26. ഖദ്റ്.. എല്ലാം വിധി...

മുമ്പൊരു അമുസ്‍ലിം വകീല്‍ പറഞ്ഞ തമാശ ഓര്‍ത്തുപോവുകയാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, മുസ്‍ലിംകളുടെ കേസുകള്‍ വാദിക്കാനാണ് ഏറ്റവും സുഖം. ജയിച്ചാല്‍ അവര്‍ക്ക് സന്തോഷമാവും, ഇനി അഥവാ പരാജയപ്പെട്ടാലും വലിയ പരാതികളൊന്നും പറയില്ല, മറിച്ച് നമുക്ക് ഇതായിരിക്കും വിധിച്ചത് എന്ന് പറഞ്ഞ് സമാധാനിക്കും. 

ആലോചിച്ചാല്‍, വിധി അഥവാ, ഖദ്റിലുള്ള വിശ്വാസം, അത് വിശ്വാസിയുടെ വലിയൊരു ശക്തിയാണ്. എല്ലാം അല്ലാഹുവിന്റെ വിധിയാണെന്നും അതിനെ ലംഘിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും പരമാവധി ശ്രമിക്കാന്‍ മാത്രമേ നമ്മളോട് തേട്ടമുള്ളൂ എന്നുമുള്ള വിശ്വാസം, അതുള്‍ക്കൊള്ളുന്നവന് സമ്മാനിക്കുന്നത് പോസിറ്റീവ് അപ്രോച്ചിന്റെ വിശാലമായ തലങ്ങളാണ്. ഒന്നിലും അധികം ദുഖിക്കാനോ സങ്കടപ്പെടാനോ അത് നമ്മളെ സമ്മതിക്കുന്നില്ല. 

സമാനമായ അര്‍ത്ഥത്തില്‍ ഒരു ഹദീസ് ഇങ്ങനെ കാണാം, ഒരു വിശ്വാസിയുടെ കാര്യം എത്ര അല്‍ഭുതകരം, അവന്റെ കാര്യങ്ങളെല്ലാം അവന്ന് ഗുണകരമാണ്. സന്തോഷകരമായ വല്ലതും ജീവിതത്തില്‍ സംജാതമായാല്‍ അതിന് അവന്‍ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തും, അപ്പോള്‍ അത് അവന് ഗുണകരമായി മാറുന്നു. ഇനി ദുഖകരമായ വല്ലതുമാണ് വന്നുപെട്ടതെങ്കില്‍, അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ച് അവന്‍ അത് ക്ഷമിക്കുന്നു, അപ്പോള്‍ അതും അവന്ന് ഗുണകരം തന്നെ. 

Also Read:27. ഇതാ കഴിയുകയാണ്... എല്ലാം പെട്ടെന്നായിരുന്നു അല്ലേ...

ഇതാണ്, വിധി വിശ്വാസം നമുക്ക് നല്കുന്നത്. ആ വിധിയുടെ ദിനമാണ് ലൈലതുല്‍ഖദ്റ്.  വരാനിരിക്കുന്ന നിശ്ചിത കാലയളവിലേക്കുള്ള വിശദമായ വിധി നിര്‍ണ്ണയങ്ങള്‍ നടക്കുന്ന രാത്രിയാണ് അത് എന്ന് പറയാം. മനുഷ്യകുലത്തിന്റെ പരമമായ വിധിയെത്തന്നെ നന്മയുടെ ഭാഗത്തേക്ക് മാറ്റിവരച്ച വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതും ആ രാത്രിയില്‍ തന്നെ. 
അത് കൊണ്ട് തന്നെ, ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ആ ഒരൊറ്റ രാത്രിയെ പ്രാപിക്കാനായി ലോകമുസ്‍ലിംകള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു. റമദാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാത്രികളില്‍ ഏതുമാവാം അത് എന്ന് പറയപ്പെട്ടതിനാല്‍ ഓരോ രാത്രിയും ഉറങ്ങാതെ ആ പുണ്യം നേടി ആരാധനാകര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നതും അത് കൊണ്ട് തന്നെ. ഇരുപത്തേഴാം രാവിന് കൂടുതല്‍ സാധ്യതകള്‍ കല്‍പിക്കപ്പെട്ടതിനാല്‍ ആ രാത്രിയില്‍ പണ്ട് കാലം മുതലേ വിശിഷ്ട ശ്രദ്ധതയും ജാഗ്രതയും കാണപ്പെടുകയും ചെയ്യുന്നു. 

അഥവാ, ഈ വര്‍ഷത്തെ ആ നിര്‍ണ്ണയ രാത്രി ഇന്നിന്റെ അസ്തമനാന്തരമായേക്കാം, നമുക്ക് പ്രാര്‍ത്ഥിക്കാം, നല്ല നാളേക്ക് വേണ്ടി.. ഇനി വരുന്ന നാളുകള്‍ മനുഷ്യകുലത്തിന് ഒന്നടങ്കം നന്മ നിറഞ്ഞ ദിനങ്ങളാവാന്‍ വേണ്ടി, പരസ്പരം സ്നേഹിക്കുന്ന, ആരുടെയും സ്വാതന്ത്ര്യങ്ങളോ അവകാശങ്ങളോ ഹനിക്കപ്പെടാത്ത നല്ല ദിവസങ്ങളുടെ പുനസൃഷ്ടിക്കായി.. നാഥന്‍ സ്വീകരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter