും. റമദാന്‍ മാസത്തിന്റെ പരിസമാപ്തിയുടെ നിമിഷവും പെരുന്നാള്‍ രാവ് ആരംഭിക്കുന്നതിന്റെ നിമിഷവും ചേര്‍ന്നതാണ് ഇതു നിര്‍ബന്ധമാകുന്ന വേള. ഈ സമയത്ത് തന്റെ മേല്‍ ചെലവ് ബാധ്യതപ്പെട്ടവരായി മുസ്‌ലിംകള്‍ ആരെല്ലാമുണ്ടോ അവരുടെയെല്ലാം സകാത്ത് നല്‍കണം.

ആരുടെ പേരിലാണോ സകാത്ത് നല്‍കുന്നത് അയാള്‍ സൂര്യാസ്തമയത്ത് എവിടെയാണോ ആ നാട്ടിലെ സാധുക്കള്‍ക്കാണ് അയാളുടെ സകാത്തിന്റെ അവകാശം. തല്‍സമയം യാത്രയിലാണെങ്കില്‍ യാത്ര അന്നേരം എവിടെയെത്തിയോ അവിടെയാണ് അവകാശം എന്നു വരും. ഇത്തരം രൂപങ്ങളില്‍ ഒരു സ്ഥലത്ത് അവകാശപ്പെട്ട സകാത്ത് മറ്റൊരു സ്ഥലത്തേക്ക് നീക്കംചെയ്യാമെന്ന അഭിപ്രായം പ്രബലമല്ലെങ്കിലും സ്വീകരിക്കാവുന്നതാണ്. പെരുന്നാള്‍ രാത്രിയിലെയും പകലിലെയും, തന്റെയും ആശ്രിതരുടെയും (തന്നെ ആശ്രയിച്ചു കഴിയുന്ന ആട്, കോഴി പോലുള്ള വളര്‍ത്തു ജീവികളും ഇതില്‍ ഉള്‍പ്പെടും) ചെലവുകള്‍ കഴിച്ച് മിച്ചമുള്ളതില്‍നിന്നാണ് ഈ സകാത്ത് നല്‍കേണ്ടത്. മിച്ചമെന്നാല്‍ ഭക്ഷ്യധാന്യം മാത്രമല്ല, സ്വത്തുക്കളെല്ലാം കണക്കുവെക്കും.

പക്ഷേ, തനിക്കും ആശ്രിതര്‍ക്കും ആവശ്യമായ തെഴിലുപകരണങ്ങള്‍, സ്ത്രീകളുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ ഇവയൊന്നും വിറ്റ് മിച്ചമുണ്ടാക്കി സകാത്ത് നല്‍കാന്‍ ബാധ്യതയില്ല. മിക്ക കുടുംബങ്ങളും ഈ സകാത്തു നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ. എന്നാല്‍ മിച്ചമുള്ള സ്വത്തുവഹകളുടെ അത്രതന്നെയോ അതിലധികമോ കടബാധ്യതയുണ്ടെങ്കില്‍- ആ കടത്തിന്റെ അവധിയായില്ലെങ്കിലും -പ്രസ്തുത മിച്ചം പരിഗണിക്കുകയില്ല. കടവും കഴിച്ചു മിച്ചം ഉണ്ടെങ്കിലേ സകാത്ത് നല്‍കേണ്ടതുള്ളൂ. നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണ് നല്‍കേണ്ടത്.

ഒരാള്‍ക്ക് ഒരു സ്വാഅ് (3.2 ലിറ്റർ) വീതമാണ് നല്‍കേണ്ടത്. നമ്മുടെ നാട്ടില്‍ പുഴുക്കുത്തില്ലാത്ത അരികള്‍ ഏതുമാകാം. പച്ചരി, പക്ഷെ ഉടവുള്ള തരം പറ്റില്ല. ധാന്യത്തിനു പകരം ധാന്യത്തിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ നല്‍കാവുന്നതല്ല. പെരുന്നാള്‍നിസ്‌കാരത്തിനു മുമ്പ്തന്നെ വിതരണം ചെയ്യുകയാണ് നല്ലത്. പിന്തിക്കല്‍ കറാഹത്താണ്. പക്ഷേ, ബന്ധുക്കള്‍, അയല്‍വാസികള്‍ പോലുള്ളവരെ പ്രതീക്ഷിച്ചു പിന്തിക്കല്‍ സുന്നത്താണ്. എന്നാല്‍ സൂര്യാസ്തമയം വിട്ടു പിന്തിക്കല്‍ ചിലപ്പോള്‍ ഹറാമാകും. ധനത്തിന്റെ ഉടമയോ താനേല്‍പ്പിച്ച വക്കീലോ നേരിട്ട് അവകാശികള്‍ക്ക് വിതരണം ചെയ്യുക. അതല്ലെങ്കില്‍ ഇമാമിനെ-ഭരണാധികാരിയെ-ധനം ഏല്‍പ്പിക്കുക.  ഇതാണ് സകാത്ത് വിതരണത്തിന് ശരീഅത്തില്‍ നിശ്ചയിക്കപ്പെട്ടത്. 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter