ഖാസി സി.എം. അബ്ദുല്ല മൗലവി

വാക്കുകളിലോ വിശേഷണങ്ങളിലോ ഒതുങ്ങാത്ത ഒരു മഹാ വ്യക്തിത്വം. അതായിരുന്നു സി.എം. ഉസ്താദ്. അടുത്തറിയുംതോറും ആഴങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത, അറ്റമില്ലാത്ത കടല്‍. അറിവിന്റെയും അന്വേഷണത്തിന്റെയും കാര്യത്തില്‍ ഉസ്താദിനോടൊപ്പം നില്‍ക്കുന്നവര്‍ വളരെ വിരളമായിരിക്കും. നിഷ്‌ക്രിയത്വം എന്തെന്നറിയാത്ത ആ മഹല്‍ വ്യക്തിത്വം ഇല്‍മീസേവനത്തിലാണ് സംതൃപ്തി കണ്ടെത്തിയിരുന്നത്.   സദാ അറിവിനെയും മുതഅല്ലിമീങ്ങളെയും സമൂഹത്തെയും സേവിച്ച് ആ ജീവിതം കത്തിത്തീര്‍ന്നു. വ്യക്തിപരമായ സര്‍വ്വതും ത്യജിച്ച് സമൂഹ നന്മക്കും നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുംവേണ്ടി നിലകൊണ്ടപ്പോഴും അതിന്റെ ചുളിവില്‍ ചൂഷണത്തെക്കുറിച്ച് ഒരല്‍പ്പം പോലും ചിന്തിച്ചില്ല. കാസര്‍കോടും മംഗലാപുരത്തും തനിക്കുള്ള ജനാംഗീകാരവും സ്വീകാര്യതയും വെച്ച് എന്തുമാകാമായിരുന്ന മനുഷ്യന്‍. പക്ഷെ, എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിച്ചു.

ഒരു മെഴുകുപോലെ സമൂഹത്തിന് വെളിച്ചം പകര്‍ന്ന്, ഒലിച്ചു തീര്‍ന്ന് അവസാനിച്ചു. കേരള മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തീരാനഷ്ടം തന്നെയാണ് ഉസ്താദിന്റെ വേര്‍പാട്. ഒരേ സമയം മത ഭൗതിക അറിവുകളില്‍ അഗാധമായ പാണ്ഡിത്യം കൈവരിച്ച മഹാ മനീഷി, കേരള മുസ്‌ലിംകളില്‍ സമന്വയ വിദ്യാഭ്യാസത്തിന്റെ ചിന്ത പകര്‍ന്ന ഉത്തമരായ കാര്യദര്‍ശി, രചനയുടെ ലോകത്ത് തുല്യതയില്ലാത്ത സേവനങ്ങള്‍ പകര്‍ന്ന വലിയൊരു എഴുത്തു കാരന്‍.... ഒരേ പോലെ ഇംഗ്ലീഷും  അറബിയും ഉറുദുവും മലയാളവും കൈകാര്യം ചെയ്തിരുന്ന ഒരു സുന്നീ പണ്ഡിതന്‍.... ഇങ്ങനെ നോക്കിയാല്‍ ആ വേര്‍പാടിലൂടെ വന്ന നഷ്ടം ഏറെ വലിയതാണെന്ന് വ്യക്തമാകുന്നു. ഉത്തര മലബാറിന്റെ ആത്മീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന പണ്ഡിതസാന്നിദ്ധ്യമായിരുന്നു സി.എം. ഉസ്താദ് എന്ന ഖാസി സി.എം. അബ്ദുല്ല മൗലവി. ചെമ്പിരിക്ക ഖാസിയാര്‍ച്ച എന്നോ മംഗലാപുരം ഖാസിയാര്‍ച്ച എന്നോ ആണ് നാട്ടുകാര്‍ ഉസ്താദിനെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. വടക്കന്‍ കേരളത്തിന്റെ ആത്മീയ തണലും എല്ലാവരുടെയും പ്രശ്‌ന പരിഹാരത്തിനുള്ള കോടതിയും സമസ്തയുടെ ശബ്ദവുമായിരുന്നു ഉസ്താദ്.

ചുരുക്കിപ്പറഞ്ഞാല്‍, കാസര്‍ക്കോടിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍കൊണ്ടും പക്വതയാര്‍ന്ന നേതൃപാടവംകൊണ്ടും തുല്യതയില്ലാത്ത ഒരു നവോത്ഥാന നായകനായി ഉസ്താദിനെ കണ്ടെത്താനാകുന്നതാണ്. മെയ് മറന്ന പ്രവര്‍ത്തനം, ദീര്‍ഘദൃഷ്ടി, സമര്‍പ്പണബോധം, ലക്ഷ്യബോധം എന്നിങ്ങനെ ഉസ്താദിന്റെ കാര്‍മസാഫല്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ അനവധിയുണ്ട്. ഒരു പ്രഭാഷകന്‍ എന്നതിലപ്പുറം കര്‍മത്തിന് പ്രധാന്യം നല്‍കുന്ന ആളാണ് ഉസ്താദ്. കാസര്‍കോട് പോലെയുള്ള ഗള്‍ഫ് സ്വാധീനമുള്ള ഒരു മേഖലയില്‍  ഉലമാക്കളെയും ഉമറാക്കളെയും ഒന്നിച്ചുനിര്‍ത്തി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നുവെന്നതുതന്നെ ആ പ്രവര്‍ത്തനക്ഷമതയുടെ ആഴം മനസ്സിലാക്കിത്തരുന്നു. ചെമ്പിരിക്ക ഖാസി എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെയും ബീഫാഥിമ ഹജ്ജുമ്മയുടെയും മകനായി 1933 ല്‍ കാസര്‍കോട് ജില്ലയിലെ ചെമ്പിരിക്ക എന്ന പ്രദേശത്താണ് ഉസ്താദ് ജനിക്കുന്നത്. പണ്ഡിത തറവാട്ടിലെ കുലപതിയായിട്ടാണ് ഉസ്താദിന്റെ  അരങ്ങേറ്റം.

പിതാവ് ഖാസി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ പ്രഗല്‍ഭ പണ്ഡിതനും നാടിന്റെ ആത്മീയ തീരവുമായിരുന്നു. പണ്ഡിതനും വാഗ്മിയുമായിരുന്ന അബ്ദുല്ല മുസ്‌ലിയാരാണ് അവരുടെ പിതാവ്. അബ്ദുല്ലാഹില്‍ ജംഹരി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഉത്തര മലബാറിന്റെ പഴയകാല പ്രഭാഷണ വേദികളില്‍ നിറഞ്ഞുനിന്നിരുന്ന ആളായിരുന്നു അദ്ദേഹം.  പിതാവ് മുഹമ്മദ് കഞ്ഞി മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍, വാഴക്കാട്, പൊന്നാനി അടക്കം വിവിധ സ്ഥലങ്ങളില്‍നിന്ന് വിദ്യയഭ്യസിച്ച മഹാനാണ്. 25 വര്‍ഷത്തോളം ചെമ്പിരിക്ക ഒറവങ്കര പള്ളിയില്‍  മുദരിസായി സേവനം ചെയ്തു. ഈ കാലയളവില്‍ അനവധി മഹല്ലുകളുടെ ഖാസി സ്ഥാനവും അലരിച്ചു.  1973 ഡിസംബര്‍ മാസം മരണപ്പെട്ടു. ശേഷം, തല്‍സ്ഥാനത്തേക്ക് ഖാസിയായി തെരഞ്ഞെടുക്കപ്പെട്ടത് സി.എം. അബ്ദുല്ല മൗലവിയായിരുന്നു. തന്റെ പുരോയാനങ്ങളുടെ ആദ്യാകാലാംഗീകാരങ്ങളായിരുന്നു ഇത്. കുടുംബത്തിന്റെ മഹിമയും പാരമ്പര്യവും അണയാതെ സൂക്ഷിക്കാന്‍ അനുയോജ്യമായ കഴിവും തന്റേടവും എന്നും ഉസ്താദിന്റെ കൈമുതലായിരുന്നു. പിതാവ്തന്നെയായിരുന്നു സി.എം. ഉസ്താദിന്റെ പ്രഥമാധ്യാപകന്‍. ശേഷം, ചെമ്പിരിക്കയിലും പിന്നെ തളങ്കര മുസ്‌ലിം ഹൈസ്‌കൂളിലുമായി പഠനം പൂര്‍ത്തിയാക്കി. അന്ന് എസ്.എസ്.എല്‍.സി വിജയിച്ചിരുന്നു.   ചെറുപത്തില്‍തന്നെ പഠനരംഗത്ത് ഉന്നത സാമര്‍ത്ഥ്യം തെളിയിച്ചിരുന്നു. അന്നുതന്നെ ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടി. ഈ രണ്ട് ഭാഷകള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്ന ഉസ്താദ് ഇന്നും അന്നത്തെ ഭാഷാദ്ധ്യാപകരെ അനുസ്മരിക്കാറുണ്ട്. ഭാഷാപഠനം അനിവാര്യവും അത് ഒരു മഹാലോകത്തേക്കുള്ള കവാടവുമാണെന്നാണ് ഉസ്താദ് പറയുന്നു. ഈ തിരിച്ചറിവായിരുന്നു ഉസ്താദിന്റെ പിന്നീടുള്ള ജീവിതത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും സമന്വയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും പ്രേരിപ്പിച്ചിരുന്നത്. നാട്ടിലെ ചില ദര്‍സുകളിലൂടെതന്നെയായിരുന്നു മതവിദ്യാഭ്യാസരംഗത്തുള്ള ഉസ്താദിന്റെയും ചുവടുവെപ്പുകള്‍. 1962 ല്‍ വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്തില്‍ പോയി ബാഖവി ബിരുദം നേടി.

ഔദ്യോഗിക പഠനം കഴിഞ്ഞതോടെ അധ്യാപന രംഗം ഉസ്താദ് ശ്രദ്ധിച്ചു. ഒറവങ്കര, എട്ടിക്കുളം, മാടായി-പുതിയങ്ങാടി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. നാടിന്റെ ശോച്യാവസ്ഥ അവസ്ഥ അപ്പോഴാണ് ഉസ്താദിന്റെ മനസ്സില്‍ പതിയുന്നത്. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍തന്നെ ഇതിലെല്ലാം ഇടപെടണമെന്നും നാട്ടിലെ മത വിദ്യാഭ്യാസ സൗകര്യമില്ലായ്മക്ക് അടിയന്തിരമായും ഒരു പരിഹാരം കാണണമെന്നും ഉസ്താദ് സ്വപ്നംകണ്ടിരുന്നു. പിന്നീട് നിരന്തരമായി അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. അങ്ങനെയാണ് കാസര്‍കോടിന്റെ മണ്ണില്‍ സമുന്നതമായ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നത്. അതോടൊപ്പംതന്നെ, ഭൗതിക ശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയോടൊപ്പം പള്ളിദര്‍സിലെ കിത്താബുകള്‍കൂടി പഠിപ്പിക്കപ്പെടുന്ന ഒരു അവസ്ഥയെക്കുറിച്ചും ഉസ്താദ് ചിന്തിച്ചു.

സമന്വയ വിദ്യാഭ്യാസം എന്നോ ഉസ്താദിന്റെ മനസ്സിലെ ആഗ്രഹമായിരുന്നു. എപ്പോഴും പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊള്ളുകയെന്നതാണ് ഉസ്താദിന്റെ പ്രത്യേകത.       വെറുതെയിരിക്കുകയെന്നത് ഉസ്താദിന് സാധിച്ചിരുന്നില്ല. അദ്ധ്വാനഫലങ്ങള്‍ ഭാവിതലമുറകള്‍ അനുഭവിക്കട്ടെയെന്നാണ് ഉസ്താദ് ആഗ്രഹിച്ചിരുന്നത്. കാസര്‍കോട് ദേളിയിലെ സഅദിയ്യ അറബിക് കോളേജും നീലേശ്വരത്തെ മര്‍ക്കസും തൃക്കരിപ്പൂരിലെ അസ്അദിയ്യയും ചട്ടഞ്ചാലിലെ എം.ഐ.സിയും അങ്ങനെ ഉയര്‍ന്നുവന്നവയാണ്. 2010 ഫെബ്രുവരി മാസം ആ മഹാന്‍ ലോകത്തോട് വിടപറഞ്ഞു. ചെമ്പിരിക്കയിലെ ജുമുഅത്തു പള്ളിക്കടുത്ത് പിതാവിന്റെ മഖാമിനടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter